ADVERTISEMENT

ബഹുസ്വരതയുടെ ചികിൽസാവഴികളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പംക്തി തുടരുന്നു - ചികിൽസായനം –2

ഡോക്ടറില്ലാത്ത നാട്ടിൽ ആകുമ്പോൾ നമ്മൾ തന്നെ ഡോക്ടർ ആകേണ്ടിവരും. വൈദ്യത്തിൽ പലർക്കും പല തോതിൽ അറിവുണ്ടാകും. എന്റെ നാട്ടിൽ അങ്ങനെ ഓരോത്തരും സ്വയം ഡോക്ടർ ആയിരുന്നു ആവശ്യം വരുമ്പോൾ. പക്ഷേ ഞങ്ങൾ കുട്ടികൾ അങ്ങനെ വിട്ടുവീഴ്ചയ്ക്കൊന്നും തയാറല്ലായിരുന്നു. ഞങ്ങൾ എപ്പോഴും നല്ലൊരു ‘ഡോക്ടറെ’ കണ്ടു മാത്രം ചികിൽസ നടത്തി. 

കുട്ടികളുടെ കളികളിൽ ഏറ്റവും പോപ്പുലർ ആയത് കഞ്ഞിയും കറിയും കളിയാണ്. വിപുലമായ സംവിധാനമാണത്. എത്ര കുട്ടികൾക്കും പങ്കെടുക്കാം. കളിക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കളിയുടെ മാമാങ്കവട്ടം വലുതാകും. വീടുകളുടെയും കുടുംബങ്ങളുടെയും എണ്ണം കൂടും. കെട്ടിയുണ്ടാക്കുന്ന പുരകളുടെ എണ്ണം കൂടും. കച്ചവടസ്ഥാപനങ്ങൾ കൂടും. വളർത്തുമൃഗങ്ങളുടെ എണ്ണം കൂടും. വാഹനങ്ങളുടെ എണ്ണം കൂടും. ഗംഭീര ഈവന്റ് മാനേജ്മെന്റ് ഏർപ്പാട്.

ആർക്കെങ്കിലും ‘രോഗമോ പരുക്കോ’ സംഭവിച്ചാൽ കാണിക്കാൻ ‘ഡോക്ടറു’മുണ്ടാകും. അത് ചിലപ്പോൾ പലചരക്കുകട നടത്തുന്നയാൾ ഉടനടി ഡോക്ടർ ആകുന്ന വേഷപ്പകർച്ചയൊക്കെ ആയെന്നു വരും. ചികിൽസിക്കാൻ ഡോക്ടറില്ലാതെ പറ്റില്ലല്ലോ. ചികിൽസിക്കാനിരിക്കുന്ന നേരം അദ്ദേഹം ഡോക്ടർ തന്നെയാണ്. വല്ല വയറ വള്ളിയും പറിച്ചു കഴുത്തിലിട്ടു ‘കുഴൽ’ ആക്കും.  പെട്ടെന്നൊരാൾക്കു കൈമുറിഞ്ഞാൽ, കാലു തട്ടി ചോര വന്നാൽ അപ്പോൾ കളിക്കാരായ കുട്ടികൾക്കിടയിൽ നിന്നൊരു ഡോക്ടർ അങ്ങനെ ഉണ്ടായിവരും. അല്ലാതെ ആപ്പ ഊപ്പകളൊന്നും ചികിൽസിക്കാൻ പാടില്ല!

കാൽ മുറിഞ്ഞയാൾ എത്തുമ്പോൾ ‘ഡോക്ടർ’ പരിശോധന നടത്തുന്നു. പിന്നെ ചികിൽസ വിധിക്കുന്നു– ‘‘പെടുത്തൊഴിച്ചാൽ മതി’’.

മുറിവിൽ രോഗി സ്വയം മൂത്രമൊഴിക്കുന്നതോടെ ചികിൽസ പൂർത്തിയാകുന്നു. 

സ്വയം ഇല്ലാത്തവരെ മറ്റുള്ളവർ ടപ്പേന്നു നിക്കർ പൊക്കി സൗജന്യമായി സഹായിക്കും.  

കളിക്കുമ്പോൾ ഉണ്ടായിവരുന്ന ഡോക്ടർമാർ പലപല ചികിൽസകൾ നിശ്ചയിക്കും. അങ്ങനെ മുറിവുകൾക്കു മരുന്നാകാൻ കമ്യൂണിസ്റ്റുപച്ച (ഐക്യമുന്നണി)യും, മുയൽച്ചെവിയനും പഴംപാഞ്ചിയും മാത്രമല്ല, വീടിന്റെ മുളംകഴുക്കോലിന്റെ ഉള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ഞിച്ചിലന്തിയുടെ വല വരെ ഉപകാരപ്പെട്ടു. ഇതൊക്കെ കുട്ടികൾ മുതിർന്നവരിൽ നിന്ന് അറിഞ്ഞുവച്ചിട്ടുള്ള നാട്ടറിവുകളാണ്.  പഞ്ഞിച്ചിലന്തിയുടെ കൂട് മുറിവിനു ഗംഭീരമരുന്നാണ്. ഒരു നാണയവട്ടം വലുപ്പം മാത്രമുള്ള  കൂട് അഥവ പഞ്ഞി പോലത്തെ ആ വലക്കെട്ട് ഇളക്കിയെടുത്ത് പഞ്ഞി വയ്ക്കുംപോലെ, ചോര വറ്റാത്ത മുറിവിൽ അമർത്തി വയ്ക്കുക. മുറിവുണങ്ങി പരള ഇളകുന്നതിനൊപ്പമേ ആ വല വിട്ടുപോരൂ. ഏതു വീട്ടിന്റെ മുളംകഴുക്കോൽ തപ്പിയാലും ഈ മരുന്നു കിട്ടും. ചിലന്തി മിക്കവാറും മുട്ടയിട്ടു മക്കളുമായി സ്ഥലം വിട്ടിട്ടുണ്ടാകും. അങ്ങനെ പോയിട്ടില്ലെങ്കിലും പ്രശ്നമൊന്നുമില്ല. കൂട് ഇളക്കുമ്പോൾ ആ കുഞ്ഞൻചിലന്തി ഓടിപ്പൊയ്ക്കൊള്ളും.

ചെരിപ്പില്ലാതെയാണ് എല്ലാ കുട്ടികളുടെയും നടപ്പ്. കല്ലിലും മുള്ളിലുമെല്ലാം. കാലിൽ കൊള്ളുന്ന മുള്ളും കല്ലുമെല്ലാം അവർ തന്നെ സർജറി നടത്തി പുറത്തെടുക്കും. അതിനു നാരകത്തിൻമുള്ളു മതി. അത് എവിടെത്തിരിഞ്ഞാലും കിട്ടും. തീരെ നിവൃത്തിയില്ലെങ്കിലേ കേസ് മുതിർന്നവർക്ക് റെഫർ ചെയ്യൂ. മുതിർന്നവർ  തയ്യൽസൂചി കൊണ്ടു മുള്ളെടുക്കും. 

മുള്ളെടുത്തുകഴിഞ്ഞാൽ മിക്കവാറും തലയ്ക്കൊരു കിഴുക്കും കിട്ടും. അങ്ങനെയും ഒരു മരുന്ന്!

എവിടെത്തിരിഞ്ഞാലും മരുന്നുകളാണ്. ഓരില, മൂവില, കുറുന്തോട്ടി, കോടാശാരി, കിരിയാത്ത്, ആടലോടകം, തൊട്ടാവാടി, നിലപ്പുള്ളടി, കഴഞ്ചി, കറുക, മഞ്ഞൾ, കച്ചോലം, കുരുമുളക്, കുടുക്കമൂലി, കൊടുവേലി... അങ്ങനെ ചുറ്റും മരുന്നുകളാണ്. തേക്കിന്റെ തളിർമൊട്ടും മരുന്നാണ്. ചതച്ച് വെളിച്ചെണ്ണയിലിട്ടു കാച്ചിയെടുക്കുന്ന എണ്ണ കരപ്പന് ഉഗ്രൻ മരുന്നാണ്. മുറിവ് തലയിലാണു പറ്റുന്നതെങ്കിൽ തെങ്ങുംപൊടിയും പഞ്ചാരയുമാണു മരുന്ന്. മിക്കവാറും കുട്ടികൾക്കു തല മുറിയുന്നതു പതിവാണ്. മാവിലെറിയുന്നതും പാമ്പിനെറിയുന്നതുമൊക്കെ കൂട്ടമായുള്ളൊരു പരിപാടിയാകുമ്പോൾ അത്തരം ഏറുകൾ വഴിതെറ്റി കൂട്ടത്തിലൊരാളുടെ തലയ്ക്കു കൊള്ളും. മുറിയും. മരുന്ന് തേടി ആദ്യമേ തെങ്ങിൽ കയറും. അകമടലുകളിലൊന്നിൽ നിന്ന് അതിന്റെ പുറംവക്കിലെ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ചുരണ്ടിയെടുക്കും. നഖം കൊണ്ടു ചുരണ്ടാം. ഒരു നുള്ളു മതി. അതിന്റെ കൂടെ ഒരു നുള്ളു പഞ്ചസാരയും. രണ്ടുംകൂടി മക്കവാറും അരകല്ലിന്റെ കോണിൽ വച്ച് ചുറ്റികയോ കുഴവിക്കല്ലോ കൊണ്ട് ഇടിച്ചുപൊടിച്ചു നല്ലൊരു കൂട്ടാക്കും. പിന്നെ തലയിലെ മുറവിന്റെ പരിസരത്തെ മുടി കുറെ തലയോട്ടി ചേർത്തു കത്രിച്ചുകളയും. അതുകഴിഞ്ഞാൽ മരുന്ന്, അതായതു ഇടിച്ച കൂട്ടിയ തെങ്ങുംപൊടിയും പഞ്ചാരയും മുറിവിൽ അമർത്തിയങ്ങു പിടിപ്പിക്കും. ഇനിയത് ഉണങ്ങിയിട്ടേ അടർന്നുപോരൂ; പരളയോടെ. 

ഉപ്പും ചോറും മരുന്നാണ്. മുള്ളുകൊണ്ടതും  കല്ലുകാച്ചിയതുമായ കാലിലെ കൊള്ളുവായിൽ ചിലപ്പോൾ വേദനയും കുത്തിപ്പറിക്കലും കലശലാകും. അപ്പോഴാണ് ഉപ്പും ചോറും വച്ചു തിരി തല്ലുക. ഉപ്പും ചോറും ഞെരിടിക്കുഴച്ച് പേസ്റ്റാക്കി കൊള്ളുവായിൽ പതിപ്പിക്കും. പിന്നെ തെറുത്തെടുത്ത തുണിത്തിരി വെളിച്ചെണ്ണയിൽ മുക്കി കത്തിച്ച് അതിനു മേലേ തല്ലും. ചൂട് തലയിലെത്തുംവരെ തല്ലുന്നതാണു കണക്ക്. ഹമ്മോ! സ്വർഗം കണ്ടുപോകും. കാൽ വലിക്കാതിരിക്കാൻ ആരെങ്കിലും പിടിച്ചിട്ടുണ്ടാകും. പ്രാകൃതമാണ്. പക്ഷേ, വേദന പോകും.

കാപ്പിപ്പൊടി പോലും മരുന്നാണ്!

കാപ്പിപ്പൊടി മരുന്നായത് ജീവിതത്തിലെ എന്റെ ആദ്യ ഓർമയുടെ ഭാഗമാണ്. മൂന്നാം വയസ്സിൽ ഒരാൾ എന്റെ വിരൽ വെട്ടിമുറിച്ചു. ഉപ്പുകണ്ടത്തിലെ പൊന്നമ്മ. വലതുകൈയുടെ ചൂണ്ടുവിരലിന്റെ തുമ്പാണു വെട്ടിമാറ്റിയത്. ഉപ്പുകണ്ടം ഞങ്ങളുടെ തൊട്ടടുത്ത വീടാണ്. വിളിച്ചാൽ കേൾക്കണമെങ്കിൽ ഉച്ചത്തിൽ വിളിക്കണം. അന്നു തണ്ണിത്തോട്ടിൽ അടുത്ത വീടുകൾ അത്രയൊക്കെ അകലെയാണ്. ഉപ്പുകണ്ടത്തിലെ വീടും പറമ്പും കഴിഞ്ഞാൽ അടുത്ത വീട് മതിൽക്കുഴി വീടാണ്. ഒരു വീടിനും മതിലില്ലെങ്കിലും വീട്ടുപേരങ്ങനെയാണ്. ആ വീട്ടിലുള്ളതു ‘മതുക്കുഴി’യിലെ മാത്തുക്കുട്ടിച്ചാനും കുഞ്ഞമ്മാമ്മയുമാണ്. കല്യാണം കഴിഞ്ഞു കുറച്ചായെങ്കിലും അന്നു മക്കളില്ലാത്ത യുവദമ്പതികൾ. മാത്തുക്കുട്ടിച്ചായന്റെ മുറ്റത്തു ഒരുമൂട് കരിമ്പുണ്ട്. മൂന്നുനാല് എത്തുള്ളതിൽ ഒന്നു നല്ല മൂപ്പെത്തിയിരിക്കുന്നു. അയലത്തെ കുട്ടികളെല്ലാംകൂടി ഗൂഢാലോചന നടത്തി അതു വെട്ടിക്കിട്ടാൻ മാത്തുക്കുട്ടിച്ചായനെ സ്വാധീനിച്ചു.

 ‘‘വെട്ടിക്കോ പിള്ളേരേ...’’ എന്ന് അച്ചായൻ പറഞ്ഞതും പിള്ളേർ അവിടെ നിന്നു തന്നെ വെട്ടിരുമ്പ് എടുത്ത് കരിമ്പുവെട്ടി. കൂട്ടത്തിൽ മുതിർന്നയാൾ പൊന്നമ്മയാണ്. ഒരു പത്തു വയസ്സൊക്കെ കാണും. പൊന്നമ്മ തന്നെ കരിമ്പു കഷണമാക്കി ഓരോരുത്തർക്കും കൊടുത്തുകൊണ്ടിരുന്നു. അതിന്റെ രീതി ഇങ്ങനെ: കരിമ്പിന്റെ ഒരറ്റത്ത് ഒരാൾ പിടിക്കും. ഒരു നീളം കണക്കാക്കി പൊന്നമ്മ ഒരു വെട്ടുവെട്ടും. മുറിഞ്ഞ കഷണം പിടിച്ചയാൾക്കു കിട്ടും. അപ്പോൾ എല്ലാവരും ആർപ്പുവിക്കും. ഇങ്ങനെ കരിമ്പിൻകഷണം ഓരോരുത്തർക്കും കിട്ടിക്കൊണ്ടിരിക്കെ എന്റെ ഊഴം വന്നു. നല്ല തെളിച്ചത്തോടെ ഞാൻ ഓർക്കുന്നു. ഞാൻ കരിമ്പിന്റെ തുമ്പിൽ പിടിച്ചു. കരിമ്പിനോടുള്ള കൊതികൊണ്ട് ‘എനിച്ചിത്രേം വേണം’ എന്നു പറഞ്ഞുകൊണ്ട് ഞാൻ കരിമ്പിൽ ഇത്തിരി കടത്തിപ്പിടിച്ചു. എവിടെപ്പിടിച്ചാലും ചൂണ്ടുവിരല്‍ പിടിയിൽ പങ്കെടുക്കാതെ മുന്നോട്ടു നീണ്ടിരിക്കുന്ന ഒരു പ്രശ്നം എനിക്കന്നുണ്ടായിരുന്നു. എന്റെ പിടി കണക്കാക്കി പൊന്നമ്മ വെട്ടി. നീണ്ടിരുന്ന എന്റെ ചൂണ്ടുവിരലിന്റെ തുമ്പും നഖത്തിന്റെ ഏതാണ്ടു പകുതിക്കു കൂടി കരിമ്പിനൊപ്പം അറ്റുവീണു. 

ചോര ചീറ്റി. നോവൊന്നും അറിയാതിരുന്നതിനാൽ ഞാൻ കരഞ്ഞില്ലെങ്കിലും എന്റെ ചേട്ടൻ അന്നു കുടിപ്പള്ളിക്കൂടം വിദ്യാർഥിയും ഇന്നു പള്ളീലച്ചനുമായ അച്ചൻകുഞ്ഞ് നിലവിളിച്ചോണ്ടു വീട്ടിലേക്കോടി.  കുറെ ഓടാനുണ്ട്. പൊന്നമ്മ ഓടാതെ അന്തംവിട്ടു നിന്നു കരഞ്ഞു.

വീട്ടിൽ നിന്ന് അച്ചാച്ചനും അമ്മയുമൊക്കെ ഓടിവന്നതു കണ്ടതോടെ ഞാനും കരഞ്ഞുപോയി. അതിനൊക്കെ മുൻപേ കുഞ്ഞമ്മാമ്മ എന്റെ കയ്യിൽ കാപ്പിപ്പൊടി വച്ച് കെട്ടിക്കഴിഞ്ഞിരുന്നു. അതിനു മുൻപ് കാപ്പി അനത്തുന്ന പിടിയുള്ള കുഞ്ഞുചരുവത്തിലെടുത്ത വെള്ളത്തിൽ എന്റെ വിരൽ മുക്കിപ്പിടിക്കുന്നതും ചോര വെള്ളത്തിൽ ചിത്രങ്ങൾ തീർക്കുന്നതും എന്റെ ഓർമയിലുണ്ട്. കാപ്പിപ്പൊടിയുടെ മണവും.

ഈ വിഷയത്തിൽ എന്നെ സുമാരൻ വൈദ്യരുടെയടുത്തോ കാവിലെ വൈദ്യരുടെയടുത്തോ കൊണ്ടുപോയത് എന്റെ ഓർമയിലില്ല. എന്തായാലും ആശുപത്രിയിലൊന്നും പോയില്ല. 

എന്റെ ചൂണ്ടുവിരലിന്റെ തുമ്പിന്  ആ കരിമ്പുകൊതിയുടെ അനന്തരഫലമായി ഒരു വേറിട്ട ഷെയ്പ്പാണിന്നും. നഖം ഒരു കോൺവെക്സ് ലെൻസ് പോലെ ഉരുണ്ടുമിരിക്കുന്നു.

വീട്ടിൽത്തന്നെ മാനേജ് ചെയ്യാൻ പറ്റാത്ത അസുഖങ്ങൾ വരുമ്പോഴാണ് ഞങ്ങൾ സൂമാരൻ വൈദ്യരെ പോയിക്കാണുക. പ്രായമായ ചിലർ സുമാരക്കണിയാർ എന്നും പറയും. സുകുമാരൻ വൈദ്യർ പരമ്പരാഗതമായിത്തന്നെ വൈദ്യനാണ്. പിന്നെ എപ്പോഴോ ഒരു കമ്പൗണ്ടർ ആയിരുന്നതിന്റെ ഇംഗ്ളിഷ് ചികിൽസാജ്ഞാനവുമുണ്ട്. അതാണ് ഞങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെട്ടത്. വൈദ്യരുടെ ഭാര്യ ആശാട്ടി ആയിരുന്നു. ആ മേഖലയിലുള്ള കുഞ്ഞുങ്ങളെയെല്ലാം ഹരിശ്രീ കുറിപ്പിക്കുന്നതും അക്ഷരവെളിച്ചം പകരുന്നതും ആശാട്ടിയുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു. എനിക്കു മൂത്ത മൂന്നു പേരെ ആശാട്ടിയാണ് അക്ഷരം കുറിപ്പിച്ചത്. എന്നെ എഴുതിക്കാറായപ്പോഴേക്കും കൊടുമണ്ണെ തോമാച്ചായൻ കുറെക്കൂടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. ഞാനവിടെയാണു പഠിച്ചത്.

പനിയാണു നാട്ടിൽ പ്രധാന രോഗം. സൂമാരൻ വൈദ്യർ അതിനു ചുവന്ന നിറമുള്ള മരുന്ന് കുപ്പിയിലും പിന്നെ ഗുളികയും തരും. ‘നല്ലമുളകു’ കഷായവും പനിക്കു മരുന്നായി വീട്ടിലുണ്ടാകും. 

രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ എനിക്ക് കടുത്തൊരു പനിവന്നു. മരുന്നുകഴിച്ചു കുറഞ്ഞ പനി ഒറ്റ ദിവസം സ്കൂളിൽ പോയി തിരിച്ചുവന്നതോടെ പൂർവാധികം ശക്തിയായി എന്നെ അടിച്ചുവീഴ്ത്തി. ആദ്യപനി ചികിൽസിച്ച സുകുമാരൻ വൈദ്യരുടെ അടുത്തേക്കു തന്നെ അച്ചാച്ചൻ എന്നെ എടുത്തുകൊണ്ടുപോയി. ‘‘യോന്നാച്ചാ, വീണ്ടെടുത്ത പനിയാ, വളരെ സൂക്ഷിക്കണം’’ എന്ന മുന്നറിയിപ്പോടെ വൈദ്യർ മരുന്നും ഗുളികയും തന്നുവിട്ടു. ഞാനോർക്കുന്നു– പൊള്ളുന്ന ചൂട് പിന്നെയും കനക്കുന്നതിനൊപ്പം തലയ്ക്കുള്ളിൽ മിന്നലിനൊത്ത വെളിച്ചം ഒഴുകിനടക്കുന്നതുപോലെ തോന്നും. യൂക്കാലിത്തൈലവും മറ്റും ലേപമായി നെറ്റിയിൽ പുരളും. അതിന്റെ മണം നമ്മളെ പൊതിഞ്ഞങ്ങനെ നിൽക്കും. 

പൊടിയരിക്കഞ്ഞി അമ്മ അടുത്തിരുന്നു കോരിത്തരും. വേഗം വേണ്ടെന്നു പറയും. പിന്നെ കഞ്ഞിവെള്ളം മാത്രം കുടിപ്പിക്കും. മൂത്രത്തിനൊക്കെ ചൂടേറും. പനി വന്നാൽപ്പിന്നെ പായ് വിരിച്ചു തറയിൽ കിടക്കേണ്ടതില്ല. കട്ടിലിലേക്കു പ്രമോഷൻ കിട്ടും.  ഇരിക്കുന്നിരിപ്പിൽ പനി കൂടി വീണുപോകും. ചത്തുപോകുമെന്നൊക്കെ വിചാരിക്കും. മരുന്നു കിട്ടുന്നതൊക്കെ കുടിക്കും. ചാകാതിരിക്കാൻ. എല്ലാ മരുന്നിന്റെയുമൊപ്പം പ്രാർഥനയുമുണ്ടാകും.

വീണ്ടെടുത്ത പനി അവന്റെ ഭീകരപ്രവർത്തനം തുടരുമ്പോൾ വൈകുന്നേരത്തെ പതിവു പ്രാർത്ഥനയ്ക്കു ശേഷം അച്ചാച്ചൻ എന്റെ നെറ്റിമേൽ വേദപുസ്തകം വച്ചു 91–ാം സങ്കീർത്തനം വായിക്കും– ‘‘അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കുകയും ചെയ്യുന്നവൻ....’’ എന്നു തുടങ്ങുന്ന സങ്കീർത്തനം കേട്ടുകിടക്കുമ്പോൾ ഉള്ളിൽ നിന്നു പേടിയൊക്കെ മാറിത്തുടങ്ങും. ആ മറവിലും ആ നിഴലിലുമാണല്ലോ നമ്മൾ... പിന്നെന്തു സംഭവിക്കാൻ എന്നു മനസ്സിനൊരു കരുത്തു വരും. ‘‘തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും..’’ എന്നിടമെത്തുമ്പോൾ ഒന്നും സംഭവിക്കില്ല എന്നു മനസ്സിനുറപ്പാകും. ‘‘ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും...’’ എന്നുകൂടി കേൾക്കുമ്പോൾ പുറംകാലു കൊണ്ട് പനിക്കൊരു തൊഴി കൊടുക്കാൻ തോന്നും. 

പിന്നെ സുമാരൻ വൈദ്യന്റെ മരുന്നുമുണ്ടല്ലോ.

വീണ്ടെടുത്ത പനിക്കു ശേഷം രണ്ടാഴ്ച കഴിഞ്ഞേ എനിക്കു സ്കൂളിൽ പോകാൻ പറ്റിയുള്ളു. സുകുമാരൻ വൈദ്യരുടെ വീട്ടിൽ തന്നെ താമസിച്ചിരുന്ന ഞങ്ങളുടെ ഗവ. വെൽഫെയർ എൽപി സ്കൂളിലെ അധ്യാപിക ശാന്തമ്മ സാർ എന്റെ നെറ്റിയും കവിളുമൊക്കെ തടവി ‘‘സുഖമായോ കുട്ടീ, കുഴപ്പമൊന്നുമില്ലല്ലോ കുട്ടീ’’ എന്നൊക്കെ പല ദിവസം ചോദിക്കുമായിരുന്നു. അടിക്കുന്നതും പേടിപ്പിക്കുന്നതും കൂടാതെ അധ്യാപകർ സ്നേഹമയരും ആണെന്ന് കൂട്ടത്തിൽ മനസ്സിൽ പതിഞ്ഞു. അക്കാലത്തു സാറൻമാരുടെ ഒരടി തന്നെ ഒന്നരയോ രണ്ടോ അടിയായിരുന്നു!

ഉതിമൂട് വൈദ്യരും കാവിൽ വൈദ്യരുമായിരുന്നു നാട്ടിലെ വേറെ രണ്ടു പ്രധാന വൈദ്യൻമാർ. ഉതിമൂട്ടിലെ വൈദ്യർക്കു പ്രധാനമായും വിഷചികിൽസയാണ്. വിഷം തീണ്ടിയിട്ടില്ലാത്തതിനാൽ ആ വൈദ്യരുടെയടുത്തു ഞാൻ പോയിട്ടില്ല. പക്ഷേ, ചുരുട്ടപ്പാമ്പ് കടിച്ച രാജേന്ദ്രനെ വൈദ്യരാണു ചികിൽസിച്ചത്. രാജേന്ദ്രൻ സ്കൂളിൽ എന്റെ കൂട്ടുകാരനായിരുന്നു. വൈദ്യരുടെ കൊച്ചുമകൻ ഇന്നു ഹോമിയോ ഡോക്ടറാണ്. പത്തനംതിട്ടയിൽ സ്വന്തം ക്ളിനിക്കുണ്ട്.

കാവിലെ വൈദ്യർ എന്ന മുണ്ടപ്ളാക്കൽ ചാക്കോ വൈദ്യർ പുനലൂർ ജയഭാരതം ആര്യവൈദ്യശാലയുടെ ഒരു ഫ്രാഞ്ചൈസിയായിരുന്നു. അരിഷ്ടം, കഷായം, തൈലം, കുഴമ്പ്, ചൂർണം ഇത്യാദി കൂടാതെ ലേശം ഇംഗ്ളീഷും വൈദ്യർ പ്രയോഗിക്കും. അതിൽ മുറിവിനുള്ള അയഡിൻ പ്രധാനമാണ്. 

ഏഴാംക്ളാസിൽ പഠിക്കുമ്പോഴാണ് വീട്ടിലെ ഡെസ്ക്കിന്റെ കുറുമ്പടിയിൽ ഞാൻ മുഖം കുത്തിവീണതും വലതുപുരികത്തിന്റെ തൊട്ടുമുകളിൽ നെറ്റിയിൽ ഒന്നരയിഞ്ചു നീളത്തിൽ മുറിവുണ്ടായതും. ആരെയോ നോക്കി പുഞ്ചിരിക്കുംമട്ടിൽ തൊലി അകന്നുമാറിയിരുന്നു. അന്നു പോയതു കാവിലെ വൈദ്യന്റെയടുത്താണ്. ആശുപത്രിയുണ്ടെങ്കിലും അവിടെ ഡോക്ടറില്ലല്ലോ. എനിക്ക് അഞ്ചാറു വയസ്സുള്ളപ്പോഴാണ് നാട്ടിൽ ‘ഗേർമേന്റ്’ ആശുപത്രി വന്നത്. മന്ത്രി വെല്ലിങ്ടൻ ആണ് ഉദ്ഘാടനം ചെയ്തത്. കറുത്ത താടിയുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഉദ്ഘാടനത്തിന് എത്തുന്നത് എനിക്കു നല്ല ഓർമയുണ്ട്. ആദ്യമായിട്ടൊരു മന്ത്രി നാട്ടിലെത്തിയപ്പോൾ കാണാൻ കുട്ടികളടക്കം ആളെല്ലാം പോയിരുന്നു. ഇടയ്ക്കും പിഴയ്ക്കും വല്ലപ്പോഴും മാത്രം ഡോക്ടർ ഉണ്ടാകുമായിരുന്ന ആ ആശുപത്രിയിൽ ഒരു മുറിവു കുത്തിക്കെട്ടാൻ പിന്നെയും കുറെ കഴിഞ്ഞ് ഞാൻ നിശ്ശബ്ദനായി കിടന്ന ഒരു കിടപ്പുണ്ട്. മറക്കാനാകാത്ത ചിത്രമായി രാജേന്ദ്രൻ ഡോക്ടറും.  

നെറ്റിയിലെ എന്റെ മുറിവൊക്കെ പരിശോധിച്ചിട്ടു വൈദ്യർ പറഞ്ഞു: ‘‘കുത്തിക്കെട്ടാനും മാത്രം ഉണ്ട്’’. പക്ഷേ ആ വിദ്യ വൈദ്യരുടെ കയ്യിലില്ല. വൈദ്യർ  പഞ്ഞി അയഡിനിൽ മുക്കി മുറിവിനു മീതേ പതിച്ചു. അതവിടെയിരുന്നുണങ്ങി. ഒരാഴ്ച കഴിഞ്ഞ് അതു സ്പിരിറ്റു നനച്ച് വലിച്ചിളക്കി പിന്നെയും അയഡിൻപഞ്ഞി വച്ചു. അടുത്ത തവണ വലിച്ചിളക്കിയ ശേഷം ഒന്നും വയ്ക്കേണ്ടിവന്നില്ല. മുറിവ് ഉണങ്ങിയിരുന്നു. ആ മുറിവിന്റെ പാട് എന്റെ തിരിച്ചറിയൽ അടയാളമായി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ കയറി. 

സർട്ടിഫിക്കറ്റിൽ കയറിയ രണ്ടാമത്തെ അടയാളം ഇടതുകാലിന്റെ മുട്ടിലെ വലിയ മുറിപാടാണ്. മന്ത്രി വെല്ലിങ്ടൺ ഉദ്ഘാടനം ചെയ്ത ആശുപത്രിയിലെ രാജേന്ദ്രൻ ഡോക്ടർ കുത്തിക്കെട്ടിയ മുറിവ്. 

അതു പത്താംക്ളാസിൽ പഠിക്കുമ്പോഴാണ്. ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞനേരം ഞങ്ങൾ ഒരു പറ്റം പിള്ളാർ പ്ളാന്റേഷനിൽ പോച്ച പറിക്കാൻ പോയി. എന്നു വച്ചാൽ കന്നുകാലികൾക്കു തീറ്റിക്കുള്ള പുല്ലു പറിക്കാൻ പോയി. പത്തു മിനിറ്റു നടന്നാൽ എത്താവുന്ന ദൂരത്തിലുണ്ടായിരുന്ന കാട് വെട്ടിയൊഴിവാക്കിയാണ് പ്ളാന്റേഷൻ കോർപറേഷൻ മല മൊത്തമായി റബർതോട്ടം ഉണ്ടാക്കാൻ തുടങ്ങിയത്. തൈ വച്ച് പ്ളാറ്റ്ഫോം നിരത്തി തൈ ഓരോന്നിനും ഈറപ്പൊളി കൊണ്ടു വട്ടത്തിൽ മെടഞ്ഞുണ്ടാക്കുന്ന കൂടകളും വയ്ക്കും. സംരക്ഷണത്തിനാണ്. കൂടയ്ക്കുള്ളിലെ തൈകൾക്ക്  മൃഗങ്ങളുടെയായാലും മനുഷ്യരുടെയായാലും ഹേമമൊന്നും തട്ടില്ല. 

പുതുമണ്ണിൽ ഇഷ്ടം പോലെ പോച്ചയുണ്ടാകും. രണ്ടു പ്ളാറ്റ്ഫോമുകൾക്കിടയിലെ ‘ബെഡ്ഡുകളിൽ’ നല്ല തഴച്ച പലതരം പോച്ചകൾ. വാച്ചർമാരെ വെട്ടിച്ചാണ് ഞങ്ങളുടെ പോച്ചപറിക്കൽ. 

പറിച്ച പോച്ചയുമായി ഒരു ബെഡിൽ നിന്ന് വെട്ടിനിരത്തിയ താഴത്തെ പ്ളാറ്റ്ഫോമിലേക്കു ചാടിയഎന്റെ ചാട്ടം ഇത്തിരി പിഴച്ചുപോയി. ഒരു ഈറക്കൂടയുടെ നീണ്ടുനിന്ന പൊളി കാൽമുട്ടിനെ പൂളി. ചോരചീറ്റി. ഉച്ച കഴിയുന്ന നേരത്ത് മുറിഞ്ഞാൽ ചോര കൂടുതൽ പോകുമെന്നാണ്. കൂടെയുള്ള ആരോ എന്റെ മുട്ടിനു മേലേ ഒരു തോർത്ത് മുറുക്കിക്കെട്ടി. ഒച്ചയും ബഹളവും അയ്യോവിളിയും കേട്ട് ഓടിയെത്തിയ നൈനാംമൂട്ടിലെ പാപ്പനച്ചായൻ എന്നെ തോളിലെടുത്തു. അടുത്ത ഘട്ടം മുത്തങ്ങാമുരുപ്പേലെ കുഞ്ഞൂട്ടിച്ചായൻ തോളിലെടുത്തു. കുട്ടികളും വലിയവരുമായി ഒരു വലിയ ജാഥ പിറകെയുണ്ട്. ഇച്ചേയിമാരും ചേടത്തിമാരുമൊക്കെ മുറ്റത്തും കയ്യാലയ്ക്കലും താടിക്കു കൈ തൊട്ടു നോക്കിനിന്നു. 

‘‘ ഞരമ്പു മുറിഞ്ഞിട്ടുണ്ട്’’ എന്നൊരു കൊച്ചാട്ടൻ ആത്മഗതം പോലെ പറയുന്നതു കേട്ട് എന്റെ അകവാളു വെട്ടി. 

സീക്കേപ്പടിക്കലെ തോടുമൊക്കെ ഇങ്ങനെ തോളിലിരുന്നുതന്നെ കടന്ന് സൊസൈറ്റിപ്പടി എത്തിയപ്പോൾ എന്നെ ജീപ്പിൽ കയറ്റി. ജീപ്പിന്റെ പ്ളാറ്റ്ഫോമിലും ആകെ ചോരയായി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറവിടെയില്ല. ഡ്യൂട്ടിസമയമൊക്കക്കഴിഞ്ഞ് അദ്ദേഹം പോയിരുന്നു. ആരോ ഡോക്ടറെ വിളിക്കാനോടി. അടുത്തേതോ ചായക്കടയിലുണ്ടായിരുന്ന ഡോക്ടർ ദൈവദൂതനെപ്പോലെ നടന്നുവരുന്നതു വരാന്തയിലെ ഡെസ്ക്കിനു മുകളിൽ കിടന്ന് ഞാൻ കണ്ടു. ഡാർക്ക് ബ്രൗൺ വരയൻ ഷേർട്ടും മടക്കിക്കുത്തിയ പുള്ളിക്കൈലിയും. ഇടതുവശത്തു പകുപ്പെടത്ത് വലത്തോട്ടു ചായ്ച്ച് പിന്നോട്ടു ചീകിയിട്ട കഴുത്തറ്റമെത്തുന്ന കോലൻമുടി. ഒതുക്കിവച്ച ചെറുതാടി. വള്ളിച്ചെരുപ്പ്. നാടിനൊത്ത് നാടനായി മാറിയ ഡോക്ടർ. ഇന്നിപ്പോൾ  ഡോക്ടർ എവിടെയാണോ?

ആറു കുത്തിക്കെട്ടു പൂർത്തിയാക്കി മരുന്നും വച്ച ശേഷം ഡോക്ടർ പറഞ്ഞു. 

‘‘മുട്ടാണ്. വളരെ സൂക്ഷിച്ചില്ലെങ്കിൽ വലിഞ്ഞുപോകും’’

്എത്ര സൂക്ഷിച്ചിട്ടും കുറെ വലിഞ്ഞുപോയി. 

പത്താം ക്ളാസിൽ ഈ മുറിവു കാരണം എനിക്കു രണ്ടാഴ്ച സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. വലിയൊരാശങ്കയായിരുന്നു അത്. 

മലയാളം പഠിപ്പിക്കുന്ന സാർ ഇടയ്ക്കു ക്ളാസിൽ ചോദിച്ചത്രെ ‘ജോഷ്വയ്ക്കു വരാറായോ’ എന്ന്.

അതേപ്പറ്റി ക്ളാസിൽ ആരൊക്കെയോ കുന്നായ്മ പറഞ്ഞെന്ന് ഞാൻ ചെന്ന ദിവസം തന്നെ ശമുവേലുകുട്ടി എന്നോടു രഹസ്യം പറഞ്ഞു. 

പത്തിലെ റിസൽറ്റു വന്നപ്പോൾ എനിക്കു കിട്ടിയ ഫസ്റ്റ് ക്ളാസിനൊപ്പം  വലിഞ്ഞുപോയ മുട്ടിലെ മുറിപ്പാടും സർട്ടിഫിക്കറ്റിൽ സ്ഥാനം പിടിച്ചു. 

പാടുകൾ തീരുന്നില്ല. എന്റെ മകൾ രണ്ടാംവയസിൽ കോഴിക്കോട്ടെ വാടകവീട്ടിന്റെ മുറ്റത്തെ പ്ളാവിൽ നിന്നു തൂങ്ങിക്കിടന്ന മണിപ്ളാന്റ് വള്ളിയിൽ തൂങ്ങിയാടുമ്പോൾ അതു പൊട്ടി മുഖം കുത്തി ഒരു ചെങ്കല്ലിനുമേലേ വീണ് നെറ്റി പുരികത്തിനു മുകളിൽ മുറിഞ്ഞു. ഞാൻ വീട്ടിലില്ലാത്തപ്പോഴാണ്. അടുത്തവീട്ടിലെ പ്രഭാകരൻ നായരങ്കിളും മകൾ നിഷയും കൂടി അവളെ സഹകരണാശുപത്രിയിൽ കൊണ്ടുപോയി. കുത്തിക്കെട്ടി മരുന്നു വച്ചു. പാടുണ്ട്.

മകൻ പ്ളസ് ടു വിദ്യാർഥിയായിരിക്കെ സ്കൂളിലെ തൂണിൽ നെറ്റി തട്ടി പുരികത്തിനു മേലേ മുറിഞ്ഞു. സ്കൂളിൽ നിന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോയി. മൈക്രോ കുത്തിക്കെട്ടു നടത്തി മരുന്നുവച്ചു.  ലേശം പാടുണ്ട്. 

അതേ പുരികത്തിനു മുകളിലെ പാട് ഞങ്ങളുടെ കൊടിയടയാളമാകുന്നു!

എന്നാൽ മകൾ മെഡിസിൻ വിദ്യാര്‍ഥിയായിരിക്കെ മൂന്നു കൊല്ലം മുൻപ് ഹോസ്റ്റലിലെ ടാപ്പിൽ നെറ്റിയടിച്ചു വീണ് തിരുനെറ്റി തന്നെ പൊട്ടി. സാമാന്യം വലിയ മുറിവ്. മൈക്രോസർജറി നടത്തണോ എന്ന് ചോദിക്കുന്നു എന്ന് അമല മെഡിക്കൽ കോളജിലെ  അവളുടെ കൂട്ടുകാരികൾ വിളിച്ചുപറഞ്ഞു.   ചെയ്തോളൂ എന്നു വിളിച്ചു പറഞ്ഞിട്ടു ഞാനും ഭാര്യയും ആ രാത്രി തൃശൂരെത്തും മുൻപേ മൈക്രോസർജറി നടന്നു. പിന്നെ ഡോക്ടർ പറഞ്ഞപ്രകാരം ഗൾഫിൽ നിന്ന് ‘സിക്കാകെയർ സിലിക്കൻ ഷീറ്റ്’ എന്നൊരു ബാൻഡേജ് വരുത്തി മുറിവു കരിഞ്ഞപ്പോൾ അതിനു മീതേ ഒട്ടിച്ചു നടന്നു. കേരളത്തിൽ ഇപ്പോഴും അതു കിട്ടുമോ എന്നറിയില്ല. ഏതായാലും അതുപയോഗിച്ചതിനാൽ ഇപ്പോൾ  പാട് ഒട്ടുമില്ല. 

കാലം കാര്യങ്ങളെ എത്രയാണു മാറ്റുന്നത്! ആ ഒട്ടിക്കൽ ബാൻഡേജൊക്കെ എത്ര വലിയ അനുഗ്രഹമാണ് മനുഷ്യകുലത്തിന്. 

കുറെ കഴിയുമ്പോൾ സിനിമയിലൊന്നും മുഖത്തു പാടുള്ള വില്ലൻമാരൊക്കെ ഇല്ലാതാകുമായിരിക്കും.

( പണ്ടത്തെ മരുന്നുകൾക്ക് ഇന്നും ആ സ്വഭാവമാണോയെന്നറിയില്ല. അതിനാൽ സ്വയം പരീക്ഷണങ്ങൾ ഒഴിവാക്കുന്നതാകും നന്ന്)

(മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്ററാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com