sections
MORE

പാമ്പിൻ വിഷം ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണങ്ങൾ ഇങ്ങനെ

snake bite
SHARE

വീടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഏറ്റവവും സുരക്ഷിതരായിരിക്കുമെന്നു നമ്മൾ ചിന്തിക്കുന്ന സ്ഥലമാണ് വിദ്യാലയങ്ങൾ. എന്നാൽ ആ വിദ്യാലയത്തിൽ നിന്നുതന്നെ ഒരു പത്തു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. പാമ്പുകടി ഏറ്റിട്ടും ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്ന ആരോപണവും സഹപാഠികൾ ഉന്നയിക്കുന്നുണ്ട്. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ ആണു മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. കുട്ടിയുടെ കാലിൽ നീലിച്ച പാടു കണ്ടെങ്കിലും കാലിൽ ആണി തറച്ചതാകാമെന്നാണ് അധ്യാപകൻ പറഞ്ഞതെന്നാണ് മറ്റു വിദ്യാർഥികൾ ആരോപിക്കുന്നത്.

പാമ്പു കടിയേറ്റതിന്റെ ലക്ഷണങ്ങളും പ്രഥമ ശുശ്രൂഷയും എന്താണെന്നു നോക്കാം

പാമ്പുകൾ രണ്ടു തരമുണ്ട്. വിഷമുള്ളതും വിഷമില്ലാത്തതും. ഭൂമിയിലെ ഭൂരിപക്ഷം പാമ്പുകളും വിഷമില്ലാത്തവയാണ്.

നമുക്ക് ചുറ്റുമുള്ള പാമ്പുകളിൽ വിഷമുള്ള പാമ്പുകളിൽ പ്രധാനം മൂർഖൻ, അണലി, വെള്ളിക്കെട്ടാൻ/ഏട്ടടി വീരൻ, മാമ്പ, കടൽ പാമ്പുകൾ എന്നിവയാണ്. പാമ്പുകടി എൽക്കാൻ സാധ്യത കൂടുതലുള്ള ശരീര ഭാഗങ്ങൾ കൈകാലുകളാണ്. പാമ്പുകടിയുടെ പ്രഥമ ലക്ഷണങ്ങൾ ഭയം കൊണ്ടു ഉണ്ടാകുന്നവയാണ്. ഹൃദയമിടിപ്പ് കൂടൽ, തലകറക്കം, ഓക്കാനം, തളർച്ച, ബോധക്ഷയം, വിയർക്കൽ എന്നിവ ആ കൂട്ടത്തിൽ പെടുന്നു. കടിയേറ്റ പാട്, വേദന, കടിയേറ്റ ഭാഗം ചുവന്നു തടിക്കുക എന്നിവയും ഉണ്ടാകുന്നു. ഛർദി, കൈകാൽ മരവിപ്പ്, കാഴ്ചയിലുള്ള പ്രശ്നങ്ങൾ എന്നിവയാണ് വിഷം ശരീരത്തിൽ പ്രവേശിച്ചു എന്നുള്ളതിന്റെ മറ്റു ലക്ഷണങ്ങൾ. അലർജി കൊണ്ടു ശരീരത്തിനുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങൾ, ഹൃദയത്തിന്റെയും വൃക്കകളുടെയും നാഡികളുടെയും പ്രവർത്തനം തകരാറിലാകുക, ശ്വാസതടസ്സം, മുറിവിന് ചുറ്റുമുള്ള കോശങ്ങളുടെ നാശം എന്നിവയാണ് പാമ്പുവിഷം ശരീരത്തിൽ കടക്കുന്നത് കൊണ്ടുള്ള ഗുരുതര പ്രശ്നങ്ങൾ.

വിഷമില്ലാത്ത പാമ്പുകൾ കടിച്ചത് വഴിയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ആഴത്തിലുള്ള മുറിവിൽ പാമ്പിന്റെ ഉമിനീർ തട്ടി അണുബാധയ്ക്കു കാരണമാകുന്നത് വഴിയും പാമ്പിന്റെ പല്ലിലെ സൂക്ഷമജീവികൾ(ക്ലോസ്‌ട്രൈഡിയം ടെ റ്റാനി പോലുള്ള) വഴിയും ഇത് സംഭവിക്കാം.

പാമ്പ് കടിയേറ്റ ഒരു സാഹചര്യം വരികയാണെങ്കിൽ ആദ്യം ചെയ്യേണ്ടത്, കടി കൊണ്ട രോഗിക്ക് ആത്മധൈര്യം നൽകുക എന്നുള്ളതാണ്. മുറ്റത്തോ പറമ്പിലോ വച്ചു പാമ്പ് കടിയേറ്റ ആൾ ഉടനെ പേടിച്ചു മറ്റുള്ളവരെ അറിയിക്കാൻ വേണ്ടിയോ വീട്ടിനകത്തേക്കോ ഓടിയെത്തുന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. ഇങ്ങനെ ഓടുന്നത് വഴിയും ചലനം കൂടുന്നതിനനുസരിച്ചും വിഷം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പാമ്പു കടിയേറ്റ ആൾ ശരിക്കും ചെയ്യേണ്ടത് ശരീരഭാഗങ്ങളുടെ ചലനം പരമാവധി കുറയ്ക്കുക എന്നുള്ളതാണ്. ഇത് വിഷം ശരീരത്തിനകത്ത് കൂടുതൽ ഭാഗങ്ങളിലേക്ക് എത്തുന്നത് തടയാൻ വേണ്ടിയാണ്. പാമ്പിനെ തിരിച്ചറിയുക എന്നുള്ളത് , തുടർചികിത്സയ്ക്കു സഹായകരമാണെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടെ കണക്കിലെടുക്കണം. പാമ്പിനെ തിരഞ്ഞു പിടിക്കുന്നതിനിടയിൽ അടുത്ത ആൾക്ക് കൂടെ കടിയേറ്റ സന്ദർഭങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കണം. ജീവനുള്ള പാമ്പിനെ കൊണ്ടുവന്നു അത്യാഹിതവിഭാഗത്തിൽ ഒരു അനാവശ്യ ബഹളവും പരിഭ്രാന്തിയും പരത്തിയ അവസരങ്ങളും ഇല്ലാത്തതല്ല. ഇത് പലപ്പോഴും രോഗപരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നു. രോഗിയ്ക്കു എത്രയും പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭ്യമാക്കുക. അതാണ് ഏറ്റവും പ്രാധാന്യമുള്ളതും.

