ADVERTISEMENT

വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു. കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണു വെസ്റ്റ് നൈല്‍. കൊതുക് വഴിയാണു പകരുന്നത്. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തെപോലെ വലുതായി ബാധിക്കുന്ന രോഗമല്ല. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.

ഈ പനിയെ നേരിടാൻ എന്തെല്ലാം മുന്‍കരുതലുകൾ എടുക്കണം, ലക്ഷണങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്ററിലെ സ്റ്റേറ്റ് സെക്രട്ടറി ആയ ഡോ.സുൽഫി നൂഹൂ എഴുതിയ എഫ്.ബി പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

വെസ്റ്റ് നൈല്‍ പനി ആശങ്കപ്പെടുത്തും വിധം അപകടകാരിയല്ലെങ്കിലും ഏതൊരു പനിയോടും കാണിക്കേണ്ട ജാഗ്രത ഈ രോഗത്തോടും ഉണ്ടാകുന്നത് നല്ലതാണ്. 1937ൽ ആഫ്രിക്കയിലെ വെസ്റ്റ് നൈൽ മേഖലയില്‍ കണ്ടെത്തിയ വൈറസായതിനാലാണ് ഈ രോഗത്തിന് ഈ പേരു വരാന്‍ കാരണം. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഈ രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

വെസ്റ്റ് നൈൽ വൈറസ്

പക്ഷികളിൽ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. കൊതുക്, പക്ഷികൾ എന്നിവ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വെസ്റ്റ് നൈല്‍ പനിക്ക് പ്രതിരോധ വാക്സിന്‍ ലഭ്യമല്ല.

ലക്ഷണങ്ങള്‍

സാധാരണ വൈറൽ പനിയുടെ രീതിയില്‍ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ. രോഗം ബാധിച്ച 80 ശതമാനം പേരിലും ചെറിയതോതിലോ അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാത്ത തരത്തിലോ ആണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. 20 ശതമാനത്തോളം പേരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറുമുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരു ശതമാനം പേരിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടസാധ്യത

വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവരിലും ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്‌നി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മസ്‌തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.

വെസ്റ്റ് നൈല്‍ പനി ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ക്കുള്ള ചികില്‍സയാണ് ലഭ്യമാക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂര്‍ണമായും ഭേദമാകും. എന്നാല്‍ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാം.

പ്രതിരോധം

കൊതുകു വഴി പകരുന്ന ഈ പനി പടരാതിരിക്കാനുള്ള പ്രധാന മാര്‍ഗം കൊതുകു നിര്‍മാര്‍ജ്ജനം തന്നെയാണ്. അതോടൊപ്പം കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങളും അവലംബിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com