ADVERTISEMENT

നാട്ടിൻപുറത്തെ വൈദ്യൻമാരിൽ ചില വെടിച്ചില്ല് സ്പെഷലിസ്റ്റുകളുണ്ട്. ശ്രീധരൻ വൈദ്യർ അങ്ങനെയൊരാളായിരുന്നു. മഞ്ഞപ്പിത്തത്തിനു മാത്രമേ ചികിത്സയുള്ളു. നാട്ടുകാർ അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ  ‘മഞ്ഞപ്പിത്തം’ എന്നു മാത്രം പറയും വിധം മഞ്ഞപ്പിത്ത സ്പെഷലിസ്റ്റ്. ജീവിക്കാൻ വേണ്ടി ചക്രം പിടിപ്പിച്ച, കുഞ്ഞൊരു മാടത്തിൽ കുഞ്ഞൊരു ചായക്കടയും ചായക്കടയിൽ മിഠായി, മുറുക്കാൻ, ബീഡി വിൽപ്പനയും വൈദ്യർ നടത്തിയിരുന്നു. ബീഡി തെറുക്കുകയും ചെയ്യും. തണ്ണിത്തോട് മൂഴിയിലെ ആ മാടം തന്നെയായിരുന്നു വീടും. അവിടെ വരുംമുൻപ് മണ്ണീറയിലായിരുന്നു താമസം. 

മൂന്നുതവണ എനിക്കു മഞ്ഞപ്പിത്തം വന്നപ്പോഴും വൈദ്യരുടെ മരുന്നാണ് രക്ഷപ്പെടുത്തിയത്.

വൈദ്യരുടെ ചികിത്സയിൽ വലിയ പഥ്യപ്രമാണങ്ങളൊന്നുമില്ല. കോഴിയിറച്ചി, കോഴിമുട്ട – ഇതുരണ്ടും കഴിക്കരുത്. വേറെ എന്തും, ഏതു മൽസ്യവും മാംസവുമടക്കം ഭക്ഷിക്കാം. ഉപ്പും കഴിക്കാം. പൂവമ്പഴം കഴിയുന്നത്ര തിന്നണം. കരിക്കിൻ വെള്ളം  കഴിയുന്നത്ര കുടിക്കണം. പച്ചവെള്ളത്തിൽ മുങ്ങിക്കുളിക്കണം. മുങ്ങിക്കുളിക്കാൻ പറ്റാത്തവരുടെ തലയിൽ ആരെങ്കിലും കിണറിൽ നിന്ന് വെള്ളം കോരിയൊഴിക്കണം. നൂറു പാള വെള്ളം എന്നാണു പറയുന്ന കണക്ക്. 90 ആയാലും പ്രശ്നമൊന്നുമില്ല. ധാരാളം വെള്ളം എന്നേ അർഥമുള്ളു. ഞാൻ കല്ലാറ്റിൽ മുങ്ങിക്കുളിക്കുന്നതായിരുന്നു പതിവ്. പൂവൻപഴത്തിനും കരിക്കിൻ വെള്ളത്തിനും നാട്ടിൽ പഞ്ഞമില്ല. ഇഷ്ടം പോലെ കഴിച്ചു.

മഞ്ഞപ്പിത്തക്കാര്യം ചെന്നുപറഞ്ഞാൽ മതി. കുറെ കഴിയുമ്പോൾ വൈദ്യർ കുപ്പിയിൽ മരുന്നുമായി വീട്ടിലെത്തും. 

വലിയ കുപ്പിക്ക് ഏതാണ്ടൊരു മുക്കാൽ കുപ്പി മരുന്നുണ്ടാകും. ബ്രൗൺ കളർ. ചക്കര, ഇഞ്ചിനീര്, കർപ്പൂരം ഇത്രയും മരുന്നിലുണ്ട് എന്ന് കഴിക്കുന്ന ആർക്കും മനസിലാകും. ചുണ്ണാമ്പിന്റെ അംശമെന്നു കരുതാവുന്ന ഒരു സാധനവും കുപ്പിയുടെ അടിയിൽ അടിഞ്ഞുകൂടും. എന്നാലും ഇതൊന്നുമല്ല മരുന്നിലെ മുഖ്യ ഘടകം. അതു ട്രെയ്ഡ് സീക്രട്ടാണ്. വൈദ്യർ അതാർക്കും പറഞ്ഞുകൊടുത്തിട്ടില്ല.

ഞാൻ ചോദിച്ചിട്ടുണ്ട് – ‘‘വൈദ്യരേ, ഒരിക്കലും പുറത്തുപറയില്ല; എന്താ ശരിക്കും അതിലെ മരുന്ന് ?’’

‘‘അതൊക്കെ പറയാം’’ എന്നു വൈദ്യർ ചിരിച്ചതല്ലാതെ പറഞ്ഞില്ല. പറയാതെ വൈദ്യർ മരിച്ചുപോയി.

ശേഷം വൈദ്യരുടെ ഭാര്യ ചികിത്സ നടത്തിയിരുന്നു.

വൈദ്യരുടെ ചികിത്സയിലെ ഒരു അദ്ഭുതവശം ഒരിക്കൽ കണ്ടു.

