ADVERTISEMENT

അർബുദത്തെ അതിജീവിച്ച്, തൊലിക്കു കീഴിൽ സൂക്ഷിച്ച ഓവറിയിൽ നിന്നു മുപ്പത്തിരണ്ടുകാരി യുവതിക്ക് കുഞ്ഞു പിറന്നു. കാൻസർ ബാധിച്ചു ഗർഭാശയവും അണ്ഡവാഹിനിക്കുഴലും ഒരു അണ്ഡാശയവും നീക്കം ചെയ്ത വടക്കൻ കേരളത്തിൽ നിന്നുള്ള യുവതിക്കാണ് ചെന്നൈയിലെ ആശുപത്രിയിലെ ചികിത്സയിൽ സ്വന്തം കുഞ്ഞെന്ന ആഗ്രഹം സഫലമായത്. 

കാൻസർ ബാധിച്ച് ലേക് ഷോർ ആശുപത്രിയിൽ 2014 ലാണു യുവതി ഡോ. ചിത്രതാരയുടെ ചികിത്സയ്ക്കെത്തിയത്. ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. കുട്ടികൾ ഇല്ലാതിരുന്നതിനാൽ, ഭാവിയിൽ ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള മാർഗങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയയാണു ചെയ്തത്. ആരോഗ്യമുള്ള ഒരു അണ്ഡാശയം സംരക്ഷിച്ചു നിർത്തിക്കൊണ്ടുള്ളതാണു ശസ്ത്രക്രിയ. 

ഇടുപ്പിൽ റേഡിയേഷൻ ചെയ്യുമ്പോൾ സാധാരണ അത് അണ്ഡാശയത്തെ പ്രവ‍ർത്തനരഹിതമാക്കും. വയറ്റിലെ തൊലിക്കു കീഴിലേക്കു മാറ്റി അണ്ഡാശയത്തെ സംരക്ഷിച്ചു കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പ്രത്യുൽപാദനത്തിനു വേണ്ടിവരുന്ന അണ്ഡശേഖരണം എളുപ്പമാക്കാനും പിന്നീടുള്ള ചികിത്സാഘട്ടങ്ങളിൽ അണ്ഡാശയത്തിനു കോട്ടം സംഭവിക്കാതിരിക്കാനും ഇതിലൂടെ സാധിച്ചു. 

രണ്ടു വർഷത്തെ ചികിത്സയിൽ അർബുദം പൂർണമായി ഭേദപ്പെട്ടു എന്ന് ഉറപ്പു വരുത്തിയ ശേഷമാണു ഫെർട്ടിലിറ്റി ചികിത്സയ്ക്കായി യുവതിയെ ചെന്നൈയിലെ ആശുപത്രിയിലേക്ക് അയച്ചത്. വാടക ഗർഭപാത്രം ഉപയോഗിച്ചാണു യുവതി അമ്മയായത്. ഗർഭാശയ കാൻസർ പ്രാരംഭ ദശയിൽ തന്നെ ചികിൽസിച്ചു ഭേദമാക്കിയ ശേഷവും സ്വന്തം കുഞ്ഞെന്ന ആഗ്രഹം സഫലമാകുമെന്നതിന്റെ തെളിവാണ് ഇതെന്നു ഡോക്ടർമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com