ADVERTISEMENT

ഒരു കാറപകടത്തെ തുടർന്നാണ് യുഎഇ സ്വദേശിനി  മുനീറ അബ്ദുല്ല കോമയിലായത്. ഇപ്പോൾ, 27 വർഷത്തിനു ശേഷം മുനീറ അത്ഭുതകരമായി ജീവിതത്തിലേക്കു തിരികെ വന്നു. 1991 ലായിരുന്നു അപകടം. അന്ന് 32 വയസ്സുണ്ടായിരുന്നു മുനീറയ്ക്ക്. നാലുവയസ്സുള്ള മകനെ സ്കൂളിൽനിന്നു വിളിച്ച് മടങ്ങുംവഴി അവരുടെ കാറിൽ ഒരു സ്കൂൾവാൻ ഇടിക്കുകയായിരുന്നു. പിന്നിലെ സീറ്റിലായിരുന്നു മുനീറയും മകൻ ഒമറും. വാഹനങ്ങൾ കൂട്ടിയിടിക്കുമെന്നു മനസ്സിലായ ഉടൻ മകന് അപകടമുണ്ടാകാതിരിക്കാൻ മുനീറ അവനെ പൊതിഞ്ഞുപിടിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബോധം പോയെങ്കിലും ഏറെനേരം മുനീറ മകനെ ചേർത്തുപിടിച്ചിരുന്നു. മുനീറ ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 

പക്ഷേ താനതു വിശ്വസിച്ചില്ലെന്ന് മകൻ ഒമർ പറയുന്നു. ‘അമ്മ എന്നെങ്കിലും ഉണരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു’: ഇപ്പോൾ 32 വയസ്സുള്ള ഒമർ പറയുന്നു. ‘ഞങ്ങൾ അന്ന് അൽഐനിലായിരുന്നു. അമ്മ എന്നെ പൊതിഞ്ഞുപിടിച്ചാണ് രക്ഷിച്ചത്. അന്ന് മൊബൈൽ ഫോണൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് പെട്ടെന്ന് ആംബുലൻസ് വിളിക്കാൻ പറ്റിയില്ല. അതുകാരണം, അപകടത്തിൽപ്പെട്ട ഞങ്ങൾക്ക് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് സഹായം കിട്ടിയത്.’

ബോധത്തിലേക്കെത്തിയ ശേഷം മുനീറ ആദ്യം വിളിച്ചതും മകന്റെ പേരാണ്. കഴിഞ്ഞ ഏപ്രില്‍ 22 നു അറബ് മാധ്യമമായ 'ദ് നാഷനല്‍ ' ആണ് ആദ്യമായി മുനീറയുടെ കഥ ലോകത്തെ അറിയിച്ചത്. പിന്നീട് ഈ വാര്‍ത്ത ലോകമാധ്യമങ്ങള്‍ ഏറ്റെടുത്തു. 

അപകടത്തെ തുടര്‍ന്ന് ബോധം നഷ്ടമായി വര്‍ഷങ്ങളായി കോമയിലായിരുന്ന വ്യക്തി ഇത്തരത്തില്‍ ജീവിതത്തിലേക്കു തിരികെ വരുന്നത് അപൂര്‍വമാണ്. ഇത്ര കാലം കഴിഞ്ഞു ബോധത്തിലേക്ക്‌ വന്നെങ്കിലും മുനീറയ്ക്ക് ഇപ്പോഴും പലതും ഓര്‍മയുണ്ട്. മകന്റെ പേര്, പ്രാര്‍ഥനകള്‍ എല്ലാം മുനീറ ഓര്‍ത്തെടുക്കുന്നുണ്ട്. ദീര്‍ഘകാലം കട്ടിലില്‍ കിടന്നതിനാല്‍ സാധാരണ പോലെ ചലിക്കാന്‍ പ്രയാസമുണ്ട്. അതിനായി ഇപ്പോള്‍ വിദഗ്ധ ചികിത്സ നടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com