ADVERTISEMENT

ഒരു സ്ത്രീയുടെ ജീവിതം പൂർണമാകണമെങ്കിൽ അവൾ കുഞ്ഞുങ്ങൾക്ക് ജൻമം നൽകണമെന്നു പറയുന്ന ഒരു സമൂഹമാണ് ഇപ്പോഴുമുള്ളത്. കല്യാണം കഴിഞ്ഞാൽ അടുത്ത മാസം മുതൽ പിന്നെ ആ ചോദ്യം ചോദിക്കലായി 'വിശേഷമൊന്നുമായില്ലേ?'. സ്ത്രീത്വം പൂർണമാവുന്നത് അമ്മയാവുമ്പോൾ മാത്രമാണോ? അങ്ങനെ കരുതുന്നവർ ഡോ. നെൽസൺ ജോസഫിന്റെ ഈ കുറിപ്പൊന്നു വായിക്കണം.

" അമ്മയാവുക എന്നതിലാണു സ്ത്രീത്വം പൂർണമാവുന്നത്‌ " എന്നൊക്കെ അടിച്ചുവിടുന്നത്‌ സത്യത്തിൽ ഒരു ക്രൂരതയാണെന്ന് ചിലപ്പൊഴൊക്കെ തോന്നാറുണ്ട്‌. പ്രധാനമായിട്ടും രണ്ടാണു കാരണങ്ങൾ.

ഒന്ന്, അമ്മയാകാൻ കഴിയാത്തവർക്ക്‌ അത്‌ നൽകുന്ന വിഷമം.

കല്യാണം കഴിഞ്ഞാൽ പിറ്റേ ദിവസം തുടങ്ങും " വിശേഷം വല്ലതുമായോ " എന്ന ചോദ്യം. യേത്‌ നിങ്ങളു തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെട്ടോ എന്ന് വളച്ചു കെട്ടി ചോദിക്കുന്നതാണ്.

അല്ലാത്തപ്പൊ സെക്സെന്ന് പറയുന്നതു തന്നെ മഹാ പാതകമായിട്ട്‌ കാണുന്ന ടീംസിന് ഇതിനു മാത്രം കുഴപ്പമില്ല. വിശേഷം അറിയാൻ ഇത്ര മുട്ടി നിൽക്കുവാണെങ്കിൽ ഇരുപത്തിനാലു മണിക്കൂറും ന്യൂസ്‌ ചാനലുണ്ടല്ലോ, തുറന്ന് വച്ച്‌ കണ്ടൂടേ?

അൽപ നാൾ കൂടി കഴിഞ്ഞാൽ അടുത്ത സ്റ്റേജിലേക്ക്‌ കടക്കും. " ഡോക്ടറെ കാണിച്ചില്ലേ? " എന്നാണീ സ്റ്റേജിന്റെ പേര്. കെട്ട്യോൻ കിലോമീറ്ററുകൾക്കപ്പുറത്തായിരിക്കും. ആഴ്ചേൽ ഒന്നായിരിക്കും കാണുന്നത്‌. അല്ലെങ്കിൽ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആവുന്നത്‌ വരെ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടാവാം.

ഇതിനൊക്കെ എന്ത്‌ മാംഗോ സ്കിന്നിനാണാവോ ഡോക്ടറെ കാണുന്നത്‌? തികച്ചും സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യത്തിലേക്ക്‌ ഇടിച്ചുകയറിച്ചെല്ലുന്നത്‌ സ്വന്തം അച്ഛനും അമ്മയുമായാലും അത്‌ ശരിയല്ല.

മൂന്നാം സ്റ്റേജ്‌ കുറച്ചൂടി ഗുരുതരമാണ്. " ആർക്കാണു കുഴപ്പം " എന്നാണു പറയുന്നത്‌. ഊഹിച്ച്‌ നാശമാക്കിക്കളയും. മിക്കവാറും പഴി വന്ന് വീഴുന്നത്‌ പെണ്ണിന്റെ തലയിലായിരിക്കും. അത്‌ പെൺകുഞ്ഞുണ്ടാവുമ്പൊഴും കുറ്റപ്പെടുത്തലിനു മാറ്റമൊന്നുമില്ല. ഇറ്റ്‌ ഈസ്‌ ഇൻ ക്യൂറബിൾ. . .ഇതിനു ചികിൽസയില്ലാ. ഒരു കുട്ടിയുണ്ടാവുക എന്നതല്ല ജീവിതത്തിന്റെ എൻഡ്‌ പോയിന്റും സാഫല്യവും .

