പകര്‍ച്ചപ്പനി വന്നാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

528290460
SHARE

പലകാരണങ്ങള്‍കൊണ്ടും പനി ഉണ്ടാകാമെങ്കിലും മഴക്കാലത്ത് പനി ഉണ്ടാവുമ്പോള്‍ അത് പകര്‍ച്ചപ്പനികളിലേതെങ്കിലും ആണോ എന്ന് ബലമായി സംശയിക്കണം. പനി ഏതായാലും അത് നിസ്സാരമായി കണക്കാക്കാതെ ചില പൊതു നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കും.

∙ പനി വന്നാല്‍ വൈദ്യസഹായത്തോടെ ഏതുതരം പനിയാണ് ബാധിച്ചിരിക്കുന്നതെന്ന് ആദ്യംതന്നെ സ്ഥിരീകരിക്കണം. ചിലപ്പോള്‍ വിദഗ്ധ ചികിത്സ ആവശ്യമായ പനി ആയിരിക്കാം.

∙ സ്വയം ചികിത്സ പാടില്ല, പനിക്ക് സാധാരണ ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ഗുളിക അനുവദനീയ അളവില്‍ കഴിക്കുന്നതില്‍ തെറ്റില്ല. എങ്കിലും, പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പെട്ടെന്നു തന്നെ വൈദ്യസഹായം തേടണം കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവയില്‍ രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ രോഗം സങ്കീര്‍ണമാവാം. പനിക്ക് ആസ്പിരിന്‍ ഗുളികകള്‍ കഴിക്കരുത്. പ്രത്യേകിച്ച് ഡെങ്കിപ്പനി ഉള്ളപ്പോള്‍ രക്തസ്രാവം ഉണ്ടാവാം. 

∙ പ്രമേഹം, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവരില്‍ പകര്‍ച്ചപ്പനികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. മരണം സംഭവിക്കാം.

∙ വിശ്രമം അത്യാവശ്യമാണ്. പനി ഉള്ള കുട്ടികളെ സ്കൂളില്‍ വിടരുത്. പനിയുള്ളപ്പോള്‍ യാത്രകളും ഒഴിവാക്കണം. പലപ്പോഴും രോഗം മൂര്‍ച്ഛിക്കുന്നതിനു കാരണം ശരിയായ വിശ്രമം എടുക്കാത്തതാണ്. പനിയും ക്ഷീണവും നന്നായി മാറുന്നതുവരെ വിശ്രമം ആവശ്യമാണ്.

∙ ധാരാളം ശുദ്ധജലം കുടിക്കണം. പനിയുള്ളപ്പോള്‍ ശരീരത്തില്‍ നിന്നു ധാരാളം ജലം ത്വക്കിൽക്കൂടിയും മറ്റും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടാണിത്. തിളപ്പിച്ചാറ്റിയ ജലം, കരിക്കിന്‍ വെള്ളം, ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളം എന്നിവ ആവാം.

∙ പനിയുള്ളപ്പോള്‍ ദഹിക്കാന്‍ എളുപ്പമുള്ള ലഘു ഭക്ഷണങ്ങള്‍ കഴിക്കുക. മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിവാക്കി പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും ഉപയോഗിക്കുക.

∙ പനി വരുമ്പോള്‍ പുതച്ചുമൂടികിടക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ശരീരോഷ്മാവ് വീണ്ടും കൂട്ടാന്‍ മാത്രമേ സഹായിക്കൂ. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുന്നത് ചൂട് കൂടാതിരിക്കാന്‍ സഹായിക്കും. കുട്ടികളില്‍ പനിയുണ്ടാവുമ്പോള്‍ നനഞ്ഞ പഞ്ഞികൊണ്ട് നെറ്റിയും മറ്റും തുടയ്ക്കാന്‍ (Cold Sponging) ഡോക്ടര്‍ ഉപദേശിക്കാറുണ്ടല്ലോ. ഇത് ശരീരത്തിന്‍റെ താപനിലപെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.

∙ കൊതുകുമൂലമുണ്ടാവുന്ന പകര്‍ച്ചപ്പനി ബാധിച്ച രോഗികള്‍, പകല്‍ സമയത്തും രാത്രിയിലും കൊതുകുവലയ്ക്ക് ഉള്ളില്‍തന്നെ വിശ്രമിക്കണം. രോഗിയെ കൊതുകു കടിക്കാതിരിക്കാനും തല്‍ഫലമായി രോഗാണു കൊതുകിന്‍റെ ശരീരത്തില്‍ പ്രവേശിക്കാതിരിക്കാനും രോഗംമറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാനും വേണ്ടിയാണിത്.

∙ രോഗിചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവില്‍ക്കൂടി പകരുന്ന രോഗാണു അന്തരീക്ഷത്തിലേക്കു ധാരാളമായി എത്തുന്നു. ഇതുണ്ടാവാതിരിക്കാന്‍ തൂവാലയോ, മാസ്കോ ഉപയോഗിക്കുക.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA