ADVERTISEMENT

മഹാത്മാഗാന്ധിക്കു ശ്വാസകോശത്തിനു കടുത്ത രോഗം വന്നു. ലണ്ടനിൽ നിന്നു വന്ന ഇംഗ്ലീഷ് ഡോക്ടർ പരിശോധിച്ചു മരുന്നു കൊടുത്തു. ആഴ്ചകൾ പിന്നിട്ടു. മഹാത്മജിയുടെ രോഗം മാറുന്നില്ല. അദ്ദേഹത്തെ പരിശോധിച്ച ആയുർവേദ ഡോക്ടർ ഗാന്ധിജിയോട് ആട്ടിൻപാൽ കുടിക്കാൻ പറഞ്ഞു. 46 ദിവസം തുടർച്ചയായി ആട്ടിൻപാൽ കുടിച്ചപ്പോൾ രോഗം അപ്രത്യക്ഷമായി. ഭംഗിയായി പ്രസംഗിക്കാനും യാത്ര ചെയ്യാനും കഴിഞ്ഞു. പാൽ കുടിക്കുന്നതിനായി പിന്നീടദ്ദേഹം സബർ മതി ആശ്രമത്തിൽ ആടുകളെ വളർത്തി.

ബുദ്ധിവികാസത്തിനുള്ള ഔഷധം എന്ന നിലയിൽ പാൽ കേമമാണ്. ഏറ്റവും ശ്രേഷ്ഠമായ പാൽ ഏതാണ്? അത് അമ്മയുടെ പാലാണ്. മുലപ്പാലിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അമ്മിഞ്ഞപ്പാൽ കുട്ടിയുടെ തലച്ചോറിലെ സെറിബ്രം എന്ന ഭാഗത്തെ വികസിപ്പിക്കുന്നു. നാഡീവ്യവസ്ഥയുടെ ഏറ്റവും മുകളിലെ ഭാഗമാണ് സെറിബ്രം. നെറ്റിയുടെ നേരെ പുറകിലായി തലച്ചോറിൽ ഫ്രണ്ടൽ ലോബ് എന്ന ഒരിടമുണ്ട്. ഒരാളിൽ നേതൃഗുണവും കർമശേഷിയുമൊക്കെ വളർത്തുന്നതും വികസിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും ഇതിന്റെ ധർമമാണ്. 

മുലപ്പാൽ ഫ്രണ്ടൽ ലോബിന്റെ വലുപ്പം വർധിപ്പിക്കുന്നതായി  കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടും മൃഗങ്ങളുടെ പാലിനെക്കാൾ ശ്രേഷ്ഠം അമ്മിഞ്ഞപ്പാൽ തന്നെ. രണ്ടു വയസ്സുവരെയെങ്കിലും അമ്മഞ്ഞപ്പാൽ കുടിക്കണം. 

രണ്ടു വയസ്സു കഴിഞ്ഞാൽ കുട്ടികൾക്കു പശു, ആട്, എരുമ എന്നിവയുടെ പാൽ കൊടുക്കാം. ആട്ടിൻ പാലിന്റെ പ്രത്യേക ഗുണം പറഞ്ഞല്ലോ. ശ്വാസകോശം, ഹൃദയം, കരൾ എന്നിവയുടെ വളർച്ചയെയും പ്രവർത്തനത്തെയും ഉത്തേജിപ്പിക്കാൻ  ആട്ടിൻ പാലിനു കഴിയുന്നു. പരിസരത്ത് ആട്ടിൻപാൽ കിട്ടുമെങ്കിൽ രാവിലെയും വൈകിട്ടും കുട്ടിക്ക് ഓരോ ഗ്ലാസ്സ് നൽകുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. 

വണ്ണം തീരെ കുറഞ്ഞ കുട്ടിയാണെങ്കിൽ കൊടുക്കേണ്ടത് എരുമപ്പാൽ ആണ്. പശുവിന്റെ പാലിനെക്കാൾ 12 ഇരട്ടി നെയ്യ് എരുമപ്പാലിൽ ഉണ്ട്. പശുവിൻപാലും മോശമല്ല. നാച്വറോപ്പതി ഡോക്ടർമാർ പറയുന്ന ഒരു ഫലിതമുണ്ട്. ഏതു മൃഗത്തിന്റെ പാലാണോ കുടിക്കുന്നത് ആ മൃഗത്തിന്റെ സ്വഭാവം കുടിക്കുന്നവർ കാണിക്കുമെന്ന്. തമ്മിൽ നല്ല സ്വഭാവം പശുവിന്റെയാണെന്നാണു വിശ്വാസം. ഇതു ഫലിതം മാത്രമായി എടുത്താൽ മതി. ആട്ടിൻപാലോ എരുമപ്പാലോ ലഭ്യമല്ലെങ്കിൽ പശുവിൻ പാൽ ഉപയോഗിക്കാം. 

പാലിനെപ്പോലെ കുട്ടികളുടെ ബുദ്ധിവികാസത്തിന് ചെറു തേനും ഉത്തമമാണ്. ചെറുതേൻ ഉണ്ടാക്കുന്ന തേനീച്ച പൂക്കളിൽ നിന്നു മാത്രമേ തേൻ ശേഖരിക്കുന്നുള്ളൂ. പൂക്കൾ സസ്യലോകത്തിന്റെ ഗർഭപാത്രങ്ങളാണ്. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനൽ സംയുക്തങ്ങളുണ്ട്.

തേനീച്ച തേൻ വലിച്ചെടുക്കുമ്പോൾ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്പോൾ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേൻ ‘ഇന്റലക്ച്വൽ ബൂസ്റ്റർ’ ആയി മാറുന്നു. ഈജിപ്തുകാരും ഇറാനികളും ഗ്രീക്കുകാരും ചൈനാക്കാരും മരുന്നുകളിൽ തേൻ ചേർത്തിരുന്നു. തലച്ചോറിനും ഞരമ്പുകൾക്കുമുള്ള മരുന്നുകളിലെ പ്രധാന ഘടകം തേൻ ആണ്. ആയുർവേദത്തിൽ തേനിന് ഏറെ പ്രാധാന്യമാണു നൽകുന്നത്. പഠിക്കുന്ന കുട്ടികളുള്ള വീട്ടിൽ ചെറു തേൻ നിർബന്ധമായും സൂക്ഷിച്ചിരിക്കണം. ചെറുതേൻ എല്ലായ്പ്പോഴും സുലഭമല്ല.

വനത്തിൽ നിന്നു ശേഖരിക്കുന്ന ചെറുതേൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ സെയിൽസ് ഡിപ്പോകളിൽ വിൽപനയ്ക്കെത്താറുണ്ട്. മാതാപിതാക്കൾ ബുദ്ധികൂട്ടാൻ ചെറുതേൻ കഴിക്കണമെന്നില്ല. അതു പ്രമേഹം ക്ഷണിച്ചു വരുത്തിയേക്കും. കുട്ടികൾക്കു രാത്രിയിൽ തേൻ കൊടുക്കുന്നത് ഒഴിവാക്കണം. മലബന്ധം ഉണ്ടാക്കുമെന്നതിനാലാണിത്. തീരെ വണ്ണം കുറഞ്ഞ കുട്ടികൾ തേനധികം കഴിക്കരുത്. േതൻ കഴിച്ചാൽ മെലിയുമെന്ന പ്രത്യേകതയുണ്ട്. 

തയാറാക്കിയത്: ടി.ബി. ലാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com