പത്തു വയസിനു താഴെയുള്ള ഒരു പെൺകുട്ടി. തേക്കുതോട്ടിലാണ് വീട്. മഞ്ഞപ്പിത്തം കടുത്തു. കണ്ണും നഖവുമൊക്കെ മഞ്ഞയായി. വയർ വീർത്തു പൊട്ടാറായി.  അതുവരെയുള്ള ചികിത്സ ഫലിച്ചിട്ടില്ല, ഇനിയെന്ത്?. 

കോന്നിയിലോ പത്തനംതിട്ടയിലോ കൊണ്ടുപോകാമെന്നായി അവസാന ഓപ്ഷൻ. ഒടുവിൽ അങ്ങനെയും ചെയ്യുന്നു എന്നേയുള്ളു. മോഡേൺ മെഡിസിൻകാർ മഞ്ഞപ്പിത്തത്തിനു മരുന്നില്ല എന്നു പറയുന്ന കാലമാണ്.

ഒരു ജീപ്പിൽ അങ്ങനെ കൊണ്ടുപോകുമ്പോൾ കു‍ഞ്ഞിനു ചാകാൻ പോകുന്ന പോലത്തെ പരവേശം. വെള്ളം കൊടുക്കാൻ അടുത്തൊരു വീടിനു മുന്നിൽ ജീപ്പു നിർത്തി. വീട്ടിൽ നിന്നാണു ചോദ്യം വന്നത്. ‘‘നമ്മുടെ മഞ്ഞപ്പിത്തത്തെ ഒന്നു കാണിക്കരുതോ?’’ 

കുട്ടിയെ ഇറക്കി വീട്ടിൽ കിടത്തി. വൈദ്യർക്ക് ആളുപോയി.

കുട്ടിയുടെ വയർ വീർത്തു പൊട്ടാറായ പോലുണ്ട്. വന്നതേ വൈദ്യർ ചോദിച്ചു

‘‘വയറൊഴിഞ്ഞിട്ട് എത്ര ദിവസമായി?’’

എത്രയായെന്ന് ആർക്കുമറിയില്ലെങ്കിലും പല ദിവസമായി എന്ന് ഒപ്പം വന്നവർക്കെല്ലാമറിയാം.

പോയി മടങ്ങിവന്ന വൈദ്യർ കുട്ടിക്കു വയറൊഴിയാൻ മരുന്നു കൊടുത്തു.

വയറൊഴിഞ്ഞില്ല.

ഒഴിയാൻ വയറ്റിലൊന്നുമില്ല എന്നതായിരുന്നു സത്യം. കുട്ടി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായി. എന്നാലും വയറൊഴിഞ്ഞേ മതിയാകൂ. ഉള്ളിൽ ചെന്ന മരുന്ന് അല്ലെങ്കിൽ കൂടുതൽ പ്രശ്നമുണ്ടാക്കും.

വൈദ്യർ കുട്ടിയുടെ തലയ്ക്കരികിലിരുന്ന് അവളുടെ ചെവിയിലേക്കു മുഖമടുപ്പിച്ച് ചോദിച്ചു.

‘‘മോൾക്കെന്താ തിന്നാന്‍ വേണ്ടത് ?’’

‘‘എനിക്കു ചക്കപ്പഴം വേണം.’’

പലർ പലവഴിക്കും ചക്കപ്പഴത്തിനോടി. ‘കൂഴ’ മതിയെന്നു വൈദ്യർ ഓടുന്ന എല്ലാവരോടുമായി വിളിച്ചു പറഞ്ഞു. കൂഴയാകുമ്പോൾ ചുമ്മാ വിഴുങ്ങിയാൽ മതിയല്ലോ.  

ചക്കക്കാലമായിരുന്നതിനാൽ പലതരം ചക്കകൾ വന്നു. കൂഴ പഴുത്താലും ആർക്കും വേണ്ടല്ലോ. ഏതു പ്ളാവിലും നിൽക്കുന്നുണ്ടാകും. ഇഷ്ടംപോലെ 

ചക്കപ്പഴം തിന്ന കുട്ടിക്ക് ഒരു മണിക്കൂർ ആകും മുന്‍പേ വയറൊഴിയാൻ തുടങ്ങി.

‘‘ഇനി ഞാനേറ്റു.’’

കുട്ടി അതേ ജീപ്പിൽ വീട്ടിലേക്കു മടങ്ങിപ്പോയി. പിന്നെ ജീവിതത്തിലേക്കു മടങ്ങിവന്നു

നാട്ടിലും അയൽ നാട്ടിലുമെല്ലാം മഞ്ഞപ്പിത്തം തലപൊക്കുമ്പോൾ നേരിടാൻ ഞങ്ങൾക്കു ശ്രീധരൻ വൈദ്യർ മതിയായിരുന്നു. പുറത്തേക്കു വൈദ്യർ മരുന്നു തന്നു വിടുമായിരുന്നു. മുംബൈ, കൊൽക്കത്തയിലൊക്കെ പോയിട്ടുണ്ട് വൈദ്യരുടെ മരുന്ന്.

