ADVERTISEMENT

ഞാൻ കേരളത്തിലെ ആദ്യ രക്തമൂലകോശ (സ്റ്റെം സെൽ) ദാതാവാണെന്ന് എബി സാം ജോൺ പറഞ്ഞപ്പോൾ വിദ്യാർഥികളുൾപ്പെടെ തിങ്ങി നിറഞ്ഞ ഹാളിൽ അഭിനന്ദനത്തിന്റെ കരഘോഷം. ഒപ്പം ഡോക്ടർമാരും വിദ്യാർഥികളും ഉൾപ്പെടെ 558 പേർ രക്തമൂലകോശദാനത്തിനു സന്നദ്ധരായി മുന്നോട്ടു വന്നു.   

രക്തമൂലകോശ ദാതാക്കളെ കണ്ടെത്താൻ ധാത്രി ബ്ലഡ് സ്റ്റംസെൽ ഡോണർ റജിസ്റ്ററി കാസർകോട്ട് നടത്തിയ സാംപിൾ ശേഖരണ ക്യാംപിന്റെ ഉദ്ഘാടനമായിരുന്നു വേദി. രക്താർബുദം ഉൾപ്പെടെയുളള മാരക രോഗങ്ങളിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ രക്തമൂലകോശങ്ങൾക്കു സാധിക്കും.

എംടെക് ബയോടെക്നോളജി കഴിഞ്ഞു ചെന്നൈയിൽ മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് എബി 2014 മാർച്ചിൽ പുനെ സ്വദേശി സോഫ്റ്റ്‍വെയർ എൻജിനീയർ മയൂർ ബർഗാജെയ്ക്കു രക്തമൂല കോശം ദാനം ചെയ്തത്. 

ഇങ്ങനെ രക്തമൂലകോശം ദാനം ചെയ്ത കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ ഇരുപത്തഞ്ചാമത്തെയും ആളാണു എബി. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ എബി ജോലി രാജിവച്ചു ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ധാത്രിയുടെ വൊളന്റിയറായി മാറുകയായിരുന്നു. 

ഡോക്ടർമാരായ സി.എച്ച്. ജനാർദ്ദന നായ്ക്ക്, നാരായണ പ്രദീപ്, മായാമല്യ തുടങ്ങിയവരിൽ നിന്നു സമ്മതപത്രവും സാംപിളും ശേഖരിച്ചു കാസർകോട്ട് തുടങ്ങിയ ക്യാംപെയ്ൻ ഡോ.ബി.എസ്.റാവു ഉദ്ഘാടനം ചെയ്തു. കാസർകോട് പീപ്പിൾസ് ഫോറം പ്രസിഡന്റ് വി.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. എം.കെ. രാധാകൃഷ്ണൻ, എം. പത്മാക്ഷൻ, കെ.വി.കുമാരൻ എന്നിവർ പ്രസംഗിച്ചു.

രക്തമൂലകോശ ദാനം എന്തിന് ?

രക്താർബുദം പോലുള്ള നൂറിലേറെ മാരകരോഗങ്ങൾക്കുളള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം (ബ്ലഡ് സ്റ്റം സെൽ) മാറ്റി വയ്ക്കൽ.  രക്തമൂല കോശത്തിനു ജനിതക സാമ്യം വേണം. കുടുംബത്തിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 ശതമാനത്തിൽ താഴെ മാത്രമാണ്. പുറമേ നിന്നു കണ്ടെത്താനുള്ള സാധ്യത 20 ലക്ഷത്തിൽ ഒന്ന് വരെയാകാം.

രക്തമൂല  കോശദാനം എങ്ങനെ:

എച്ച്എൽഎ ടൈപ്പിങ് ടെസ്റ്റ് ആണ് രക്തമൂല കോശദാനത്തിനു ജനിതക സാമ്യം നി‍ർണയിക്കുന്നത്. 8 മുതൽ 10 ആഴ്ച വേണം ഇതിന്റെ റിപ്പോർട്ട് ലഭിക്കാൻ. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു ദാതാക്കളുടെ റജിസ്ട്രി ഉണ്ടാക്കുന്നത്.  എച്ച്എൽഎ ടൈപ്പിങ് സ്ഥിരീകരിക്കാൻ രക്ത സാംപിളുകൾ ശേഖരിക്കും. റജിസ്ട്രി ഉണ്ടാക്കിയ ശേഷം രക്തമൂല കോശദാനം ആവശ്യമെങ്കിൽ ദാതാവിനെ അറിയിക്കും. രക്തമൂല കോശം ദാനം ചെയ്യുന്നതിനു മുൻപ് തുടർച്ചയായി 5 ദിവസം ജിസിഎസ്എഫ് ഇംജക്‌ഷൻ എടുക്കും. അഞ്ചാം ദിവസം രക്തത്തിൽ നിന്നു മൂല കോശങ്ങൾ മാത്രം വേർതിരിച്ചെടുക്കും.‌

റജിസ്ട്രേഷൻ

18 മുതൽ 50 വരെ പ്രായം. എച്ച്എൽഎ നിർണയത്തിനു കവിളിലെ സ്വാബ് സാംപിൾ നൽകണം. എച്ച്എൽഐ ടൈപ്പിങ്ങിനു ശേഷം ഡോണർ റജിസ്ട്രറിയിൽ വിവരങ്ങൾ സൂക്ഷിക്കും. ഇന്ത്യയിൽ അഞ്ചര ലക്ഷത്തിലേറെ പേരാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.  ഇതിൽ 90000ത്തിലേറെ പേർ കേരളത്തിലുള്ളവർ.  ഇതിനകം 580 പേർ രക്തമൂല കോശം ദാനം ചെയ്തിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com