ADVERTISEMENT

നടുവേദന വല്ലാതെ വലയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ തങ്കച്ചൻ വൈദ്യരെ കാണാൻ പോയത്. ജമാൽ ആണ് പോകണമെന്നു നിർബന്ധിച്ചുപറഞ്ഞത്.  ജമാൽ മലയാളമനോരമയുടെ നാദാപുരം വാർത്താ പ്രതിനിധിയാണ്.

‘‘എന്റെ സാറേ, നടുവേദന കാരണം ഇനി എഴുന്നേൽക്കാൻ പറ്റില്ലെന്ന് കരുതിയ ആളാ ഞാൻ. തങ്കച്ചൻ വൈദ്യർ ഒറ്റ ആളാണ് എന്നെ നടത്തിയത്.’’– ഇതു പറഞ്ഞിട്ട് ജമാൽ ഉറപ്പിച്ചു പറഞ്ഞു; പോണം. 

–ഞാൻ പോയി. ഏഴ് വർഷം മുൻപാണ്.

അതിനും ഒരു അഞ്ചാറു വർഷം മുൻപു മുതലെങ്കിലും നടുവേദനയുണ്ട്. ഇടത്തെ ഏണിനു വേദനയായി ഒരു തുടക്കം. യോഗ കൊണ്ട് പിടിച്ചു നിൽക്കാൻ നോക്കി. ചെയ്യുമ്പോൾ ഫലമുണ്ടാകും. പക്ഷേ, യോഗ ഒരു ശീലമാക്കുന്ന ശീലം എനിക്കില്ല. എവിടെയെങ്കിലും വച്ച് മുറിയും. പിന്നെയും വേദന വരും. ഇരിപ്പും കിടപ്പുമല്ലാതെ വേറെ വ്യായാമമൊന്നുമില്ല. 

പിന്നെപ്പിന്നെ നടുവെട്ടൽ വന്നുതുടങ്ങി. പിടിയിൽ നിൽക്കുന്നില്ലെന്നു കണ്ടപ്പോൾ ഡോക്ടറെ കണ്ടു. എക്സ്റേ നോക്കി. ഡിസ്ക് തന്നെ പ്രശ്നം. ചെറിയ വേദന സംഹാരി സംവിധാനങ്ങളും പിന്നെ കിടപ്പുമാണ് കുറിപ്പടി. കിടന്നാൽ മാറും.

പക്ഷേ, നമുക്ക് എക്കാലവും കിടക്കാൻ പറ്റുമോ ?.

കിടപ്പ്, സ്പ്രേ, കുഴമ്പ്. കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നതിനിടെ നല്ലൊരു കേന്ദ്രത്തിൽ പോയി ഒരാഴ്ച തിരുമ്മു നടത്തി. ആശ്വാസം ഉണ്ടായി,

പക്ഷേ, നീണ്ടു നിൽക്കാത്ത ആശ്വാസം.

പിന്നെയും നടുവെട്ടൽ. അത് എപ്പോൾ സംഭവിക്കും എന്ന് പറയാൻ പറ്റില്ല. വീട്ടിലെ ബൾബ് ഒരെണ്ണം മാറ്റാൻ ഒരു ഒരു സ്റ്റൂളേലോട്ടു കയറുമ്പോൾ, കുളിക്കുമ്പോൾ കുനിഞ്ഞു ബക്കറ്റിൽനിന്നു കോപ്പയിൽ വെള്ളം കോരി നിവരുമ്പോൾ ഒക്കെ അതു സംഭവിക്കാം. വെട്ടിയാൽ നാലഞ്ചു ദിവസം കണക്കു തന്നെ. ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ എവിടെയെങ്കിലും പിടിക്കണം. കാറിൽ നിന്നിറങ്ങാൻ ഡോറിൽ രണ്ടുകൈകൊണ്ടും പിടിച്ച് ആയണം. ഒന്നു തിരിഞ്ഞുനോക്കാൻ മൊത്തത്തിൽ തിരിയണം.

അങ്ങനെയൊരു കാഴ്ച കണ്ടിട്ടാണ് ജമാൽ എന്നെ തങ്കച്ചൻ വൈദ്യരുടെ അടുത്തേക്ക് പറഞ്ഞുവിട്ടത്. കോഴിക്കോട് പേരാമ്പ്ര ചെമ്പ്രയ്ക്കടുത്ത് കേളോത്തുവയലിലാണ് തങ്കച്ചൻ വൈദ്യരുള്ളത്. ഒരു ദിവസം രാവിലെ ഞാൻ വൈദ്യരെ കാണാൻ പുറപ്പെട്ടു. റബർ തോട്ടത്തിനിടയിലെ മൺവഴിയിലൂടെ പച്ച വാഗൺ ആർ ഓടിച്ചു ഞാൻ വൈദ്യരുടെ മുറ്റത്തെത്തി. വീടിന്റെ ഒരു വശത്തേക്കിറക്കിയ ചാർത്തിലാണു ചികിത്സ നടക്കുക. വൈദ്യർ അതിനു മുന്നിൽ തന്നെയുണ്ട്. ഓർത്തൊപ്പീഡിക്സ് മാത്രമേയുള്ളൂ. എല്ലിനും സന്ധികൾക്കും ബന്ധപ്പെട്ട ഞരമ്പുകൾക്കുമല്ലാതെ വൈദ്യർക്കു ചികിത്സയൊന്നുമില്ല.

വൈദ്യരുടെയടുക്കൽ പണ്ടു കണ്ടുമറന്ന മുളംചീളുകൾ ഉണ്ട്. ഒടിഞ്ഞ കൈയും കാലുമൊക്കെ ശരിയാക്കാൻ വച്ചുകെട്ടിയിരുന്നവ. ഒരു കൊച്ചു പയ്യൻ വൈദ്യർക്ക് സഹായിയായിട്ടുണ്ട്. അവൻ ഇരുന്നു ചില മരുന്നുകളൊക്കെ ക്രമീകരിക്കുന്നുണ്ട്. കാലൊടിഞ്ഞ് നാദാപുരം ഭാഗത്തുനിന്ന് ഉമ്മയ്ക്കൊപ്പം വന്നതാണ് അവൻ. അവന് ഉമ്മയും  ഉമ്മയ്ക്ക് അവനും മാത്രമേയുള്ളൂ. ഉമ്മയ്ക്ക് എന്നും പണിക്ക് പോകണം. എല്ലാം കേട്ട വൈദ്യർ പറഞ്ഞു ‘‘ശരിയാകും വരെ അവൻ ഇവിടെ നിന്നോട്ടെ.’’ 

എല്ലാം ശരിയായി. ഉമ്മ അടുത്ത ദിവസം വരും. അപ്പോൾ അവൻ പോകും. ഞാൻ എന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.

‘‘ജമാൽ പറഞ്ഞിട്ടുണ്ടായിരുന്നു.’’

ഒന്നു രണ്ടു പേരുടെ ഉഴിച്ചിലും മറ്റും കഴിഞ്ഞു വൈദ്യർ ചോദിച്ചു.

“ ഭക്ഷണം കഴിക്കുന്നോ ?”

“ ഇല്ല, കഴിച്ചതാ ”

വൈകിയാണ് വൈദ്യരുടെ പ്രാതൽ.

കാപ്പികുടി കഴിഞ്ഞു വന്ന വൈദ്യർ എന്നെ ചാർത്തിനുള്ളിൽ കയറ്റിവിട്ടു. മുണ്ടും ഷേർട്ടുമൊക്കെ മാറ്റിയപ്പോൾ ഒരു വീതിയുള്ള കോണകം തന്നു. അതുടുത്ത് ബെഞ്ച് എന്നും കട്ടിൽ എന്നും പറയാവുന്ന ഒരു പലകത്തട്ടിൽ കിടത്തി.  മേലാസകലം തൈലമിട്ടു. എന്നെ അവിടെ കിടത്തി വൈദ്യർ പിന്നെ പുറത്ത് ആരെയോ അറ്റൻഡ് ചെയ്യാൻ പോയി.

തിരികെ വന്ന് എന്റെ ദേഹമാകെ പിന്നെയും ഉഴിഞ്ഞുകൊണ്ട് കുറെ കുശലങ്ങൾ.

പിന്നെ എണീറ്റിരിക്കാൻ പറഞ്ഞു. കട്ടിലിന്റെ വെളിയിലേക്ക് കാലിട്ട് ബെഞ്ചിലിരിക്കുമ്പോലെ ഞാനിരുന്നു. ഒരുമാതിരി ജാലിയൻ കണാരൻ ഇരിക്കുംമട്ടിൽ. 

എന്റെ കാൽമുട്ടുകൾക്കിടയിലേക്കു  തന്റെ ഒരു കാൽമുട്ടു കടത്തി അതുകൊണ്ട് എന്റെ ഇടത്തേ കാൽ വൈദ്യർ പരമാവധി ഇടത്തേക്ക് അകറ്റിക്കൊണ്ടുപോയി. അതേസമയം രണ്ടു കൈകൊണ്ടും എന്റെ തല പിടിച്ച് പരമാവധി വലത്തോട്ടും കൊണ്ടുപോയി. രണ്ടും അതതിന്റെ പരമാവധിയെത്തിച്ച് പിന്നെ ചില നിമിഷങ്ങൾ നിശ്ചലം. ശേഷം കാൽ ഇടത്തോട്ടു കാൽ കൊണ്ടും തല വലത്തോട്ടു കൈകൊണ്ടും  വൈദ്യർ ഒറ്റവെട്ടിക്കൽ. നട്ടെല്ലിലെവിടെയൊക്കെയോ  ഞൊട്ട കേ‌ട്ടപോലെ തോന്നി. വൈദ്യർ എന്നെ പിടിച്ചു വീണ്ടും പലകത്തട്ടിൽ കിടത്തി. അവിടെ കിടന്നോളാൻ പറഞ്ഞു. ഞാൻ കമിഴ്ന്നങ്ങിനെ കിടന്നു. ഒരു മുക്കാൽ മണിക്കൂറൊക്കെ ആയപ്പോൾ വൈദ്യർ എന്നെ എഴുന്നേൽപ്പിച്ച് ഒരു തോർത്ത് തന്നു.

ദേഹമെല്ലാം തുടച്ചു വൃത്തിയാക്കാൻ. അതു നടത്തി ഞാൻ വൈദ്യരോടു ചോദിച്ചു. 

“ ഇനി ? ”

“ ഒന്നു നടക്കുക. പിന്നെ, പോകാം. പോകും വഴി പേരാമ്പ്ര ടൗണിലെ അശോക ഫാർമസിയിൽ നിന്ന് ഈ മരുന്നു കൂടി വാങ്ങി കൊണ്ടുപോകണം’’.   ചില ഗുളികകൾ. അരിഷ്ടം, കഷായം ഒക്കെയാണ് കുറിപ്പടിയിൽ.

ഗുളിക അരച്ചു വെണ്ണപ്പരുവമാക്കി കഷായത്തിൽ ചേത്തു കഴിക്കണം. മത്സ്യവും മാംസവും കഴിക്കേണ്ട, മുട്ടയും.

ദേഹത്തു കുഴമ്പു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് പുളിയില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കണം. അത് എന്നും വേണം. പുളിയില ചൂടോടെ വേദനയുള്ള ഭാഗത്തു പൊത്തിപ്പിടിക്കണം.

‘‘രണ്ടുമാസം കഴിഞ്ഞുവരണം’’ എന്നു പറഞ്ഞു വൈദ്യർ എന്നെ വിട്ടു.

താമസിക്കുന്ന ചുറ്റുപാടിൽ പുളിയില കിട്ടാനില്ലാത്തതുകൊണ്ടും തേടിനടക്കാൻ നേരമില്ലാത്തതുകൊണ്ടും പുളിയില ഇട്ടുവെന്ത വെള്ളം എന്നതിനോടു ക്ഷമാപണം പറഞ്ഞു. കുഴമ്പിട്ട്, വെറുതെ വെള്ളം തിളപ്പിച്ചു കുളിച്ചു. തോർത്തു കൊണ്ടു പറ്റുംവിധം ഭാര്യ ആവി പിടിച്ചു. എന്നിട്ടും രണ്ടു മാസം കഴിഞ്ഞു ഞാൻ വൈദ്യരെ കാണാൻ എത്തുമ്പോൾ നടുവേദന തീർത്തും മാറിയിരുന്നു.

വൈദ്യർ ഒരു മാസത്തേക്കു കൂടി കഷായവും ഗുളികയും വിധിച്ചു. പിന്നെ എനിക്കിതുവരെ നടുവേദന വന്നിട്ടില്ല. വെടിച്ചില്ലു മരുന്നല്ല; വെടിച്ചില്ലു വൈദ്യർ. വൈദ്യരുടെ ഈ പ്രയോഗമൊക്കെ മികച്ച നാട്ടറിവല്ലേ? അതിൻമേൽ നമ്മൾ ഗവേഷണമൊന്നും നടത്താത്തത് എന്തുകൊണ്ടോ എന്തോ?

എന്തെങ്കിലും വ്യായമമൊക്കെ ചെയ്യണം എന്നു തങ്കച്ചൻ വൈദ്യർ പറഞ്ഞിരുന്നു. അത് എപ്പോഴെങ്കിലും ഒാർമ വരുമ്പോൾ ഞാൻ യോഗ ചെയ്യും. ഭുജംഗാസനം, സർപ്പാസനം, ധനുരാസനം ഇതാണ് എനിക്ക് ഇഷ്ടപ്പെട്ട യോഗാ പാക്കേജ്. ഒത്താൽ ഒരു സർവാംഗാസനം കൂടി. ശവാസനം സാധിക്കുമ്പോഴൊക്കെ. അത്ര തന്നെ.

ഒരിക്കൽ മലയാള മനോരമ ഒരുക്കിയ ഹെൽത്ത് ചെക്കപ്പിന് പൊറ്റമ്മലിലുള്ളഅൽ അബീർ ക്ലിനിക്കിൽ എത്തിയപ്പോൾ ഡോ. മെഹ്റൂഫ് രാജ് ആണ് നോക്കിയത്. ഈയിടെയായിഅദ്ദേഹം പാട്ടു കൊണ്ടു ചികിൽസിക്കും. മ്യൂസിക് തെറപ്പി. വല്ലാതെ പൊങ്ങി നിൽക്കുന്ന എന്റെ കൊളസ്ട്രോൾ കണ്ടിട്ട് അവിടെ നിന്ന് സംസാരം തുടങ്ങിയ ഡോക്ടർ ചോദിച്ചു.

“ പുകവലിയുണ്ടോ ”

“ ഇല്ല’’

“ ആൽക്കഹോൾ '

“ വെരി റെയർ, ഇല്ലെന്നു പറയാം ”

“ എക്‌സർസൈസ് ? ”

“ ഒട്ടുമില്ല ”

ഡോക്ടർ ഞെട്ടി–

“ എക്‌സർസൈസിന്റെ കാര്യ മാണ് ചോദിച്ചത് ”

“ തീരെയില്ല ഡോക്ടർ ”

എന്നെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ  ഡോക്ടർ ഇത്തിരി കുഴങ്ങിപ്പോയി. ‘എന്നും കുറച്ചു നടക്കണം’ എന്നൊക്കെ പറഞ്ഞാണ് അന്നു ഡോക്ടർ വിട്ടത്. 

