ADVERTISEMENT

ശരീരം പ്രകടമാക്കുന്ന പല കാൻസർ ലക്ഷണങ്ങളും മറ്റേതെങ്കിലും നിസ്സാര രോഗത്തിന്റേതാവാം എന്നു കരുതി അവഗണിക്കുന്നത് പലരുടെയും പതിവാണ്; പ്രത്യേകിച്ചും പുരുഷന്മാരുടെ. ഡോക്ടറെ കാണാനുള്ള മടിയാകാം ഒരു കാരണം. എന്നാൽ നമ്മുടെ ശരീരത്തെ അറിയുക എന്നതു പ്രധാനമാണ്. അസാധാരണമായ വേദനയോ മറ്റു വ്യത്യാസങ്ങളോ കണ്ടാൽ തീർച്ചയായും വൈദ്യസഹായം തേടണം. 

മൂത്രമൊഴിക്കാൻ പ്രയാസം 
മൂത്രമൊഴിക്കാൻ പ്രയാസം, മൂത്രത്തിലോ ബീജത്തിലോ രക്തം, ശീഘ്രസ്ഖലനം മുതലായവ തുടർച്ചയായി അനുഭവപ്പെട്ടാൽ ഡോക്ടറെ കാണണം. ഇവ പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമാകാം. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുമ്പോഴാകും പ്രോസ്റ്റേറ്റ് കാൻസർ അതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുക.

വൃഷണങ്ങൾക്കു മാറ്റം 
സ്ത്രീകൾക്കു തങ്ങളുടെ സ്തനങ്ങൾ എത്രമാത്രം പരിചിതമാണോ അതുപോലെ പുരുഷന്മാർ തങ്ങളുടെ വൃഷണങ്ങൾക്കും ശ്രദ്ധ കൊടുക്കണം. വലുപ്പത്തിൽ വ്യത്യാസം കാണുക, വീക്കമോ കട്ടി കൂടുതലോ അനുഭവപ്പെടുക, മുഴയുള്ളതുപോലെ തോന്നുക ഇവയെല്ലാം ടെസ്റ്റികുലാർ കാൻസറിന്റെ ലക്ഷണങ്ങളാകാം. ചെറുപ്പക്കാരിലും മധ്യവയസ്കരിലും  ഈ കാൻസർ കാണുന്നു.

ചർമത്തിലെ മാറ്റങ്ങൾ 
50 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് സ്ത്രീകളെപ്പോലെ ചർമാർബുദം വരാനുള്ള സാധ്യത ഇരട്ടിയാണ്. ചെറുപ്പക്കാരിൽ മെലനോമയ്ക്കുളള സാധ്യത 40 ശതമാനമാണ്. പുരുഷന്മാർ വെയിലത്ത് കൂടുതൽ സമയം നിൽക്കുന്നതു കൊണ്ടും തലയോട്ടിയും ചെവികളും മൂടാത്തതു കൊണ്ടും ഈ സ്ഥലങ്ങളിൽ കാൻസർ വരാൻ സാധ്യത കൂടും. പലരും ഇരുണ്ട പാടുകളോ മറുകോ അവഗണിക്കുകയാണ് പതിവ്. എന്നാൽ മറുക് കൂടുതൽ ഇരുണ്ടതാകുകയോ വലുതാകുകയോ പൊങ്ങിവരുകയോ ചെയ്താൽ കാൻസർ പരിശോധന നടത്തണം.   

വായ്ക്കുള്ളിൽ വേദനയോ വ്രണമോ
സാധാരണ വായ്പുണ്ണ് കുറച്ചു ദിവസം കഴിയുമ്പോൾ മാറും. പല്ലുവേദന വന്നാൽ അതിനും പരിഹാരം തേടാം. എന്നാൽ ഭേദമാകാത്ത വ്രണങ്ങളോ നീണ്ടു നിൽക്കുന്ന വേദനയോ മോണകളിലോ നാക്കിലോ വെളുത്ത പാടുകളോ കണ്ടാൽ ശ്രദ്ധിക്കണം. താടിയിൽ വീക്കം കണ്ടാലും വൈദ്യസഹായം തേടണം. കാരണം ഇവ ചിലപ്പോൾ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാകാം. പുകവലിക്കുകയോ പുകയില ചവയ്ക്കുകയോ ചെയ്യുന്ന പുരുഷന്മാർക്കും വായിലെ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

കടുത്ത ചുമ
ജലദോഷമോ മറ്റ് അലർജികളോ ഇല്ലാതെ വെറും ചുമ മൂന്നാഴ്ചയോ അതിൽ കൂടുതലോ നീണ്ടാൽ ശ്വാസകോശാർബുദത്തിന്റെ ലക്ഷണമാകാം. ചുമയിൽ രക്തത്തിന്റെ അംശം കണ്ടാലും സൂക്ഷിക്കണം.

മലത്തിൽ രക്തം
മലത്തിൽ രക്തം കാണുന്നത് പൈൽസിന്റെ മാത്രമല്ല കോളൻ കാൻസറിന്റെയും ലക്ഷണമാകാം. 50 വയസ്സാകുമ്പോൾ പരിശോധിച്ചാൽ മതിയെന്നായിരുന്നു പൊതുവേ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും ഈ കാൻസർ കണ്ടുവരുന്നുണ്ട്. മലബന്ധമോ പൈൽസോ വന്നാൽ അത് മാറും. എന്നാലും പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പിക്കാൻ വൈദ്യ സഹായം തേടുന്നതാകും നല്ലത്.

വയറുവേദന, ഓക്കാനം
ഇടയ്ക്കു വരുന്ന ദഹനപ്രശ്നങ്ങളൊന്നും കാൻസർ ആകില്ല. എന്നാൽ തുടർച്ചയായി വയറുവേദനയും ഓക്കാനവും വന്നാൽ തീർച്ചയായും ഡോക്ടറെ കാണണം. അൾസർ ആകാം കാരണം. അല്ലെങ്കിൽ ലുക്കീമിയ, ഈസോഫാഗൽ, കരൾ, പാൻക്രിയാറ്റിക്, കോളോറെക്ടൽ കാൻസറുകളിൽ ഏതിന്റെയെങ്കിലും ലക്ഷണമാകാം. 

ഇടയ്ക്കിടെ വരുന്ന പനി 
പൊതുവേ ആരോഗ്യവാനാണെങ്കിലും ഇടയ്ക്കിടെ അസുഖമോ പനിയോ ഒക്കെ വരാറുണ്ടോ. അത് ലുക്കീമിയയുടെ ലക്ഷണമാകാം. ശ്വേത രക്താണുക്കളുടെ അളവ് നോർമൽ അല്ലാതാകുകയും ഇത് അണുബാധ തടയാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കുകയും ചെയ്യും. 

തൊണ്ടവേദന 
സാധാരണ തൊണ്ടവേദനയെ പേടിക്കണ്ട. വീട്ടു മരുന്നുകൾ കൊണ്ടുതന്നെ അതു മാറും. എന്നാൽ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന തൊണ്ടവേദനയും ഭക്ഷണം ഇറക്കാനുള്ള പ്രയാസവും തൊണ്ടയിലെയോ ശ്വാസകോശത്തിലെയോ ഉദരത്തിലെയോ കാൻസറിന്റെ ലക്ഷണമാകാം.  

ശരീരഭാരം കുറയുക 
ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത് നല്ല ലക്ഷണമല്ല. ഈസോഫാഗൽ, പാൻക്രിയാറ്റിക്, ലിവർ, കോളൻ കാൻസറുകളുടെയോ ലുക്കീമിയ, ലിംഫോമ എന്നിവയുടെയോ ആദ്യ ലക്ഷണമാവാം.

ക്ഷീണം
എല്ലാവർക്കും കാണും ചില ദിവസങ്ങളിൽ വല്ലാത്ത ക്ഷീണം. എന്നാൽ ഒരു മാസത്തിലേറെ പതിവായി ക്ഷീണം തോന്നുകയോ ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുകയോ ചെയ്താല്‍ ൈവദ്യസഹായം തേടണം.

കടുത്ത തലവേദന 
ഒരു ചെറിയ തലവേദനയോ മൈഗ്രേനോ വരാത്ത ആൾക്ക് പെട്ടെന്നു തലവേദന വന്നാൽ അത് ബ്രെയ്ൻ ട്യൂമറിന്റെ ലക്ഷണമാകാം. ഞരമ്പുകളിൽ അമർത്തുമ്പോൾ കടുത്ത വേദന തോന്നാം.

ഈ ലക്ഷണങ്ങളെയൊക്കെ അവഗണിക്കാതിരുന്നാൽ, ആദ്യഘട്ടത്തിലേ രോഗങ്ങൾ തിരിച്ചറിഞ്ഞാൽ രോഗവിമുക്തിയും വേഗത്തിലാവും എന്നത് മറക്കാതിരിക്കുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com