ADVERTISEMENT

ചിക്കുൻ ഗുനിയ രോഗം വ്യാപകമായിട്ടില്ലെങ്കിലും ഏതു മഴക്കാലത്തും അത് വന്നെത്താം. കാരണം ചിക്കുൻ ഗുനിയ വൈറസിനെ മനുഷ്യരിലെത്തിക്കുന്ന ഈഡിസ് (Aedes) കൊതുകുകൾ നമ്മുടെ നാട്ടിലുണ്ട് എന്നതുതന്നെ. അതുകൊണ്ട് രോഗചികിത്സയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കുന്നത് നന്ന്. 

ചിക്കുൻഗുനിയയ്ക്ക് മാത്രമായി പ്രത്യേക മരുന്നുകള്‍ ലഭ്യമല്ല. സാധാരണ ഗതിയിൽ ഈ രോഗം മരണകാരണമാവുന്നുമില്ല. പക്ഷേ, മറ്റ് രോഗങ്ങൾ (പ്രമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസ കോശരോഗങ്ങൾ) ഉള്ളവരിലും രോഗപ്രതിരോധ ശക്തി കുറഞ്ഞവരിലും ഇത് അപകടം ഉണ്ടാക്കാം. കൂടാതെ രോഗകാരണമായ വൈറസിന്റെ ജനിതക ഘടകത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ (mutation) ശക്തി കൂടിയ രോഗാണുക്കൾ എപ്പോൾ വേണമെങ്കിലും ഉണ്ടാവാൻ കാരണമാവുകയും അത് മരണം ഉണ്ടാക്കിയേക്കുകയും ചെയ്യാം. 

ചിക്കുൻ‍ ഗുനിയയ്ക്ക് മിക്കവർക്കും വീട്ടു ചികിത്സ മതിയാവും. ചുരുക്കം സന്ദർഭങ്ങളിൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരും. രോഗലക്ഷണങ്ങൾക്കും അതനുസരിച്ചുള്ള ചികിത്സ മാത്രം മതിയാവും മിക്കവർക്കും. 

∙പനിക്ക് സാധാരണ നൽകാറുള്ള പാരസെറ്റമോൾ, മെഫനിക് ആസിഡ് ഗുളികകൾ മതിയാവും. പാരസെറ്റമോൾ ഇൻജക്‌ഷനും ലഭ്യമാണ്. രക്തത്തിലെ പ്ലെറ്റ്‍ലെറ്റിന്റെ അളവ് കുറയാൻ സാധ്യതയുള്ളതുകൊണ്ട് ആമാശയത്തിൽ നിന്നും രക്ത സ്രാവം ഉണ്ടാക്കുന്ന ആസ്പിരിൻ ഗുളികകൾ പനിക്ക് നൽകരുത്. 

∙സന്ധിവേദന, നീര് എന്നിവയ്ക്കും പൂർണമായി മാറ്റാൻ  മരുന്നുകള്‍ ലഭ്യമല്ല. പക്ഷേ സാധാരണ ഉപയോഗിക്കുന്ന വേദന സംഹാരികൾ (NSAID) വേദന കുറയ്ക്കാൻ സഹായിക്കും. മലേറിയയ്ക്ക് കൊടുക്കുന്ന ക്ലോറോക്വിൻ ഗുളികകൾ സന്ധിവേദനയ്ക്കും പ്രയോജനം ചെയ്യാം. ഇവ കൊണ്ടൊന്നും സന്ധിവേദനയ്ക്ക് ശമനമില്ലെങ്കിൽ സ്റ്റിറോയ്ഡ് മരുന്നുകൾ ചില ഡോക്ടർമാർ നൽകാറുണ്ട്. പനിയും സന്ധിവേദനയും മിക്കവരിലും ഒരാഴ്ച കൊണ്ട് മാറുന്നു. 

∙രോഗിയുടെ ശരീരത്തിൽ നിന്നും ജലവും ലവണങ്ങളും ധാരാളമായി നഷ്ടമാവാൻ സാധ്യതയുള്ളതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. കരിക്കിൻ വെള്ളം വളരെ നല്ലതാണ്. 

∙ദഹിക്കാൻ എളുപ്പമുള്ളതും പോഷകങ്ങൾ ധാരാളമുള്ളതുമായ ഭക്ഷണം കഴിക്കുക. പഴങ്ങൾ വളരെ പ്രയോജനം ചെയ്യും. 

∙വിശ്രമം അത്യാവശ്യമാണ്. ദിവസവും ഏഴു മണിക്കൂർ എങ്കിലും ഉറങ്ങണം. രോഗം തീർത്തു മാറുന്നതു വരെ ജോലിക്ക് പോവരുത്. യാത്രകളും ഒഴിവാക്കണം. 

∙രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ കൊതുകു കടി ഏൽക്കാതിരിക്കണം. കൊതുകു വല ഉപയോഗിക്കുക. 

രോഗനിർണയം

പ്രത്യേക രക്തപരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധ്യമാവൂ. അപകടകാരിയായ ഡെങ്കിപ്പനിയിൽ നിന്നും ചിക്കുന്‍ ഗുനിയയെ തിരിച്ചറിയാനുള്ള ഈ പരിശോധന സഹായിക്കും. വൈറസിന്റെ ആന്റിബോഡി കണ്ടെത്തുന്ന പരിശോധനയും ടിഷ്യു കൾച്ചർ മുഖേന വൈറസിന കണ്ടെത്തുന്ന പരിശോധനയും ഉണ്ട്. ELISA ടെസ്റ്റ്  (Enzyme Linked Immunosorbent Assay ) ആണ് കൂടുതലും ഉപയോഗിക്കുന്നത്. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com