ADVERTISEMENT

എഴുപത്തിയഞ്ചു വയസ്സായ എനിക്കു പ്രമേഹവും പ്രഷറും അൽപം കൊളസ്ട്രോളും ഉണ്ട്. നിയന്ത്രണവിധേയമാണ്. രാവിലെ ടെല്‍വാസ് 40, ഗ്ലൈക്കോമെറ്റ് 500sr, ഉച്ചയ്ക്ക് ക്ലോപ്പിലെറ്റ് 75 ഒരു ഗുളിക വീതവും കഴിക്കുന്നുണ്ട്. വ്യായാമം ഒന്നും ചെയ്യുന്നില്ല. ഒൻപതരയോടെ കിടക്കുന്ന ഞാൻ രണ്ടു മണി അല്ലെങ്കിൽ മൂന്നു മണിക്ക് ഉണരും. പിന്നീട് ഉറക്കം കിട്ടാറില്ല. പ്രമേഹം 2017 ജനുവരിയിലാണു കണ്ടു പിടിച്ചത്. മൂത്രം ഒഴിക്കണമെന്നു തോന്നുമ്പോൾ തന്നെ പോകണം. അല്ലെങ്കിൽ ഒന്നു രണ്ടു തുള്ളി അറിയാതെ പോകും.  വെള്ളം കുടിച്ചാൽ ഒരു മണിക്കൂറിനകം മൂത്രം ഒഴിക്കാൻ തോന്നും. കഴിഞ്ഞാൽ തന്നെ തുള്ളി തുള്ളിയായി കുറെ സമയം കൂടെ പൊയ്ക്കൊണ്ടിരിക്കും. 

കൈകാൽ മുട്ടുകൾക്കു നല്ല വേദനയാണ്. മടക്കാനും നിവർത്താനും കുനിയാനുമൊക്കെ വിഷമമാണ്. 2005 നു ശേഷം രണ്ട് അപകടങ്ങളിലായി പതിനാലോളം ‘റിബ്സിന്’ പൊട്ടൽ ഉണ്ടായി. വിശ്രമിക്കുകയായിരുന്നു. എനിക്ക് എഴുപത്തിയെട്ടു കിലോ തൂക്കമുണ്ട്.

ഈ ചുറ്റുപാടിൽ ഞാന്‍ ഏതു ഡോക്ടറെയാണു കാണേണ്ടത്? ദയവായി മറുപടി തന്നു സഹായിക്കുക.

ഉത്തരം: ആഹാരത്തിൽ പഞ്ചസാര കുറച്ചാൽ പ്രമേഹം നശിപ്പിക്കാം എന്നാണു പലരും കരുതി വച്ചിരിക്കുന്നത്. ആ കൂട്ടത്തിൽ ശർക്കര, തേൻ, പാനി, വെല്ലം, കരുപ്പെട്ടി മുതലായവ എല്ലാം ഉൾപ്പെടും എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. പെരുന്നാളും പിറന്നാളും, കല്യാണം, സദ്യ – എല്ലാം ആഘോഷിക്കുമ്പോൾ പഥ്യം തെറ്റിക്കുന്നില്ല എന്നു കരുതി പലരും സ്വയം വഞ്ചിക്കുകയാണു ചെയ്യുന്നത്. എല്ലാ മധുരങ്ങളും കഴിച്ചിട്ട് കാപ്പി മാത്രം ‘വിത്തൗട്ട്’ ആയി കഴിക്കുകയും ചെയ്യും. 

രക്തഗ്ലൂക്കോസ് അളവ് ആഹാരത്തിനു മുൻപ് എൺപതു മില്ലിഗ്രാമിൽ താഴെയാണു വേണ്ടത്. ആഹാരത്തിനു ശേഷം നൂറ്റിനാൽപതു മില്ലിഗ്രാമിൽ താഴെയും. രക്തഗ്ലൂക്കോസ് അളവ് ഇരുനൂറു മില്ലിഗ്രാമിൽ കൂടുതൽ ആയാലും രോഗ ലക്ഷണങ്ങളിൽ കൂടി നമുക്ക് ഉടൻ മനസ്സിലാക്കാൻ സാധിക്കുകയില്ല. രക്തഗ്ലൂക്കോസളവ് നൂറ്റിയെൺപതു മില്ലിഗ്രാമിൽ സ്വൽപം കുറഞ്ഞു നിൽക്കുകയാണെങ്കിലും മൂത്രത്തിൽ പഞ്ചസാര കണ്ടു തുടങ്ങുകയില്ല. 

പ്രായം കൂടുന്തോറും ഓരോ അവയവത്തിന്റെയും കാര്യക്ഷമത കുറഞ്ഞു വരും. പ്രമേഹത്തിൽ ഏത് അവയവത്തെയും ഏറ്റക്കുറച്ചിലുകളോടെ ബാധിച്ചു തുടങ്ങും. 

നിങ്ങളുടെ മൂത്രത്തിന്റെ പ്രശ്നം പ്രോസ്റ്റേറ്റ് ഗ്രന്ഥി വികസിച്ചതുമൂലമാകാനാണു സാധ്യത. സ്കാൻ ചെയ്തു കണ്ടു പിടിച്ച് പ്രത്യേക മരുന്നുകൾ കഴിക്കാവുന്നതാണ്. മൂത്രത്തിൽ പഴുപ്പ്, നേർമയായി പോകുക. ആരംഭിക്കാൻ ബുദ്ധിമുട്ട്, വിചാരിച്ചാൽ ഉടൻ മൂത്രം പോയി തുടങ്ങുക ഇവയൊക്കെ പ്രോസ്റ്റേറ്റ് ചികിൽസ കൊണ്ടു കുറെയൊക്കെ പരിഹരി ക്കാൻ കഴിയും. കൈകാൽ മുട്ടുകളുടെ വേദന കുറയൊക്കെ മരുന്നുകൊണ്ടു പരിഹരിക്കാൻ കഴിയും. പ്രമേഹം കർശന മായി നിയന്ത്രിക്കണം. വാരിയെല്ലുകളെല്ലാം പൊട്ടിയിരിക്കു ന്നതു ബ്രോങ്കൈറ്റിസ് മുതൽ ന്യൂമോണിയ വരെ ഉണ്ടാകാൻ വഴിയൊരുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com