sections
MORE

'ഇല്ല, ലിനി മരിച്ചിട്ടില്ല, ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്': സജീഷ്

Lini Sajeesh
സജീഷും ലിനിയും
SHARE

പൊലീസ് ആകാൻ മോഹിച്ചവൾ, ഇവൾക്കു പറ്റിയ പണി പൊലീസ് ആണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിച്ചവൾ...അവസാനം അച്ഛന്റെ ആഗ്രഹപ്രകാരം നഴ്സിങ് സ്വീകരിച്ചവൾ. രോഗികളെ ശുശ്രൂഷിച്ചും പരിചരിച്ചും കിട്ടിയ നിപ്പ വൈറസുമായി  ജീവിച്ചു കൊതിതീരും മുൻപേ മരണത്തിനു കീഴ്പ്പെടേണ്ടി വന്നവൾ. ലിനിയെ ഓർക്കാതെ... അവളെക്കുറിച്ച് പറയാതെ എങ്ങനെയാണ് ഈ നഴ്സസ് ദിനം കടന്നു പോകുക. കഴിഞ്ഞ നഴ്സസ് ദിനത്തിനു നമുക്കൊപ്പം ഉണ്ടായിരുന്നു അവൾ. അന്നും രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നിരിക്കണം അവൾ. ലിനിയെക്കുറിച്ച്... അവളുടെ നഴ്സിങ് എന്ന സ്വപ്നത്തെക്കുറിച്ച്... മനോരമ ഓൺലൈനോടു പങ്കുവയ്ക്കുകയാണ് ഭർത്താവ് സജീഷ്.

നഴ്സിങ് അവൾക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് ആയിരുന്നു പഠനവിഷയം. അതുവരെയും നഴ്സ് ആകണമെന്ന ആഗ്രഹം മനസ്സിൽ ഇല്ലായിരുന്നു. ആ സമയത്താണ് അവളുടെ അച്ഛന് ഹൃദയാഘാതം ഉണ്ടാകുന്നത്. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയപ്പോഴേക്കും അച്ഛന് ലിനിയെ ഒരു നഴ്സ് ആക്കണമെന്ന ആഗ്രഹവുമുണ്ടായി. കാരണം അച്ഛന്റെ ചില സുഹൃത്തുക്കളുടെയൊക്കെ മക്കൾ നഴ്സ് ആയിട്ടുണ്ടായിരുന്നു. അതുപോലെ വീട്ടിലും ഒരു നഴ്സ് ഉണ്ടെങ്കിൽ നല്ലതാണല്ലോ എന്നായിരുന്നു അച്ഛന്റെ ചിന്ത.  പിന്നീടാണ് അവൾ ബിഎസ്‌സി നഴ്സിങ് പഠിക്കുന്നത്. എന്നാൽ ആഗ്രഹിച്ച പോലെ ഒരു നഴ്സായി മകളെ കാണാൻ അച്ഛനു സാധിച്ചില്ല. പഠനത്തിനിടയ്ക്കാണ് അച്ഛൻ മരണപ്പെടുന്നത്. 

കണ്ണൂർ കൊയ്‌ലി ഹോസ്പിറ്റലിൽ വച്ചാണ് ഞാനാദ്യം ലിനിയെ കാണുന്നത്. എന്റെ ഒരു സുഹൃത്തിന്റെ കസിൻ ആയിരുന്നു ലിനി. സുഹൃത്തുമായി ആശുപത്രിയിൽ പോയ സമയത്താണ് ലിനിയെ കണ്ടത്. സംസാരിച്ചപ്പോൾ വളരെ ബോൾഡ് ആയ പെൺകുട്ടിയാണെന്നു മനസ്സിലായി. ആ ആശുപത്രിയിൽ വച്ചുതന്നെയാണ് ഞാൻ ലിനിയെ പ്രപ്പോസ് ചെയ്തതും. തുടർന്ന് വീട്ടിൽ അറിയിച്ചു. ആറു മാസം കഴിഞ്ഞ് 2012 ഏപ്രിൽ രണ്ടിനായിരുന്നു കല്യാണം. 

ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവൾ തയാറായിരുന്നില്ല. ആശുപത്രിയിലായാലും എന്തു കാര്യത്തിനും അവൾ മുൻപന്തിയിലുണ്ടായിരുന്നു. ഇതേ ബോൾഡ് ആയിരിക്കുന്നവൾതന്നെ എന്തെങ്കിലും ചെറിയ കാര്യത്തിനു പെട്ടെന്ന് ഡെസ്പ് ആകുകയും കരയുകയുമൊക്കെ ചെയ്യും.

കല്യാണം കഴിഞ്ഞശേഷം കൊയ്‌ലി ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ച് കേന്ദ്ര സർക്കാരിന്റെ ഒരു പ്രോജക്ടായ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നഴ്സ് കം കൗൺസലറായി വടകരയിൽ ജോലി നോക്കി. ആ സമയത്ത് എയ്ഡ്സ് രോഗികൾക്കും ലൈംഗികത്തൊഴിലാളികൾക്കുമൊക്കെ കൗൺസലിങ് കൊടുക്കുകയും അവർക്കു വേണ്ട ചികിൽസ നൽകുകയുമൊക്കെ ചെയ്യണമായിരുന്നു. പലപ്പോഴും പുറത്തു പോകുന്ന അവസരങ്ങളിലൊക്കെ ലൈംഗികത്തൊഴിലാളികൾ വന്നു സംസാരിക്കും. ലിനി ഒറ്റയ്ക്കുള്ള സമയത്ത് ഇവരൊക്കെ സംസാരിക്കുന്നതു കണ്ടിട്ട് ചിലർ എന്നോടും പറഞ്ഞിട്ടുണ്ട്. ഞാൻ ഇത് അവളോടു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഇത് എന്റെ ജോലിയാണ്, എന്റെ പ്രൊഫഷന്റെ ഭാഗമാണ് ഇതെന്നാണ്. ആൾക്കാർ തെറ്റിദ്ധരിക്കുന്നതിൽ കുഴപ്പമില്ല, സജീഷേട്ടൻ മനസ്സിലാക്കിയാൽ മതി എന്നാണ്.

പ്രോജക്ട് ആയതുകൊണ്ടുതന്നെ ഒരു വർഷമേ ഉണ്ടായിരുന്നുള്ളു ഈ ജോലി. അതിനു ശേഷമാണ് കോഴിക്കോട് മിംസിൽ എത്തുന്നത്. ഈ സമയത്താണ് ഞാൻ ഗൾഫിലേക്കു പോകുന്നത്. ഞങ്ങൾക്ക് കൂട്ടായി മൂത്ത മകൻ ഋതുലുണ്ട്. ഞാൻ ഗൾഫിൽ എത്തിയശേഷം ലിനിയെയും മോനെയും കൊണ്ടു പോകാനുള്ള ശ്രമം നടത്തിയെങ്കിലും ജോലി വിട്ടു വരാൻ അവൾ ഒരുക്കമായിരുന്നില്ല. അവിടെ ജോലി കിട്ടിയശേഷം വരാമെന്ന നിലപാടായിരുന്നു ലിനിക്ക്. രണ്ടര വർഷം മിംസിൽ ജോലി നോക്കി. കാർഡിയാക് ഐസിയുവിലായിരുന്നു. രണ്ടാമത്തെ മകൻ സിദ്ധാർഥ് ജനിച്ച ശേഷമാണ് മിംസിലെ ജോലി ഉപേക്ഷിക്കുന്നത്. ആശുപത്രി ദൂരെ ആയതിനാൽ കുഞ്ഞിനെ ഇട്ടു പോകാനുള്ള ബുദ്ധിമുട്ടായിരുന്നു അതിനു കാരണം. എപ്പോഴും പറയുമായിരുന്നു മിംസിൽ കിട്ടിയ ആ നല്ല എക്സ്പീരിയൻസിനെക്കുറിച്ചൊക്കെ. കുഞ്ഞിനു വേണ്ടി ജോലി ഉപേക്ഷിച്ചപ്പോൾതന്നെ വീടിനടുത്ത് ഏതെങ്കിലും ആശുപത്രിയിൽ ജോലിക്കു കയറണമെന്ന ഉറച്ച തീരുമാനവും അവളെടുത്തിരുന്നു.