പാമ്പ് കടിയേറ്റ കാൽ വിരലിന്റെ അറ്റം ബ്ലേഡ് കൊണ്ട് ചെത്തികളഞ്ഞു ചോരയൊലിപ്പിച്ചു കൊണ്ട് കാഷ്വാലിറ്റിയിൽ എത്തിയൊരു മുപ്പതു വയസ്സുകാരിയെ ഇപ്പോഴും ഓർമയുണ്ട്. ഇത് പലപ്പോഴും അനാവശ്യ അമിത രക്തസ്രാവത്തിന് കാരണമാകുന്നു. ശരിയായ വൈദ്യ ശാസ്ത്ര വൈദഗ്ദ്യം ഇല്ലാത്ത ഒരാൾ ഇത് ചെയ്യുന്നതുവഴി രക്തക്കുഴലുകൾക്കും സ്‌നായ്ക്കുകൾക്കുമൊക്കെ അപകടം സംഭവിക്കാം. കടിയേറ്റത്തിനു മുകൾ ഭാഗത്ത് ആയി കടുംകെട്ടും കെട്ടി എത്തുന്ന എത്രയോ രോഗികളുണ്ട്. വിഷം ഊതിവലിച്ചെടുക്കുക, കടികൊണ്ട ഭാഗം മുറിച്ചു കളയുക, കടിയേറ്റത്തിനു മുകളിൽ കടുംകെട്ട് കെട്ടുക എന്നിവയാണ് പാമ്പ് കടി ശുശ്രൂഷയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ. ഊതിവലിച്ചെടുത്ത വിഷം കാരണം വായ്‌ക്കുളിൽ പൊള്ളലേൽക്കാനും ചില സന്ദർഭങ്ങളിൽ വിഷം രക്തതത്തിൽ കലരാനും കാരണമാകുന്നു. കടിയേറ്റതിനു മുകളിൽ കെട്ടുന്നതിനെക്കുറിച്ചു,തർക്കങ്ങൾ ഉണ്ടെകിലും തെറ്റായ രീതിയിൽ കെട്ടുന്നതു കൊണ്ട് പലപ്പോഴും രക്തയോട്ടം കുറഞ്ഞു ശരീരഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. യഥാർഥത്തിൽ കെട്ടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലിംഫിന്റെ ഒഴുക്കിനെ തടയുക എന്നുള്ളതാണ്. പക്ഷേ പലപ്പോഴും രക്തയോട്ടമാണ് തടയപ്പെടുന്നത്. കടുംകെട്ടിനു പകരം ഒരുവിരൽ കടക്കാൻ പാകത്തിലുള്ള അയഞ്ഞ കെട്ടുകളാണ് വേണ്ടത്. ഇതുകൂടാതെ കടിയേറ്റ ഭാഗം ചൂടുവെള്ളത്തിൽ മുക്കി വയ്‌ക്കുക, പൊട്ടാസ്യം പേർമാഗ്നറ്റ് ക്രോമിക് ആസിഡ് മുതലായവ മുറിവിലിടുക, കൂടിയ അളവ് മദ്യം ഉപയോഗിക്കുക എന്നീ തെറ്റായ പ്രയോഗങ്ങളും അബദ്ധ ധാരണകളും ഒഴിവാക്കേണ്ടതുണ്ട്.

വിഷമുള്ള പാമ്പാണ്‌ കടിച്ചതെന്നുണ്ടെങ്കിൽ പ്രതിവിഷം (antivenom) നൽകുക എന്നുള്ളതാണ് ആശുപത്രിയിൽ ചെയ്യുന്നത്. ഇതോടൊപ്പം രോഗിയുടെ ആരോഗ്യനിലയ്ക്കനുസരിച്ചുള്ള ചികിത്സകളും ലഭ്യമാക്കുന്നു. ഉദാഹരണത്തിന് ശ്വാസ തടസ്സം നേരിട്ട രോഗിയാണെങ്കിൽ കൃത്രിമശ്വാസം നൽകാനുള്ള കാര്യങ്ങൾ ചെയ്യുന്നു. നാഡീവ്യവസ്ഥ, വൃക്ക എന്നിവ ബാധിക്കപ്പെട്ടിട്ടുള്ള രോഗികൾക്ക് അതിനനുസരിച്ചുള്ള മരുന്നുകളും ഡയാലിസിസ് പോലെയുള്ള സൗകര്യങ്ങളും ലഭ്യമാക്കുന്നു.

പാമ്പിന്റെ ഇനം, കടികൊണ്ട ശരീരഭാഗം, ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെ അളവ്, കടിയേറ്റ ആളിന്റെ ആരോഗ്യനില എന്നിവയ്ക്കാനുസരിച്ചാണ് പാമ്പുകടിയുടെ തീവ്രത മാറുന്നത്. മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എസ്. ശബ്ന

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA