ADVERTISEMENT

ജൂൺ 14 ലോകരക്തദാന ദിനമാണ്. സുരക്ഷിത രക്തം എല്ലാവർക്കും (Safe Blood to All) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ആരോഗ്യപരിചരണ രംഗത്ത് സുരക്ഷിതമായ രക്തം ദാനം െചയ്യേണ്ടതിനെക്കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്കു രക്തം ആവശ്യമായി വരാം. അതുകൊണ്ടുതന്നെ, ആരോഗ്യമുള്ളപ്പോൾ ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും മഹത്തായ പ്രവൃത്തികളിലൊന്നാണ് രക്തദാനം.

ആർക്കൊക്കെ രക്തം ദാനം ചെയ്യാം?
ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. കുറഞ്ഞത് 50 കിലോ എങ്കിലും ശരീരഭാരം വേണം.

എത്രപ്രാവശ്യം രക്തദാനം നടത്താം ?
പുരുഷന്മാർക്ക് മൂന്നുമാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിൽ ഒരിക്കലും രക്തദാനം നടത്താം.

രക്തം ദാനം ചെയ്യാൻ പാടില്ലാത്തവർ?
∙ ജലദോഷം, പനി, തൊണ്ടവേദന, വയറിന് അസുഖം, മറ്റ് അണുബാധകൾ ഇവയുള്ളപ്പോൾ.
∙ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, മാനസിക രോഗങ്ങൾ ഇവയുള്ളവർ
∙ മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിക്കുന്നവർ
∙ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും
∙ ആർത്തവകാലത്ത്
∙ സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍
∙ ദന്ത‍ഡോക്ടറുടെ അടുത്ത് ചെക്കപ്പിനു പോയിട്ടുണ്ടെങ്കിൽ 24 മണിക്കൂർ കഴിയാതെ രക്തദാനം നടത്തരുത്
∙ ടാറ്റൂ, ബോഡി പിയേഴ്സിങ് ഇവ ചെയ്തവർ ആറുമാസത്തേക്ക് രക്തദാനം ചെയ്യരുത്
∙ മഞ്ഞപ്പിത്തം, മലമ്പനി ഇവയുള്ളവർ

എത്ര രക്തം എടുക്കാം?
ഒരു തവണ 350 മി.ലീ രക്തം മാത്രമേ എടുക്കൂ. 55 കിലോ ഗ്രാമിനു മുകളിൽ ശരീരഭാരം ഉള്ളവർക്ക് 450 മി.ലീ വരെ രക്തം ദാനം ചെയ്യാം.

തെറ്റിദ്ധാരണകൾ
സ്ത്രീകൾ രക്തദാനം നടത്തരുത്, രക്തദാനം െചയ്താൽ ശരീരം ക്ഷീണിക്കും, ജോലിചെയ്ത് ജീവിക്കുന്നവർ രക്തദാനം ചെയ്യരുത് തുടങ്ങിയ നിരവധി ധാരണകൾ പലർക്കും ഉണ്ട്. ഇത് തെറ്റാണ്.

ഗുണങ്ങൾ
രക്തദാനം ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കുറഞ്ഞു വരുന്നതായി കാണുന്നു. അവർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം. സഹജീവികളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്. രക്തദാനത്തിലൂടെ ആയുസ്സും ആരോഗ്യവും ലഭിക്കും.

ഇന്നുതന്നെ നിങ്ങൾക്കും രക്തദാതാവാകാം. അങ്ങനെ ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാം. ഒപ്പം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രക്തദാനത്തിനു പ്രോത്സാഹിപ്പിക്കാം. നിങ്ങളുടെ രക്തഗ്രൂപ്പ് റജിസ്റ്റർ ചെയ്ത് സന്നദ്ധ രക്തദാതാവ് ആകാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com