ADVERTISEMENT

സംസ്‌ഥാനത്ത് ആയുർവേദ ഔഷധങ്ങളുടെ പ്രതിവർഷ ഉൽപാദനം 1500 – 2000 കോടി രൂപ നിലവാരത്തിലേക്ക്. അതേസമയം, മുൻനിര വ്യവസായങ്ങളിലൊന്നായി മാറിക്കഴിഞ്ഞിട്ടും സംസ്‌ഥാന സർക്കാരിന്റെ ഉപേക്ഷ മൂലം ആയുർവേദ ഔഷധ നിർമാണം നേരിടുന്നതു കടുത്ത പ്രതിസന്ധി. പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച വാഗ്‌ദാനങ്ങൾ തിരുവനന്തപുരത്തു നടന്നുവരുന്ന പ്രഥമ രാജ്യാന്തര ആയുഷ് കോൺക്‌ളേവിന്റെ സമാപന സമ്മേളനം നാളെ ഉദ്‌ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിയിൽനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആയുർവേദ വ്യവസായം. 

സംസ്‌ഥാനത്തു പ്രതിവർഷം 150 കോടി രൂപയുടെ മാത്രം ഔഷധങ്ങളാണ് അലോപ്പതി  വിഭാഗത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെങ്കിലും അവയ്‌ക്കു മാത്രമായി ഡ്രഗ്‌സ് കൺട്രോളറെ നിയമിച്ചിട്ടുണ്ട്. 2000 കോടിയോളം രൂപയുടെ ആയുർവേദ ഉൽപന്നങ്ങൾക്കു മാത്രമായി ഡ്രഗ്‌സ് കൺട്രോളർ ഇല്ലാത്തതു മൂലം അവയുടെ നിർമാണം മുതൽ കയറ്റുമതി വരെയുള്ള കാര്യങ്ങളിൽ കാലതാമസം മാത്രമല്ല മുടക്കവും നേരിടുന്നു. ആയുർവേദത്തിനു മാത്രമായി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം രൂപീകരിക്കാൻ മുൻപു കേന്ദ്രത്തിൽനിന്നു സംസ്‌ഥാന സർക്കാരിനു സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. തുടർന്നു 2006 –’07ൽ ആയുർവേദ, സിദ്ധ, യുനാനി ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി രൂപീകരിച്ചതുമാണ്. 

സഹായത്തിന്റെ കാലാവധി കഴിഞ്ഞാലും ഈ സംവിധാനം തുടരണമെന്ന നിബന്ധന പക്ഷേ പിന്നീടു പാലിക്കപ്പെട്ടില്ല. അതിനാൽ ആയുർവേദ ഔഷധങ്ങളുടെ പരിശോധനകൾക്കുള്ള ലബോറട്ടറികൾ സ്‌ഥാപിക്കാൻ കേന്ദ്രം അനുവദിച്ച തുകയും മറ്റും പ്രയോജനപ്പെടാതെപോയി. ആയുർവേദ ഔഷധ നിർമാണവുമായി ബന്ധപ്പെട്ട രേഖകളും മറ്റും ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം സർക്കാർ സജ്‌ജമാക്കിയിട്ടില്ലെന്നതും വലിയ പോരായ്‌മയാണ്. 

ബിസിനസ് നടത്തിപ്പു സുഗമമാക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കാൻ ഇത്തരം സംവിധാനങ്ങൾ ആവശ്യമാണെന്നു നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. പേറ്റന്റുള്ള ആയുർവേദ ഉൽപന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും മുന്നോടിയായി ‘ക്‌ളിനിക്കൽ സ്‌റ്റഡി’ക്കു പകരം ‘പൈലറ്റ് സ്‌റ്റഡി’ നടത്തിയാൽ മതിയെന്ന കേന്ദ്ര ഉത്തരവു വളരെ വൈകിയാണെങ്കിലും സംസ്‌ഥാന സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൈലറ്റ് സ്‌റ്റഡിയുമായി ബന്ധപ്പെട്ടു നാലംഗ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്ന കേന്ദ്ര നിർദേശവും ഉടൻ നടപ്പാക്കണമെന്ന് ആയുർവേദ ഔഷധ നിർമാതാക്കൾ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com