ഇനി കുഞ്ഞിക്കാലോ കയ്യോ കാണാനാണാഗ്രഹമെങ്കിൽ വല്ല അംഗൻ വാടിയിലും ചൗക്കിദാറായി സേവനമനുഷ്ഠിച്ചാൽ മതി. ഫ്രീയായിട്ട്‌ ഇഷ്ടം പോലെ കയ്യും കാലുമൊക്കെ കാണാം.

ഒരു നല്ല ടീച്ചർ, നല്ല ഒരു തൊഴിലാളി, നല്ല ഒരു ഡോക്ടർ, നല്ല ഒരു കർഷക, നല്ല പത്രപ്രവർത്തക, അല്ലെങ്കിൽ നല്ലൊരു വ്യക്തി പൂർണയല്ലെന്ന് പറയാൻ ആര് , ആർക്ക്‌ , എവിടെവച്ച്‌ അധികാരം തന്നു? അവരെക്കാൾ മികച്ചവരാണു നിങ്ങളെന്ന് തീരുമാനിക്കുന്നത്‌ എന്തടിസ്ഥാനത്തിലാണ്?

ഇനി പൂർണയാവാനായി അമ്മയാവുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. ശാരീരികവും മാനസികവുമായി എത്ര വലിയ ഒരു ജോലിയാണു ചുമലിൽ എടുത്ത്‌ വച്ചുകൊടുക്കുന്നതെന്ന് ഒരുപക്ഷേ അധികമാരും മനസിലാക്കുന്നുണ്ടാവില്ല. മറ്റുള്ളോരുടെ കുഞ്ഞിനെ ഏതാനും നിമിഷങ്ങൾ കാണുന്നതും കൊഞ്ചിക്കുന്നതും പോലെയല്ലത്‌. വേറെ ലെവലാണ്

ഈ പൂർണതയുടെ തെറ്റിദ്ധാരണ മുന്നിൽ നിൽക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു അഡോപ്റ്റ്‌ ചെയ്യുകയെന്നത്‌ ഒരു മോശം കാര്യമായി, അല്ലെങ്കിൽ രണ്ടാം തരമായി സമൂഹത്തിൽ കുറച്ചുപേരെങ്കിലും കാണുന്നത്‌.

അല്ലെങ്കിലൊന്ന് ഓർത്തുനോക്കൂ, സ്വന്തം തെറ്റുകൊണ്ടല്ലാതെ സംരക്ഷണത്തിന്റെ തണൽ നഷ്ടപ്പെട്ടുപോയ ഒരു കുഞ്ഞിനു വഴി കാണിച്ചുകൊടുക്കുന്നതിലും വലിയ എത്ര പ്രവൃത്തികൾ ചൂണ്ടിക്കാട്ടാൻ കഴിയും?

പണ്ട്‌ ഇതുപോലൊന്നും ചിന്തിക്കാനുള്ള ബോധമുണ്ടായിരുന്നില്ല. ഇപ്പൊഴും ചിന്തിക്കുന്നതെല്ലാം ശരിയാണോയെന്നുമറിയില്ല. ഒരു കാര്യത്തിലേ ഉറപ്പുള്ളൂ.

അമ്മയാവുകയെന്നതും ആവാതിരിക്കുകയെന്നതും ഒരാളുടെ , പെണ്ണിന്റെ പേഴ്സണൽ ചോയ്സാണ്.

Sorry to break your bubble

അതും പൂർണതയുമായി യാതൊരു ബന്ധവുമില്ല.

എത്ര തവണ പ്രസവിച്ചുവെന്നത്‌ മഹത്വത്തിന്റെ അളവുകോലല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com