sections
MORE

ആദ്യം മധുരിക്കും, പിന്നെ കയ്ക്കും; പഞ്ചസാരയേക്കാള്‍ വില്ലൻ ഈ മധുരം

sugar
പ്രതീകാത്മക ചിത്രം
SHARE

പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുന്നുണ്ട്. പഞ്ചസാരയേക്കാള്‍ അപകടകാരിയായ മറ്റൊരു ഷുഗര്‍ ആണ് ഹൈഫ്രക്ടോസ് കോണ്‍ സിറപ്പ് (High - Fructose Corn Syrup). കോള പോലുള്ള ശീതളപാനീയങ്ങള്‍, പ്രോസസ് ചെയ്തതോ പായ്ക്കറ്റിലാക്കിയതോ ആയ ഭക്ഷണങ്ങള്‍ തുടങ്ങിയവയിലെല്ലാം മധുരത്തിനു ചേര്‍ക്കുന്നത് ഇതാണ്. കോള പോലുള്ളവയിലാണ് ഇത് കൂടുതല്‍ ചേര്‍ക്കുന്നത്. 

ചോളത്തില്‍നിന്ന് വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഷുഗര്‍ ആണിത്. ഇതിലെ ഫ്രക്ടോസിന് പഞ്ചസാരയേക്കാള്‍ കൂടുതല്‍ മധുരം ഉണ്ടെന്നു മാത്രമല്ല വിലക്കുറവും ആണ്. പഞ്ചസാര പോലെ തന്നെ Empty Caloric Food ആണിത്. അതായത് പോഷകങ്ങള്‍ ശൂന്യമാണ്. 1970 കളിലാണ് ഇത് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്നത്. അമിതവണ്ണക്കാരുടെ എണ്ണം കൂടാന്‍ തുടങ്ങിയത് ഇതിന് ശേഷമാണത്രെ. കൗമാരക്കാരും ചെറുപ്പക്കാരുമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഏററവുമധികം കോണ്‍സിറപ്പ് ഒരുമിച്ച് ശരീരത്തിലെത്തുന്നത് ഈ പാനീയങ്ങളിലൂടെയാണ്. Added Sugar ശരീരത്തില്‍ അമിതമായി എത്തുന്നതിന്‍റെ പ്രധാനകാരണങ്ങളില്‍ ഒന്നാണിത്.

പഴവര്‍ഗങ്ങള്‍ക്ക് മധുരം നല്‍കുന്ന ഷുഗറാണ് ഫ്രക്ടോസ്. പക്ഷേ അവിടെ അത് അപകടകാരിയാവുന്നില്ല. കാരണം പഴങ്ങളിൽ കുറഞ്ഞ അളവിലേ ഫ്രക്ടോസ് ഉള്ളൂ. അവയില്‍ ശരീരത്തിനാവശ്യമായ നാരുകളും വിറ്റമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ധാരാളമുണ്ടുതാനും.

ഫ്രക്ടോസ് വില്ലനാകുന്നതെങ്ങനെ?

പല തരത്തിലാണ് ഫ്രക്ടോസ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

01. അമിതമായി ശരീരത്തിലെത്തുന്ന ഫ്രക്ടോസ് കാലറികളായി മാറി ശരീരത്തിലെ കൊഴുപ്പു കലകളില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിനു കാരണമാവുന്നു.

02. രക്തക്കുഴലുകളെ റിലാക്സ് ചെയ്യുന്ന മഗ്നീഷ്യത്തെ മൂത്രത്തിലൂടെ പുറംതള്ളും. ഇത് രക്തസമ്മര്‍ദ്ദം കൂട്ടുന്നു. നേരിട്ട് ഹൃദയധമനികളെ ബാധിച്ച് ഹൃദയാഘാതത്തിനു കാരണമാവുന്നു.

03. രക്തത്തിലെ യൂറിക് ആസിഡ് കൂട്ടുന്നു.

04. ഇന്‍സുലിന്‍ റസിസ്റ്റന്‍സ് ഉണ്ടാക്കുന്നു. പ്രമേഹത്തിനു കാരണമാവുന്നു.

05. സ്ട്രോക്ക്

06. ധമനീരോഗങ്ങള്‍

07. മെറ്റബോളിക് സിന്‍ഡ്രോം

08. രക്തത്തിലെ ചീത്തകൊഴുപ്പായ ട്രൈഗ്ലിസറെഡ്, എല്‍ഡിഎല്‍ എന്നിവ കൂട്ടുന്നു.

09. ശരീരത്തില്‍ നീര്‍ക്കെട്ട് (Inflamation) ഉണ്ടാക്കുന്നു.

പരിഹാരമാര്‍ഗങ്ങള്‍

കോള പോലുള്ള ശീതളപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. അവ ദാഹം ശമിപ്പിക്കുകയില്ല. മാത്രവുമല്ല ധാരാളം കാലറികള്‍ ശരീരത്തിലെത്തിക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണം, പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാവുന്നു. ദാഹത്തിന് ജലമോ കരിക്കിന്‍ വെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കാം.

(കോട്ടയം പൊന്‍കുന്നം ശാന്തിനികേതന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA