ADVERTISEMENT

അജന്യയ്ക്ക് ഇതു രണ്ടാം ജന്മമാണ്. നിപ്പ വൈറസ് ബാധയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു തിരിച്ചെത്തിയ നഴ്സിങ് വിദ്യാർഥിനി. ആ നാളുകളെക്കുറിച്ച് ഓർക്കുമ്പോൾ ഭയമുണ്ടോ എന്നു ചോദിച്ചാൽ അജന്യ പറയും ‘അതിനെനിക്ക് ഓർമ ഇല്ലായിരുന്നല്ലോ’ എന്ന്. ആ ഭീതിദമായ നാളുകളിൽ കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ ബോധരഹിതയായി കിടക്കുകയായിരുന്നു അവൾ. എങ്കിലും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ ‘ശരിക്കും ഞാൻ ജീവനോടെതന്നെ ഇപ്പോഴും ഇല്ലേ’ എന്നു തോന്നുമെന്ന് അജന്യ. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയാണ് ഇപ്പോൾ അജന്യ. ഭീതി നിറഞ്ഞ ആ ദിവസങ്ങളെപ്പറ്റി അജന്യ പറയുന്നു:

‘പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പിനായായിരുന്നു കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിലെത്തുന്നത്. ഇന്റേൺഷിപ്പ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ ഒരു വൈകുന്നേരമാണ് പനി തുടങ്ങിയത്. സാധാരണ പനി ആയിരിക്കുമെന്നേ ചിന്തിച്ചുള്ളു. എങ്കിലും ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടറെത്തന്നെ കാണിച്ചു. വീട്ടിൽ പോയി വിശ്രമിക്കാൻ ഡോക്ടർ നിർദേശിച്ചു. കൊയിലാണ്ടിയിലാണ് വീട്. വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ ഛർദ്ദിയും ക്ഷീണവും കാരണം എഴുന്നേൽക്കാൻപോലും സാധിക്കാത്ത അവസ്ഥയായി. അങ്ങനെ മേയ് 18ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോയി. അവിടെയെത്തിയപ്പോൾ തലയ്ക്കു പിന്നിൽ അസഹനീയ വേദനയും ആരംഭിച്ചു. അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു.

ഇത്രയും സംഭവങ്ങളാണ് എനിക്കു നല്ല ഓർമയുള്ളത്. മെഡിക്കൽ കോളജിലേക്കു പോകുന്ന വഴിതന്നെ ഇടയ്ക്കിടെ അബോധാവസ്ഥയിലാകുന്നുണ്ടായിരുന്നു. പിന്നെ ബോധം വീഴുന്നത് പത്തു ദിവസം കഴിഞ്ഞാണ്. കണ്ണു തുറക്കുമ്പോൾ മെഡിക്കൽ കോളജ് ചെസ്റ്റ് ആശുപത്രി ഐസിയുവിലാണ്. എന്റെ അടുത്തേക്കു വരുന്ന ഡോക്ടറും നഴ്സുമാരുമെല്ലാം മൂടിക്കെട്ടിയ വെള്ള വേഷത്തിൽ മാസ്കൊക്കെ ധരിച്ചിട്ടുണ്ട്. അപ്പോഴും ഞാൻ കരുതിയത് ആ ഐസിയുവിൽ അങ്ങനെ ആയിരിക്കുമെന്നാണ്. അവിടെനിന്ന് ഐസൊലേഷൻ വാർഡിലേക്കു മാറിയപ്പോഴാണ് ഒരു ഡോക്ടർ പറയുന്നത് നിപ്പ പനി ആയിരുന്നെന്നും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും. പുറത്തു നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒന്നുമറിയാതിരുന്ന ഞാൻ എനിക്കൊന്നുമില്ലെന്ന വിശ്വാസത്തിൽ കിടന്നു. 

ഐസൊലേഷൻ വാർഡിൽ ഞാനും അമ്മയും അച്ഛനും മാത്രം. പുറത്തേക്കൊന്നും ഇറങ്ങാൻ സാധിക്കില്ല. പിന്നീടാണ് നിപ്പ എന്താണെന്നും എത്ര ഭീകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയതൊന്നുമൊക്കെ അറിഞ്ഞത്.

നഴ്സിങ് ശരിക്കും ഇഷ്ടമായതുകൊണ്ടുതന്നെയാണ് ആ മേഖല തിരഞ്ഞെടുത്തത്. വീടിന് ഏറെ അകലെയല്ലാത്ത ആശുപത്രിയിൽ പ്രവേശനവും കിട്ടി. മരണം മുന്നിൽക്കണ്ടാണ് തിരിച്ചു പോന്നതെന്ന് എല്ലാവരും പറയുന്നുണ്ട്. അവിടെയും എന്നെ പരിചരിക്കാൻ ചുറ്റും കുറേ നഴ്സുമാരുണ്ടായിരുന്നു. ഇത്രയും ഭീകരമായിരുന്നിട്ടും ആ പേടിയൊന്നുമില്ലാതെ അവർ എന്നെ ശുശ്രൂഷിച്ചു. ആ നഴ്സുമാരുടെ കരസ്പർശമായിരുന്നു എന്റെ ജീവവായു. എനിക്കും ഇതുപോലെ എല്ലാവരെയും പരിചരിക്കുന്ന ഒരു നഴ്സാകണം. ‘പരിചരണത്തിലൂടെയല്ലേ രോഗം കിട്ടിയേ, രോഗികളുടെ അടുത്തു പോകുമ്പോൾ ഇപ്പോൾ പേടി തോന്നാറില്ലേ?’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഞാനെന്തിനു പേടിക്കണം, എന്നെയും പരിചരിച്ചത് നഴ്സുമാരല്ലേ. നഴ്സിങ് എന്റെ പ്രാണനാണ്. എനിക്ക് ഇനിയും എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട്. അതിനാകുമല്ലോ എന്റെ ജീവൻ ഈശ്വരൻ തിരികെ നൽകിയത്. പഠനം ഈ വർഷം കഴിയും. ശേഷം കാലം മുഴുവൻ രോഗികളെ ശുശ്രൂഷിച്ച്, വിഷമതകൾ അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകി, സാന്ത്വനങ്ങൾ പകർന്നു നൽകണം.

എല്ലാവരോടും നന്ദിയുണ്ട്. എനിക്കറിയാത്ത എത്രയോ പേർ എനിക്കു വേണ്ടി പ്രാർഥിച്ചു, യാതൊരു ഭയവും ഇല്ലാതെ ഡോക്ടർമാരും നഴ്സുമാരും എന്നെ ശുശ്രൂഷിച്ചു, പൂർണ ആരോഗ്യം വീണ്ടെടുക്കുംവരെ ഭയപ്പെടുത്തുന്ന ഒന്നും അവർ എന്നെ അറിയിച്ചില്ല. ആദ്യം ഡോക്ടർ നിപ്പ പനി എന്നു പറഞ്ഞതു പോലും തമാശരൂപേണ ആയിരുന്നു. ഞാൻ തളർന്നു പോകാതിരിക്കാൻ ശ്രദ്ധിച്ചവരോടെല്ലാം ഈ ജീവിതത്തിൽ തീർത്താൽ തീരാത്ത അത്രയും നന്ദി മാത്രം.– അജന്യ പറഞ്ഞു നിർത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com