ADVERTISEMENT

ഹൃദയധമനികളിലെ തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ സ്റ്റെന്റ് പിടിപ്പിക്കുന്നതു കൃത്യമാണോയെന്നു വിലയിരുത്താനുള്ള ആധുനിക സംവിധാനങ്ങളുണ്ടെന്ന് അനന്തപുരി ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.സി.ജി.ബാഹുലേയൻ പറഞ്ഞു. അനന്തപുരി ഹോസ്പിറ്റലുമായി സഹകരിച്ചുള്ള ‘മെട്രോ മനോരമ ഡോക്ടറോടു ചോദിക്കാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇമേജിങ് ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഇൻട്രാ വാസ്കുലർ അൾട്രാ സൗണ്ട്, ഇൻഫ്രാറെഡ് രശ്മികളുടെ സഹായത്തോടെയുള്ള ചികിത്സ എന്നിവയാണിവ. ബ്ലോക്ക് എത്രമാത്രം രക്തയോട്ടം കുറയ്ക്കുന്നുണ്ടെന്നു വിലയിരുത്താൻ അതിനു മുന്നിലും പിന്നിലുമായി ധമനികളിലെ പ്രഷർ വ്യത്യാസം മനസിലാക്കാൻ എഫ്എഫ്ആർ സംവിധാനമുണ്ട്. അനാവശ്യ സ്റ്റെന്റ് ഉപയോഗം കുറയ്ക്കാൻ ഇതു വഴി കഴിയും. കാൽസ്യം നിക്ഷേപങ്ങളെ ചുരണ്ടിക്കളഞ്ഞ് സ്റ്റെന്റ് സ്ഥാപനം സുഗമമാക്കുന്ന റോട്ടബ്ലേറ്ററും ഇപ്പോൾ ഉപയോഗിക്കുന്നതായി  ഡോ. ബാഹുലേയൻ വിശദീകരിച്ചു. 

ഹൃദയവാൽവുകൾ ചുരുങ്ങുന്നതും ചോർച്ചയുണ്ടാകുന്നതുമാണു വാൽവുകളിൽ ഉണ്ടാകുന്ന അസുഖങ്ങൾക്കു കാരണമെന്ന് സീനിയർ കൺസൽറ്റന്റ് ഡോ.വി.വി.കൃഷ്ണകുമാർ വ്യക്തമാക്കി. ജന്മനായുള്ള അസുഖം, വാതപ്പനി, പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ, ഹൃദയാഘാതം, റോഡപകടങ്ങൾക്കിടെയും മറ്റും നെഞ്ചിൽ വാഹനഭാഗങ്ങൾ ഇടിക്കുക എന്നിവ വഴി വാൽവിനു തകരാർ ഉണ്ടാകാം. ശ്വാസതടസ്സം, ക്ഷീണം, നെഞ്ചുവേദന, ഹൃദയതാള വ്യതിയാനം, തലച്ചോറിലെ സ്ട്രോക് എന്നിവ ലക്ഷണങ്ങളാണ്. ഹൃദയത്തിലെ 4 വാൽവുകളിൽ ഇടതുവശത്തുള്ള വാൽവുകളിലാണു പൊതുവെ തകരാറുകളെന്നും ഡോ. കൃഷ്ണകുമാർ പറഞ്ഞു. 

വാൽവിന്റെ കേടുപാടുകൾ തീർക്കുന്നതാണ്  മാറ്റിവയ്ക്കുന്നതിനെക്കാൾ നല്ലതെന്ന് ഡോ. ഫസിൽ മുഹമ്മദ് അസിം അഭിപ്രായപ്പെട്ടു. അയോട്ടിക് വാൽവുകളിൽ പരിഹാര ചികിത്സ അത്ര എളുപ്പമല്ല. മാറ്റിവയ്ക്കുന്നതു മെക്കാനിക്കൽ വാൽവുകളാണെങ്കിൽ വിലക്കുറവും ദീർഘനാൾ നിലനിൽക്കുകയും ചെയ്യും. മൃഗകോശങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ടിഷ്യു വാൽവുകളും ലഭ്യമാണെന്ന് ഡോ. ഫസിൽ പറഞ്ഞു. ഹാർട്ട് ലങ് മെഷിന്റെ സഹായത്തോടെ ഹൃദയമിടിപ്പ് നിർത്തിവച്ചും ഹൃദയം പ്രവർത്തിപ്പിച്ചു കൊണ്ടും (ബീറ്റിങ് ഹാർട്ട്) എന്നിങ്ങനെ രണ്ടു തരം ശസ്ത്രക്രിയകളുണ്ടെന്നും രണ്ടാമത്തേതിനു വിധേയരായവർക്കു ശസ്ത്രക്രിയക്കു മുൻപും അത കഴിഞ്ഞും സ്ട്രോക്ക് വരാനുള്ള സാധ്യത കുറവായി കാണുന്നതായി ഡോ. ഫസിൽ പറഞ്ഞു. പ്രായമേറും തോറും ശസ്ത്രക്രിയകൾ സങ്കീർണമാകുമെന്നും പ്രമേഹമുള്ള രോഗികളിൽ റിസ്ക് കൂടുതലുണ്ടെന്നും അനസ്തസസിറ്റ് ഡോ. ഗോപകുമാർ ചൂണ്ടിക്കാട്ടി. 

ഹൃദയമിടിപ്പ് പൊതുവെ 60 മുതൽ 100 വരെയാണെന്നും ഇതിൽ കൂടുന്നതോ കുറയുന്നതോ താളവ്യതിയാനമായി കണക്കാക്കാമെന്നും ഡോ. ആനന്ദ് മാർത്താണ്ഡപിള്ള പറഞ്ഞു. നെഞ്ചിടിപ്പ്, തലകറക്കം, ബോധക്ഷയം എന്നിങ്ങനെ വിവിധ ലക്ഷണങ്ങളുണ്ട്.

ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ പേസ്മേക്കർ ഘടിപ്പിക്കുന്നതാണു പ്രധാന ചികിത്സ. വയർ ബന്ധിപ്പിച്ചുള്ള പേസ്മേക്കറും അല്ലാതുള്ള. ലീഡ്‌ലെസ് പേസ്‌മേക്കറുമുണ്ട്. അബ്ലേഷൻ ചികിത്സയിലൂടെ തകരാറുള്ള കോശത്തെ നശിപ്പിച്ചു താളവ്യതിയാനം പരിഹരിക്കാമെന്നും ഡോ. ആനന്ദ് പറഞ്ഞു. 

ജീവിതശൈലിയിലെ മാറ്റങ്ങളാണു ഹൃദ്രോഗത്തിനു പ്രധാനകാരണമെന്ന് സീനിയൽ കൺസൽറ്റന്റ് ഡോ. എം.ഷിഫാസ് ബാബു പറഞ്ഞു. പ്രമേഹം പ്രധാന വില്ലനാണ്. ഉയർന്ന കൊളസ്ട്രോൾ, രക്താതിസമ്മർദം, പുകവലി, അമിതവണ്ണം, വ്യായാമം ഇല്ലായ്മ എന്നിവയും ഹൃദ്രോഗസാധ്യത കൂട്ടും. പാരമ്പര്യവും പ്രധാനഘടകമാണ്. കയറ്റം കയറുമ്പോൾ അസ്വസ്ഥത, കാലിനു വേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഹൃദയാരോഗ്യം പരിശോധിക്കാൻ ഇസിജി, ഇക്കോ ടെസ്റ്റുകൾ നടത്തണം. വിശ്രമമവേളയിൽ നടത്തുന്ന ഈ ടെസ്റ്റുകളിൽ ചിലപ്പോൾ കുഴപ്പങ്ങൾ കണ്ടുപിടിക്കാനാകാതെ വരുമ്പോൾ ട്രെഡ്മിൽ ടെസ്റ്റ് ആവശ്യമായി വരും. ഹൃദയരക്തധമനികളിലെ ബ്ലോക്ക് കൃത്യമായി അറിയണമെങ്കിൽ ആൻജിയോഗ്രാം ആണ് ഉത്തമമെന്നും ഡോ. ഷിഫാസ് ബാബു പറഞ്ഞു.

അനന്തപുരി ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.എ.മാർത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ശിവൻ ജി. നായർ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് ഏബ്രഹാം, മാർക്കറ്റിങ് ഡപ്യുട്ടി മാനേജർ പോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com