ADVERTISEMENT

ലോകത്താകമാനമുള്ള അർബുദരോഗികളിൽ രണ്ടാംസ്ഥാനം സ്തനാർബുദത്തിനാണ് . ശ്വാസകോശാർബുദത്തിനാണ് ഒന്നാം സ്ഥാനം. 

സ്തനാർബുദത്തിനുള്ള സാധ്യത?

∙ സ്തനാർബുദം പാരമ്പര്യരോഗമായി കണക്കാക്കിയിട്ടില്ലെങ്കിലും അടുത്ത ബന്ധുക്കളിലാർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത്തരക്കാരിൽ സ്തനാർബുദസാധ്യത കൂടുതലാണ്

നേരത്തെയുള്ള ആർത്തവാരംഭവും (12 വയസ്സിനു മുമ്പ്) വൈകിയുള്ള ആർത്തവവിരാമവും (55 വയസ്സിനു ശേഷം) സാധ്യത കൂട്ടൂന്നു. ആർത്തവവിരാമത്തിനുശേഷം അമിതഭാരമുണ്ടായവരും സൂക്ഷിക്കണം

∙ കൊഴുപ്പേറിയ ഭക്ഷണം, മാംസം, മദ്യം ഇവയുടെ അമിത ഉപയോഗം

∙ ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ, വന്ധ്യതയ്ക്കുള്ള മരുന്നുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള ഹോർമോൺ സങ്കരങ്ങൾ, ഹോർമോൺ പുനരുദ്ധാരണ ചികിത്സ എന്നിവ രോഗസാധ്യത കൂട്ടാം. പക്ഷേ ഹ്രസ്വകാല ഉപയോഗത്തിൽ കുഴപ്പമില്ല

∙ ആദ്യഗർഭധാരണം 30 വയസ്സിനുശേഷം, ഒരിക്കലും ഗർഭിണിയാകാത്ത സ്ത്രീകൾ 45 വയസ്സിലധികം പ്രായം എന്നിവ

∙ അർബുദമല്ലാത്തതരം മുഴകൾ സ്തനത്തിലുള്ളവർക്കും അത്തരം മുഴകൾ നീക്കം ചെയ്തവർക്കും സ്തനാർബുദസാധ്യത കൂടുതലാണ്

സ്തനപരിശോധനകൾ

രോഗത്തിന്റെ വരവ് തടയാനും വന്നാൽ തുടക്കത്തിലേ ചികിത്സ തേടാനും സ്തനം സ്വയം പരിശോധിക്കണം. 20 വയസ്സ് കഴിഞ്ഞ എല്ലാ  സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും ലക്ഷണങ്ങളോ സൂചനകളോ  കാണുന്നുണ്ടോ എന്നു പരിശോധിക്കണം. ഈ പരിശോധന നടത്താൻ ഏറ്റവും അനുയോജ്യം ശരീരം നനഞ്ഞിരിക്കുന്ന സമയമാണ്. അതിനാൽ  കുളിക്കുമ്പോൾ ചെയ്യുന്നതാണ് ഉത്തമം. 

ആർത്തവശേഷം ഒരാഴ്ച കഴിഞ്ഞുവേണം  പരിശോധന നടത്താൻ. ആദ്യം കണ്ണാടിക്കു മുമ്പിൽ നിന്ന് അരക്കെട്ടിൽ ഇരു കൈകളും വച്ച് ഇരു സ്തനങ്ങളും നോക്കുക. സ്തനങ്ങളുടെ വലുപ്പം,ആകൃതി നിറം എന്നിവയിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുക.

നിരപ്പായ  പ്രതലത്തിൽ കിടന്നു വലതുസ്തനം ഇടതുകൈ കൊണ്ടും ഇടതുസ്തനം വലതുകൈകൊണ്ടും മുകളിൽ നിന്നും താഴേക്കു വയറിന്റെ മുകൾഭാഗം വരെയും വശങ്ങളിൽ കക്ഷത്തിന്റെ ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യഭാഗം വരെയും വിരലുകൾ ചേർത്തു പിടിച്ചു വൃത്താകൃതിയിൽ ചലിപ്പിക്കുക.

20 നും 40 നും ഇടയിൽ പ്രായമുള്ളവർ രണ്ടു വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ടു സ്തനപരിശോധന നടത്തുന്നതു നല്ലതാണ്. 40 കഴിഞ്ഞാൽ ഓരോ വർഷവും ഈ പരിശോധന തുടരണം. 

രോഗനിർണയ രീതികൾ 

സ്തനങ്ങളിലെ വളരെ ചെറിയ മുഴകൾ പോലും കൃത്യമായി മനസിലാക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച പരിശോധനരീതിയാണു മാമ്മോഗ്രാഫി. ഇതു സ്തനങ്ങൾക്കായുള്ള പ്രത്യേക എക്സറേ ആണ്.

സ്തനാർബുദമാണെന്നു സംശയം തോന്നുകയാണെങ്കിൽ രോഗം സ്ഥിരീകരിക്കുന്നതിനായി സ്തനത്തിന്റെ മുഴകളിൽ നിന്നും കക്ഷത്തിലെ കഴലകളിൽ നിന്നും കോശങ്ങൾ ഒരു സിറിഞ്ചുപയോഗിച്ചു വലിച്ചെടുത്ത്  ലാബ് പരിശോധനയിലൂടെ രോഗനിർണയം നടത്താം. ഇതിനെ ഫൈൻനീഡിൽ ആസ്പിരേഷൻ സൈറ്റോളജി എന്നു പറയുന്നു. 

ബയോപ്സി പരിശോധനയിൽ വലുപ്പമുള്ള കോർനീഡിൽ എന്ന സുചി ഉപയോഗിച്ചു കൊണ്ടോ അല്ലെങ്കിൽ ചെറിയ ശസ്ത്രക്രിയ ചെയ്തോ ചില സന്ദർഭങ്ങളിൽ മുഴ മൊത്തമായും നീക്കം ചെയ്തോ പരിശോധന നടത്തുന്നു. അസുഖം സ്ഥിരീകരിച്ചാൽ അസുഖത്തിന്റെ അവസ്ഥ എന്താണെന്നറിയാനുള്ള ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com