ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജിൽ രോഗിയുടെ ദേഹത്തു ട്രേ വച്ചു മറന്ന നഴ്സിനെ കിടത്തി അതേ ട്രേ ദേഹത്തുവച്ചു ശിക്ഷിച്ച ഡോക്ടർക്കെതിരെ നിരവധി പേർ രംഗത്തു വന്നിരുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാരും ജീവനക്കാരും ഇന്നലെ പണിമുടക്കുകയും ചെയ്തിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. നഴ്സ് ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചു തിരുത്തിക്കൊടുക്കുകയാണ് ഡോക്ടർ ചെയ്യേണ്ടിയിരുന്നതെന്നു ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. സുൽഫു നൂഹു പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞ രോഗിയുടെ കാൽപാദത്തിൽ മരുന്നുകൾ അടങ്ങിയ ട്രേ വച്ചു എന്ന കാര്യത്തിന് ശിക്ഷയായി നഴ്സിന്റെ കാലിൽ ട്രേ വച്ച് ശിക്ഷിക്കാൻ ഇത് സൗദ്യ അറേബ്യ ഒന്നുമല്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡോക്ടർ പറയുന്നു. കുറിപ്പ് വായിക്കാം.

ഇതു സൗദിഅറേബ്യ അല്ല! മരുന്നു ട്രേ സ്വന്തം കയ്യിൽ വച്ചാൽ മതി!

ഓപ്പറേഷൻ കഴിഞ്ഞ രോഗിയുടെ കാൽപാദത്തിൽ മരുന്നുകൾ അടങ്ങിയ ട്രേ വച്ചു എന്ന കാര്യത്തിന് ശിക്ഷയായി നഴ്സിന്റെ കാലിൽ ട്രേ വച്ച് ശിക്ഷിക്കാൻ ഇത് സൗദ്യ അറേബ്യ ഒന്നുമല്ല.

നഴ്സ് മരുന്നുകൾ അടങ്ങിയ ട്രേ രോഗിയുടെ പാദത്തിൽ വച്ചത് തീർത്തും തെറ്റു തന്നെ. ശ്രദ്ധക്കുറവു കൊണ്ടോ, ശീലിച്ചുപോയ കാര്യമായതു കൊണ്ടോ ഒക്കെ മനപൂർവം അല്ലാതെ പറ്റിയതുമാകാം.

പ്രത്യേകിച്ച് നഴ്സിങ് ട്രെയിനിയായ വനിത ആയതു കൊണ്ടുതന്നെ. തെറ്റിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയും തിരുത്താൻ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു ഉത്തമം

അതിനു പകരം സൗദ്യ അറേബ്യ പോലെ കട്ടിലിൽ പിടിച്ചു കിടത്തി കാലിൽ മേൽ ഭാരമുള്ള ട്രേ കയറ്റി വയ്ക്കുന്നത് പ്രാകൃത ശിക്ഷാരീതിയാണെന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ഡോക്ടറും നഴ്സും തെറ്റ് ചെയ്തു എന്ന് പറയാതിരിക്കാൻ കഴിയില്ല. എങ്കിലും കൂടുതൽ കുറ്റകരം നഴ്സിനു കിരാത ശിക്ഷ നൽകിയ ഡോക്ടറുടെ നടപടി തന്നെയെന്ന് തുറന്ന് പറയേണ്ടി വരും.

ആരോഗ്യമേഖലയിലെ പ്രവർത്തനം ഒരു കൂട്ടായ്മയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ആരോഗ്യ പ്രവർത്തകരുടെ ഒരുമിച്ച് നിന്നുള്ള പ്രവർത്തനങ്ങളാണ് പലപ്പോഴും ആരോഗ്യമേഖലയിലെ വിജയങ്ങൾക്ക് അടിസ്ഥാനമാകുന്നത്. അതിലെ ടീം ലീഡർ ഡോക്ടർ ആകുന്നു എന്ന് മാത്രം.

നഴ്സിനും എന്തിന് കോറിഡോർ വൃത്തിയാക്കുന്ന സീപ്പറിനും ഓപ്പറേഷനു മുൻപ്‌ മുടി വെട്ടിക്കളയുന്ന , ശരീരംവൃത്തിയാക്കുന്ന ജോലിക്കാരനും എല്ലാർക്കും പങ്ക് ഉണ്ടെന്ന് നാം ഓർക്കണം.

ഇത്തരം ഒറ്റപ്പെട്ട പ്രവർത്തികളിൽ ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വർദ്ധിപ്പിക്കുവാനും ഇടയാകരുത് എന്ന് മാത്രമേ പറയാനുള്ളൂ. ഒരുമിച്ച് തന്നെ നീങ്ങണം. 

മുൻകാലങ്ങളിൽ റാഗിങ് പമ്പരകൾ മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ അരങ്ങേറിയിരുന്നു. ക്രൂരമായ റാഗിങ്ങിന് വിധേയമായ പലരും മാനസിക സമ്മർദ്ദത്തിൽ ആകുകയും ചെയ്തിരുന്നു.

ഇതു സൗദി അറേബ്യ ഒന്നും അല്ലല്ലോ അതുകൊണ്ടു മരുന്നു ട്രെയ് കയ്യിൽ വച്ചാൽ മതി. രോഗിയുടെ കാലിലും നഴ്‌സിന്റെ കാലിലും വേണ്ട !

Read More : രോഗിയുടെ ദേഹത്ത് നഴ്സ് ട്രേ വച്ചു; നഴ്സിന്റെ കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ‘മരുന്ന്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com