ADVERTISEMENT

വല്ലപ്പോഴും ഉണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ തുടരെ ഉണ്ടാകുന്ന ചുമ നിസ്സാരമല്ല. ചുമയ്ക്കൊപ്പം കഫത്തിനു നിറവ്യത്യാസവും ദുർഗന്ധവും, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ അതു രോഗലക്ഷണമായി കരുതണം. അവഗണിച്ചാൽ അതിനു പിന്നിൽ ഒളിച്ചിരിക്കുന്ന അപകടകാരികളായ രോഗങ്ങളെ കണ്ടെത്താൻ സാധിക്കാതെ വരും. 

സാധാരണ ജലദോഷത്തോടൊപ്പമുള്ള ചുമ, തൊണ്ടവേദനയ്ക്കു ശേഷമുള്ള കാര്യമായ കഫമില്ലാത്ത കുത്തിക്കുത്തിയുള്ള ചുമ എന്നിവ അൽപദിവസത്തിനുള്ളില്‍ മാറാം. എന്നാൽ ചുമയോടൊപ്പം ധാരാളം കഫം, കഫത്തിനു മഞ്ഞ അല്ലെങ്കിൽ പച്ച നിറം, രക്താംശം, ദുർഗന്ധം, ഒപ്പം പനി, നെഞ്ചുവേദന, ശ്വാസംമുട്ടൽ, ശരീരം മെലിയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. 

ചുമയോടൊപ്പമുള്ള താൽക്കാലിക ബോധക്കേട്, ചുമയോടൊപ്പം കഫത്തിൽ രക്തം കാണുന്ന അവസ്ഥ, ചുമയെത്തുടർന്ന് കണ്ണിന്റെ വെള്ളയിലെ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന സബ് കൺജങ്റ്റൈവൽ ഹെമറേജ് എന്നിവ അപകട സൂചനകളാണ്. കൂടാതെ ചുമയെത്തുടർന്നുള്ള ഛർദി, ഉറക്കമില്ലായ്മ, നിയന്ത്രണമില്ലാതെ മൂത്രമോ മലമോ പോകുക, ചുമയ്ക്കൊപ്പം ഗർഭപാത്രം ഇറങ്ങിവരുന്ന അവസ്ഥ എന്നിവയും അപായ സൂചകങ്ങളാണ്. 

ശ്വാസനാളീ അണുബാധകൾ, അതിനെ തുടർന്നുണ്ടാകുന്ന ശ്വാസനാളീ നീർക്കെട്ട്, അലർജി, പുകവലി, തൊഴിൽ എന്നിവ മൂലമുണ്ടാകുന്ന ശ്വാസനാളീ രോഗങ്ങൾ, ആമാശയത്തിലെ അസിഡിറ്റി മൂലമുണ്ടാകുന്ന ഗെർഡ്, അന്തരീക്ഷ മലിനീകരണം, ശ്വാസനാളികളിൽ  പുറമേ നിന്നുള്ള വസ്തുക്കളുടെ സാന്നിധ്യം, ചില മരുന്നുകൾ, വൈകാരികവും മാനസികവുമായ കാരണങ്ങൾ, ബ്രോങ്കിയെക്റ്റാസിസ്, ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ്, ശ്വാസകോശ ട്യൂമറുകൾ, ഹാർട്ട് ഫെയ്‌ലിയർ എന്നിവ മുതൽ ചെവിക്കായം വരെ ചുമയ്ക്കു കാരണമാകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com