ADVERTISEMENT

എഴുപത്തിയഞ്ചു വയസ്സുള്ള സ്ത്രീയാണു ഞാൻ. പതിനെട്ടു വര്‍ഷമായി പ്രമേഹ രോഗിയാണ്. പന്ത്രണ്ടു വർഷം മുമ്പു ഹൃദയത്തിനു ബൈപ്പാസ് ഓപ്പറേഷൻ ചെയ്തതാണ്. കഴിഞ്ഞ അഞ്ചു വർഷമായി നെഞ്ചുവേദന, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ, ശ്വാസംമുട്ടൽ ഒക്കെയായി വർഷത്തിൽ രണ്ടു മൂന്നു തവണ ആശുപത്രിയിൽ കിടക്കേണ്ടി വരുന്നു. ഒരിക്കൽ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് 5.5 ആയിട്ട് രണ്ടുകുപ്പി രക്തം കേറ്റേണ്ടിവന്നു. ഇപ്പോൾ അത് 10 ആയി തുടരുന്നു. എന്നാൽ ശ്വാസംമുട്ടൽ വല്ലാതെ ഉണ്ട്. കിടക്കാൻ ബുദ്ധിമുട്ടാണ്. ഇരിക്കാൻ വലിയ ബുദ്ധിമുട്ടില്ല. നാലു മാസമായി കിടക്കുമ്പോൾ ഓക്സിജൻ വലിക്കുന്നുണ്ട്. ഇതില്ലാതെ കിടക്കാൻ പറ്റുന്നില്ല. എന്നും ഓക്സിജൻ ഉപയോഗിക്കേണ്ടി വരുന്നത് ശാരീരികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? ദയവായി മറുപടി തന്ന് സഹായിക്കുക.

ഉത്തരം: വിശദമായ രോഗവിവരങ്ങൾ അടങ്ങിയ എഴുത്ത് മറുപടി എഴുതുവാൻ വളരെ സഹായകമാണ്. പതിനെട്ടു വർഷമായുള്ള പ്രമേഹം ഒരു അടിസ്ഥാന പ്രശ്നമാണ്. രക്തക്കുഴലുകളുടെ വ്യാസം കുറയുന്നതിനും ഹൃദ്രോഗം വരുന്നതിനും ഒക്കെ അതൊരു കാരണമാണ്. പ്രത്യേകിച്ച് നിങ്ങൾ സൂചിപ്പിച്ചതു പോലെ പ്രമേഹ നിയന്ത്രണം തൃപ്തികരമല്ലാത്തതിനാൽ അതിനാലായിരിക്കണം അതു മനസ്സിലാക്കാനുള്ള എച്ച് ബി, എ വൺ സി പരിശോധന നടത്താതി രുന്നത്. 

പഥ്യത്തിൽ കൂടിയും പല പ്രാവശ്യം നിശ്ചിത സമയത്തു തന്നെ ഇൻസുലിൻ കുത്തിവയ്ക്കുന്നതിൽ കൂടിയും പ്രമേഹം നിയന്ത്രണത്തിലാക്കണം. ആഹാരത്തിനു മുൻപ് നൂറ്റിപ്പത്ത് മില്ലിഗ്രാമില്‍ താഴെയും ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷം നൂറ്റി അറുപതു മില്ലിഗ്രാമിൽ താഴെയും ഗ്ലൂക്കോസ് അളവു കുറച്ചു നിലനിർത്തണം. ഓപ്പറേഷനു ശേഷവും നെഞ്ചു വേദനയും ശ്വാസം മുട്ടലും വരുന്നത് സൂചിപ്പിക്കുന്നത് ഹൃദയം ഇപ്പോഴും നൂറുശതമാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതാണ്. എങ്കിലും കുറേയൊക്കെ മരുന്നുകൾ ക്കൊണ്ട് നിയന്ത്രിക്കാം. വ്യാസം കുറഞ്ഞ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ നിങ്ങൾ കഴിക്കുന്നുണ്ടല്ലോ. അതിന്റെ പ്രവർത്തനം കൂടിപ്പോയതുകൊണ്ടായിരിക്കാം രക്തം പൊടിഞ്ഞ് ഹീമോഗ്ലോബിന്‍ പകുതിയായിപ്പോയിട്ട് (5.5 ഗ്രാം) രക്തം തരേണ്ടിവന്നത്.  

നെഞ്ചു വേദന മാറിയെങ്കിലും ശ്വാസം മുട്ടൽ നിലനിൽക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ തൃപ്തികരമാകാത്തതിനാലാണെന്നു മനസ്സിലാക്കണം. ഹൃദ്രോഗത്തിനു ശ്വാസംമുട്ടൽ വരുന്നത് കുറയ്ക്കുവാൻ എഴുന്നേറ്റ് മുൻവശത്തേക്ക് ആഞ്ഞിരുന്ന് തലയിണയോ കാര്‍ഡിയാക്ക്  ടേബിളോ വെക്കുന്നത് സഹായകരമായിരിക്കും. അങ്ങനെ ഇരിക്കുമ്പോൾ നെഞ്ചിനകത്തെ ഹൃദയ രക്തക്കുഴലുകളിൽ കെട്ടി ക്കിടക്കുന്ന രക്തം വേഗം മാറിക്കിട്ടുന്നുണ്ട്. കൂടുതൽ വായുവും ശ്വാസക്കുഴലുകളിലേക്കെത്തുവാൻ സാധ്യതയുണ്ട്. പക്ഷേ, ദിവസേന ഓക്സിജന്‍ ഉപയോഗിക്കുകയാണെങ്കിൽ അതിനോട് അടിമപ്പെട്ട് അതില്ലാതെ മുമ്പോട്ടു പോകുവാൻ സാധിക്കാതായിത്തീരും. പ്രമേഹം കർശനമായി നിയന്ത്രിക്കുക. മരുന്നുകൾ കൃത്യമായി സമയത്തിനു തന്നെ കഴിക്കുക. ഒരിക്കൽ കൂടി ഹൃദയശസ്ത്രക്രിയകൊണ്ട് ഗുണം കിട്ടുമോ എന്നു ഹൃദ്രോഗവിദഗ്ധന്റെ അഭിപ്രായം തേടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com