ഉവ്വ്. ഇപ്പോൾ നടക്കാറുണ്ട്. രണ്ടു മൂന്നു മാസം കൂടുമ്പോൾ മൂന്നു നാലു ദിവസം. എനിക്കും വലിയ പ്രശ്നമില്ല; വ്യായാമത്തിനും വലിയ പ്രശ്നമില്ല. എന്നുവച്ച് ഒരാവശ്യത്തിനു നടക്കണമെന്നു വച്ചാൽ ഞാനങ്ങു നടക്കും. എന്നു‌ം രാവിലെ വെറുതെ കുറെ നടക്കുന്നത് കെ.എഫ്.ജിയുടെ അമ്മ പറഞ്ഞപോലെ പാഴ്പണിയല്ലേ എന്നാണ് മനസ്സ് എന്നോട് എപ്പോഴും ചോദിക്കുക. 

കെ.എഫ്.ജി  എന്നാൽ കെ.എഫ്. ജോർജ്. മനോരമയിൽ എന്റെ മുതിർന്ന സഹപ്രവർത്തകനായിരുന്നു. റിട്ടയർ ചെയ്തു. തറവാട് തിരുവമ്പാടിക്കടുത്ത പുല്ലൂരാംപാറയാണ്. ഒരിക്കൽ അമ്മയെ അദ്ദേഹം ചികിത്സയ്ക്കായി കോഴിക്കോട് കൊണ്ടുവന്നു. ചികിത്സയുടെ ഊർജം ഒക്കെ കിട്ടി ക്ഷീണമൊക്കെ വിട്ട് കാലത്തെ എഴുന്നേൽക്കുന്ന സ്ഥിതിയെത്തിയപ്പോൾ  അമ്മച്ചിക്ക് ഒരു കാര്യം മനസ്സിലായി. രാവിലെ മകനെ കുറേനേരം കാണാനില്ല. ഒരു ദിവസം രാവിലെ വരാന്തയിൽ കാത്തിരുന്നു പിടികൂടി. റോഡിൽനിന്ന് മുറ്റത്തേക്കു നടന്നു കയറി വന്ന കെ എഫ് ജി യോട് അമ്മ ചോദിച്ചു–

“ നീ എവിടെപ്പോയതാടാ ”

‘‘നടക്കാൻ പോയതാമ്മേ ’’ 

അമ്മയ്ക്ക് മനസ്സിലായില്ല, ഒരാൾ നടക്കാൻ വേണ്ടി മാത്രം നടക്കാൻ പോകുന്നത്. കെ എഫ് ജി കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അമ്മയുടെ കമന്റ്. 

‘‘ ഓരോ പാഴ്പണി ’’

അമ്മച്ചിയുടെ കാലമല്ല ഇന്നത്തെ കാലം. കായികാധ്വാനം നന്നേ കുറയുന്ന കാലത്ത് മനുഷ്യൻ വെറുതെ നടക്കുകയും നീന്തുകയും ഓടുകയും ഒക്കെ ചെയ്തേ മതിയാവൂ എന്നറിയുമ്പോഴും അതങ്ങു നടത്തിയെടുക്കാൻ പറ്റുന്നില്ല. 

നടപ്പും വ്യായാമവുമൊന്നുമില്ലാത്തതു കൊണ്ടാകാം അത്യാവശ്യം പ്രമേഹം എന്നെ പിടികൂടിയിട്ടുണ്ട്. മരുന്നു കഴിക്കണോ വേണ്ടയോ എന്ന സംശയത്തിൽ നിന്ന എന്നോടു കൃഷ്ണൻ ഡോക്ടർ പറഞ്ഞു: ദിവസം ഒരു ആറേഴു കിലോമീറ്റർ നടന്നാൽ ചിലപ്പോ മരുന്ന് ഒഴിവാക്കാൻ പറ്റിയേക്കും. തന്റെ സ്ഥിതിക്ക് അതൊന്നും നടപ്പാകില്ല. അതുകൊണ്ടു മരുന്നു കഴിച്ചോളുക. നമ്മളെ കൃത്യമായി അറിയുന്ന ഡോക്ടർ ഒരു ഭാഗ്യമാണ്. എന്റെ അപ്പനെ ചികിൽസിച്ചിട്ടുള്ള കോഴിക്കോട്ടെ പ്രമുഖ ഫിസിഷനായ ഡോ. ആർ. കൃഷ്ണൻ പെങ്ങളുടെ പ്രമേഹവും ചികിൽസിക്കുന്നുണ്ട്. എന്റെ പോക്ക് എങ്ങനെയൊക്കയാകും എന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാം. നടപ്പ് അദ്ദേഹം കുറിപ്പടിയാക്കിയില്ല.

എന്നാൽ ഹോമിയോകാര്യങ്ങളിൽ ഞാൻ ഉപദേശവും ചികിൽസയും തേടുന്ന ഡോ. അജയകുമാർ ബാബു എന്നെ പറഞ്ഞു ജിമ്മിൽ വിട്ടുകളഞ്ഞു! സംഗതി കൊള്ളാമെങ്കിലും എനിക്കു മുന്നോട്ടു കൊണ്ടുപോകാനായില്ല. ഞാൻ നോക്കിയപ്പോൾ അവസാനം ശേഷിക്കുന്നതു ക്ഷീണമാണ്. ജോലിക്കിടെ കോട്ടുവാ വരും. ജിം വേണ്ടെന്നു വച്ചതോടെ സമാധാനമായി.

വ്യായാമം തന്നെ പക്ഷേ, ചികിൽസയുമാകും. നടുവേദനയ്ക്ക് മുൻപേ എനിക്ക് മുട്ടുവേദന വന്നിരുന്നു. 1997, 98 കാലത്താണത്. ഇട്ടി ഡോക്ടറാണത് മാറ്റിയത്. മെഡിക്കൽ കോളജിലെ മുൻ പ്രഫസർ ഡോ. ജോർജ് ഇട്ടി. മരുന്നൊന്നുമില്ലതെ വ്യായാമം കൊണ്ടാണ്  മാറ്റിയത്. ഒരു തുണിസഞ്ചിയിൽ അരക്കിലോ മണൽ നിറച്ച് അത് കാലിന്റെ പൊത്തയ്ക്കു വച്ച് കട്ടിലിലിരുന്ന് കാൽ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്ന എക്സർസൈസ്. വേദന പോയി. 

എക്സർസൈസ് ഇല്ലാത്ത ശരീരത്ത് വന്നു കൂടുന്ന ഓരോ വേദനകളാകാം എനിക്കു വരുന്നത്. ഓരോന്ന് ഓരോരുത്തർ മാറ്റുന്നു. കഴുത്തിനു വന്ന വേദന മാറ്റിയത് ഡോ. ശ്രീകുമാർ നമ്പൂതിരിയാണ്. അത് മോഡേൺ മെഡിസിനിലെ എക്സർസൈസ് കൊണ്ടും മാറിക്കിട്ടിയിരുന്നില്ല. അങ്ങനെയാണ്  എന്റെ സീനിയർ സഹപ്രവർത്തകനായിരുന്ന  കെ.എൻ.ആർ. നമ്പൂതിരിയുടെ ഇളയ സഹോദരൻ കൂടിയായ ഡോ. ശ്രീകുമാറിന്റെ സവിധത്തിലെത്തിയത്. ഒരു ആയുർവേദശ്രമം എന്നത് മനസ്സിൽ എത്തിയപ്പോൾ അറിയുന്ന ഒരാളായിക്കോട്ടെ എന്നുവച്ചു. അറിയുന്ന പൊലീസുകാരൻ ഒരിടി കൂടുതൽ ഇടിച്ചാലും സാരമില്ലല്ലോ. അദ്ദേഹം അന്ന് കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫിസിഷൻ ആണ്. മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്കായി അദ്ദേഹം പിന്നീട് ഒരു ചികിൽസാപദ്ധതി നടപ്പിലാക്കി. അതു വികസിച്ച് തലക്കുളത്തൂരിൽ ഇന്ന് പേരെടുത്ത് നിൽക്കുന്ന  സമഗ്ര ചികിൽസാകേന്ദ്രം ആയി വളർന്നു നിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ  ആശയം.  ഇപ്പോൾ  നാഷനൽ ആയുഷ് മിഷന്റെ സ്പെഷൽ മെഡിക്കൽ ഓഫിസറാണദ്ദേഹം. 

ശ്രീകുമാർ ഡോക്ടറെ ഞാൻ വീട്ടിൽ പോയാണ് കണ്ടത്. സഹോദരന്റെ സഹപ്രവർത്തകൻ ആണെന്നുള്ള ഒരു സ്വാതന്ത്ര്യം കൂടി എടുത്തുകൊണ്ട്. ഞങ്ങൾ കുറെ കുശലം പറഞ്ഞു. ഡോക്ടർ ചില്ലറ തമാശയൊക്കെ പറയും. നമ്പൂരി നർമം ജ്യേഷ്ഠൻ നമ്പൂതിരിയെക്കാൾ ലേശം കൂടും. രണ്ടു പേരുടെയും ജ്യേഷ്ഠനായ നടൻ ബാബു നമ്പൂതിരിയോടു ഞാൻ നേരിട്ടു സംസാരിച്ചിട്ടില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കാര്യം അറിയില്ല. ഒടുവിൽ കഴുത്തൊക്കെ പിടിച്ചു നോക്കിയിട്ട് എക്സർസൈസ് ഒക്കെ തുടർന്നും ചെയ്തോ എന്നു പറഞ്ഞു. പിന്നെ മർമഗുളിക എന്ന മർമവട്ട് കുറിച്ചു തന്നു. മുട്ടയുടെ വെള്ളയിൽ ചാലിച്ച് കഴുത്തിന്റെ പിൻഭാഗം മുഴുവൻ തേച്ചുപിടിപ്പിക്കാൻ. പിന്നെ ഒരു അരിഷ്ടം. അരിഷ്ടം കഴിക്കുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്.  സ്നേഹപൂർണമായ മറ്റൊരു ഇഷ്ടം അതിന്റെ പിന്നിലുണ്ട്.

