ADVERTISEMENT

ആറുമാസത്തിനുള്ളിൽ വായിൽക്കൂടി വെള്ളം ഇറക്കാൻ പറ്റുമെന്ന ഉറപ്പ് ഈ കാൻസർ ദിനത്തിൽ (04 ഫെബ്രുവരി) ലാൽസൻ മനോരമ ഓൺലൈനോടു പങ്കുവച്ചിരുന്നു. ഇതിനായി നടത്തുന്ന അന്നനാളം വികസിപ്പിക്കാനുള്ള ചികിത്സയെക്കുറിച്ചും അതിനു ശേഷം ഇപ്പോൾ ഇട്ടിരിക്കുന്ന ട്യൂബ് ഉപേക്ഷിച്ച് വായിൽക്കൂടി ആഹാരം ഉൾപ്പടെ കഴിക്കാനാകുമെന്ന പ്രതീക്ഷയിലുമായിരുന്നു അദ്ദേഹം. എന്നാൽ ഇതിനായി അഞ്ചു പ്രാവശ്യം ഡോക്ടർമാർ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ലാൽസൻ പറയുന്നു. എങ്കിലും തോറ്റു കൊടുക്കാൻ താൻ ഒരുക്കമല്ലെന്നും വായിൽക്കൂടി വെള്ളം ഇറക്കാൻ കഴിയുന്ന ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ലാൽസൻ പറയുന്നു. കുറിപ്പ് വായിക്കാം

 

ഫേസ് ബുക്ക് കുറിപ്പ്

കടുത്ത ചൂട് എന്നെയും തളർത്തുന്നുണ്ട്. വരണ്ടുണങ്ങിയ ചുണ്ടുകൾ ഒരു നനവിനായി ദഹിക്കുന്നുണ്ട്... അതെ രാത്രി ഒരു മണി ആവുന്നു വല്ലാത്ത ദാഹം ഉറക്കമില്ലാതായ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇതുപോലെ തൊണ്ട വരളുമ്പോൾ ആക്രാന്തത്തോടെ വെള്ളം കുടിക്കുന്ന ദിവസത്തിനായി.... രണ്ട് ദിവസമായി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വന്നിട്ട്. അന്നനാളം വികസിപ്പിക്കുന്ന ട്രീറ്റ്മെന്റ് അഞ്ചാം തവണയും പരാജയപെട്ടു. വെള്ളം ഇറക്കാൻ സാധിച്ചില്ല ഒരുപാടു പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്രാവശ്യം പക്ഷെ സാധിച്ചില്ല....

ഇനി അന്നനാളം വികസിപ്പിക്കുന്ന ട്രീറ്റ്മെന്റ് തുടരേണ്ട കാര്യമില്ല എന്നാണ് ഡോക്ടറുടെ നിഗമനം കാരണം അതുകൊണ്ട് ഉപകാരം ഇല്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അനസ്തേഷ്യ തന്നു ഓർമ കെടുത്തിയ ശേഷം അന്നനാളം വഴി ഒരു ട്യൂബ് ഇറക്കി അടഞ്ഞു പോയ അന്നനാളം പല ഘട്ടങ്ങളിൽ ആയി കുറേശെ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാൽ ഇപ്പോൾ ഡോക്ടർ പറഞ്ഞു അന്നനാളത്തിൽ ട്യൂബ് ഇറക്കി ആ ട്യൂബ് പുറത്തെടുക്കുന്ന അതെ നിമിഷം അന്നനാളം വീണ്ടും അടഞ്ഞു പോകുകയാണ് ചെയ്യുന്നത് അഞ്ചു പ്രാവശ്യവും പരാജയപെട്ടതുകൊണ്ടു ഇനി ഈ ട്രീറ്റ്മെന്റ് ഫലപ്രദമല്ല. പക്ഷെ ഞാൻ തോറ്റു കൊടുക്കാൻ തയ്യരല്ല ഒരു മാസം കഴിഞ്ഞു ഇനി എന്ത് ചെയ്യാൻ സാധിക്കും എന്ന് എല്ലാ ഡിപ്പാർട്മെന്റുമായി ആലോചിച്ചു ഡിസിഷൻ എടുക്കാം എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. ഡോക്ടർ ഒരു സർജറി ആണ് ഉദ്ദേശിച്ചത് പക്ഷെ അതിനു റിസ്ക് കൂടുതൽ ആണ് എന്ന് ഡോക്ടർ തന്നെ പറയുന്നുണ്ട്. കാരണം എനിക്ക് തൊണ്ടയിൽ ഇപ്പോൾ തന്നെ ഒരു സർജറി കഴിഞ്ഞതാണ് എട്ടു മണിക്കൂർ നീണ്ട ആ സർജറിയിലൂടെ പന്ത്രണ്ടു മുഴകൾ പുറത്തെടുത്തു കൂടാതെ മുപ്പതു ഹൈ ഡോസ് റേഡിയേഷൻ ആണ് എനിക്ക് തൊണ്ടയിൽ നൽകിയത് അതുകൊണ്ട് അന്നനാളം മുഴുവൻ വെന്തു കരിഞ്ഞു ഇരിക്കുകയാണ്....

ഈ സർജറി എന്നു പറയുന്നത് അന്നനാളത്തിനുള്ളിൽ ഒരു ട്യൂബ് ഇറക്കി ഫിറ്റ്‌ ചെയ്തു അന്നനാളം തുന്നി ചേർക്കുന്നതാണ് എന്നാൽ ഇങ്ങനെ വെന്തു കരിഞ്ഞു ഇരിക്കുന്ന അന്നനാളം തുന്നിച്ചേർക്കാനും അതുപോലെ അതു ഉണങ്ങിവരാനും ബുദ്ധിമുട്ട് ഉണ്ട് ഒപ്പം വോക്കൽ കോഡിന് കേടുപാടുകൾ സംഭവിച്ചു ശബ്ദം പൂർണമായും നഷ്ടപ്പെടാനും സാധ്യത ഉണ്ട്. പക്ഷ ഇതൊന്നും കേട്ടു പേടിക്കാൻ ഞാൻ തയാറല്ല ആലോചിച്ചു നല്ല ട്രീറ്റ്മെന്റ് എടുക്കും നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണം...... കാരണം ഈ നിമിഷം അത്രയും ദാഹം സഹിച്ചുകൊണ്ടാണ് ഞാൻ ടൈപ്പ് ചെയ്യുന്നത്..... ഭക്ഷണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല പക്ഷെ വെള്ളം എനിക്കതു കുടിച്ചേ പറ്റു ഇന്നല്ലെങ്കിൽ നാളെ എന്ന് വിചാരിച്ചു ഞാൻ ഒരു വർഷത്തിന് മുകളിൽ ആയി കാത്തിരിക്കുന്നു ഇനി വിജയത്തിന്റെ നാൾ വഴികൾ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളും പ്രാർത്ഥിക്കണം. നല്ല ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കാൻ ഒപ്പം ആ ട്രീറ്റ്മെന്റ് വിജയമാക്കാൻ...നിങ്ങളുടെ പ്രാർത്ഥനയും, സ്നേഹവും സഹായവും ആയിരുന്നു എന്റെ ഊർജം... തോറ്റുകൊടുക്കാതിരിക്കാനുള്ള ഊർജം.... ഇപ്പോൾ വയറിൽ ഇട്ട ട്യൂബ് ലീക്ക് ആണ് എന്നുള്ള പ്രോബ്ലം കൂടി ഉണ്ട്... ട്യൂബിൽ കൂടി എടുക്കുന്ന ഫീഡ് വയറിൽ ട്യൂബ് ഇടാൻ ഇട്ട ഹോളിൽ കൂടി പുറത്തുവരുന്നുണ്ട്..... പക്ഷെ തോറ്റുകൊടുക്കില്ല..... ജീവിതം പൊരുതി നേടാൻ ഉള്ളതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.... പൊരുതി നേടുക തന്നെ ചെയ്യും 

 

സ്നേഹം മാത്രം 

 

ലാൽസൺ പുള്ളു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com