എനിക്കു മൂന്നാം തവണ മഞ്ഞപ്പിത്തം വന്നത് ഞാൻ ക്ഷയത്തിനു മരുന്നു കഴിക്കുന്ന കാലത്തായിരുന്നു. അതേ, കുഷ്ഠവും കാൻസറുമൊഴികെ ഏതാണ്ടെല്ലാ രോഗവും എനിക്കു വന്നിട്ടുണ്ട്. 

വെട്ടൂർ വൈദ്യരുടെ ഉഴിച്ചിലൊക്ക കഴിഞ്ഞൊരു കാലം. ഒരു പനി. പാരസെറ്റമോൾ സ്വയം പ്രയോഗിച്ചു. പറഞ്ഞിട്ടു കാര്യമില്ല. അതാണു നാട്ടുനടപ്പ്. പനിയല്ല, കനത്തതു ചുമയാണ്.  കഫം മഞ്ഞയായും പിന്നെ ചുവപ്പുരാശിയിലും പുറത്തുവന്നു. ഒരുച്ചയ്ക്ക് പോസ്റ്റോഫിസിലും കയറി തിരികെ നടന്നു വരുംവഴി എനിക്കു കണ്ണും തലയും ഇരുട്ടിച്ചുവന്നു. ഒന്നും കാണാനില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫെഡറൽ ബാങ്കിൽ ജോലിയുള്ള കുഞ്ഞുമോൻ വീഴാതെ പിടിച്ചു.

‘‘എന്താ, എന്താ’’ എന്ന് അവൻ ചോദിക്കുന്നത് ആ ബോധമില്ലായ്മയിലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

വീട്ടിൽ വന്നു കിടന്നു. കഫം രക്തനിറമായി. സന്ധ്യയോടെ കാര്യങ്ങൾ കുഴയുന്നതുകണ്ട അച്ചാച്ചൻ കോന്നിയിലേക്കു കൊണ്ടുപോകാൻ തീരുമാനമെടുത്തു. പെട്ടൊന്നൊരു ജീപ്പു കിട്ടിയില്ല. അവസാനത്തെ പ്രൈവറ്റ് ബസ് പോയിട്ടുണ്ടായിരുന്നില്ല. അതിൽ അർധബോധാവസ്ഥയിൽ ഞാൻ കിടന്നു. എന്നെ അക്ഷരം പഠിപ്പിച്ച ആശാൻ തോമാച്ചായനും പിന്നെ ആരൊക്കെയോ ഒക്കെ വന്ന് എന്നെ പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു. അതിനൊക്കെ ഞാൻ മൂളുക മാത്രം ചെയ്തു. 

രാത്രി കോന്നി ടിവിഎം ആശുപത്രിയിലെത്തി. തീര‍ത്തും അബോധാവസ്ഥയിൽ. ഉടമകൂടിയായ അപ്പുക്കുട്ടൻ ഡോക്ടർ എന്ന ഡോ. ടി. എം ജോർജ് ആശുപത്രിക്കു അടുത്തു തന്നെയാണ് താമസം. അദ്ദേഹം വന്നു ചികിത്സയ്ക്കു തുടക്കമിട്ടു. പിറ്റേന്നു കാര്യം ഉറപ്പിച്ചു ന്യുമോണിയ.

ധാരാളം ഗുളികകളും സ്ട്രെപറ്റോമൈസിൻ ഇൻജക്‌ഷനുമായി 21 ദിവസം ഞാൻ ടിവിഎമ്മിൽ കിടന്നു. പിന്നാമ്പുറത്ത് മാറി മാറി കയറ്റുന്ന സ്ട്രെപ്റ്റോമൈസിൻ സൂചി കടുത്ത വേദനയും കഴപ്പുമുണ്ടാക്കും. ഞരങ്ങിപ്പോകും. ആശ്വാസത്തിന്റെ അമർത്തിതടവലുമായി 21 ദിവസവും അച്ചാച്ചൻ ആശുപത്രിയിൽ കൂട്ടിരുന്നു. ഒരുപാടു പേർ രോഗത്തിൽ എന്നെ കാണാൻ തണ്ണിത്തോട്ടിൽനിന്ന് ആശുപത്രിയിൽ വന്നു. സ്നേഹം തന്ന് തിരിച്ചുപോയി. 

ആ ഗുളികകളും കുത്തിവയ്പുമൊക്കയാണ് മരണത്തിൽ നിന്ന് തിരിച്ചു കൊണ്ടു വന്നത്. മറ്റൊരു മരുന്നും ഒരു ചികിൽസാരീതിയും അതിനു മതിയാവില്ലായിരുന്നു.

പക്ഷേ തിരികെപ്പോകുമ്പോൾ ഒൻപതു മാസക്കാലത്തെ ഒരു ചികിത്സ കൂടി ഡോക്ടർ എനിക്കു വിധിച്ചിരുന്നു. ടിബി ചികിത്സ. ന്യുമോണിയ പരിശോധനയ്ക്കിടെ ക്ഷയവും വെളിപ്പെട്ടു വരികയായിരുന്നു. 

