sections
MORE

ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ?

vitamin-d
SHARE

വീടിന്റെ മുറ്റത്തുനിന്ന് സ്കൂൾ ബസിൽ കയറി സ്കൂളിന്റെ പോർച്ചിൽ ഇറക്കി വൈകിട്ട് അതേപോലെ തിരിച്ചിറങ്ങുന്ന ആളാണോ നിങ്ങളുടെ കുട്ടി. വൈകുന്നേരം കളിക്കാൻ പോലും ഇറങ്ങാതെ ടിവിക്കു മുൻപിലോ ട്യൂഷൻ സെന്ററിലോ ഇരിക്കുന്നുണ്ടോ. എന്നാൽ സംശയിക്കേണ്ട. വെയിൽ കാണാതെയുള്ള ഈ ജീവിതശൈലി മൂലം വൈറ്റമിൻ ഡിയുടെ കുറവുണ്ടാകും. കുട്ടികളുടെ കാര്യം അവിടെ നിൽക്കട്ടെ. മുതിർന്നവരിൽ ഈയിടെയായി അമിതമായി മുടി കൊഴിയുന്നതായി തോന്നുന്നുണ്ടോ. മുഖത്തും കണ്ണിനു താഴെയും വിളർച്ച കാണുന്നുണ്ടോ.  എന്നാൽ വൈറ്റമിൻ ഡി കൂടി ചെക്ക് ചെയ്തോളൂ. പണ്ടൊക്കെ 40 വയസ്സു കഴിഞ്ഞാണു വൈറ്റമിൻ ഡിയുടെ കുറവ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കുട്ടികൾ മുതൽക്കേ ഇതിന്റെ കുറവുമൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുകയാണ.് വൈറ്റമിൻ ഡി ഇല്ലെങ്കിൽ കാൽസ്യത്തിന്റെ ആഗിരണവും നടക്കില്ല. അതോടെ എല്ലുകളുടെ വളർച്ച മുരടിച്ചു തുടങ്ങും. 

∙സൂര്യൻ കനിയണം 

മറ്റു വൈറ്റമിനുകൾ മരുന്നായും ആഹാരമായും അകത്തെത്തുമ്പോൾ ഡി വൈറ്റമിനെ നമ്മുടെ ശരീരം തന്നെയാണു നിർമിച്ചെടുക്കുന്നത്. സൂര്യപ്രകാശത്തിലെ അൽട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ തികച്ചും ഫ്രീയായി നമുക്കു കിട്ടുന്ന ഒരേയൊരു വൈറ്റമിനാണിത്. എല്ലുകളുടെ ബലത്തിന് കാൽസ്യവും ഫോസ്ഫറസും വേണം. പക്ഷേ, ഇവയെ വലിച്ചെടുക്കാൻ വൈറ്റമിൻ ഡി കൂടിയേ തീരൂ.

പോക്കുവെയിൽ കൊണ്ടാൽ പൊന്നുപോലെ എന്നാണ് കാരണവന്മാർ പറഞ്ഞിട്ടുള്ളത്. രാവിലെയോ വൈകിട്ടോ അര മണിക്കൂറെങ്കിലും ഇളംവെയിൽ കൊള്ളുക. ഈ സമയം സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാതിരിക്കുക. കുട്ടികളെ വൈകിട്ടു വെയിലിൽ കളിക്കാൻ ഇറക്കി വിടുക. 

∙ഭക്ഷണം

പാൽ, മുട്ടയുടെ ഉണ്ണി, കോഡ് ലിവർ ഓയിൽ എന്നിവയിൽ വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ ഗ്ലാസ്സ് പാൽ കുടിക്കുക. ഏഷ്യൻ മഷ്റൂം എന്നറിയപ്പെടുന്ന ഷിക്കേറ്റിൽ ഇതു ധാരാളമുണ്ട്. ചൂര മൽസ്യം കറിവച്ചു കഴിക്കുന്നതും നല്ലതാണ്. വിദേശത്ത് ധാരാളമായി കിട്ടുന്ന സാൽമൺ മൽസ്യമാണ് വൈറ്റമിൻ ഡിയുടെ മറ്റൊരു ഉറവിടം. ധാന്യങ്ങളും പയർ വർഗങ്ങളും കഴിക്കുക. സ്ട്രോബറി, മാതളനാരങ്ങ, കിവി എന്നീ പഴങ്ങളും നല്ലതാണ്. 

സാധാരണയായി വൈറ്റമിൻ ഡിയുടെ അഭാവം ഗുളികകളിലൂടെ പരിഹരിക്കാം. കാത്സ്യം അടങ്ങിയ വൈറ്റമിൻ ഡി ഗുളിക രൂപത്തിലും ഗ്രാന്യൂളായും  ലഭ്യമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ വൈറ്റമിൻ ഡി ഇഞ്ചക്‌ഷൻ രൂപത്തിൽ എടുക്കാം. പക്ഷേ ഇതൊന്നും സ്ഥിരമാക്കേണ്ട. ഭക്ഷണത്തിലൂടെയും വെയിൽകൊണ്ടും വേണം വൈറ്റമിൻ ഡി ശരീരത്തിനു ലഭിക്കാൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA