sections
MORE

സിറിൽ സർ, അങ്ങ് സ്നേഹപാഠമെഴുതിയത് അനേകരുടെ ആത്മാവിലാണ്!

cyril-mathew-memoir
സിറിൽ മാത്യു
SHARE

ചങ്ങനാശേരി ∙ ‘‘ദൂരം, അതൊന്നേയുള്ളൂ.. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ..അകലവും അടുപ്പവും, അതൊരിടത്തേ ഉള്ളൂ.. ഹൃദയങ്ങൾ തമ്മിൽ..’’

15 വർഷം മുമ്പ് ചങ്ങനാശേരി ഫാത്തിമാപുരം മണലോടിപറമ്പിൽ സിറിൽ മാത്യു (തോമസ് കുട്ടി) കുറിച്ച വരികളാണിത്. എങ്ങനെയാണ് ഒരധ്യാപകന് തന്റെ വിദ്യാർഥികളുടെ ഹൃദയങ്ങളിലേക്ക് ഇങ്ങനെ ആഴ്ന്നിറങ്ങാൻ സാധിക്കുന്നതെന്ന് സഹപ്രവർത്തകർ അസൂയപ്പെടുന്നുണ്ടാവും. കഴിഞ്ഞ 29 നാണ് എസ്ബി കോളജ് അസി. പ്രഫസറായിരുന്ന സിറിൽ മാത്യു തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. 

cyril-mathew-with-students

അപകടമുണ്ടായ 29 ാം തീയതി മുതൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയുടെ പരിസരങ്ങളിലും റോഡിലുമായി വിദ്യാർഥികൾ കൂട്ടം കൂടി നിന്നു കരയുന്നതായിരുന്നു അതുവഴി പോകുന്നവരെയും സങ്കടപ്പെടുത്തിയിരുന്ന കാഴ്ച. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച് ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കിടക്കുമ്പോൾ അവർ എങ്ങനെ ക്ലാസുകളിലേക്കു മടങ്ങും? പലരും വീട്ടിൽ പോയിട്ടു ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഗുരുനാഥന്റെ മരണവാർത്തയറിഞ്ഞ് ചെന്നവരും വീട്ടിലേക്കുള്ള വഴിയിൽ ഈ വിദ്യാർഥിക്കൂട്ടങ്ങളെ കണ്ടു. അധ്യാപകർ എപ്പോഴും മാറ്റിനിർത്തുന്ന ‘യോയോ പയ്യൻമാർ’ കണ്ണീർ പൊഴിച്ച് പല സംഘങ്ങളായി അവിടെയൊക്കെയുണ്ട്.

ഒടുവിൽ ഞായറാഴ്ച രാത്രി അദ്ദേഹം ജീവിതത്തോടു വിട പറയുമ്പോൾ മൂന്നു പേർക്കെങ്കിലും ജീവിതം സമ്മാനിച്ചിട്ടുണ്ട്. കരളും വൃക്കകളും ദാനം ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നതിനാൽ കണ്ണുകൾ ദാനം ചെയ്യാൻ സാധിച്ചില്ല.

എംജി സർവകലാശാല ക്യാംപസിലുൾപ്പടെ ഫ്രഞ്ച്, ഇംഗ്ലിഷ് അധ്യാപകനായി സേവനം അനുഷ്ഠിച്ച സിറിൽ മാത്യുവിന് കേരളത്തിലും പുറത്തുമായുള്ളത് നിരവധി പ്രിയ ശിഷ്യർ. പ്രിയപ്പെട്ട അധ്യാപകൻ തിരിച്ചു വരും എന്ന പ്രതീക്ഷയിലും പ്രാർഥനയിലും തന്നെയായിരുന്നു വിദ്യാർഥികൾ അധികവും.  പ്രാർഥനകൾ വിഫലമായതോടെ അവർ നിരാശരായി. അപകട വിവരം അറിഞ്ഞതു മുതൽ സമൂഹമാധ്യമങ്ങളിലും വിദ്യാർഥികളുടെ കണ്ണീർകുറിപ്പുകൾ നിറഞ്ഞു. സിറിൽ മാത്യു എന്ന ഫേസ്ബുക് പ്രൊഫൈലിലും വിദ്യാർഥികളുടെ അനുശോചനകക്കുറിപ്പുകളുടെ പ്രവാഹമാണ്.

cyril-mathew-memoir-campus
സിറിൽ മാത്യു

‘ബഹുമാനം ആ മനുഷ്യൻ ചോദിച്ചു വാങ്ങിയിട്ടില്ല. സാറിനെ കണ്ടാൽ എഴുന്നേറ്റിരുന്നത്‌ ഒരു റിഫ്ലക്‌സ്‌ പോലെയാണ്‌ ഞങ്ങൾക്ക്‌ അനുഭവപ്പെട്ടത്‌. കുട്ടികളോടൊപ്പം കൂട്ടു കൂടി എങ്ങനെ പഠിപ്പിക്കാം, അവരെയെങ്ങനെ സ്‌നേഹിക്കാം എന്ന്‌ ജീവിച്ചു കാണിച്ച്‌ തന്ന ആളാണ്‌ ഞങ്ങടെ സിറിൽ സർ. ഞങ്ങളെ മികച്ച അധ്യാപകരാക്കാൻ ഒരു വാക്ക്‌ പോലും പറഞ്ഞ്‌ തന്നിട്ടില്ല, ജീവിച്ച്‌ കാണിച്ച്‌ തന്നു. പരാതികളോ പരിഭവങ്ങളോ വഴക്കോ ഇല്ല. ആ ഒരു മണിക്കൂർ എന്തൊരു ഊർജ്ജമായിരുന്നു ക്ലാസിൽ’ – സിറിൽ മാത്യുവിന്റെ വിദ്യാർഥിനിയായിരുന്ന ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ എഴുതുന്നു. 

വിദ്യാർഥികളുടെ കുറിപ്പുകളിൽ നിന്ന്: 

‘ഗുരുകുല സമ്പ്രദായം പോലെ കുട്ടികളെ വീട്ടിൽ വിളിച്ചുവരുത്തി ആഹാരം നൽകി എല്ലാ വിഷയങ്ങളും പഠിപ്പിച്ചു. അവർക്ക് പഠിക്കാൻ പണമില്ലെങ്കിൽ, ഫീസ് അടക്കാൻ പൈസ ഇല്ലെങ്കിൽ അതെല്ലാം അതെല്ലാം നൽകുന്ന ഒരു അധ്യാപകൻ. എല്ലാ വിഷയങ്ങളെക്കുറിച്ചും പറയുവാനും സംസാരിക്കുവാനും ആഴത്തിൽ ജ്ഞാനമുള്ള വ്യക്തിത്വം.’ – റോബിൻ റോയ് 

‘പോസിറ്റീവ് വൈബ് എന്നൊക്കെ പറഞ്ഞാൽ..... ഇതുവരെ പഠിപ്പിക്കുമ്പോൾ ആർക്കും തരാൻ കഴിയാത്തത്ര എനർജി ആയിരുന്നു സാറിന്റെ ഫ്രഞ്ച് ക്ലാസ്സ്‌......ഒന്നും അറിയാത്ത സബ്ജെക്ട് വരുമ്പോൾ അറിയാതെ ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഞങ്ങൾ ഓരോരുത്തരും സാറിന്റെ ഓരോ ക്ലാസ്സിലും എനർജറ്റിക് ആയിരുന്നു. – വിശാൽ വി. പൈ

‘എല്ലാർക്കും എന്ന പോലെ എന്റേം ഫേവറേറ്റ് സാർ ആയിരുന്നു. നല്ലൊരു സുഹൃത്ത്, സഹോദരൻ, മെന്റർ, സപ്പോർട്ടർ, അധ്യാപകൻ.. എല്ലാമായിരുന്നു സർ. ഇത്രമാത്രം ഞങ്ങളെ സ്വാധീനിച്ച ആരുമില്ല ഇതുവരെ. ഞങ്ങൾക്ക് എല്ലാം തന്നു, ഒത്തിരി സ്നേഹം തന്നു, ഞങ്ങൾ തിരിച്ചും. ആ സ്നേഹം എന്നും വേണമെന്ന് ആഗ്രഹിച്ചു. പക്ഷെ വിധി സമ്മതിച്ചില്ല. എല്ലാവരേയും ഒരു പോലെ കാണാനും സ്നേഹിക്കാനും മറ്റാർക്കും കഴിയില്ല. അത് സാറിനേ പറ്റൂ..’ – ഷിജോ ജോഷി

‘എന്തൊരു ആവശ്യം വന്നാലും കൂടെ നിക്കുന്ന, ഞങ്ങൾക്കു വേണ്ടി ആരോട് വേണേലും സംസാരിക്കുന്ന, വാരിക്കോരി സ്നേഹം തന്ന, ഞങ്ങളെ എല്ലാം കൂടെകൊണ്ട് നടന്ന ഞങ്ങടെ എല്ലാമെല്ലാമായ ഞങ്ങടെ സ്വന്തം സർ.. ഇതേ വരെ ആ മുഖത്തെ ചിരി മാഞ്ഞത് കണ്ടിട്ടില്ല.. ഇനിയിപ്പോ ഞങ്ങൾ ആരുടെ അടുത്ത് പോകും.. ചങ്ങനാശ്ശേരിയിൽ വന്നാൽ സിറിൽ സാറിന്റെ വീട്ടിലേക്ക് പോയേക്കാം എന്ന് പറഞ്ഞ് എല്ലാരും കൂടെ അവിടെ പോയി കുറെ മണിക്കൂറുകൾ ഇരിക്കും. ഏത് അധ്യാപകന്റെ വീട്ടിലാണ് ഏതു സമയവും ധൈര്യമായി കേറി ചെല്ലാൻ പറ്റുന്നത്. എക്സാമിന്റെ സമയത്ത് രാവിലെ തൊട്ട് വൈകിട്ട് വരെ ക്ലാസ്സ് ഉണ്ടെങ്കിലും വൈകുന്നേരം വീട്ടിൽ ഞങ്ങൾക്കായി ക്ലാസ്സ് എടുക്കുന്നത് ഇനി ആരാണ്..’ – ജെഫ്ഫി ജേക്കബ് അലക്സാണ്ടർ.

ഈ വാക്കുകളാണ് സിറിൽ മാത്യു എന്ന അധ്യാപകന്റെ പ്രകാശഭരിതമായിരുന്ന ജീവിതത്തിന്റെ നേർസാക്ഷ്യം. ഇതിലോരോ വരിയും പറയുന്നുണ്ട്, ആ പ്രകാശം അനേകം പേരിലേക്കു പടർന്നുകിടക്കുന്നതിന്റെ പൊരുൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA