ADVERTISEMENT

വിളിക്കാതെ എത്തുന്ന മാരകരോഗങ്ങൾ നിർധന കുടുംബങ്ങളെ അടിയോടെ ചുഴറ്റിക്കളയും. മാരകരോഗങ്ങളെ പരാജയപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുവരാൻ അവർക്കുള്ള കൈത്താങ്ങുകളാണ് വിവിധ സൗജന്യ ചികിത്സാപദ്ധതികൾ. ഏറ്റവും അനുഭാവ പൂർണമായ നിലപാട് എടുക്കേണ്ടവയാണ് ഇത്തരം പദ്ധതികൾ. മലയാള മനോരമ സംഘടിപ്പിച്ച ‘ഹലോ കാരുണ്യ’ ഫോൺ ഇൻ പരിപാടിയിൽ രണ്ടു പേർ പങ്കുവച്ച സങ്കടകഥ ഇങ്ങനെ

ഈ ഹൃദയം ഇനി എത്ര നാൾ ? (കെ.സരസ്വതി, പയ്യന്നൂർ)

karunya1

മൂന്നു മാസങ്ങൾക്കു മുൻപ് പറശ്ശിനി ക്ഷേത്ര ദർശനം കഴിഞ്ഞു വരുമ്പോഴാണ് ഹൃദയതാളം തെറ്റിയത്. വീട്ടിലേക്കു ബസിൽ യാത്ര ചെയ്യവേ കുഴഞ്ഞു വീണതിനെ തുടർന്നു പരിയാരം ഹൃദയാലയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും ചെലവോർത്ത് ശസ്ത്രക്രിയ നീട്ടി. തൽക്കാലത്തേക്കു മരുന്നു കഴിച്ചു പിടിച്ചു നിന്നു. അസുഖത്തിന്റെ തളർച്ചയിലും പരിയാരം മെഡിക്കൽ കോളജിൽ എത്തി വാഹനങ്ങൾ കഴുകി നൽകിയാണു മരുന്നിനുള്ള തുക കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപ് ഒട്ടും മുന്നോട്ടു പോകാൻ വയ്യാത്ത അവസ്ഥയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. 2.25 ലക്ഷം രൂപയോളം ചികിത്സാ ചെലവുള്ള ശസ്ത്രക്രിയയ്ക്കു കാരുണ്യയിൽ 2 ലക്ഷം രൂപ ലഭിക്കുമെന്നതായിരുന്നു പ്രതീക്ഷ. എന്നാൽ കാരുണ്യ നിർത്താൻ തീരുമാനിച്ചെന്ന വാർത്ത ഞെട്ടലോടെയാണു കേട്ടത്.

വാടകവീട്ടിലാണു താമസം. രണ്ടു പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗം ഞാനായിരുന്നു. ചെറിയ ജോലിയെടുത്തു കിട്ടുന്ന വരുമാനം പലപ്പോഴും വാടക നൽകാൻ പോലും തികയാറില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ ചികിത്സാ ചെലവ് എവിടെ നിന്നെടുത്തു കൊടുക്കും?. ഓരോ ദിവസവും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ കാരുണ്യ ഉണ്ടായിരുന്നതിനാൽ 24 മണിക്കൂറിനകം ചികിത്സാ സഹായം കിട്ടുമായിരുന്നു. കാരുണ്യ തുടർന്നും ലഭിക്കുമെന്നു സർക്കാർ ഉത്തരവിറക്കിയെങ്കിലും എന്നു മുതലാണു ലഭിക്കുക എന്നറിയില്ല. അടുത്തയാഴ്ചത്തേക്ക് ഞാൻ ജീവിച്ചിരിക്കുമോ എന്ന് പോലും എനിക്കിപ്പോൾ അറിയില്ല. എന്നെപ്പോലുള്ള നിർധനർക്കു നേരെ കാരുണ്യത്തിന്റെ അവസാന വാതിലും കൊട്ടിയടയ്ക്കരുതെന്നാണ് അപേക്ഷ.

വൃക്കരോഗികൾ എന്തു ചെയ്യണം സർ ? (പി.പി.കൃഷ്ണൻ, തെക്കിബസാർ കണ്ണൂർ)

കണ്ണൂർ ജില്ലയിൽ മാത്രം 1447 വൃക്ക രോഗികളുണ്ട്. സർക്കാർ ആശുപത്രികളിൽ ആകെയുള്ളത് വെറും 8 ഡയാലിസിസ് കേന്ദ്രങ്ങളാണ്. ബാക്കി നിർധന രോഗികളായ 900 പേരും ഡയാലിസിസ് ചെയ്യുന്നത് സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളിലാണ്. ഈ സാഹചര്യത്തിൽ ഒരു രോഗി മരിച്ച് സീറ്റ് ഒഴിഞ്ഞാൽ മാത്രമേ സർക്കാർ ആശുപത്രികളിൽ പുതിയ രോഗിക്ക് ഡയാലിസിസ് നടത്താൻ കഴിയൂ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസിനു റജിസ്റ്റർ ചെയ്താൽ 6 മാസമെങ്കിലും കഴിയാതെ അവസരം കിട്ടില്ല. വൃക്ക രോഗം ബാധിച്ച ഒരാൾക്കു മൂന്നോ നാലോ ദിവസം പോലും ഡയാലിസിസ് ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ല.

ഈ സാഹചര്യത്തിലാണു പലരും ഫീസ് നൽകി സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം 32 സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളിലാണു രോഗികൾ ചികിത്സ തേടിയെത്തുന്നത്. ആയുഷ്കാലം മുഴുവൻ വേണ്ടി വരുന്ന ഡയാലിസിസ് ചെലവു താങ്ങാനാകാതെ മരണത്തിനും ജീവിതത്തിനുമിടയിൽ ദുരിതത്തിലാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ അധികൃതർ മുൻ കയ്യെടുക്കണം.

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് അറിയാം

ചികിത്സാ ആനുകൂല്യങ്ങൾ ഇവയാണ്

∙ ആനുകൂല്യം 24 മണിക്കൂറെങ്കിലും നീളുന്ന കിടത്തിച്ചികിത്സയ്ക്കു മാത്രം

∙ കിടത്തി ചികിത്സ ആരംഭിക്കുന്നതിനു 3 ദിവസം മുൻപു വരെയുള്ള ചികിത്സ സൗജന്യം

∙ മരുന്നുകൾക്കും എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധനകൾക്കും ആവശ്യമുള്ള മുഴുവൻ തുകയും ലഭിക്കും.

∙ ആശുപത്രി മുറി അനുവദിക്കില്ല, കിടത്തി ചികിത്സ വാർഡിൽ മാത്രം

∙ ഡിസ്ചാർജിനു ശേഷമുള്ള 5 ദിവസം വരെയുള്ള മരുന്നുകളും സൗജന്യം.

∙ സൗജന്യം അലോപ്പതി ചികിത്സയ്ക്കു മാത്രം

∙ ഡയാലിസിസ്, കീമോതെറപ്പി, റേഡിയേഷൻ, ലീതോട്രിപ്സി, തിമിര ശസ്ത്രക്രിയ എന്നിവയ്ക്ക് 24 മണിക്കൂർ കിടത്തി ചികിത്സ ഇല്ലെങ്കിലും സൗജന്യം  ലഭിക്കും‌ം

ഇവയ്ക്ക് ആനുകൂല്യമില്ല
∙ ഒപി ചികിത്സ, വന്ധ്യതാ ചികിത്സ, സൗന്ദര്യ വർധക ചികിത്സകൾ, ആത്മഹത്യാശ്രമം

ഹലോ കാരുണ്യ ഫോൺ ഇൻ പ്രോഗ്രാം

karunya2

മലയാള മനോരമ സംഘടിപ്പിച്ച ഹലോ കാരുണ്യ ഫോൺ ഇൻ പരിപാടിയിൽ കാരുണ്യ ഇൻഷുറൻസ് പദ്ധതി കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ എ.പ്രശോഭ് കുമാറിനോടു വായനക്കാർ ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും.

വൃക്കരോഗത്തിനു പെരിറ്റോണിയൽ ഡയാലിസിസ് വീട്ടിൽ ചെയ്യുന്നുണ്ട്. ഇതിന്റെ ചെലവ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്നു ലഭിക്കുമോ?
 ഇല്ല. വീട്ടിലിരുന്നുള്ള ചികിത്സയ്ക്കു സഹായം ലഭിക്കില്ല. പരിയാരം മെഡിക്കൽ കോളജിൽ ഈ ചികിത്സ ലഭ്യമാണ്. അവിടെ നടത്തിയാൽ സൗജന്യം ലഭിക്കും.

ആർക്കൊക്കെയാണ് ആരോഗ്യസുരക്ഷാ പദ്ധതിയിൽ (കാസ്പ്) ആനുകൂല്യം?
ആർഎസ്ബിവൈ/ചിസ് കാർഡുള്ള കുടുംബാംഗങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെൻസസ് (എസ്ഇസിസി) കാർഡ് ലഭിച്ചവർക്കും പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡ് എടുക്കാം. ഇത്തരം കാർഡുകൾ പുതിയ കാസ്പ് കാർഡിലേക്കു മാറ്റിക്കൊടുക്കുന്ന ക്യാംപുകൾ പഞ്ചായത്ത് തലത്തിൽ നടക്കും. പഞ്ചായത്ത് ഓഫിസിൽ നിന്നോ ജില്ലാ ലേബർ ഓഫിസിൽ നിന്നോ ക്യാംപിന്റെ വിവരങ്ങൾ ലഭിക്കും.

കാസ്പിൽ ഉൾപ്പെടാനുള്ള വരുമാന പരിധി എത്രയാണ്?
പ്രതിവർഷം 3 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കാണ് ഈ ചികിത്സയിൽ ആനുകൂല്യം ലഭിക്കുക. മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷൻകാർഡ് ഉള്ള മുൻഗണനാ വിഭാഗം, സർക്കാർ അംഗീകരിച്ച 45 ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ, പട്ടികജാതി–പട്ടികവർഗം മറ്റു പിന്നാക്ക വിഭാഗങ്ങൾ തുടങ്ങി 56 വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കു കാസ്പിൽ അംഗത്വം ലഭിക്കും. നിങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടോ എന്നറിയാൻ chiac.org. എന്ന വെബ്സൈറ്റിലോ ab.pmgy.in എന്ന വെബ്സൈറ്റിലോ പരിശോധിക്കാം.

ഏതൊക്കെ ചികിത്സകൾക്കാണു സൗജന്യം ലഭിക്കുക
ഒരുവിധം എല്ലാ വകുപ്പുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറൽ മെഡിസിൻ, സർജറി, നെഫ്രോളജി, യൂറോളജി, ഓങ്കോളജി തുടങ്ങി സ്പെഷലിസ്റ്റ് സേവനവും ലഭിക്കും. സംസ്ഥാനത്തെ ഏത് അംഗീകൃത ആശുപത്രിയിലും ചികിത്സ ലഭിക്കും.

കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്ന് ഇനി സൗജന്യം ലഭിക്കുമോ?
കാരുണ്യ ബെനവലന്റ് ഫണ്ട് നേരത്തെ ലഭിച്ചിരുന്നതു പോലെ 2020 വരെ തുടർന്നും ലഭിക്കും. ചികിത്സാ രേഖകളും വരുമാന സർട്ടിഫിക്കറ്റും റേഷൻ കാർഡ് പകർപ്പും രോഗിയുടെ വിശദ വിവരങ്ങളും അംഗീകൃത ആശുപത്രിയിൽ അപേക്ഷ നൽകാം

നിലവിൽ ഒരു കാർഡും ഇല്ലാത്തവർ പുതുതായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ എന്തു ചെയ്യണം?
ഇപ്പോൾ പുതിയ കാർഡിന് അപേക്ഷ ക്ഷണിക്കുന്നില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇതിനായി അപേക്ഷ ക്ഷണിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

അംഗത്വ കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കാർഡ് നമ്പർ, കാർഡിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകിയാലേ സൗജന്യ ചികിത്സ ലഭിക്കൂ. ഓരോ രോഗത്തിനും പ്രത്യേക പാക്കേജ് ആണ്. ആകെ 5 ലക്ഷം രൂപയുടെ  സൗജന്യം ലഭിക്കുമെങ്കിലും ഓരോ രോഗത്തിനും അതിനു പ്രഖ്യാപിച്ച തുകയേ ലഭിക്കൂ. അതിനാൽ ചികിത്സയ്ക്ക് ആവശ്യമായ തുക കാർഡിൽ ഉണ്ടോ എന്ന് ഉറപ്പാക്കുക. ഡോക്ടറുടെ നിർദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾക്കോ മരുന്നുകൾക്കോ ആശുപത്രിയിൽ പണം നൽകരുത്. ഇവ സൗജന്യമായി നൽകേണ്ടത് ആശുപത്രിയുടെ കടമയാണ്. തുക ലഭിക്കാനായി ഒപി ചികിത്സ മാത്രം ആവശ്യമുള്ള രോഗിയെ നിർബന്ധിച്ചു കിടത്തിച്ചികിത്സയ്ക്ക് ആശുപത്രികൾ നിർബന്ധിക്കുന്നതു നിയമവിരുദ്ധമാണ്.

പരാതികൾക്കും കൂടുതൽ വിവരങ്ങൾക്കും
ചികിത്സയ്ക്കു പോകും മുൻപ് ടോൾ ഫ്രീ നമ്പറിൽ വിളിച്ചു പോകാൻ ഉദ്ദേശിക്കുന്ന ആശുപത്രി പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കാം. 

ടോൾഫ്രീ നമ്പർ 
1800 200 2530, 1800 121 2530

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com