ആർ– സിനെക്സ് എന്നൊരു ക്യാപ്സ്യൂളും കൂടെ വൈറ്റമിൻ ക്യാപ്സ്യൂളുമായിരുന്നു പ്രധാന സേവ. ആഴ്ചയിലൊരിക്കൽ ഇന്‍ജക്‌ഷനുമുണ്ട്. ഇൻജക്‌ഷൻ ‘ഇത്ത’ എന്നു ‍ഞങ്ങൾ വിളിച്ചിരുന്ന നാട്ടിലുള്ള ഒരു നഴ്സ് ആണു ചെയ്തിരുന്നത്. അപ്പോൾ അവർ ആശുപത്രിയിലൊന്നും പോകുന്നുണ്ടായിരുന്നില്ല. ഭർത്താവിനൊപ്പം ഞങ്ങളുടെ നാട്ടിലെത്തി ഒരു കൊള്ളാവുന്ന ചായക്കട നടത്തുകയായിരുന്നു. ചായ അടിക്കുന്നതിനിടെ വന്ന് എനിക്ക് ഇൻജക്‌ഷൻ തന്നുപോകും. സുഖമന്വേഷിക്കും. താങ്ക്സ് പറയുന്നതിനു ചിരിക്കും. ഈ പരിപാടി നാലഞ്ചു മാസമായപ്പോൾ എനിക്കു പിന്നെയും മഞ്ഞപ്പിത്തം വന്നു. മൂത്രത്തിൽ ചോറിട്ടുനോക്കി ഉറപ്പിച്ചു. അന്നും ശ്രീധരൻ വൈദ്യരുടെ മരുന്നു കഴിച്ചു. ക്ഷയത്തിന്റെ മരുന്ന് മുടക്കാൻ പാടില്ലാത്തതാണ്. അതും തുടർന്നു. 

ക്ഷയത്തിന് ഇടയ്ക്കു റിവ്യൂ ഉണ്ട്. പറഞ്ഞതിലും ഒരാഴ്ച വൈകിയാണ് ഞാൻ റിവ്യുവിന് എത്തിയത്. അപ്പുക്കുട്ടൻ ഡോക്ടറും അനിയൻ ഡോക്ടറും അപ്പുറമിപ്പുറമിരിപ്പുണ്ട്.

‘‘എങ്ങനെ, കുഴപ്പമൊന്നുമില്ലല്ലോ’’

‘‘ഒന്നുമില്ല’’

‘‘അസ്വസ്ഥത, ചുമ..? ’’

‘‘ഒന്നുമില്ല’’

‘‘നീയെന്താ വരാൻ വൈകിയത് ?’’– അനിയൻ ഡോക്ടറുടേതാണു ചോദ്യം. അദ്ദേഹം അപ്പുക്കുട്ടൻ ഡോക്ടറെപ്പോലെ ശാന്തപ്രകൃതമല്ല; വേഗത്തിലാണു കാര്യങ്ങൾ.

‘‘ അതുപിന്നെ.... മഞ്ഞപ്പിത്തം വന്നു’’

‘‘ ങേ?! ’’

അനിയൻ ഡോക്ടർ വിരണ്ട പോലെ എന്നെ നോക്കി.

‘ എന്തേ?’ എന്ന മട്ടിൽ ഞാൻ തിരിച്ചും. 

‘‘ മഞ്ഞപ്പിത്തം ഉള്ളപ്പോൾ ആർസനെക്സ് കഴിക്കാമ്പാടില്ല! "

‘‘ എനിക്കറിയത്തില്ലാരുന്നു.’’

‘‘ എന്നാ അറിഞ്ഞോ. കഴിക്കാമ്പാടില്ല. ’’

‘‘ അപ്പോ?’’

‘‘ നിർത്തിക്കോളുക. വേറൊന്നുമില്ല.’’

ക്ഷയം മാറില്ല എന്നൊരു തോന്നൽ എന്റെ മനസ്സിലൂടെ പാഞ്ഞുപോയി. അതിന്റെ മരുന്നാണല്ലോ നിർത്താൻ പറഞ്ഞിരിക്കുന്നത്. 

സ്വയമൊരു ചോദ്യച്ചിഹ്നമായി രണ്ടു ഡോക്ടർമാരുടെ നടുവിൽ ഞാനിരുന്നു.

ആലോചനയ്ക്കൊടുവിൽ അപ്പുക്കുട്ടൻ ഡോക്ടർ ചോദിച്ചു: നിന്റെ മഞ്ഞപ്പിത്തം മാറിയോ?

‘‘മാറി’’

‘‘എന്നാലും മരുന്നു കഴിക്കണ്ട. രണ്ടാഴ്ച കഴിഞ്ഞു വന്ന് ദേ, ഈ ടെസ്റ്റും ചെയ്തിട്ട് കാണിക്ക്, എന്നിട്ടു തീരുമാനിക്കാം’’

ഒരു രോഗമുള്ളപ്പോൾ കഴിക്കാൻ പാടില്ലാത്തതായി വേറൊരു രോഗത്തിന്റെ മരുന്ന്!

 എന്നാലും എനിക്കു ശ്രീധരൻ വൈദ്യരെ വിശ്വാസമായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞുള്ള ടെസ്റ്റിൽ മഞ്ഞപ്പിത്തം ഒട്ടുമില്ല എന്ന കുറിപ്പുമായി ചെന്നപ്പോൾ ഡോക്ടർ ആർസിനെക‌സ് തുടർന്നോളാൻ പറഞ്ഞു. ക്ഷയം അങ്ങനെ വിട്ടുപോയി. 

ആർസിനെക‌്സിനെപ്പോലും പ്രകോപിപ്പിക്കാത്ത ആ മഞ്ഞപ്പിത്തം മരുന്ന് ഇപ്പോഴും പ്രയോഗത്തിലുണ്ടോ? എനിക്കറിയില്ല.

ആർസിനെക‌്സ് ഇല്ലായിരുന്നെങ്കിലോ?

 ഞാനും രാജയക്ഷ്മാവിന്, അതായത് ക്ഷയത്തിന് ഇരയായി ചത്തുപോയേനേ. 

ചങ്ങമ്പുഴയും കമലാ നെഹ്റുവും രാമാനുജനും പിന്നെ എത്രയോ ലക്ഷങ്ങളും എന്ന പോലെ.

മരിക്കാതിരിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്.  മഞ്ഞപ്പിത്തം കൊണ്ടായാലും ക്ഷയം കൊണ്ടായാലും മരിച്ചാല്‍ മരിച്ചതു തന്നെ.

അസുഖങ്ങൾ എല്ലാമൊന്നും മരണത്തിലേക്കു വഴിയല്ല. പക്ഷേ, ജീവിതം കോഞ്ഞാട്ടയാക്കിക്കളയും പലതും. ചികിൽസിച്ചു വശംകെടും നമ്മൾ. ഡോക്ടർമാരും വശംകെടുന്നുണ്ടാകും. അതവർക്കു പറയാൻ പറ്റില്ല. ചില രോഗങ്ങൾ ചലരിൽ അങ്ങനെയാകും. നമുക്കാണെങ്കിൽ കാശും പോകുന്നുണ്ടാകും. ആ വിധം കാശു പോയ ആരെങ്കിലുമാകണം വൈദ്യനെ കലികയറി കാലന്റെ സഹോദരൻ എന്നു വിളിച്ചത്.

‘‘വൈദ്യരാജ നമസ്തുഭ്യം 

യമരാജസഹോദര

യമസ്തു ഹരതി പ്രാണാൻ

വൈദ്യഃ പ്രാണാൻ ധനാനി ച’’ എന്നാണു പറഞ്ഞു വച്ചത്. 

‘വൈദ്യരേ, കാലന്റെ പൊന്നനിയാ നമസ്കാരം. കാലൻ ജീവൻ മാത്രമെടുക്കുന്നു; താങ്കളോ ജീവന്‍ മാത്രമല്ല കാശും കൂടി തട്ടുന്നു’ എന്ന കടുത്ത ആരോപണം. 

പാവം വല്ല അർശസോ ഭഗന്തരമോ കൊണ്ടുള്ള മാറാത്ത വേദനയിൽ പെട്ടുപോയി പറഞ്ഞുപോയതാകണം. അല്ലാതെ ഭിഷഗ്വരൻമാർ അങ്ങനെയൊരു വിഭാഗമാണെന്നൊന്നും അനുഭവത്തിൽ തോന്നിയിട്ടില്ല. 

ചില ചികിൽസ ചിലരിൽ ചിലനേരം ഫലിച്ചെന്നു വരില്ല. എന്നാലും ചികിൽസകൻമാർ രോഗങ്ങള്‍ക്കും മരുന്നുകൾക്കും തങ്ങളോടു പറയാനുള്ളതു മനസ്സു തുറന്നു കേൾക്കണം എന്നു ചില നേരം തോന്നിയിട്ടുമുണ്ട്.  

മരുന്നുകളുടെ മന്ത്രണം കേട്ട വൈദ്യനായിരുന്നു ജീവകൻ.

ആൾ ശ്രീബുദ്ധന്റെ വൈദ്യനായിരുന്നു.    

മാതാപിതാക്കളാരെന്നറിയാത്ത കുഞ്ഞിനെ ബിംബിസാര മഹാരാജാവിന്റെ കൊട്ടാരവാതിൽക്കല്‍ ആരോ കൊണ്ടിട്ടുപോകുകയായിരുന്നു. കൊട്ടാരത്തിൽ വളർന്നോട്ടെ എന്നു രാജാവു പറഞ്ഞു. ഗുരുകുല പഠനവേളയിൽ അവന്റെ വഴി വൈദ്യം തന്നെ എന്നു ഗുരുവിനു മനസ്സിലായി. വൈദ്യം സ്പെഷലൈസ് ചെയ്ത വിദ്യാർഥികളെ ഒരു പ്രഭാതത്തിൽ അവസാന പ്രാക്ടിക്കൽ പരീക്ഷയ്ക്കു ഗുരു പുറത്തുവിട്ടു. സൂര്യാസ്തമയത്തിനു മുൻപു മടങ്ങിവരണം. വരുമ്പോൾ യാത്രയിൽ മരുന്നല്ലാതെ കാണുന്ന ചെടികളൊക്കെ പറിച്ചുകൊണ്ടു വരണം. മടങ്ങിവന്നപ്പോൾ ജീവകന്റെ കയ്യിൽ മാത്രം ഒരു ചെടി പോലുമുണ്ടായിരുന്നില്ല.

‘‘മരുന്നല്ലാത്ത ഒരു ചെടിയും നീ കണ്ടില്ലേ ജീവകാ?’’– ഗുരു ചോദിച്ചു.

‘‘ഇല്ല ഗുരോ’’

തന്നെക്കാളും വലിയ ആളായി ശിഷ്യൻ എന്ന സന്തോഷത്തികവിൽ ഗുരു തുടർന്നു:

‘‘നീ കാണുന്ന ചെടിയൊക്കെ മരുന്നാണെന്നു നിനക്കെങ്ങനെയാണു മനസ്സിലാകുക?’’ 

‘‘ ചെടികൾ എന്നോടു മന്ത്രിക്കുന്നു. ഞാൻ മനസ്സിലാക്കുന്നു.’’  

എല്ലാ പ്രഫഷനലുകളും നേടേണ്ട സിദ്ധിയല്ലേ ഇത്. അവനവന്റെ മേഖലയിൽ.  

ജീവകന്റെ കഥ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തതു കൊരങ്ങുംവള്ളിയെയാണ്.

വശംകെടുത്തിക്കളഞ്ഞൊരു ചികിൽസയുടെ വിരാമചിഹ്നമായി ഞാൻ ഓർക്കുന്നൊരു പാഴ്ചെടി.  

എന്റെ പെങ്ങളുടെ പുത്രന്റെ ചെവിപഴുപ്പ് ആയിരുന്നു ചികിൽസയെ അനുസരിക്കാത്ത ആ രോഗം. അതിനു വെടിച്ചില്ലു പോലെ വന്നൊരു മരുന്നാണു കൊരങ്ങുംവള്ളി. മരുന്നാണെന്ന് ആരും വിചാരിക്കാത്തൊരു വള്ളിച്ചെടി.

രണ്ടാമത്തെ പെങ്ങളുടെ രണ്ടാമത്തെ മകൻ പ്രിൻസിന് ചെവിപഴുപ്പ്  നന്നേകുഞ്ഞിലേ തുടങ്ങിയതാണ്. ഇഎൻടി ചികിൽസയും കുഞ്ഞിലേ തുടങ്ങി. ചെവിവേദന വരും. നഴ്സറിയിലൊക്കെ ആയതോടെ സകൂളിൽ പോകാതിരിക്കാൻ അവന് ഉപകാരപ്പെട്ടെങ്കിലും വേദന വീട്ടിലാകെ പ്രശ്നമായി തുടർന്നു.  നിലവിളിയും സ്വയം തലയ്ക്കിട്ടടിയുമൊക്കയാണ് ചെറുക്കന്റ സ്വയം ചികൽസ. അതിനും പരിഹാരം കാണണം. വേദന മാറ്റിയെടുക്കുന്നതോടെ പിന്നെ ചെവി പൊട്ടിയൊലിക്കാൻ തുടങ്ങും. പത്തനംതിട്ടയിൽ കൊണ്ടുപോയാണ്  ഇഎന്‍ടിയെ കാണിക്കുക. ആ പോക്ക് ഒരൊന്നര പോക്കാണ്. അടുത്ത ബസ് സ്റ്റോപ്പിലെത്താൻ തന്നെ രണ്ടുമൂന്നു കിലോമീറ്ററുണ്ട്. അക്കാലം ഓട്ടോറിക്ഷകൾ നന്നേ കമ്മി. പലപ്പോഴും ഈ ദൂരം ഇവനെയും കൊണ്ടു നടക്കേണ്ടിവരും. പിന്നെ ഡോക്ടറെ കാത്തിരിക്കണം. കാത്തിരിക്കാം. പക്ഷേ, വേദനയും പഴുപ്പും ഇഎൻടിയെ അനുസരിക്കുന്ന തരമല്ല എന്നതാണു പ്രശ്നം. വെല്ലുവിളിച്ചെന്ന മട്ടിൽ അതു പിന്നെയും വരും. 

 അങ്ങനെ പിന്നെയും വരുന്ന കാലം പിന്നെയും വന്നപ്പോൾ വിദ്വാന്  പതിവുപോലെ വേദന തുടങ്ങി. മടുത്തിട്ടുണ്ടെങ്കിലും പിന്നെയും ഇഎൻടിയെ കാണുകയേ വഴിയുള്ളു. അത്തവണത്തെ പോക്കിന് വീട്ടിൽ നിന്നു റോഡിലേക്കുള്ള നടവഴി  അങ്ങനെ കയറിച്ചെല്ലുമ്പോൾ എതിരെ വരുന്നു കടുവത്തിലെ പൊടിയച്ചായൻ. ഞങ്ങളുടെ പള്ളിയിൽ തന്നെയുള്ള അച്ചായനാണ് പൊടിയച്ചായൻ. ആളു പൊടിയല്ല. പള്ളിയിൽ പ്രാർഥന ലീഡ് ചെയ്യും. ബൈബിൾ അടിസ്ഥാനമായി നന്നായി പ്രസംഗിക്കും. നല്ല കൃഷിക്കാരനാണ്. തിരുമ്മുചികിത്സ നല്ല വശമുള്ള ആളാണ്. പലലേഹ്യങ്ങളും ഉണ്ടാക്കാനറിയാം. ച്യവനപ്രാശവും മന്തിലേഹ്യവും അടക്കം. മന്തിയെന്നാൽ കുഴിമന്തിയല്ല, കരിമന്തിയാണ്. മന്തിലേഹ്യം എന്നാൽ കരിങ്കുരങ്ങു രസായനം. കരിമന്തിയെന്ന വിഭാഗം കുരങ്ങിന്റെ ലേഹ്യം നമ്മുടെ നാട്ടിൽ ഒരു കാലത്തു വലിയ സംഭവമായിരുന്നല്ലോ. കരിമന്തിയെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ വനം വകുപ്പ് ഇറക്കിയ പോസ്റ്റർ എന്റെ ഓർമയിലുണ്ട്. കരിമന്തിയുടെ നല്ലൊരു പടവും ‘എന്നിൽ ഒൗഷധ ഗുണമില്ല’ എന്നൊരു അടിക്കുറിപ്പും. ആ പ്രചാരണ പരിപാടി ശക്തിപ്പെട്ടതോടെ പൊടിയച്ചായൻ മന്തിലേഹ്യം ഉണ്ടാക്കുന്നതു നിർത്തി. തേക്കുതോട്ടിൽ പുതിയ പള്ളി വന്നതോടെ അച്ചായനൊക്കെ ആ പള്ളിയിലേക്കു മാറി.  കീറ്റൽ തുടരുന്ന പയ്യനെയും അവനെ എടുത്തു സങ്കടപ്പെട്ടുള്ള പെങ്ങളുടെ വരവും കണ്ട പൊടിയച്ചായൻ ചോദിച്ചു:

“ എന്താ കൊച്ചേ ഇവന് ഏനക്കേട് ? ”

 പെങ്ങൾ തലയിൽ കൈവച്ചു കാര്യങ്ങൾ വിശദീകരിച്ചു. ‘നാളെത്രയായെന്നോ ഈ പോക്കു തുടങ്ങിയിട്ട്’ എന്ന് അസ്വസ്ഥതയും പറഞ്ഞു.

എല്ലാം കേട്ടിട്ടു പൊടിയച്ചായൻ പറഞ്ഞു.

“ നീയൊരു കാര്യം ചെയ്യ് കുറച്ചു കൊരങ്ങുംവള്ളി എണ്ണകാച്ചി തേപ്പിക്ക്. അതു കഴിഞ്ഞുമതി ഇനി ഡോക്ടറെ കാണാൻ പോകുന്നത്.’’

കൊരങ്ങുംവള്ളി !

പറമ്പിലും തൈമരങ്ങളിലുമൊക്കെ പടർന്നു കേറി ഞറുങ്ങണ പിറുങ്ങണ കിടക്കുന്ന ഒരു വള്ളി. പഞ്ഞിക്കെട്ടിൽ പൊതിഞ്ഞു വച്ചിരിക്കുന്ന മാതിരി ഓരോ ഇലമുട്ടിലും  ഏതാണ്ട് സോഡാ വട്ടിന്റെ വലിപ്പമുള്ള കായ്. അതു പഴുക്കുമ്പോൾ കുട്ടികൾ പറിച്ചു തിന്നും എന്നതും ചെടി കണ്ടാൽ ആടു തിന്നും എന്നതുമല്ലാതെ അതിനെക്കൊണ്ടു മറ്റെന്തെങ്കിലും ഗുണമുണ്ടെമെന്നു മുൻപെങ്ങും തോന്നിയിട്ടില്ല. കായ് കുട്ടികൾക്കു കൊരങ്ങുംകായ് ആണ്. കുരങ്ങുകൾ കണ്ടാൽ അപ്പോഴേ പറിച്ചുതിന്നുമെന്നതു കൊണ്ടാകണം ആ പേരു വന്നത്. പൂവും ഇലയുടെ ഷെയ്പ്പും കായ്ക്കുള്ളിലെ ജ്യൂസും ഒക്കെകൊണ്ട് പാഷൻ ഫ്രൂട്ടിന്റെ ഒരു ചെറുകിട വിദൂരബന്ധു എന്നു പറയാമെന്നു തോന്നിയിട്ടുണ്ട്. എന്നാലും പുലിയും പൂച്ചയുമെന്നപോലെ അന്തരവുമുണ്ട്. ഒരു പാവം ചെടി. അതാണ് പറിച്ച് സമൂലം ഇടിച്ചു പിഴിഞ്ഞു ചാറെടുത്ത് എണ്ണ കാച്ചി ചെവിയുടെ മാറാരോഗത്തിന് തലയിൽ തേച്ചുകൊടുക്കാൻ പൊടിയച്ചായൻ പറയുന്നത്.

