sections
MORE

മനക്കരുത്തിൽ കാൻസറിനെ നേരിട്ട അരുണിമ ഒടുവിൽ ധീരമായി യാത്ര പറഞ്ഞു

arunima rajan cancer survivor
അരുണിമ രാജൻ
SHARE

കാൻസറിനെ മനക്കരുത്ത് കൊണ്ട് നേരിട്ട അരുണിമ രാജൻ ഒടുവിൽ ലോകത്തോട് യാത്ര പറഞ്ഞു. പത്തനംതിട്ട വലംചുഴി സ്വദേശിനിയാണ്. കാൻസർ ചികിൽസയിലായിരുന്ന അരുണിമ ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. എല്ലാം അവസാനിച്ചു എന്ന ഘട്ടത്തില്‍ നിന്നും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജിവിതത്തിലേയ്ക്ക് തിരികെയെത്തിയ അരുണിമയുടെ കഥ മനോരമ ന്യൂസിലെ കേരള കാനിലൂടെയാണ് ലോകം അറിഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 

അച്ഛന്‍, അമ്മ, അനിയത്തി എന്നിവരടങ്ങുന്ന കുടുംബം, അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. മകള്‍ രോഗബാധിത അയതോടെ നാട്ടില്‍ മടങ്ങിയെത്തി. ജിവിതത്തിൽ വന്നു ചേരുന്ന എന്തിലും നൻമ കണ്ടെത്താൻ ശ്രമിച്ചിരുന്ന അരുണിമ. കീമോയുടെ അതികഠിനമായ വേദന മറക്കാൻ വേണ്ടിയാണ് ചിത്രരചന തുടങ്ങിയത്. പിന്നീട് താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവും അരുണിമ സംഘടിപ്പിച്ചു.

അമൃത ആശുപത്രി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജോലിയായിരുന്നു അരുണിമയ്ക്ക്. ഇത് രാജിവെച്ച് കൂടുതൽ യാത്രകൾ പോകാൻ സൗകര്യപ്രദമായ ഒരു ജോലി കണ്ടെത്തിയ സമയത്താണ് ജീവിതത്തിൽ നിർണായകമായത്. അരുണിമയുടെ ഭാഷയിൽ പറഞ്ഞാൽ ‘പുതിയ ഓഫിസിൽ ജോലിക്കുകയറും മുൻപ് പല്ലുവേദന ശരിയാക്കാൻ ആശുപത്രിയിൽ പോയ എനിക്ക് ആശുപത്രി വാസത്തിന്റെ കാര്യത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല’

പല്ലുവേദനയ്ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ നിന്നു. ഛർദിയും തുടങ്ങി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്കാൻ ചെയ്തപ്പോൾ കുടലിൽ ചെറിയ അണുബാധ പോലെ കണ്ടു. പക്ഷേ വയറിനു പുറത്ത് ഡോക്ടർ കൈതൊട്ടതോടെ വേദന തോന്നി. കൂടുതൽ പരിശോധനയ്ക്കായി തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖമൊന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ. 

പനി കുറഞ്ഞെങ്കിലും ഒന്നു കൂടി പരിശോധിപ്പിച്ചേക്കാം എന്നു കരുതിയാണ് എറണാകുളം അമൃത ആശുപത്രിയിൽ എത്തുന്നത്. കുടലിൽ അണുബാധയുള്ളതായും പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. കീഹോൾ സർജറി കഴിഞ്ഞതോടെ ഡോക്ടർക്ക് അസുഖം ബോധ്യപ്പെട്ടു. കുടലിലെ കാൻസർ നാലാം സ്റ്റേജിലായിരുന്നു അപ്പോൾ.

കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, പിന്നെ ഞാനെന്തിന് സങ്കടപ്പെടണം എന്ന് അരുണിമ ചോദിക്കുമായിരുന്നു. അരുണിമയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ, അസുഖം വന്നതിനു ശേഷം കുറേക്കൂടി സ്ട്രോങ് ആയി. ജീവിതത്തിൽ ആരൊക്കെ കൂടെ നിൽക്കും എന്നു മനസ്സിലാക്കാനായി. ചിത്രങ്ങൾ വരച്ചു തുടങ്ങി. അങ്ങനെ എല്ലാം പോസിറ്റീവ്.

കീമോ മരുന്ന് ശരീരത്തിൽ കയറി കഴിഞ്ഞപ്പോൾ ഉണ്ടായ 'കല' എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി പറഞ്ഞിരുന്നത്.  ചികിൽസ കാലഘട്ടത്തിലും സ്വന്തമായി വാങ്ങിയ കാറിൽ ഒറ്റയ്ക്കായിരുന്നു അരുണിമയുടെ യാത്രകൾ. കാൻസറിനെ ധൈര്യപൂർവം നേരിട്ട അരുണിമ ജീവിതം കരുത്തിന്റെ പ്രതീകമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA