ADVERTISEMENT

ചിക്കുന്‍ഗുനിയ കൊതുകുകടി മൂലം ഉണ്ടാവുന്ന രോഗമായതിനാൽ മഴക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ്. ചിക്കുൻഗുനിയ പരത്തുന്ന കൊതുകുകൾ കേരളത്തിൽ ധാരാളമായി ഉള്ളതും മഴക്കാലത്ത് അവയുടെ സാന്ദ്രത വർധിക്കുന്നതും രോഗസാധ്യത വർധിപ്പിക്കുന്നു. ചിക്കുൻഗുനിയ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. 

കൊതുകു പരത്തുന്ന രോഗങ്ങളിൽ പ്രധാനമായ ഒന്നാണ് ചിക്കുന്‍ഗുനിയ. ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആൽബോ പിക്കുസ് എന്നിങ്ങനെ രണ്ടു കൊതുകുകളാണ് പ്രധാന രോഗാണുവാഹകർ. ആഫ്രിക്കയിലാണ് ഇവ ജനിച്ചത് എന്നു വിശ്വസിക്കുന്നു. ഇന്ന് ലോകത്തിലെ എല്ലാ ഉഷ്ണമേഖല പ്രദേശങ്ങളിലും സമശീതോഷ്ണ പ്രദേശങ്ങളിലും കാണുന്ന ഈ കൊതുകുകൾ തന്നെയാണ് ഡെങ്കിപ്പനി പരത്തുന്നതും. കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ള വരകളും മുതുകിൽ ലയറിന്റെ ആകൃതിയിൽ വെള്ള വരകളും ഉള്ളതിനാൽ ഇവയെ ടൈഗർ കൊതുകുകൾ അല്ലെങ്കിൽ ഏഷ്യൻ കടുവ എന്നും വിളിക്കുന്നു. മേൽ സൂചിപ്പിച്ച പ്രത്യേകതകളുള്ളതുകൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പെൺകൊതുകുകളാണ് രോഗാണുവാഹകർ. ഇവയുടെ ശരാശരി ആയുസ്സു രണ്ടു മുതൽ നാലു വരെ ആഴ്ചയാണ്. മഴക്കാലത്ത് ഇവയുടെ എണ്ണത്തിൽ വൻവർധനവ് ഉണ്ടാവുന്നു. മഴക്കാലം മാറുന്നതോടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. രോഗസാധ്യതയും കുറയുന്നു. പക്ഷേ വരണ്ട  കാലാവസ്ഥയിൽ പോലും ഇവയുടെ മുട്ടകൾ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതുകൊണ്ട് മഴക്കാലമെത്തുന്നതോടെ കൊതുകിന്റെ പ്രജനനം വര്‍ധിക്കുകയും രോഗസാധ്യത കൂടുകയും ചെയ്യുന്നു. പകലും രാത്രിയിലും ഈ കൊതുകുകൾ മനുഷ്യരെ കടിക്കുന്നു.

ചിക്കുൻഗുനിയ വൈറസ്

ചിക്കുൻഗുനിയ രോഗാണുക്കൾ ആൽഫാ വിഭാഗത്തിൽ പെട്ട വൈറസുകളാണ്. ഇവ ആർഎൻ എ (റൈബോ ന്യൂക്ലിക് ആസിഡ്) വൈറസുകളാണ്. രോഗാണുക്കളുടെ സംഭരണ ശാലയായി പ്രവർത്തിക്കുന്നത് സസ്തനികളാണ്. മനുഷ്യൻ, കുരങ്ങ്എന്നിവയാണ് അവയിൽ പ്രധാനം. കൊതുകു കടിക്കുന്നതിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് 1 മുതൽ 12 ദിവസത്തിനകമാണ് രോഗമുണ്ടാക്കുന്നത്. മിക്കപ്പോഴും 4–8 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളായ പനി, സന്ധിവേദന എന്നിവ ഉണ്ടാകുന്നു. ഈ സമയമെല്ലാം രോഗി രോഗവാഹകരായി കഴിയുന്നു. രോഗമുള്ള ഒരാളെ കൊതുക് കടിക്കുമ്പോൾ വൈറസ് അയാളുടെ ശരീരത്തിൽ കടന്നു കൂടി രോഗമുണ്ടാക്കുന്നു. ഈ വൈറസ് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് നേരിട്ടു രോഗം പരത്തുന്നതായി തെളിവുകൾ ഇല്ല. വളരെ അപൂർവമായി അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗാണു കടന്നു കൂടാം. വൈറസ് ശരീരത്തിലുള്ള ഒരാളുടെ രക്തം സ്വീകരിക്കുന്നതിലൂടെ രോഗ സാധ്യത ഉണ്ടെങ്കിലും ഇതേവരെ അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com