അങ്ങനെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതുവരെ ജോലി ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നു ലഭിക്കാത്ത എക്സ്പീരിയൻസ് ആയിരുന്നു ഇവിടുന്നു കിട്ടിയത്. തികച്ചും സാധാരണക്കാരായ ആളുകളായിരുന്നു ഇവിടെ കൂടുതലും എത്തുന്നത്. ചിക്കുൻഗുനിയ പടർന്ന സമയത്താണ് ലിനി ഇവിടെ ജോലിക്കു കയറുന്നതും. ഒപിയിലെ തിരക്കിനെക്കുറിച്ചും ആശുപത്രിയിലെയും രോഗികളുടെയുമൊക്കെ വിശേഷങ്ങളും വീട്ടിലെത്തുമ്പോഴുള്ള ഫോൺസംഭാഷണത്തിൽ പറയും. ആശുപത്രിയിൽ നിന്ന് എത്ര ക്ഷീണിച്ചുവന്നാലും വീട്ടിൽ മക്കളുടെ അടുത്തെത്തിയാൽ അവൾ ആക്ടീവാകും.  

ഇതിനിടയിൽ എനിക്കു പ്രമോഷനും അവൾക്ക് ശമ്പള വർധനയുമുണ്ടായി ഇങ്ങനെ ജീവിതം പച്ച പിടിച്ചു പോകുന്നതിനിടയിലാണ് നിപ്പ വരുന്നത്. ആദ്യം ചികിത്സിച്ച സാബിത്തിനെക്കുറിച്ചുള്ള വിവരങ്ങളും എന്നോടു വിളിച്ചു പറഞ്ഞു. പ്രായമമായ ഒരുമ്മയാണ് കൂടെ ഉണ്ടായിരുന്നത്. കുട്ടി രാത്രി നല്ല ഛർദ്ദിയായിരുന്നു. അവനെ നോക്കാനൊന്നും ആരുമില്ല. അടുത്ത ദിവസം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയെന്നും അടുത്ത ദിവസം കുട്ടി മരിച്ചെന്നും പറഞ്ഞ് അവൾ സങ്കടപ്പെട്ടു. നല്ലൊരു മോനായിരുന്നു എന്നൊക്കെ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ലിനിക്ക് തലവേദനയും പനിയും ആരംഭിച്ചത്. അപ്പോഴും ഇത് കാര്യമാക്കാതെ അവൾ ജോലിക്കു പോയി. തീരെ അവശയായ മെയ് 16ന് ആണ് ആശുപത്രിയിൽ പോകുന്നത്. ആ സമയത്തും അവൾ വിഡിയോ കോൾ ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ടെൻഷനടിക്കേണ്ട എന്നുമൊക്കെ പറഞ്ഞു. ഞാനും വിചാരിച്ചത് ചെറിയ പനി ആകുമെന്നായിരുന്നു. ആ സമയത്താണ് സാബിത്തിന്റെ മരണകാരണം നിപ്പ ആണോയെന്ന സംശയം ഉയരുന്നത്. 17ന് ലിനിയെ മെഡിക്കൽകോളജിലേക്കു റഫർ ചെയ്തു. ആ സമയത്ത് അവൾ പറയുന്നുണ്ടായിരുന്നു സാബിത്തിനെ ബാധിച്ച പനി ആകും എനിക്കും കിട്ടിയത്.  എന്നെ ആരും അധികം നോക്കണ്ട, എന്റെ അടുത്ത് ആരും ഇടപഴകണ്ട എന്നൊക്കെ. അമ്മയെ വീട്ടിലേക്കു പറഞ്ഞുവിട്ടു. ലിനിയും ഒരു കസിനും കൂടിയാണ് ആശുപത്രിയിൽ പോയത്. 

അവിടെ എത്തിയപ്പോൾ ലിനിയുടെ രക്തം പരിശോധനയ്ക്ക് കൊടുത്തപ്പോൾ കസിനോടു പറഞ്ഞു ഗ്ലൗസിട്ടിട്ട് പിടിച്ചാൽ മതീന്ന്. ഡോട്റോടു പറഞ്ഞു ഐസൊലേഷൻ വാർഡ് വേണമെന്ന്. 18ന് അവളെ കോൺഡാക്ട് ചെയ്യാൻ സാധിച്ചില്ല. സഹോദരൻ വിളിച്ചു പറഞ്ഞു നാട്ടിലേക്കു പോന്നേക്കാൻ. 20നു രാവിലെ ഞാൻ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവിൽ കയറി കണ്ടു. കൈയിൽ പിടിച്ചു. അതിനുശേഷം എനിക്കവളെ കാണാൻ പറ്റിയില്ല. അന്ന് ഉച്ചയോടെയാണ് നിപ്പ സ്ഥിരീകരിക്കുന്നത്. 21 നു പുലർച്ചെയാണ് അവൾ ഞങ്ങളെ വിട്ടുപോയത്.

അതോടെ അതുവരെ ഉണ്ടായിരുന്നു അന്തരീക്ഷമൊക്കെ ആകെ മാറി. എല്ലാവർക്കും പേടിയായിരുന്നു. ബോഡി ബെഡ്ഷീറ്റൊക്കെ വച്ച് മടക്കി പൊതിഞ്ഞു വച്ചിരിക്കുകയായിരുന്നു. അതു കൊണ്ടു പോകാൻ പേടിച്ചിട്ട് ആംബുലൻസ് ഡ്രൈവർ ആദ്യം തയാറായല്ല. അവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. അത്രയും ഭീതിദമായ ദിനങ്ങളായിരുന്നല്ലോ അന്ന്. പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ബോഡി എത്രയും പെട്ടെന്ന് മറവു ചെയ്യണമെന്ന നിർദ്ദേശമാണ് അവർ നൽകിയത്. ഞങ്ങൾ രണ്ടാളുടെയും വീട്ടിലേക്കു കൊണ്ടു പോയാലുള്ള പ്രശ്നങ്ങളും പരിസരവാസികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള രോഗഭീതികളും ഭയന്നാണ് അവസാനം ഒരു നോക്കുപോലും കാണാൻ സാധിക്കാതെ ശ്മശാനത്തിൽ സംസ്കരിക്കാൻ തീരുമാനിക്കുന്നത്. 

ഈ സമയത്താണ് മാമന്റെ ഭാര്യ ആ ലെറ്റർ എന്റെ കൈയിൽ തരുന്നത്. അവൾ തലേ ദിവസം എഴുതിയതാണെന്നും എന്റെ കൈയില്‍ തരാനുള്ള പേടി കൊണ്ട് തരാതിരുന്നതാണെന്നും പറഞ്ഞു. അതു കണ്ട എന്റെ ഹൃദയം തകർന്നു പോയി. എനിക്കു എന്തു ചെയ്യണമെന്നറിഞ്ഞു കൂടാ. രണ്ടു കുഞ്ഞുങ്ങളെയും എന്നെയും തനിച്ചാക്കി അവൾ പോയി. പിന്നെ എല്ലാവരും പറഞ്ഞു അവൾടെ ജോലി ഭംഗിയായ ചെയ്തിട്ടാണ് അവൾ പോയതെന്ന്. അവൾക്കും അങ്ങനെയേ ചെയ്യാൻ പറ്റു. അത്രയും ജോലിയോട് ആത്മാർഥതയും മറ്റുള്ളവരെ പരിചരിക്കുന്നതിലും സന്തോഷം കണ്ടെത്തിയിരുന്നവളായിരുന്നു അവൾ. 

 വർഷം ഒന്നാകാൻ പോകുമ്പോഴും എനിക്ക് അവൾ മരിച്ചെന്നു വിശ്വിക്കാൻ സാധിക്കുന്നില്ല. എന്റെ കൂടെ കഥകളും പറഞ്ഞ് മക്കളെ കളിപ്പിച്ച് ഓമനിച്ച് ഈ വീട്ടിൽ എവിടെയൊക്കെയോ ഓടി നടക്കുന്നുണ്ട്. ലിനീ... നിനക്ക് ഒരിക്കലും മരണമില്ല... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA