ADVERTISEMENT

പ്ലാസ്മോഡിയം എന്ന അണുജീവി കാരണമുണ്ടാകുന്ന മലേറിയ പരത്തുന്നത് അനോഫിലസ് എന്ന ഒരുതരം കൊതുകാണ്. പെൺകൊതുകുകളാണു മനുഷ്യരെ കടിക്കുന്നതും തന്മൂലം രോഗം പരത്തുന്നതും. മലമ്പനിക്കു കാരണമാകുന്ന അണുക്കൾ നാലു തരമുണ്ട്. വെവാക്സ്, മലേറിയേ, ഓവേൽ, ഫാൽസിപ്പാറം എന്നിങ്ങനെ. അവയിൽ ഏറ്റവും കടുത്ത രോഗമുണ്ടാക്കുന്നതു ഫാൽസിപ്പാറം ആണ്.

രോഗലക്ഷണങ്ങൾ

പെട്ടെന്നു കടുത്ത പനിയോടെ തുടങ്ങുന്ന ഇൗ രോഗത്തിന്റെ ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണു മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടർന്നു പനിയും പ്രത്യക്ഷപ്പെടും. പിന്നീടു രോഗി നന്നായി വിയർക്കുമ്പോൾ ശരീരതാപം താഴുന്നു. 48 - 72 മണിക്കൂർ കഴിഞ്ഞാകും പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഇൗ പനിക്കിടയിൽ രോഗിക്കു മറ്റു രോഗലക്ഷണങ്ങളൊന്നും കാണുകയുമില്ല. പരിശോധനയിൽ കരളിനും പ്ലീഹയ്ക്കും വീക്കം, വിളർച്ച എന്നിവയുണ്ടാകും. എന്നാൽ ഫാൽസിപ്പാറം മൂലമുള്ള മലേറിയയിൽ മേൽപറഞ്ഞ കൃത്യമായ ഇടവേള കാണുകയില്ല. പനിയുള്ള സമയത്തു രക്തം പരിശോധനയ്ക്കു വിധേയമാക്കിയാൽ രോഗം സ്ഥിരീകരിക്കാം.

ചികിത്സകൾ

ക്ലോറോക്വിൻ, പ്രൈമാക്വിൻ, ക്വിനീൻ മുതലായ ഒൗഷധങ്ങളുപയോഗിച്ചു മലേറിയ മിക്കപ്പോഴും പൂർണമായും സുഖപ്പെടുത്താൻ കഴിയും. എന്നാൽ ഫാൽസിപ്പാറം മലേറിയയിൽ മരണനിരക്കു കൂടുതലായിരിക്കുന്നതിനാൽ അത്തരക്കാരെ പലപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരും.

രോഗം വരാതിരിക്കാൻ

മലമ്പനിക്കെതിരെ ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ രോഗം വരാതിരിക്കാനുള്ള മറ്റു വഴികൾ നോക്കുകയാണ് അഭികാമ്യം. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി. ഡി. ടി. പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാംതന്നെ അടച്ചുവയ്ക്കണം. തുറന്നതും, കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ (ഉദാ: തൊണ്ടു ചീയിക്കാനും മറ്റും ഉപയോഗിക്കുന്നവ) കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കുവാനായി മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം.

കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുകവഴി കൊതുക് വീടിനകത്തു കടക്കുന്നതൊഴിവാക്കാം. വീടിനു പുറത്തു കിടന്നുറങ്ങരുത്. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകുതിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ‘ഡൈ ഇൗതൈൽ ടൊളുവാമൈഡ്’ കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകുകടിയിൽനിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com