എന്തായാലും ഡോ. ശ്രീകുമാർ നമ്പൂതിരിയെ കണ്ടശേഷം എത്രയോ വർഷങ്ങളായി എനിക്ക് കഴുത്തുവേദന ഇല്ല.  ചെറിയൊരു കഴുത്തുവേദന പോലും എഴുത്തും കുറിപ്പും കംപ്യൂട്ടർ നോട്ടവും വായനയുമൊക്കെ ഭാഗമായ എന്റെ ജോലിക്ക് വലിയൊരു പാരയും ശൂലവുമാണ്. അതാണ് ആയുർവേദത്തിന്റെ ലേപപുണ്യത്തിൽ ഡോ. ശ്രീകുമാർ നമ്പൂതിരി തൊട്ടുഴിഞ്ഞെടുത്തത്.

ഇനി മുൻപേ പറഞ്ഞ അരിഷ്ടത്തിന്റ ഇഷ്ടവും പറയണമല്ലോ. അത് മാവേലിക്കരയിൽനിന്ന് തുടങ്ങിയതാണ്. ഞാൻ ബിഷപ്പ് മൂർ കോളജിലാണ് പ്രീഡിഗ്രി പഠിച്ചത്.

ഒന്നാംവർഷം ആണ്ടു പരീക്ഷയിലെ ബോട്ടണി പരീക്ഷയുടെ ദിവസം കോളജിലേക്ക് പുറപ്പെടുന്നതിന് ഇത്തിരി മുൻപ് കിണറ്റുകരയിൽ ചെന്നു കാലിലിത്തിരി വെള്ളമൊഴിച്ചു തിരിച്ചു നടന്ന എന്റെ വലതുകാൽ ഒന്നു മടുത്തു. എന്നുവച്ചാൽ  കാലിന്റെ പത്തി ചരിഞ്ഞുണ്ടാകുന്ന ഉളുക്കുതന്നെ. കോഴിക്കോട്ടാണ് അതിന്റെ കറക്ട് വാക്ക് പറയുന്നത് – പത്തിമടക്കം.

‍ഞൊണ്ടി ഞൊണ്ടി വീടിനുള്ളിൽ കയറി. പരീക്ഷയാണ്. ഒന്നിനും നേരമില്ല, തന്നെത്താൻ ഒന്നു തിരുമ്മി വേഗം കോളജിലേക്കു വിട്ടു. അച്യുതവാര്യർ വക്കീലിന്റെ മകൻ, ഒപ്പം പഠിക്കുന്ന ജയന്റെ  ബിഎസ്എ സൈക്കിളിന്റെ പിന്നിൽ കയറി കോളജിലെത്തിയപ്പോഴേക്കും കാലിന്റെ പൊത്ത നീരു വന്നു വീർത്തു. പരീക്ഷ എങ്ങനെയോ എഴുതി തിരിച്ചു പുറത്തിറങ്ങിയപ്പോൾ പിന്നെയും കുറെക്കൂടി വീർത്തിട്ടുണ്ട്. തറയിൽ കുത്താനും വയ്യ. വൈദ്യനെവിടെ, ആശുപത്രിയെവിടെ എന്നൊന്നും എനിക്കത്ര നിശ്ചയം പോരാ. അപ്പോഴാണ് ‍ജയകുമാർ എന്ന കൂട്ടുകാരൻ പറയുന്നത് അവന്റെ ബന്ധു ഡോ. ശശിധരൻ പിള്ള ബുദ്ധ ജംക്‌ഷനിലെ ' ഔഷധി ' യിലുണ്ടെന്ന്. അവന്റെ റാലി സൈക്കിളിന്റെ ക്രോസ്ബാറിൽ ഇരുത്തി എന്നെ അവൻ ഡോക്ടറുടെ മുന്നിൽ കൊണ്ടിറക്കി.  ഡോക്ടർ നല്ല രസികനും ചെണ്ട സിനിമയിൽ അഭിനയിച്ചിട്ടുള്ള ആളുമാണെന്ന് ഇതിനിടെ ജയകുമാർ എന്നോടു പറഞ്ഞുതന്നു.  ആറടി പൊക്കവും അതിനൊത്ത ഉറച്ച ശരീരവുമുള്ള നന്നായി ചിരിക്കുന്ന ഡോക്ടർ. ഡോക്ടർ ആദ്യം തന്നെ എനിക്കൊരു ഔൺസ്ഗ്ലാസ് നിറയെ അരിഷ്ടം തന്നു. ഹാഹാ.. പിന്നെ തെല്ലുവർത്തമാനം. ശേഷം  തറയിലിരുന്ന് കസേരയിലിരിക്കുന്ന എന്റെ കാൽപ്പടം തൈലം പുരട്ടി നന്നായി ഉഴിഞ്ഞു. 

“ വല്ലാതെ നീരായിപ്പോയി ”– ഡോക്ടർ പറഞ്ഞു.

അങ്ങോട്ടു പോകുന്ന വഴിക്കു തന്നെ ഇവിടെ കയറിയാൽ മതിയായിരുന്നു എന്നും പറഞ്ഞു.

അതെങ്ങനെ നടക്കാനാണ്! ഒന്നാമത് പരീക്ഷ. ഈ സംഭവം ഇത്ര കയറി കനക്കുമെന്നു നമ്മൾ വിചാരിക്കുന്നില്ല. പിന്നെ ഈ ഡോക്ടർ ഇവിടെ ഉണ്ടെന്ന് എനിക്ക് അറിയുകയുമില്ല. 

ഞാനൊന്നും പറഞ്ഞില്ല. ചുമ്മാതിരുന്ന് ഇളിച്ചു.

ഇതിനിടയ്ക്ക് ഡോക്ടർ എന്റെ കാലിന്റെ ഉപ്പൂറ്റി അദ്ദേഹത്തിന്റെ ഇടതുകയ്യിൽ താങ്ങിവച്ച് വലതുകൈ കൊണ്ട് സൗമ്യമായി കറക്കി. ഇടത്തോട്ടും വലത്തോട്ടും. പിന്നെ കാൽപ്പത്തിയിൽ പിടിച്ചുപൊക്കികൊണ്ട് പത്തി അകവശത്തേക്കൊന്നു മടക്കി. ചെറിയൊരു ഞൊട്ടപ്പരമ്പര ഉണ്ടായി. ഞാനൊന്നു വാപൊളിച്ചു. ഡോക്ടർ പിന്നെ നല്ലൊരു കട്ട പഞ്ഞി കാൽപ്പത്തിക്കു മീതേവച്ച് അതു കുതിരുംവണ്ണം തൈലമൊഴിച്ചു. ശേഷം ഗോസ് തുണികൊണ്ട് നന്നായി പൊതിഞ്ഞു കെട്ടി. ഒരു കുപ്പിയിൽ തൈലം തന്നു. തോരെത്തോരെ ഒഴിച്ചുകൊടുക്കണമെന്നു പറഞ്ഞു.

ഡോക്ടർക്കു കൊടുക്കാൻ ഒന്നും കയ്യിലില്ല. അതു മനസ്സിലാക്കിയാകണം ഡോക്ടർ, ജയകുമാറിനോടു പറഞ്ഞു. 

“ സൈക്കിളിൽ തന്നെ വേഗം വീട്ടിക്കൊണ്ടുവിട്”

സൈക്കിളിൽ കയറുമ്പോൾ കൂടെയിറങ്ങി വന്ന് വിശാലമായി ചിരിച്ച് തോളത്തു തട്ടി ഡോക്ടർ യാത്രയാക്കി. പിന്നെ മാവേലിക്കരയിൽ പോകുമ്പോഴെല്ലാം ഞാൻ ഔഷധിയിൽ കയറും . 

ഡോക്ടർ അരിഷ്ടം തരും. സ്നേഹാരിഷ്ടം!

ഔഷധിയിൽ നിന്നു വിരമിച്ച ഡോക്ടർ ഇപ്പോഴും മാവേലിക്കരയിലുണ്ട്. തെക്കേക്കര പൊന്നേഴയിൽ. അരിഷ്ടം മുടക്കിയിട്ടില്ല. 

ഒരു കാര്യമുള്ളത് ഡോക്ടർ എന്റെ കാലില്‍ പ്രയോഗിച്ച പ്രയോഗങ്ങള്‍ ഞാൻ നന്നായി മനസ്സില്‍ ‍ ഒപ്പിയെടുത്തു എന്നതാണ്. നാലഞ്ചു വർഷം കഴിഞ്ഞൊരിക്കൽ കല്ലാറ്റിൽ തുണിയലക്കി ഞാനിരിക്കുമ്പോൾ എന്റെ ഒപ്പം ഉണ്ടായിരുന്ന കൊച്ചുകൂട്ടുകാരൻ മുത്തങ്ങാമുരുപ്പേലെ അച്ചൻകുഞ്ഞ് അവന്റെ അലക്കിയ തുണികൾ പാറപ്പുറത്ത് വിരിച്ച് തിരകെവരുന്നതിനിടെ കാൽ തെറ്റി പത്തി മടങ്ങി. കാൽമുട്ടു മുറിഞ്ഞ എന്നെ പണ്ട് തോളിലെടുത്ത കുഞ്ഞൂട്ടിച്ചായന്റെ മകനാണ് അച്ചൻകുഞ്ഞ്. മടങ്ങിയ പത്തിയുമായി എണീറ്റ അവനു കാലുകുത്താൻ വയ്യ. നോക്കിനിൽക്കുമ്പോൾ കാൽക്കുഴയ്ക്കു മുന്നെ കാലിന്റെ പുറംപത്തിയിൽ നീര് ഉരുണ്ടുവരുന്നു. ഞാനവിടെയിരുന്നു. അവനെ ഒരു കല്ലിന് മുകളിലിരുത്തി. തൈലമൊന്നുമില്ല. ആറ്റിലെ പച്ചവെള്ളം കൊണ്ട് കാൽപ്പത്തി നന്നായിട്ടുഴിഞ്ഞു. പിന്നെ പത്തി പലവഴി ചായ്ച്ചു പിടിച്ചു സൗമ്യമായി  കറക്കി.  കാൽ പൊക്കിപ്പിടിച്ചു കാൽപ്പത്തി അകത്തോട്ടു പിടിച്ചു വളച്ചു. ഞൊട്ട കേട്ടു.

ഞാൻ ഉള്ളിൽ ദൈവത്തെ വിളിച്ചു പറഞ്ഞു–

‘‘ശരിയാക്കിയേക്കണേ’’.

അച്ചൻകുഞ്ഞ് കുറെ നേരം മരത്തണലിൽ പാറപ്പുറത്ത് കാൽ നീട്ടി കൈകൾ പിന്നോട്ടു കുത്തി തല പിന്നോട്ടു ചായ്ച്ച് ഇരുന്നു. അവനത്ര വേദന അനുഭവിച്ചിരുന്നു.  

തുണികളൊക്കെ ഉണങ്ങിയതോടെ ഞാൻ നിർദേശം വച്ചു.

" പാം "

" ങ.. പാം " അവൻ കൂടെ വന്നു.

വീടു വരെ നടന്നു.

കുഴപ്പമൊന്നുമില്ല.

    പിറ്റേന്നു രാവിലെ ഞാൻ അവന്റെ വീട്ടിൽ പോയി നോക്കി. നീരൊന്നും കൂടിയിട്ടില്ല.

" ഒന്നുമില്ല മോനിച്ചായാ, എല്ലാം മാറി. ശകലം വേദനയേയുള്ളു"

സമാധാനം– ഞാൻ ഒടേതമ്പുരാനു നന്ദി പറഞ്ഞു.

പിന്നെ ആരുടെയും മേൽ ഞാനതു പ്രയോഗിച്ചിട്ടില്ല. ആവശ്യം വന്നിട്ടില്ല. പക്ഷേ ഈയിടെ സ്വയം പ്രയോഗിച്ചു. മേയ് 23ന് പാർലമെന്റ് ഇലക്‌ഷന്റെ വോട്ടെണ്ണൽ. ഉച്ചയ്ക്ക് വീട്ടിലെത്തി ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ  അടുത്ത വീട്ടിലെ കോൺഗ്രസ് പ്രവർത്തകൻ രാജേഷ് ലഡുവുമായി ഓടിവന്നുവിളിച്ചു. യുഡിഎഫിനു കോഴിക്കോട് അടക്കം 19 സീറ്റ് കിട്ടിയതിന്റെ മധുരം. രാജേഷിനു നല്ല തിരക്കാണ്. ഉണ്ടുകൊണ്ടിരുന്നിടത്തു നിന്നു ഞാൻ പാഞ്ഞുവന്ന് മുൻവാതിൽ കടത്തി കാൽ പുറത്തേക്കു വച്ചത് തടിച്ച ചകിരിമെത്തയുടെ വക്കിലായിപ്പോയി. പത്തി മടങ്ങി. ഊണു തീർന്നപ്പോഴേക്കും നീര് ഉരുണ്ടുതുടങ്ങി. മുറിവെണ്ണ കയ്യിലെടുത്ത് ഞാൻ തടവി. ഇടതുകൈ കൊണ്ടു താങ്ങു കൊടുത്ത് വലംകൈ കൊണ്ടു കാൽ സൗമ്യമായി കറക്കി. ശേഷം ശശിധരൻപിള്ള ഡോക്ടറെയും തമ്പുരാനെയും വിചാരിച്ച് പൊക്കിപ്പിടിച്ച കാലിന്റെ പത്തി രണ്ടു കൈ കൊണ്ടും അകത്തേക്കു പിടിച്ചൊന്നു വളച്ചു. പിന്നെ മുറിവെണ്ണയിൽ കുതിർത്ത പഞ്ഞി മേലേ പതിപ്പിച്ച് തുണി കൊണ്ടു കെട്ടി.

ഓഫിസിൽ ഞാൻ ഒത്തിമുടന്തി നടക്കുന്നതു കണ്ട ചില സഹപ്രവർത്തകർ കളരിയിൽ പോകുന്ന കാര്യം പറഞ്ഞു. 

ഞാൻ പോയില്ല. പോകാതിരുന്നു നോക്കാം എന്നുതന്നെ വിചാരിച്ചു.

ഇപ്പോൾ സംഗതി ശരിയായിരിക്കുന്നു. മുറിവെണ്ണ കൂടാതെ ‘വോളിനി’ സ്പ്രേ ചെയ്യുകയും ചെയ്തു എന്നതായിരുന്നു ഇത്തവണ ചികിൽസയിലെ പുതുമ.

അതു പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ശശിധരൻ പിള്ള ഡോക്ടറും പറഞ്ഞിട്ടില്ല.

എന്നാലും ഞാൻ ആരോടും ഒന്നും പറയുന്നില്ല.

(മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്ററാണ് ലേഖകൻ)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com