ADVERTISEMENT

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. അതിനൊപ്പം രോഗത്തെ കുറിച്ച് നൂറായിരം തെറ്റിധാരണകളും ആളുകള്‍ക്കിടയിലുണ്ട്. ലോകത്താകമാനം ആളുകളുടെ മരണനിരക്കില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ ഇപ്പോഴും രോഗത്തെക്കുറിച്ച് ആളുകള്‍ക്ക് വേണ്ടത്ര അവബോധം ഇല്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അത്തരം തെറ്റിധാരണകളെ കുറിച്ച് ഒന്നറിയാം. 

ആരോഗ്യമുള്ളവര്‍ക്ക് കാന്‍സര്‍ വരില്ല - കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് കാന്‍സര്‍. ഇത് ആര്‍ക്കും വരാം എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. നല്ല ജീവിതചര്യകള്‍ പാലിക്കുന്നവര്‍ക്ക്, മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക്, വ്യായാമം ചെയ്യുന്നവര്‍ക്ക് ഒക്കെയും കാന്‍സര്‍ വരാനുള്ള സാധ്യത കുറയുന്നുണ്ട് എന്നതു സത്യംതന്നെ. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കാന്‍സര്‍ വരില്ല എന്ന് തീര്‍ത്ത്‌ പറയാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

കാന്‍സര്‍ പകരുമോ ? - ഇതും ഒരു വലിയ തെറ്റിധാരണയാണ്. ഒരിക്കലും കാന്‍സര്‍ പകരില്ല എന്നതാണ് വാസ്തവം. പാരമ്പര്യമായി ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് കാന്‍സര്‍ രോഗം വന്ന ചരിത്രമുണ്ട് എന്നാല്‍ ഒരിക്കലും ഇത് പകര്‍ച്ചവ്യാധി അല്ല. സെര്‍വിക്കല്‍ കാന്‍സര്‍ ലൈംഗികബന്ധം വഴി പകരുന്നതാണ് പക്ഷേ മറ്റു കാന്‍സര്‍ വകഭേദങ്ങള്‍ അങ്ങനെയല്ല.

മാതാപിതാക്കള്‍ക്ക് കാന്‍സര്‍ ഉണ്ടായാല്‍ മക്കള്‍ക്കും വരുമോ ?- യാതൊരു അടിസ്ഥാനവും ഇല്ലാത്ത തെറ്റിധാരണയാണ് ഇത്. ജനതികമായി കാന്‍സര്‍ വന്ന കേസുകള്‍ ഉണ്ട് പക്ഷേ ഒരിക്കലും അത് എപ്പോഴും ഉണ്ടാകണമെന്നില്ല. ശ്വാസകോശാര്‍ബുദം പുകവലിച്ചാല്‍ മാത്രമല്ല - പുകവലിക്കാരില്‍ മാത്രമല്ല ശ്വാസകോശകാന്‍സര്‍ വരുന്നത് എന്നത് ആദ്യം മനസിലാക്കുക. പാസീവ് സ്മോക്കിങ് വഴിയും കാന്‍സര്‍ പിടിപെടാം. 

ശരീരത്തില്‍ മുഴകള്‍ കണ്ടില്ലെങ്കില്‍ കാന്‍സര്‍ ഭയം വേണ്ട - ഇത് തെറ്റാണ്. ചിലപ്പോള്‍ കാന്‍സര്‍ മുഴകള്‍ ശരീരത്തില്‍ പ്രകടമായി കണ്ടു വരാറുണ്ട് എന്നാല്‍ മറ്റു ചിലപ്പോള്‍ മുഴകള്‍ കാണണമെന്നില്ല.  സോളിഡ് ട്യൂമറും ലിക്വിഡ് ട്യൂമറും ഉണ്ടാകാം. ഇതില്‍ ലിക്വിഡ് ട്യൂമറുകളാണ് ഏറ്റവും അപകടകാരികള്‍. 

ട്യൂമര്‍ എല്ലാം കാന്‍സര്‍ ആണോ ?- അല്ല എന്നാണ് ഉത്തരം. എല്ലാ ട്യൂമറുകളും കാന്‍സര്‍ അല്ല. ശരിയായ പരിശോധനയിലൂടെ ഇത് ഡോക്ടർമാര്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും.

കാന്‍സര്‍ ഉണ്ടായാല്‍ സ്വയം  കണ്ടെത്താം - ഇതും തെറ്റാണ്. എപ്പോഴും കാന്‍സര്‍ ലക്ഷണങ്ങള്‍ കാണണമെന്നില്ല. പലപ്പോഴും വളരെ വൈകിയാണ് പലര്‍ക്കും രോഗം കണ്ടെത്തുന്നത്. ശ്വാസകോശകാന്‍സര്‍ ഉള്ളവര്‍ക്ക് നിരന്തരമായ ചുമയാണ് ലക്ഷണം. എന്നാല്‍ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്ത രോഗികളും ഉണ്ട്. 

കാന്‍സര്‍ ചികിത്സയില്‍ മുടി എല്ലാവർക്കും നഷ്ടമാകും- ഇത് തെറ്റാണ്. കീമോതെറാപ്പിയുടെ അനന്തരഫലമായി മുടി കൊഴിച്ചില്‍ സാധാരണയാണ്. എന്നാല്‍ ചിലര്‍ക്ക് ഈ പ്രശ്നം ഉണ്ടാകുന്നില്ല. മാത്രമല്ല മുടി കൊഴിഞ്ഞു പോയാലും ഒരു സമയം കഴിയുമ്പോള്‍ മുടി വീണ്ടും വളര്‍ന്നു വരികയും ചെയ്യും.

കീമോ എല്ലാവർക്കും - അല്ല, കാന്‍സര്‍ ചികിത്സയില്‍ ആവശ്യമെന്ന് കണ്ടാല്‍ മാത്രമാണ് കീമോ നല്‍കുക. രോഗിയുടെ അവസ്ഥ, ചികിത്സ, രോഗത്തിന്റെ തോത് എന്നിവ വച്ചാണ് ഡോക്ടര്‍മാര്‍ കീമോ നിര്‍ദേശിക്കുക. റേഡിയേഷന്‍ തെറാപ്പി, ഇമ്യൂണോതെറാപ്പി എന്നിങ്ങനെ പലതരം ചികിത്സാരീതികള്‍ ഉണ്ട്. 

നാടന്‍ചികിത്സ മതിയോ - ഇന്ന് ഇന്റര്‍നെറ്റ്‌ ലോകത്ത് ഇത്തരം പല കഥകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഒന്നും മിക്ക ഡോക്ടർമാരും അംഗീകരിക്കുന്നില്ല. പ്രകൃതിദത്തമായ മരുന്നുകള്‍ ശരീരത്തിനു നല്ലതാണ് പക്ഷേ അവ കാന്‍സര്‍ രോഗത്തെ തുടച്ചു മാറ്റുന്ന കാര്യത്തില്‍ സംശയമാണ്. കാന്‍സര്‍ ചികിത്സയിലിരിക്കുമ്പോള്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ ഡോക്ടറുടെ അഭിപ്രായം കൂടി ചോദിച്ച ശേഷം കഴിക്കുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com