ADVERTISEMENT

കഴിഞ്ഞ വ്യാഴാഴ്ച ലോക കിഡ്നി ദിനമായിരുന്നു. എല്ലാ വർഷവും മാർച്ച്  മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കദിനമായി ആചരിക്കുന്നത്. വൃക്കരോഗങ്ങളെ സംബന്ധിച്ച അവബോധം വളർത്തുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഏകദേശം 880 ദശലക്ഷത്തോളം ആളുകൾ വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്നുവെന്നാണ് ആഗോള തലത്തിൽ ഉള്ള കണക്കുകൾ പറയുന്നത്. ‘വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എല്ലായിടത്തും’ എന്നതാണ് ഇത്തവണത്തെ സന്ദേശം. സാർവത്രികമായി വൃക്കരോഗം തടയുകയും, ആരംഭത്തിൽ തന്നെ ചികിത്സ കൊടുക്കുകയും ചെയ്യണമെന്ന ബോധവൽക്കരണമാണ് ഇതുവഴി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഇത്രയേറെ രോഗഭാരം ഉണ്ടായിട്ടും ചികിത്സയുടെ കാര്യത്തിൽ അസമത്വം തുടരുന്നുണ്ട്. ഇതിനുപുറമെ പട്ടിണിയും, പോഷകാഹാരക്കുറവും പ്രകൃതി മലിനീകരണവും, തൊഴിൽ പരമായ അപകടങ്ങളും വൃക്കരോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ് എന്നത് സ്ഥിതിയെ സങ്കീർണമാക്കുന്നുണ്ട്. 

ആഗോളതലത്തിൽ ഏകദേശം 4.8 ദശലക്ഷം രോഗികളും രോഗത്തിന്റെ അവസാനഘട്ടത്തിൽ  എത്തിയവർ ആയതിനാൽ, ഡയാലിസിസോ അല്ലെങ്കിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയോ ആവശ്യമുള്ളവരാണ്. 2030 ആകുമ്പോൾ ഇത് വളർന്ന്  ഏതാണ്ട് 5.4 ദശലക്ഷം ആകുമെന്നാണ് സൂചന. അതിൽ തന്നെ ഭൂരിഭാഗം വരുന്ന രോഗികളും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമാകും എന്നത് ഭയപ്പെടുത്തുന്ന കണക്കാണ്. ഇന്ത്യയിൽ നിന്നുള്ള യഥാർഥ ചിരകാല വൃക്കരോഗികളുടെ കണക്ക് വ്യക്തമല്ല. ലോകാരോഗ്യ സംഘടനയുടെ നിഗമനത്തിൽ 2025 ഓടെ ഇന്ത്യ ലോകത്തിലെ തന്നെ പ്രമേഹരോഗികളുടെ തലസ്ഥനമാകുമെന്നും, അതിൽ ഒട്ടുമിക്കവരിലും വൃക്ക രോഗത്തിനു സാധ്യതയുള്ളതിനാൽ, വൃക്ക രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

വൃക്കകളുടെ പ്രവർത്തനത്തെയും വൃക്കരോഗങ്ങളെ പറ്റിയുള്ള സാമാന്യമായ ഒരു ധാരണയും രോഗനിർണയത്തിൽ കൃത്യതയും ഉണ്ടെങ്കിൽ ഒരു പരിധിവരെയെങ്കിലും ഭയാനകമായ വൃക്ക തകരാറിലേയ്ക്ക് എത്താതെ രക്ഷപ്പെടാനാകും.

മറ്റു കണക്കുകൾ പ്രകാരവും ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം ഒന്നരലക്ഷം രോഗികളിൽ അവസാനഘട്ട വൃക്കരോഗം പിടിപെടുന്നുണ്ട്. അവരിൽ തന്നെ 10% ആളുകൾക്കു മാത്രമാണ് ചികിത്സാരീതികളായ ഡയാലിസിസിലേയ്‌ക്കോ വൃക്ക മാറ്റിവെയക്കൽ ശസ്ത്രക്രിയയിലേയ്‌ക്കോ എത്തിച്ചേരാനാകുന്നത്. 50% വരുന്ന ഡയാലിസിസ് രോഗികൾ, സാമ്പത്തിക പ്രാരബ്ദം മൂലം മൂന്നുമാസത്തിനപ്പുറം ചികിത്സ തുടരാനാവത്ത അവസ്ഥയിൽ എത്തിച്ചേരുന്നുമുണ്ട്. വൃക്കരോഗത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധി എത്രയും പെട്ടെന്നുള്ള രോഗനിർണയവും ചികിത്സയുമാണ്. ഇതിനുവേണ്ട രക്തപരിശോധനകളൊക്കെ എല്ലായിടത്തും ലഭ്യമാകുന്നവയും  ചെലവു കുറഞ്ഞതുമാണ്.  രക്തസമ്മർദ്ദം കൂടിയവരും പ്രമേഹരോഗികളും 50 വയസ് കഴിഞ്ഞവരും മേൽ പറഞ്ഞ പരിശോധനകൾ വർഷത്തിൽ ഒരു തവണ എങ്കിലും നടത്തി, അപാകതകൾ കാണുന്ന പക്ഷം വൃക്കരോഗ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് നല്ലത്. 

 

വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ് 

 1. ആരോഗ്യത്തോടെയും ശാരീരിക ക്ഷമതയോടെയും ഇരിക്കാൻ ശ്രമിക്കുക. 

 2. മിതമായ നിത്യേനയുള്ള വ്യായാമം ശീലമാക്കുക. 

 3. പ്രഷറും, പ്രമേഹവും പോലുള്ള രോഗങ്ങൾ കൃത്യമായി നിയന്ത്രിക്കുക. പ്രഷറിന് കഴിക്കുന്ന അലോപ്പതി ഗുളികകൾ വൃക്കകളെ തകരാറിലാക്കുന്നു എന്നത് സമൂഹത്തിൽ പരക്കെയുള്ള ഒരു തെറ്റിദ്ധാരണയാണ്. പ്രഷറും പ്രമേഹവും നിയന്ത്രിക്കാത്തതാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്ന ഘടകം. 

 4. സന്തുലിതമായ ആഹാരം ശീലമാക്കുകയും പൊണ്ണത്തടി തടയുകയും ചെയ്യുക. 

 5. ആഹാരത്തിൽ ഉപ്പിന്റെ അളവ് ക്രമീകരിക്കുക. ഒരു ടീസ്പൂൺ ഉപ്പ് ഒരു ദിവസത്തേക്ക് എന്നതാണ് ആരോഗ്യപരമായ കണക്ക്  

 6. ആവശ്യത്തിനുള്ള വെള്ളം ശരീരത്തിൽ ഉറപ്പ് വരുത്തുക. ശരാശരി ഒരു ദിവസം 1.52 ലീറ്റർ വെള്ളം വരെ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് ഓരാ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയെയും രോഗാവസ്ഥയെയും കാലാവസ്ഥയെയും ജോലിയെയും അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് മൂത്രത്തിൽ കല്ലുള്ളവർ 23 ലീറ്റർ വരെ വെള്ളം കുടിക്കാനാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്. 

 7. പുകവലി വർജിക്കുക.

 8. പുറമെയുള്ള മരുന്നുകടകളിൽ നിന്നും ഡോക്ടറുടെ ചീട്ടുപ്രകാരമല്ലാതെ മരുന്ന് ചോദിച്ചു വാങ്ങി കഴിക്കാതിരിക്കുക. 

 9. പ്രോട്ടീന്റെ അളവ് കൂടുതലായ ഭക്ഷ്യവസ്തുക്കൾ പൊതുവെ അമിതഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും കൂടുതൽ ഉപയോഗിച്ചുകാണുന്നുണ്ട്. ഇതിനെപ്പറ്റി മനുഷ്യരിൽ ആധികാരികമായ പഠനങ്ങൾ നടത്തിയിട്ടില്ലെങ്കിലും ഹൈ പ്രോട്ടീൻ  ഭക്ഷണരീതി വൃക്കകളെ തകരാറിലാക്കുന്നതായി പല ജന്തുപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വൃക്കരോഗമുള്ളവർ നിർബന്ധമായും അമിതപ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com