ADVERTISEMENT

നാട്ടിലെങ്ങും ചൂടേറിതോടെ ചിക്കൻപോക്സ് പടരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു ഫെബ്രുവരി 1 മുതൽ ഇതു വരെ 4185 പേർക്കാണു രോഗം പിടിപെട്ടത്. തിരുവനന്തപുരത്തു മാത്രം 371 പേർക്ക് കഴിഞ്ഞ ഒരു മാസത്തിൽ രോഗം ബാധിച്ചു. ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 'വേരിസെല്ലസോസ്റ്റർ' എന്ന വൈറസാണ് ചിക്കൻപോക്‌സ് പടർത്തുന്നത്. ഗർഭിണികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർക്കു പ്രതിരോധ ശക്തി കുറവായതിനാൽ കൂടുതൽ ശ്രദ്ധിക്കണം. 

ലക്ഷണങ്ങൾ
പനി, ശരീരവേദന, കഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, നടുവേദന എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതോടെയാണു പലരും ചിക്കൻപോക്സാണു ബാധിച്ചതെന്നു അറിയുന്നത്. ആദ്യം നെഞ്ചിലും ഉദരത്തിലും വായിലും പ്രത്യക്ഷപ്പെടുന്ന കുമിളകൾ പിന്നീട് ശരീരത്തിൽ പലയിടത്തും കണ്ടു തുടങ്ങും. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ഒരേ സമയത്തു തന്നെ പലഘട്ടത്തിലുള്ള കുമിളകളുണ്ടാവുകയും സാധാരണയാണ്.

കരുതലെടുക്കാം, നേരിടാം 
ചിക്കൻപോക്സ് ബാധിതരുമായി സമ്പർക്കം പുലർത്തിയാൽ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്. രോഗിയുടെ ചുമ, തുമ്മൽ എന്നിവയിലൂടെ ചിക്കൻപോക്സ് മറ്റൊരാൾക്കു ബാധിക്കാം. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ‌ ഉടൻ ചികിത്സ തേടുകയും പ്രത്യേക മുറിയിൽ രോഗിയെ താമസിപ്പിക്കുകയും വേണം.

കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപ് മുതൽ കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരും. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ വീണ്ടും വരാൻ സാധ്യതയുമുണ്ട്.

ഇവ ശ്രദ്ധിക്കാം
∙ ശരീര ശുചിത്വം പാലിക്കണം.

∙ ചിക്കൻപോക്‌സ് ബാധിച്ചവർ കുമിളകൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

∙ ഉപ്പുവെള്ളം കവിൾ കൊള്ളുന്നതു വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും. 

∙ ആര്യവേപ്പില ഇട്ടു തിളപ്പിച്ച  ചൂടുവെള്ളത്തിൽ ദിവസവും കുളിക്കുക.

∙ വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു മുതൽ മതിയായ വിശ്രമം ആവശ്യമാണ്.

∙ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അണുവിമുക്തമാക്കനായി അലക്കിയ ശേഷം വെയിലത്തുണക്കണം. (കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാം.)

∙ തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ഇളനീർ, പഴച്ചാറുകൾ എന്നിവയും കുടിക്കാം.. (ഓറഞ്ച്, മൂസംബി എന്നിങ്ങനെ പുളിപ്പുള്ള പഴങ്ങൾ ഒഴിവാക്കണം.)

∙ മാംസാഹാരങ്ങളും ഉപ്പ്, എരിവ്, പുളി എന്നിവയുള്ള ഭക്ഷ്യവസ്തുകളും ഒഴിവാക്കണം. പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. 

∙ ത്വക്ക് വരണ്ടു പോകാതെ സൂക്ഷിക്കണം. 

∙ ശരീരത്തിലുണ്ടായ കുമിളകൾ ഉണങ്ങിയ ശേഷം മഞ്ഞൾ, ചെറുതേൻ, രക്തചന്ദനം, കസ്തൂരിമഞ്ഞൾ എന്നിവ പാടുകളിൽ തേച്ചാൽ കാലക്രമേണ    കലകൾ അപ്രത്യക്ഷമാകും. 

ചികിത്സ തേടാം
ചിക്കൻപോക്സിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ എടുക്കുന്നതാണ് ഉത്തമം. രോഗം ബാധിച്ചാൽ ഡോക്ടറുടെ നിർദേശ പ്രകാരം ആന്റിവൈറൽ മരുന്ന് ഉപയോഗിക്കാം. ശരീരത്തിലുണ്ടാകുന്ന കുമിളകൾ രണ്ടാഴ്ചയ്ക്കുള്ളിൽ താഴ്ന്നു തുടങ്ങും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. സ്വയം ചികിത്സ അരുത്.

ആയുർവേദം
ആയുർവേദ ചികിത്സാ രീതി പ്രകാരം ഷഡംഗം കഷായം 60 മിലീലിറ്റർ വീതം 4 നേരമാണു ചിക്കൻപോക്‌സ് ബാധിതർക്കു നിർദേശിക്കുന്നത്. വേപ്പില അരച്ചു ശരീരത്തിൽ പുരട്ടുന്നത് ഉത്തമം. അപരാജിത ചൂർണം രോഗിയുടെ മുറിയിൽ പുകയ്ക്കുന്നതും നല്ലതാണ്. 

ഹോമിയോ
ഹോമിയോ ചികിത്സാ രീതി പ്രകാരം ഓരോ രോഗിക്കുമുള്ള രോഗ ലക്ഷണങ്ങൾക്കനുസരിച്ചാണു മരുന്ന് നൽകുന്നത്. അതിനാൽ, രോഗ ബാധിതർ വ്യത്യസ്തമായ മരുന്നുകളാവും ഉപയോഗിക്കേണ്ടത്. വൈറസിന്റെ സൈക്കിൾ പൂർത്തീകരിക്കാൻ അനുവദിക്കുന്നതാണു രീതി.

വിവരങ്ങൾ: ഡോ.ശ്രീജിത്ത് എൻ.കുമാർ (ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ്)
ഡോ.ആനന്ദ് ചന്ദ്രൻ (3എച്ച് ഹോമിയോപതിക് ക്ലിനിക്
ഡോ.ജോബ് തോമസ് (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com