ADVERTISEMENT

സ്ത്രീകളുടെ എല്ലുകൾക്ക് പുരുഷന്മാരുടേത് അപേക്ഷിച്ച് ബലം കുറവാണ് അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിൽ സ്ത്രീകൾ വളരെയധികം ശ്രദ്ധ കൊടുക്കണം. സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് പോലുള്ള രോഗങ്ങൾ വരാനും സാധ്യത കൂടുതലാണ്. ആർത്തവ വിരാമത്തിനു ശേഷം ഈസ്ട്രജൻ ഹോര്‍മോണിന്റെ അളവ് കുറയുന്നു. എല്ലുകൾക്ക് സംരക്ഷണമേകുന്ന ഹോർമോണാണിത്. ഇതും പ്രായമാകുമ്പോൾ എല്ലുകളുടെ ആരോഗ്യം ക്ഷയിക്കാൻ ഒരു കാരണമാണ്. സന്ധിവാതം പോലെ, എല്ലുകളെ ബാധിക്കുന്ന രോഗങ്ങളിൽനിന്നു സംരക്ഷണമേകാൻ ചില ആരോഗ്യശീലങ്ങൾ സഹായിക്കും. അവ എന്തൊക്കെയെന്നു നോക്കാം. 

വൈറ്റമിന്‍ ഡി യും പൊട്ടാസ്യവും
വൈറ്റമിൻ ഡി, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം. ഇത് എല്ലുകളെ ആരോഗ്യമുള്ളതാക്കുകയും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ സഹായിക്കുകയും ചെയ്യും. പാലുൽപന്നങ്ങൾ, മത്സ്യം, പച്ചനിറത്തിലുള്ള ഇലക്കറികൾ ഇവയും എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം. 

അൽപ്പം ഓടാം, ഒപ്പം യോഗയും
ഓട്ടം എല്ലുകൾക്ക് ഒരു വ്യായാമമാണ്. കാലിലെയും ഇടുപ്പിലെയും എല്ലുകളെ ശക്തിപ്പെടുത്താൻ ഓട്ടം സഹായിക്കും. അരക്കെട്ട്, ഇടുപ്പ്, കാല് ഇവയിലെ എല്ലുകൾക്ക് ശക്തിയേകാൻ സഹായിക്കുന്ന യോഗാസനങ്ങളും പരിശീലിക്കാം. ഈ എല്ലുകളാണ് വേഗം പൊട്ടാനും ഒടിയാനും സാധ്യത ഉള്ളത്. അതിനാൽത്തന്നെ ഇവയ്ക്ക് വേണ്ട ശ്രദ്ധ കൊടുക്കണം.   

ഡാൻസ്...ഡാൻസ്
നൃത്തം ചെയ്യൽ ഒരു വർക്കൗട്ട് ആണ്. ശരീരത്തെയും എല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കും. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, എല്ലുകൾക്ക് ബലം കുറയൽ ഇതെല്ലാം വരാനുള്ള സാധ്യത കുറയ്ക്കാൻ നൃത്തം സഹായിക്കും. ആസ്വദിച്ച് ചെയ്യുന്ന ഈ പ്രവൃത്തി വിഷാദം വരാനുള്ള സാധ്യത കുറയ്ക്കുകയും  മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. 

കഴിക്കാം, പ്രോട്ടീൻ
എല്ലുകൾ നിർമിച്ചിരിക്കുന്നത് 50 ശതമാനവും പ്രോട്ടീൻ കൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രോട്ടീന്റെ അഭാവം എല്ലുകളുടെ ശക്തി കുറയ്ക്കും. ഭക്ഷണത്തിൽ ആവശ്യമുള്ളത്ര പ്രോട്ടീൻ ഉൾപ്പെട്ടിട്ടില്ലേയെന്ന് ഉറപ്പു വരുത്തണം. സസ്യഭുക്കുകൾ കൂൺ, സോയ, പാലുൽപന്നങ്ങൾ, ധാന്യങ്ങൾ ഇവയെല്ലാം ധാരാളം കഴിക്കണം. 

ഒഴിവാക്കാം, കാലറി കുറഞ്ഞ ഭക്ഷണം
ഭാരം കുറയ്ക്കാനുള്ള നെട്ടോട്ടത്തിൽ കാലറി കുറഞ്ഞ ഭക്ഷണമാവും പലപ്പോഴും സ്ത്രീകൾ കഴിക്കുന്നത്. എന്നാൽ ഈ ഡയറ്റ് നിങ്ങളുടെ ശരീരത്തിൽ പോഷകങ്ങളുടെ അഭാവം ഉണ്ടാക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. കാലറി കുറഞ്ഞ ഭക്ഷണം എല്ലുകളുടെ സാന്ദ്രത കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ഓസ്റ്റിയോ പോറോസിസ്, സന്ധിവാതം മുതലായവയ്ക്ക് കാരണമാകുകയും ചെയ്യും. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ എല്ലുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com