പെങ്ങൾ വർധിതവീര്യയായി അവിടുന്നു തന്നെ ഒരു കുരങ്ങുംവള്ളി മൂടോടെ പറിച്ചെടുത്തു.

പത്തനംതിട്ടയാത്ര റദ്ദാക്കി.  ആട്ടിയ വെളിച്ചണ്ണ വീട്ടിലിരിപ്പുണ്ട്. അപ്പോൾ തന്നെ കൊരങ്ങുംവള്ളിയെ ഇടിച്ചു പൾപ്പാക്കി പിഴിഞ്ഞു ചാറെടുത്തു.  വെളിച്ചെണ്ണയിൽ മിക്സ് ചെയ്തു അടുപ്പത്തു കയറ്റി. കക്കൻ മണൽപ്പരുവമായപ്പോൾ ഉരുളി താഴെയിറക്കി.

അന്നുതന്നെ എണ്ണ അവന്റെ തലയിൽ തേച്ചു. വേദന കുറയാനും തുടങ്ങി.

ഒരാഴ്ചയായതോടെ വേദന പാടേ പോയി.

പിന്നെ ഒരിക്കലും പ്രിൻസിനു ചെവിവേദനയും ചെവിയൊലിക്കലും ഉണ്ടായില്ല. സമൂലം അതങ്ങില്ലാതെയായി.

ആളിപ്പോൾ കുവൈത്ത് സർക്കാർ സർവീസിൽ നഴ്സാണ്. കൊരങ്ങുംവള്ളി എവിടെക്കണ്ടാലും തൊഴും. അത്ര ബഹുമാനം.

ഇതുപോലെ ഉടനടി ഫലമുണ്ടാക്കിയതാണ് കറുക വെളിച്ചണ്ണയും.

മൂത്ത ചേട്ടനും കുടുംബവും കൊൽക്കത്തയിലായിരുന്ന കാലം. മൂത്ത കുട്ടി ഷിനോയ് അവധിക്കാലത്തു നാട്ടിൽ വന്നത് ദേഹത്തങ്ങിങ്ങ് തലമുതൽ പാദം വരെ ഒരുതരം കുരുപൊട്ടലുമായാണ്. ചെറിയ പരുവിന്റെ തരം. വേദനയുണ്ട്. ചുറ്റുപാടും ചുവന്ന് കുഞ്ഞുമുഴപോലെ പൊന്തിനിൽക്കും. പിന്നെ പൊട്ടും. അതാണ് രീതി. 

ഇതു കണ്ട എന്റെ അമ്മ അന്നു തന്നെ മുറ്റത്തു നിന്ന് ഒരു പിടി കറുകപ്പുല്ല് പറിച്ച് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണ കാച്ചി തലയില്‍ തേച്ചുകൊടുത്തു.

ഒരാഴ്ച കൊണ്ട് അവന്റെ സകല കുരുവും അമങ്ങി.

“ അമ്മച്ചിയുടെ കറുകവെളിച്ചണ്ണ ” എന്ന് അവനിപ്പോഴും പറയും.  അവൻ എണ്ണ തേച്ചപ്പോഴത്തെ പ്രായമായി അവന്റെ കുട്ടിക്കിപ്പോൾ. അവർ ഓസ്ട്രേലിയിലാണ്.

ഈ പ്രയോഗങ്ങളൊക്കെ നമ്മുടെ അറിവിൽ നിന്ന് പൊയ്പോകുന്നല്ലോ എന്നതാണ് സങ്കടം. അഥവ ഇതൊക്കെ പ്രയോഗിക്കുന്നതു പരിഷ്കൃതമല്ല എന്നൊരു ചിന്ത നമുക്കുണ്ടോ എന്നും ഒരു സംശയം. മഞ്ഞളിന് അമേരിക്കയും വേപ്പിനു ജർമനിയും പേറ്റന്റ് എടുത്തു എന്നൊക്കെ പറഞ്ഞുനടക്കുമ്പോഴും കറുകയിലെന്താ കച്ചോലത്തിലെന്താ കുരങ്ങുംവള്ളിയലെന്താ എന്നൊന്നും കണ്ടെത്താൻ നമ്മള്‍ മെനക്കെടാത്തതെന്താണോ?

പശ്ചിമഘട്ടത്തിൽ സമ്പത്തുണ്ടെന്നു പറയുന്നത് ഇതൊക്കയല്ലേ? അതു മുന്നിൽ കണ്ടാലും നമുക്ക് മുതലാക്കാനാകുന്നില്ല!

കറുക ഒൗഷധ ഗുണമുള്ള ചെടിയാണ് മുൻപേ കേട്ടിട്ടുണ്ട്. എന്തിനുള്ള ഒൗഷധമെന്നറിയില്ലെങ്കിലും.

പക്ഷേ കുരങ്ങുംവള്ളി !

കുരങ്ങുംവള്ളി മന്ത്രിച്ചത് പൊടിയച്ചായൻ എപ്പോഴാണോ കേട്ടത്? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com