ADVERTISEMENT

കേരളത്തിൽ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ എല്ലാക്കാലത്തും മലേറിയ കണ്ടുവരുന്നുണ്ടെങ്കിലും മഴക്കാലത്ത് രോഗസാധ്യത കൂടുതലാണ്. പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് മലേറിയ. എങ്കിലും പലപ്പോഴും മരണങ്ങൾ ഉണ്ടാവുന്നു. രോഗാതുര ഉണ്ടാവുന്നു. രോഗനിർണയവും ചികിത്സയും വൈകുന്നതാണ് ഇതിന്റെ പ്രധാന കാരണം.

രോഗനിർണയം

മലേറിയ സ്ഥിരീകരിക്കുന്നതിന് രക്തപരിശോധന മാത്രം മതി. അതും വളരെ ലളിതമായ പരിശോധന. കേരളത്തിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഗവ. ആശുപത്രികളിലും രക്തപരിശോധന സൗകര്യമുണ്ട്. രക്തം എടുക്കുന്നത് വീട്ടിൽ വച്ചോ ആശുപത്രിയിൽ വച്ചോ ആകാം. ലബോറട്ടറിയിൽ പരിശോധിച്ച് ഫലം നൽകും. വീടുകളിൽ വച്ചുതന്നെ മലേറിയ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇപ്പോൾ ലഭ്യമാണ്. പ്ലാസ്മോഡിയം ഫാൽസിപാരം മലേറിയ കണ്ടുപിടിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് പുതിയതായി മലേറിയ കണ്ടെത്തിയാൽ ആ പ്രദേശത്ത് പനി ഉണ്ടാവുന്ന എല്ലാവരുടേയും രക്തം പരിശോധിച്ച് മലമ്പനി ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അതിനായി ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.

ചികിത്സ

മലേറിയയ്ക്ക് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. രോഗം മൂലമുള്ള മരണവും സങ്കീർണതകളും ഒഴിവാക്കാൻ ചികിത്സ ആവശ്യമാണ്. രോഗനിർണയം നടത്തുന്ന അന്നുതന്നെ ചികിത്സ തുടങ്ങേണ്ടതാണ്. ഡോക്ടര്‍മാർ നിർദേശിക്കുന്ന ചികിത്സ പൂർണമായും എടുക്കണം. പലപ്പോഴും വീട്ടില്‍തന്നെ താമസിച്ചുള്ള ചികിത്സ മതിയാവും. അങ്ങനെ വീട്ടിൽ വച്ച് മരുന്നു കഴിക്കുന്ന രോഗിക്ക് പനി കുറയാതിരിക്കുകയോ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ ഡോക്ടറെ വീണ്ടും കാണണം. ചിലപ്പോള്‍ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതായും വരും.

ക്ലോറൊക്വിൻ എന്ന മരുന്നാണ് സാധാരണ ഉപയോഗിക്കാറുള്ളത്. വളരെ ഫലപ്രദവും പാർശ്വഫലങ്ങൾ കുറഞ്ഞതും വില കുറഞ്ഞതുമായ ഈ മരുന്നിന് രോഗാണുക്കൾ റസിസ്റ്റന്റ് ആയി മാറിയിട്ടുണ്ട്. ക്ലോറൊക്വിൻ റസിസ്റ്റന്റ് മലേറിയ ആണെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം  മറ്റു മരുന്നുകൾ കഴിക്കേണ്ടി വരും. മലേറിയയ്ക്ക് മരുന്നു നൽകുമ്പോൾ ഡോക്ടർ പല കാര്യങ്ങളും വിലയിരുത്തിയതിനു ശേഷമായിരിക്കും മരുന്നും അതിന്റെ അളവും തീരുമാനിക്കുക.

∙ ഏതു തരം മലേറിയ ആണ്. പ്ലാസ്മോഡിയം വൈവക്സ് ആണോ, ഫാൽസിപാറം മലേറിയ ആണോ?

∙ രോഗിയുടെ പ്രായം

∙ സ്ത്രീ ആണെങ്കിൽ ഗർഭിണിയാണോ?

∙ ക്ലോറോക്വിൻ റസിസ്റ്റന്റ് മലേറിയ ആണോ? സെറിബ്രൽ മലേറിയ ആണോ?

∙ പുതിയ മരുന്നുകളായ പ്രൈമാക്വിൻ, കൂനയ്ൻ (Qunine), മെഫ്ലോക്വിൻ (mefloquine) എന്നിവ ആവശ്യമുണ്ടോ?

മലേറിയ സംശയിക്കുന്നെങ്കിൽ രോഗനിർണയത്തിന് കാത്തുനിൽക്കാതെതന്നെ മരുന്നു കഴിക്കാം. ഡോക്ടറെ കൂടാതെ ആരോഗ്യപ്രവർത്തകരും ആദ്യ ഡോസ് മരുന്നു നൽകും. രോഗം മലമ്പനി ആണെന്ന് സ്ഥിരീകരിച്ചാൽ സമ്പൂർണ ചികിത്സ (Radical treatment) നൽകണം. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. അനീമിയ, മഞ്ഞപ്പിത്തം, സെറിബ്രൽ മലേറിയ എന്നിവ ഉണ്ടായാൽ വിദഗ്ധ ചികിത്സ ആവശ്യമായി വരും.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com