sections
MORE

കൊതുകിനെപ്പിടിച്ച റോണൾഡ് റോസ്

malaria
SHARE

നാലര ലക്ഷത്തോളം പേർ 2015–ൽ മലമ്പനി പിടിച്ചു മരിച്ചെന്ന് ലോകാരോഗ്യസംഘടന. ഏറിയ പങ്കും അഞ്ചു വയസ്സു തികയാത്ത കുഞ്ഞുങ്ങൾ. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും‌ം കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയ രോഗങ്ങളിലൊന്നാണ് മലമ്പനി. ഈ രോഗം പരത്തുന്നത് കൊതുകാണെന്നു കണ്ടുപിടിച്ചത് വഴിത്തിരിവായി. ഈ കണ്ടുപിടിത്തത്തിന്റെ പിന്നിൽ മാനവസേവയിൽ തൽപ്പരനായ റോണൾഡ് റോസ്. 

1857ൽ ഇന്ത്യയിലെ അൽമോറയിൽ ബ്രിട്ടീഷ് പട്ടാള ഓഫീസറുടെ മകനായി ജനിച്ച ഇദ്ദേഹം 1902ൽ വൈദ്യശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടി. നമ്മുടെ ടോഗോർ സാഹിത്യനൊബേൽ നേടുന്നതിന് 11 വർഷം മുൻപ്.

ശാസ്ത്രസാങ്കേതികവിദ്യകൾ കുതിച്ചുമുന്നേറിയിട്ടും ‘നിസ്സാര’ജീവിയായ കൊതുകിനെ പരാജയപ്പെടുത്താൻ ഇന്നും മനുഷ്യനു കഴിഞ്ഞിട്ടില്ല. കൊതുകും മലമ്പനിയുമായി ചില ബന്ധങ്ങളുണ്ടെന്ന് അൽഫോൻസ് ലാെവറൻ, പാട്രിക് മാൻസൻ എന്ന ശാസ്ത്രജ്ഞർ പറഞ്ഞുവച്ചിരുന്നു. പക്ഷേ കഷ്ടപ്പാടുകൾ സഹിച്ച് ഇക്കാര്യം സംശയാതീതമായി തെളിയിച്ചത് റോണൾഡ് റോസായിരുന്നു. ലണ്ടനിൽ നിന്ന് മെഡിക്കൽ ബിരുദം നേടി, അവിടെ കുറെ പരിചയം സമ്പാദിച്ച്, ഇന്ത്യയിലെത്തി രണ്ടര വർഷക്കാലം ഗവേഷണം നടത്തിയാണ് ആനോഫിലീസ് കൊതുകെന്ന വില്ലത്തിയെ തിരിച്ചറിഞ്ഞത്. 

മലമ്പനി അതിരൂക്ഷമായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഗ്രീസ്, സൈപ്രസ്, സൂയസ് തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പഠനം നടത്തിയിരുന്നു. ലോകത്തെവിടെയും മലമ്പനി തടയുകയെന്ന ഒറ്റ ലക്ഷ്യത്തോടെ വർഷങ്ങളോളം പ്രവർത്തിക്കുകയും ചെയ്തു. ബഹുമുഖപ്രതിഭയായ റോസ് കവിത, നാടകം, പെയിന്റിങ്, ഗണിതശാസ്ത്രം എന്നീ രംഗങ്ങളിലും ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു. മഹത്തായ ലക്ഷ്യങ്ങൾ നേടാൻ സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കുന്നവർ കടുത്ത ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരാറുണ്ട്. പക്ഷേ അതിന്റെ ഗുണഫലങ്ങൾ മനുഷ്യരാശിക്ക് അനുഗ്രഹമായിത്തീരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA