ADVERTISEMENT

ആറു വയസ്സുള്ള മകൾക്കു വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്. കൃമിശല്യമാണ് പ്രശ്നം. ഒരു വയസ്സു മുതൽ തുടങ്ങിയതാണ് ഈ രോഗം. ആയുർവേദം, ഹോമിയോ, അലോപ്പതി എന്നീ പലവിധ മരുന്നുകളും കൊടുത്തതാണ്. കുറച്ചു ദിവസത്തേക്കു കുറഞ്ഞിട്ട് വീണ്ടും തുടങ്ങുകയാണ് പതിവ്. ചന്തിയിലും മൂത്രമൊഴിക്കുന്ന ഭാഗത്തുമാണ് കൃമികൾ നടക്കുന്നത്. എട്ടു ദിവസം കൂടുമ്പോൾ വയറിളക്കാൻ മരുന്നു കൊടുക്കുമായിരുന്നു. കുറേനാൾ പല മരുന്നും കഴിച്ചു. കുട്ടി ക്ഷീണിക്കാൻ തുടങ്ങിയപ്പോൾ മരുന്നുകൾ നിർത്തി. കൃമി ശല്യം ഇപ്പോൾ വളരെ കൂടുതലാണ്. ഡെറ്റോൾ ഉപയോഗിച്ചാണു തുണികൾ കഴുകുന്നത്. കക്കൂസിൽ പോയിക്കഴിഞ്ഞ് ചൂടുവെള്ളത്തിൽ ഇരുത്തുകയും ചെയ്യും. മണ്ണിൽ അധികം കളിക്കാറില്ല. എനിക്കും മൂന്നു നാലു മാസം കൂടുമ്പോൾ കൃമിശല്യം ഉണ്ടാകാറുണ്ട്. വീട്ടിൽ മറ്റാർക്കും ഈ അസുഖം ഇല്ല. 

ഉത്തരം: മനുഷ്യരുടെ കുടലില്‍ കൃമികൾ കുടികിടപ്പാകുന്നത് സാധാരണമാണ്. അവയിൽ മൂന്ന് ഇനങ്ങളാണ് പ്രചാരത്തിലുള്ളത് (1) സ്ട്രോങ്കിലോയ്ഡ്സ് (Strongyloides),(2) ഒരു നൂൽ പോലെയിരിക്കുന്ന ത്രെഡ് വേം (Thread worm), (3) ചാട്ട വാറു പോലെ മൂന്നു മുതൽ അഞ്ചു സെന്റീമീറ്റർ നീളം വരുന്ന വിപ് വേം (Whip worm) ചാട്ടവാർ ആകൃതി.

ഏറ്റവും നീളം കുറഞ്ഞ സ്ട്രോങ്കിലോയ്ഡ്സ് ഏകദേശം രണ്ടു മില്ലിമീറ്റർ നീളം വരും. കുടലിൽ മുകൾഭാഗത്തു താവളമുറപ്പി ക്കുന്നു. അവിടെ മുട്ടയിട്ട് അതു വിരിഞ്ഞ് ഒരു ലാർവയായി ഒരു പാമ്പിൻ കുഞ്ഞിന്റെ ആകൃതിയിലാണ് മലത്തിൽ കൂടി വിക്ഷേപിക്കപ്പെടുന്നത്. ചിലത് കുടൽഭീത്തിയിലേക്കും മലദ്വാരത്തിനു ചുറ്റിലേക്കും തുരന്നു കയറും. ഇതു രക്തത്തിൽ ഈയോസിനോഫീലിയയും സൃഷ്ടിക്കും.  നഖം വഴി വീണ്ടും പകരാം. ലക്ഷണങ്ങളായി 1. വയറു വേദന, 2. വയറിളക്കം, 3. രക്തത്തിൽ ഈയോസിനോഫീലിയയും അതോടൊപ്പം ചുമ, വലിവ്, ശ്വാസം മുട്ടൽ ഇവയും ഉണ്ടാകാം. നനവുള്ള മണ്ണിൽ കൂടി ലാർവ മണ്ണിൽ കളിക്കുന്ന കുട്ടികളിലേക്കോ മണ്ണിൽ ജോലി ചെയ്യുന്ന ആളുകളിലേക്കോ പകരാം. 

നിങ്ങൾക്കും ഈ അസുഖമുള്ളതിനാൽ നിങ്ങളും കുട്ടിയും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പുതപ്പ്, വിരികൾ മുതലായവ എല്ലാം തിളച്ച വെള്ളത്തിലിട്ട് നനച്ച് എടുക്കേണ്ടി വരും. വെയിലത്ത് ഇട്ട് ഉണക്കിയും എടുക്കണം. മെബൻഡസോൾ മാതിരി മരുന്നുകൾ വളരെ ഫലപ്രദമാണ്. വീട്ടിൽ മറ്റാർക്കും ഈ അസുഖം ഇല്ലെങ്കിൽ നിങ്ങളും കുട്ടിയും ഒരേ സമയത്തു ചികിത്സ എടുക്കേണ്ടി വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com