ADVERTISEMENT

മഴക്കാലരോഗങ്ങളിൽ വളരെ ശ്രദ്ധയോടെ കാണേണ്ടതും നേരിടേണ്ടതുമായ രോഗങ്ങളിൽ ഒന്നാണ് മലേറിയ. മലമ്പനി എന്നും ഇതിനെ വിളിക്കാറുണ്ട്. ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ പനിയും വിറയലും ആവർത്തിക്കുന്നതാണ് പ്രധാന ലക്ഷണം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ രോഗം സ്ഥിരീകരിച്ച് ഉടൻതന്നെ ചികിത്സിക്കണം. ഇതിന് താമസം വരുന്നതാണ് മലേറിയ മൂലം മരണം സംഭവിക്കാൻ കാരണമാവുന്നത്.

അപകടകാരണങ്ങൾ

സെറിബ്രൽ മലേറിയ

മലേറിയ പ്രധാനമായും രണ്ടു തരമുണ്ട്. സാധാരണ മലേറിയയും സെറിബ്രൽ മലേറിയയും. സാധാരണ മലേറിയ പ്ലാസ്മോഡിയം വൈവാക്സ് എന്ന രോഗാണു മൂലമുണ്ടാവുന്നു. സാധാരണഗതിയിൽ ഇവ അത്ര അപകടകാരി അല്ല. ആരംഭത്തിൽതന്നെ ചികിത്സ ആരംഭിക്കണമെന്നു മാത്രം. പ്ലാസ്മോഡിയം ഫാൽസിപാറം എന്ന രോഗാണു മൂലമുണ്ടാവുന്ന മലേറിയ തലച്ചോറിന് നീർവീക്കമുണ്ടാക്കും (Encephalopathy). ഇത് വളരെ ഗൗരവമായ അവസ്ഥയാണ്. മലേറിയ അണുക്കൾ നാഡീവ്യൂഹത്തെ ബാധിച്ച് ബോധക്ഷയം, ഫിറ്റ്സ് എന്നിവ വരെ ഉണ്ടാവുന്നു. ചിലപ്പോൾ മരണവും സംഭവിക്കാം. ചിലരിൽ ഈ രോഗാണുതന്നെ ചുമയും ശ്വാസംമുട്ടലും ഉണ്ടാക്കുന്നു. ശ്വാസകോശത്തെ ബാധിക്കുന്നതാണ് കാരണം. തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ ഇപ്പോള്‍ നമ്മുടെ നാട്ടിൽ കൂടുതലായി ഉണ്ടാവുന്നു എന്നുകൂടി അറിഞ്ഞിരിക്കുക. മലേറിയ ശ്വാസകോശങ്ങളെ ബാധിക്കുമ്പോഴും മരണം സംഭവിക്കാൻ സാധ്യതയുണ്ട്. ഫാൽസിപാറം മലേറിയ 25 ശതമാനം മുതിർന്നവരിലും 40 ശതമാനം കുട്ടികളിലും ഉണ്ടാവുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

∙ മലേറിയയ്ക്ക് ഒപ്പം എച്ച്ഐവി (HIV) അണുബാധ ഉണ്ടായാൽ അപകടസാധ്യത വർധിക്കുന്നു.

∙ ഗർഭിണികൾക്ക് മലേറിയ ഉണ്ടായാൽ പല പ്രശ്നങ്ങൾക്കും കാരണമാവാം. ഭാരം കുറഞ്ഞ കുട്ടിയെ പ്രസവിക്കുക, കുട്ടി ഗർഭപാത്രത്തിൽതന്നെ മരിച്ചു പോവുക, അല്ലെങ്കിൽ ജനിച്ച് ഒരു വർഷത്തിനിടെ മരണം സംഭവിക്കുകയൊക്കെ ഉണ്ടാവാം.

∙ മലേറിയ മൂലം വൃക്ക തകരാറ് സംഭവിച്ചാലും ചിലപ്പോൾ അപകടം ഉണ്ടാവാം.

∙ സ്വയം ചികിത്സ ചെയ്യുന്നത്

പനിയുടെ ആരംഭത്തിൽ വൈറൽ പനി എന്നു തെറ്റിദ്ധരിച്ചും സ്വയം ചികിത്സ ചെയ്യുന്നത് രോഗനിർണ്ണയം വൈകിപ്പിക്കും.

∙ ചികിത്സ വൈകുന്നത്

ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം.

∙ മരുന്നുകൾ കൃത്യമായി കഴിക്കാത്തതും ഇടയ്ക്ക് നിർത്തുന്നതും അപകടം വരുത്തി വയ്ക്കും.

∙ വീട്ടിലിരുന്നു മരുന്നു കഴിക്കുന്നവർ, പനി കുറയാതിരിക്കുകയോ, മറ്റു പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താല്‍ പെട്ടെന്നു തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം.

∙ പ്രമേഹം, ഹൃദ്രോഗങ്ങൾ, രോഗപ്രതിരോധശേഷി കുറവുള്ളവർ ഇവർക്ക് മലേറിയ ഉണ്ടായാൽ കൂടുതൽ ശ്രദ്ധിക്കണം. അപകടസാധ്യത കൂടുതലാണ്.

∙ ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭ്യമാക്കണം. കൊതുകുവല ഉപയോഗിക്കണം.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com