sections
MORE

പാട്ടു കേട്ട് ആരോഗ്യം സംരക്ഷിക്കുന്നത് എങ്ങനെ?

music therapy
SHARE

കർണാടക സംഗീതത്തിലെ മധ്യമാവതി, ശങ്കരാഭരണം രാഗങ്ങൾക്ക് മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ എന്താണ് പങ്ക്? മനസിനെ ശാന്തമാക്കുന്നതിൽ ഈ രാഗങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് ഗവേഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. ഗർഭാവസ്ഥയിലുള്ള ശിശുവിന് അമ്മയുടെ സ്വരവും പാട്ടും കേൾക്കാൻ അവസരം നൽകുന്നത് വളർച്ചയ്ക്ക് ഏറെ ഗുണകരമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച മെഡിമ്യൂസിക് ടെക്കും ഐഎംഎ കൊച്ചി ശാഖയും ചേർന്നു സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്ത വിദഗ്ധർ ഒരേ സ്വരത്തിലാണ് ചികിൽസാമേഖലയിൽ സംഗീതത്തിന്റെ സ്വാധീനം വ്യക്തമാക്കിയത്. 

കേൾക്കുന്നവർക്ക് എന്നും ആശ്വാസം നൽകുന്ന ഒന്നാണ് സംഗീതം. ഇതിനു പുറമേ 'ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് മാനസികവും ശാരീരികവും സാമൂഹ്യവുമായ കഴിവുകൾ വികസിക്കാൻ സഹായിക്കുന്നത് അടക്കം സംഗീതത്തിനുള്ള മറ്റു കഴിവുകളെക്കുറിച്ച് പലരും കാര്യമായി മനസിലാക്കിയിട്ടില്ല. ജീവിതത്തിന്റെ നിലവാരം ഉയർത്താനും സംഗീതത്തിനു സാധിക്കും. സംസാരം, അറിവു നേടാനുള്ള കഴിവ്, ശരീര ചലനങ്ങളുടെ ഏകോപനം തുടങ്ങിയവയെല്ലാം ശക്തമാക്കാൻ ആയുർവേദത്തിലെ സംഗീത ചികിൽസ സഹായകമാണ്.

രാഗ ചികിൽസ, വ്യക്തിഗത ആയുർവേദിക് സംഗീത ചികിൽസ എന്നിങ്ങനെ സംഗീത ചികിൽസയെ രണ്ടായി തിരിക്കാം. വ്യക്തികളുടെ ആവശ്യങ്ങൾ, അവരുടെ രാശി ചിഹ്നങ്ങൾ, രോഗാവസ്ഥ എന്നിവ പരിഗണിച്ച ശേഷം പ്രത്യേക രാഗത്തെ രോഗത്തിനും ബാധിക്കപ്പെട്ട ചക്രത്തിനുമായി ഉപയോഗിക്കുന്നതാണ് രാഗചികിൽസയിലുള്ളത്. സംഗീതത്തിനും ജീവിതത്തിനും ചുറ്റുപാടുമുള്ള സവിശേഷതകൾ (മ്യൂസിക്കൽ ലൈഫ് പനോരമ) കണക്കിലെടുത്താണ് ഇവയെല്ലാം ചെയ്യുന്നത്. 

സംഗീതത്തോടുള്ള താൽപ്പര്യം സ്വയം ഉണ്ടാകുന്നതാണ്. തലച്ചോറിലുള്ള തലാമസ് ആണ് വികാരങ്ങൾ ഉണ്ടാകുന്നതിനു പിന്നിലെ കേന്ദ്രം. കോർട്ടെക്‌സ് 'ഭാഷകളുടെ കേന്ദ്രവുമാണ്. സബ് കോർട്ടിക്കൽ തലത്തിലാണ് സംഗീതം പ്രവർത്തിക്കുന്നത്. സംഗീതം മനസിലാക്കാനോ സംഗീതത്തിലെ ശബ്ദങ്ങൾ മനസിലാക്കാനോ സാധിക്കാതെ വരുന്ന രോഗമാണ് അമ്യൂസിയ. (മഹാനായ സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കു സംഭവിച്ചത് ഇതാണ്.)  സംസാരം മനസിലാക്കാനോ പുറപ്പെടുവിപ്പിക്കാനോ സാധിക്കാതെ വരുന്നതാണ് അഫാസിയ. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതു മൂലം ഇതിലേതെങ്കിലും ഒന്നു മാത്രമായോ രണ്ടും കൂടിയോ സംഭവിക്കാം. സംസാരത്തിന്റേയും സംഗീതത്തിന്റേയും കേന്ദ്രങ്ങൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണിത്. അമ്യൂസിയയും അഫാസിയയും പോലെ തന്നെ വായിക്കാനും എഴുതാനുമുള്ള ബുദ്ധിമുട്ട്, കണക്കു കൂട്ടലിനുള്ള ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെട്ടേക്കാം. ഇത്തരം സന്ദർഭങ്ങളിൽ കൃത്യമായ സംഗീതത്തിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കണം. അതുവഴി തലച്ചോറിൽ സമീപത്തു തന്നെയുള്ള സംസാരത്തിന്റെ കേന്ദ്രവും ഉത്തേജിപ്പിക്കപ്പെടും. 'ഭിന്ന ശേഷിക്കാരായ കുട്ടികൾക്കു നൽകുന്ന സംഗീത ചികിൽസയ്ക്കു പിന്നിലെ തത്വവും ഇതു തന്നെയാണ്.

കുട്ടി സംസാരിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ പാടാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതും അമ്മയ്ക്കും കുഞ്ഞിനുമിടയിൽ സംഗീതത്തിനു പ്രാധാന്യമുള്ളതും ശ്രദ്ധേയമാണല്ലോ. അമ്മയും പിഞ്ചു കുഞ്ഞുമായുള്ള നേരിട്ടുള്ള  സംഭാഷണമായാണിതിനെ കണക്കിലെടുക്കുന്നത്. ഗർഭസ്ഥ ശിശുവിന് അമ്മയുടെ ശബ്ദവും ഹൃദയമിടിപ്പും സുപരിചിതമാണ്. പുറം ലോകത്തേക്കെത്തിയ ശേഷം മറ്റു നിരവധി ശബ്ദങ്ങൾക്കിടയിൽ അമ്മയുടെ ശബ്ദം തിരിച്ചറിയാൻ കുഞ്ഞിനു കഴിയും. അതുവഴി സുരക്ഷിതത്വ ബോധവും ലഭിക്കും.

ആയുകാമുമായി സഹകരിച്ചു നടത്തിയ ഗവേഷണങ്ങളും ചില ഫലങ്ങൾ കൈവരിച്ചിട്ടുണ്ട്. സെറിബ്രൽ പാൾസിയും ഹൈപ്പർകോസ്റ്റിക് റിഫ്‌ളക്ഷനും ഉള്ളപ്പോൾ തായമ്പക പരീക്ഷിച്ച്, അതിന്റെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹൈപ്പർ ആക്ടീവ് ആയിട്ടുള്ള കുട്ടികളിൽ കൃത്യമായ സംഗീതത്തിനു ശേഷം അവർ ശാന്തരാകുന്നതായി കണ്ടെത്തി. ഭിന്ന ശേഷിയുള്ള കുട്ടികളിൽ ഉറക്കത്തിന്റെ രീതി കൃത്യമായതായും കണ്ടെത്തുകയുണ്ടായി. 

സംഗീതത്തിന് വിഭിന്നമായ രണ്ട് സ്ഥിതികളും ഉള്ളതിനാൽ കൃത്യമായ സംഗീതം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തണം. തിരഞ്ഞെടുക്കുന്ന സംഗീതം കൃത്യമായതല്ലെങ്കിൽ അത് ദോഷ സ്ഥിതിയിൽ മാറ്റം വരുത്തുകയും സാഹചര്യത്തെ മോശമാക്കുകയും ചെയ്യും.

ആയുർവേദ മരുന്നുകളും സംഗീത ചികിൽസയും സംയോജിപിച്ചുള്ള രീതിയാണ് വ്യക്തിഗത ആയുർവേദ സംഗീത ചികിൽസയിൽ പിന്തുടരുന്നത്. രോഗത്തിൽ ദോഷങ്ങൾക്കുള്ള മുൻതൂക്കവും അതുമായി ബന്ധപ്പെട്ട് ചില രാഗങ്ങൾക്കുള്ള മുൻകയ്യും കണക്കിലെടുത്ത് ആയുർവേദ മരുന്നുകളുമായി യോജിച്ചു മുന്നേറുകയാണിവിടെ ചെയ്യുന്നത്. 

ഡോ. നീന രവീന്ദ്രൻ, 
സഞ്ജീവനം ആയുർവേദ ആശുപത്രി,  കൊച്ചി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA