ADVERTISEMENT

ആലോചനയില്ലാതെ എടുത്തുചാടി പ്രവർത്തിക്കാനുള്ള പ്രവണത കൗമാരക്കാരിൽ കൂടുതലായിരിക്കും. പ്രശ്നങ്ങൾ വരുമ്പോൾ പരിഹാരമാർഗങ്ങള്‍ ആലോചിക്കാതെ എടുത്തുചാടി ആത്മഹത്യയ്ക്കു ശ്രമിക്കാനുള്ള സാധ്യത കൂട്ടുന്ന ഒരു പ്രധാന ഘടകമാണിത്. സ്മാർട്ട് ഫോൺ ഉപയോഗത്തിൽ മാതാപിതാക്കൾ നിയന്ത്രണം വരുത്തിയാൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന കുട്ടിക്ക് ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ല എന്നതാണ് വസ്തുത. മക്കൾക്കായി എത്ര പണം ചെലവാക്കാനും. ഏറ്റവും മികച്ചതെല്ലാം നൽകാനും മാതാപിതാക്കൾ അങ്ങേയറ്റം ശ്രമിക്കുമ്പോൾ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകാൻ ക്ഷമയോടെ കാത്തിരിക്കാനുള്ള കഴിവില്ലാത്തവരാവുകയാണ് ഇന്നു മിക്ക കൗമാരക്കാരും.

കൗമാരക്കാരിൽ ആത്മഹത്യ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ

ആത്മഹത്യയ്ക്കു ശ്രമിക്കുന്ന കൗമാരക്കാരിൽ ഏതെങ്കിലുമൊരു മാനസിക പ്രശ്നം തിരിച്ചറിയാതെയോ ചികിത്സിക്കാതെയോ ഉള്ളതായി കാണാം.

∙ വിഷാദരോഗം, മദ്യം– ലഹരിമരുന്ന് ഉപയോഗം

∙ ഇന്റർനെറ്റ്, ഗെയിമിങ് അഡിക്‌ഷൻ

∙ മുൻപ് ആത്മഹത്യയ്ക്കു ശ്രമം നടത്തിയിട്ടുണ്ട് എന്നത്.

∙ സ്വയം വിലയില്ലായ്മ

∙ ഭാവിയെപ്പറ്റി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ

∙ കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട് എങ്കിൽ

∙ സ്കൂളിലോ വീട്ടിലോ ക്രൂരതയ്ക്ക് ഇരയാവുക

∙ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ

∙ ഒറ്റപ്പെടൽ അനുഭവിക്കുക

∙ നല്ല സുഹൃത്തുക്കളുടെ അഭാവം

∙ പരീക്ഷയിലെ തോൽവി

∙ പ്രണയബന്ധം തകരുക.

∙ കുറ്റബോധം താങ്ങാനാവാതെ വരിക.

ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട് എന്നതിന്റെ ലക്ഷണങ്ങൾ

∙ പല തവണ മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ സംസാരിക്കുക.

∙ ഇനി അധികനാൾ അവർ ഒപ്പമുണ്ടാവില്ല എന്ന തരത്തിൽ സൂചനകൾ നൽകുക.

∙ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നോ കുറ്റബോധം താങ്ങാൻ കഴിയില്ലെന്നോ ഒക്കെ സംസാരത്തിനിടയിൽ പറയുക.

∙ സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും അകൽച്ച പാലിക്കുക.

∙ മരണത്തെക്കുറിച്ചോ നഷ്ടബോധത്തെക്കുറിച്ചോ ഫേസ്ബുക്ക് പോസ്റ്റുകളും കവിതകളും.

∙ വളരെ അമൂല്യമായി അതുവരെ കാത്തുസൂക്ഷിച്ചിരുന്ന വസ്തുക്കൾ സുഹൃത്തുക്കൾക്കോ സഹോദരങ്ങൾക്കോ കൈമാറുക.

∙ ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിവ പ്രകടമാക്കുക.

∙ മുൻപ് താല്പര്യമുണ്ടായിരുന്ന കാര്യങ്ങളിൽ താല്പര്യം നഷ്ടപ്പെടുക

∙ സ്കൂളിൽ പോകാൻ മടി

∙ വളരെ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുക (ഉദാ: അമിത വേഗത്തിൽ ഇടുങ്ങിയ റോഡിലൂടെ ഇരുചക്രവാഹനമോടിക്കുക)

ആത്മഹത്യാ പ്രതിരോധ മാർഗങ്ങൾ: മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ‌

ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം അതിനു ശ്രമിക്കണമെന്നില്ല. എന്നാൽ പ്രശ്നങ്ങൾ വരുമ്പോൾ പൊട്ടിത്തെറിക്കുന്ന സ്വഭാവരീതിയുള്ളവരിൽ ആത്മഹത്യയ്ക്കു കൂടുതൽ സാധ്യതയുള്ളതായി കണക്കാക്കി ആത്മഹത്യാ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. പലപ്പോഴും ആദ്യ ആത്മഹത്യാശ്രമമാകില്ല മരണത്തിലേക്കു നയിക്കുന്നത്. മുൻപു പല തവണ ശ്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാകാം.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായ ദുഃഖവും നിരാശയുമെല്ലാം ദേഷ്യം, പഠനത്തിൽ പിന്നാക്കം പോകുക, സുഹൃത്തുക്കളിൽനിന്ന് അകലം പാലിക്കുക എന്നീ രൂപത്തിലും കൗമാരക്കാർ പ്രകടമാക്കി എന്നു വരാം. ഈ ലക്ഷണങ്ങൾ വളരെ ഗൗരവത്തോടെ കണ്ട് ചികിത്സ ഉറപ്പുവരുത്തുക. മരണത്തെപ്പറ്റി കുട്ടി സംസാരിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാനുള്ള ശ്രമം മാത്രമായി ചിലപ്പോൾ തെറ്റിദ്ധരിച്ചേക്കാം. അവരുടെ മനസ്സിലെ വിഷമങ്ങളെ മാതാപിതാക്കൾ ശ്രദ്ധയോടെ കേൾക്കുന്നു എന്നതിനു പകരം അവ നിസ്സാരമായി കണക്കാക്കുന്നു എന്നു തോന്നുന്നത് ദോഷകരമായി ബാധിക്കും. മാതാപിതാക്കളോടു തുറന്നു സംസാരിക്കാൻ അവർക്കു ബുദ്ധിമുട്ടു നേരിടുന്നു എങ്കിൽ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടാം. ചികിത്സ തേടാൻ തീരുമാനിച്ചതിനു ശേഷം മനസ്സിനു ചെറിയ അളവിൽ ശാന്തത അനുഭവപ്പെട്ടാൽ ചികിത്സ ആവശ്യമില്ല എന്ന നിഗമനത്തിൽ എത്തുന്നവരുണ്ട്്. എന്നാൽ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തയിൽ താൽക്കാലികമായി ഒരു കുറവു വന്നെങ്കിലും ഇനിയും ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ അതാവർത്തിക്കാൻ വളരെ സാധ്യതയുണ്ട്. അതിനാൽ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോള്‍ അതിനെ എങ്ങനെ നേരിടാം എന്നതിനെപ്പറ്റി കൗമാരക്കാർ മനഃശാസ്ത്ര ചികിത്സയിലൂടെ മനസ്സിലാക്കിയാൽ മാത്രമേ ആത്മഹത്യാ പ്രതിരോധം പൂർണമായും സാധ്യമാകൂ.

(പുഷ്പഗിരി മെഡിക്കൽ കോളജ് പ്രതീക്ഷയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ് ലേഖിക)

ഇ – മെയിൽ : priyavarghese.cp@gmail.com, മൊബൈൽ നമ്പർ : 8281933323.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com