sections
MORE

നിങ്ങളെ എങ്ങനെ മറക്കും രമ്യ, വിനീത, ലിനി

Remya Vineetha Lini
രമ്യ, വിനീത, ലിനി
SHARE

‘‘സജീഷേട്ടാ...ആം ഓൾമോസ്റ്റ് ഓൺ ദ് വേ.. നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല... സോറി...’ എന്നു തുടങ്ങിയ എഴുത്ത്, ‘എനിക്കു ശ്വാസം മുട്ടുന്നു അമ്മേ, ഇവിടെ മുഴുവൻ തീയും പുകയുമാണ്. രക്ഷപ്പെടാൻ പറ്റുമെന്നു തോന്നുന്നില്ല.’ എന്നു പറഞ്ഞുവന്ന ഫോൺകോൾ... ഇതു രണ്ടും ആതുരശ്രുശ്രൂഷ ചെയ്തു ജീവൻ നഷ്ടപ്പെട്ട രണ്ടു പേരുടേതാണ്. കഴിഞ്ഞ മേയിൽ കോഴിക്കോട് മേഖലയിൽ പൊട്ടിപ്പുറപ്പെട്ട നിപ്പ ബാധിച്ച രോഗിയെ ശുശ്രൂഷിച്ച് ആ രോഗം ബാധിച്ചുതന്നെ മരിക്കേണ്ടി വന്ന നഴ്സ് ലിനി ഭർത്താവ് സജീഷിന്  അവസാനമായി എഴുതിയ കത്തും 2011 ഡിസംബർ 9 ന് കൊൽക്കത്തയിലെ എഎംആർഐ ഹോസ്പിറ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് എട്ടുപേരെ രക്ഷപ്പെടുത്തിയ ഉഴവൂർ ഈസ്റ്റ് മേച്ചേരിയിൽ രമ്യ രാജപ്പൻ മരിക്കുന്നതിനു തൊട്ടുമുൻപ് അമ്മ ഉഷയെ വിളിച്ചു പറഞ്ഞ വാക്കുകളുമാണ് ഇവ. 

രമ്യയ്ക്കൊപ്പം എരിഞ്ഞുതീർന്ന മറ്റൊരു മാലാഖയാണ് കോതനല്ലൂർ പുളിക്കൽ കുഞ്ഞുമോന്റെ മകൾ പി. കെ.വിനീത. 89 പേരുടെ ജീവനെടുത്ത തീനാളങ്ങളിൽനിന്നു തങ്ങൾ പരിചരിച്ച എട്ടുപേരെ രക്ഷപ്പെടുത്തിയ ശേഷമാണ് രമ്യയും വിനീതയും മരണത്തെ പുൽകിയത്. പുലര്‍ച്ചെ തീപിടുത്തമുണ്ടാകുമ്പോള്‍ രമ്യയും വിനീതയും വനിതാ വാര്‍ഡില്‍ ജോലിയിലായിരുന്നു. തീപിടിച്ചതറിഞ്ഞ് രമ്യ നാട്ടിലുള്ള അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം പറഞ്ഞു. പിന്നെ ഒട്ടും വൈകാതെ രമ്യയും വിനീതയും രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. തങ്ങളുടെ വാര്‍ഡില്‍ ഉണ്ടായിരുന്ന ഒന്‍പതു രോഗികളിൽ എട്ടു പേരെയും അവര്‍ സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തില്‍ ഒടിവു പറ്റി കിടന്നിരുന്ന ഒന്‍പതാമത്തെ രോഗിയെ രക്ഷിക്കാന്‍ പോയ ഇരുവരും ആളിപ്പടര്‍ന്ന തീനാളങ്ങളില്‍ പെട്ട് വീരമൃത്യു വരിച്ചു. ഡോക്ടര്‍മാര്‍പോലും ഓടി രക്ഷപ്പെട്ടു എന്ന ആക്ഷേപം നിലനിന്നപ്പോഴും രമ്യയും വിനീതയും തങ്ങളെ വിശ്വസിച്ച രോഗികളെ സുരക്ഷിതരാക്കി അക്ഷരാർഥത്തില്‍ മാലാഖമാരായി. രാഷ്ട്രപതിയുടെ സര്‍വോത്തമ ജീവന്‍ രക്ഷാ പതക്കും ഫ്ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരവും നല്‍കി രാജ്യം ഈ മാലാഖമാരെ ആദരിച്ചു.

പനി പിടിച്ചെത്തിയ രോഗിയെ ശുശ്രൂഷിക്കാനുള്ള തത്രപ്പാടിലായിരുന്നു പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി. പരിചരിച്ച രോഗി മരിച്ച ശേഷമാണ് രോഗകാരണം നിപ്പ വൈറസാണെന്നു കണ്ടെത്തിയത്. ഇതിനിടെ ലിനിയെ തലവേദനയും പനിയും പിടികൂടി. മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ, തനിക്ക് നിപ്പ ബാധിച്ചിട്ടുണ്ടാകുമെന്നും ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) വാർഡിലേക്കു മാറ്റണമെന്നും ലിനി ഡോക്ടറോട് ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിയ അമ്മയെയും സഹോദരിയെയും പോലും അടുത്തേക്കു ചെല്ലാൻ ലിനി അനുവദിച്ചില്ല. മരണം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ബഹ്റൈനിലുള്ള ഭർത്താവ് സജീഷിന് അവസാനമായി അവൾ ഇങ്ങനെ എഴുതി - ‘‘സജീഷേട്ടാ...ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല...സോറി...ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്.. വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...’’.

ലിനിയോടുള്ള ആദരസൂചകമായി മികച്ച നഴ്‌സിനു സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം "സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്' എന്നാക്കി. ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക് ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ലിനിയെ അനുസ്മരിച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു. ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ കോഴിക്കോട് ഡിഎംഒ ഓഫിസില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി നല്‍കി. രണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA