sections
MORE

ഇത് പ്രമേഹരോഗികളോടു കാണിക്കുന്ന ക്രൂരതയല്ല, കൊലപാതകമെന്ന് ഡോ. ജ്യോതിദേവ്

Dr. Jothydev Kesavadev
ഡോ. ജ്യോതിദേവ് കേശവദേവ്
SHARE

ലോകത്താകമാനം പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പ്രമേഹരോഗികൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതു ഭക്ഷണകാര്യത്തിലാണ്. എന്നാൽ പലയിടത്തും പ്രമേഹരോഗികൾക്കനുസൃതമായ ഭക്ഷണം ലഭിക്കാറില്ലെന്നതാണ് വാസ്തവം. അത്തരമൊരു പ്രശ്നത്തിലേക്കു വിരൽചൂണ്ടുകയാണ് പ്രമുഖ ഡയബറ്റോളജിസ്റ്റും ജ്യോതിദേവ്സ് ഡയബറ്റിസ് ആൻഡ് റിസർച്ച് സെന്റർ ‍ചെയർമാനുമായ ഡോ. ജ്യോതിദേവ് കേശവദേവ്. തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ അദ്ദേഹത്തിനുണ്ടായ ദുരവസ്ഥയെക്കുറിച്ച് ഡോക്ടർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.

ഇതു കൊടുംക്രൂരത അല്ലേ? 

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ പഞ്ചസാര ഇടാത്ത ഒരു ചായ കിട്ടുവാൻ പലയിടങ്ങൾ കയറിയിറങ്ങി. പഞ്ചസാര ഇടാത്ത ചായയോ കാപ്പിയോ ഇവിടെ ഒരിടത്തും കിട്ടില്ല എന്നു വിവരം ലഭിച്ചു. ഇതു വെറും ക്രൂരത അല്ല, 'കൊലപാതക'മാണെന്നു കടുത്ത ഭാഷയിൽ, വിഷമത്തോടെ പറയേണ്ടി വരും. 

ചുറ്റും ഒന്നു കണ്ണോടിച്ചു. യാത്ര പുറപ്പെടുവാനായി ഇവിടെ കാത്തിരിക്കുന്ന നൂറുകണക്കിന് ആളുകൾ ഉണ്ട്. പകുതിയിലേറെയും 40 വയസ്സ് കഴിഞ്ഞവരാണ്. അതായത് കണക്കുകൾ പ്രകാരം 50% ലേറെ പേരും പ്രമേഹരോഗികളാണ്. അതിലും ഏറെ പേർ പ്രമേഹ പ്രാരംഭാവസ്ഥയിലാണ്. (നമ്മുടെ ട്രെയിനുകളിൽ മധുരമില്ലാത്ത ചായയും കാപ്പിയും സുലഭമാക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിച്ചത് 5 വർഷങ്ങൾക്കു മുൻപാണ്)

74 ദശലക്ഷത്തോളം പ്രമേഹരോഗികളുള്ള രാജ്യമാണ് ഭാരതം. പ്രമേഹരോഗികളുടെ എണ്ണത്തിലും പ്രമേഹം നിയന്ത്രിക്കുവാൻ കഴിയാതെ ഹൃദയം, വൃക്ക, നാഡീവ്യൂഹങ്ങൾ എന്നിവയിലൊക്കെ അതീവ ഗുരുതര രോഗങ്ങൾ വരുന്നവരുടെ എണ്ണത്തിലും നാം മുൻപന്തിയിലാണ്.

ലക്ഷകണക്കിനു ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളും ഭാരതത്തിലുണ്ട്. പൊതു സ്ഥലങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് അനുഭവപ്പെടുന്ന ഈ അശ്രദ്ധ എന്നിൽ അതിയായ ദുഃഖം ഉളവാക്കുന്നു. നമ്മുടെ സമയവും നമ്മുടെ സമ്പത്തും അത്യാഹിതങ്ങൾക്കുമാത്രമല്ല, അതു ഒഴിവാക്കുന്നതിലും ചിലവഴിക്കേണ്ടിയിരിക്കുന്നു.

പ്രായപൂർത്തിയായ 10ൽ 2 പേർക്കു വീതം പ്രമേഹമുണ്ട് എന്നു കണ്ടെത്തിയിട്ടുള്ള നമ്മുടെ കൊച്ചു കേരളത്തിൽ മധുരം കൂടാതെ ഒരു ചായ ലഭിക്കുക എന്നത് ഒരു പൗരന്റെ മൗലികാവകാശമല്ലേ? അധികൃതർ ഇത് ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA