ADVERTISEMENT

നമ്മുടെ രാജ്യത്ത് ജനിക്കുന്ന ആയിരം നവജാതശിശുക്കളില്‍ ഏകദേശം എട്ടു കുട്ടികള്‍ ജന്മനായുള്ള ഹൃദയ വൈകല്യമുള്ളവരാണ്. കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിവര്‍ഷം 5000 കുട്ടികളില്‍ ഹൃദയവൈകല്യം കണ്ടുവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജന്മനായുള്ള ഹൃദ്രോഗങ്ങളില്‍തന്നെ 25% ഗുരുതരമാണ്. അതായത് ജനിച്ച് ആദ്യ വര്‍ഷംതന്നെ ശസ്ത്രക്രിയ അല്ലെങ്കില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വേണ്ടതാണ് ഈ 25% കേസുകളും. രോഗനിര്‍ണയത്തിലെ കാലതാമസവും വിദഗ്ധ ചികിത്സ ലഭ്യമാക്കാതിരിക്കുന്നതിലൂടെയും ഈ കുട്ടികള്‍ മരണപ്പെടുകയോ ശിഷ്ടകാലം വൈകല്യത്തോടെ ജീവിക്കേണ്ടതായി വരികയോ ചെയ്യാം. 

ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ പ്രധാനമായും രണ്ട് വിഭാഗമായി തരം തിരിക്കാം. സയനോട്ടിക് അല്ലെങ്കില്‍ നോണ്‍ സയനോട്ടിക്. 

ചുണ്ടുകള്‍ക്കും വിരല്‍ത്തുമ്പിനും ഒരു തരം നീല നിറം കൈവരുന്നതാണ് സയനോട്ടിക് ഹൃദയ വൈകല്യങ്ങളുടെ പ്രധാന ലക്ഷണം. രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഈ രോഗമുള്ള കുട്ടികളുടെ ഹൃദയത്തിന്‍റെ വിവിധ അറകളില്‍ രക്തം അസാധാരണമാം വിധം കലരുന്നു. പക്ഷേ ഈ ലക്ഷണങ്ങളില്ലെന്ന് കരുതി രോഗം തീവ്രമല്ലെന്ന് കണക്കാക്കാനും കഴിയുകയില്ല.

മുതിര്‍ന്നവരിലുണ്ടാകുന്ന ഹൃദ്രോഗത്തിന് വിരുദ്ധമായി ജന്മനായുള്ള ഹൃദ്രോഗം എന്നത് ഘടനാപരമായ വൈകല്യമുണ്ടെന്നതാണ്. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍തന്നെ ഹൃദയത്തിന്‍റെ വളര്‍ച്ചയിലെ അസ്വാഭാവികതയാണ് ഇതിന് കാരണം. ഒരു കുഞ്ഞില്‍ ജന്മനായുള്ള ഹൃദ്രോഗത്തിന്‍റെ കാരണം കൃത്യമായി പറയാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. ഈ രോഗത്തിനു കാരണമായ ചില ഘടകങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാസം തികയുന്നതിനു മുമ്പുള്ള ജനനം, ജനിതക തകരാറുകള്‍, അമ്മയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയാണ് അവ.

ആരോഗ്യരംഗത്ത് ഏറെ പുരോഗമനം പ്രാപിച്ചിരിക്കുന്ന ഇക്കാലത്ത്  ഇത്തരം വൈകല്യങ്ങള്‍ ഭ്രൂണം നാലുമാസം വളര്‍ച്ചയെത്തുമ്പോള്‍ തന്നെ  നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഫീറ്റല്‍ ഇക്കോ കാര്‍ഡിയോഗ്രാം പരിശോധനയിലൂടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍തന്നെ മിക്ക വൈകല്യങ്ങളും കണ്ടെത്താനാകും. ഇത്തരം നൂതന പരിശോധനകള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ജനന ശേഷം രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുമ്പോഴാകാം കുട്ടികളില്‍ ഈ വൈകല്യങ്ങള്‍ കണ്ടെത്തുന്നത്. 

നവജാത ശിശുക്കളിലെ ഇത്തരം വൈകല്യങ്ങള്‍ പലപ്പോഴും ആദ്യം ശ്രദ്ധിക്കുന്നത് അമ്മമാര്‍ തന്നെയാണ്. ശരിയായി പാല് കുടിക്കാതിരിക്കുക, ശ്വസിക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ ആദ്യമേ അമ്മമാരുടെ ശ്രദ്ധയില്‍പ്പെടുന്നു. ശരീരഭാരക്കുറവ്, ഊര്‍ജസ്വലതയില്ലായ്മ, വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങള്‍ താണ്ടുന്നതിലെ കാലതാമസം തുടങ്ങിയവ ഇത്തരം കുട്ടികളില്‍ കാണപ്പെടുന്നു. ഇത്തരം വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന ശിശുരോഗ വിദഗ്ധര്‍ കൃത്യമായി രോഗം നിര്‍ണയിക്കുന്നതില്‍ വിജയിക്കുന്നുവെന്നാണ് അനുഭവങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ എത്തിക്കുന്ന കുട്ടികളില്‍ വേഗത്തില്‍ രോഗം സ്ഥിരീകരിക്കാനും ചികിത്സ ലഭ്യമാക്കാനും കഴിയുന്നു. പ്രാദേശിക ക്ലിനിക്കുകളിലെ  ഉയര്‍ന്ന കാര്യക്ഷമതയാണ് ഇത് കാണിക്കുന്നത്. 

ചില തെറ്റിദ്ധാരണകള്‍

ഇത്തരം രോഗമുണ്ടെന്ന് കണ്ടെത്തുന്നത് മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തുന്നത് സ്വാഭാവികമാണ്. ജനിച്ചയുടനെ ഒരു ശസ്ത്രക്രിയ വേണ്ടിവരുന്നുവെന്നത് ആര്‍ക്കും താങ്ങാനാകുന്നതിനും അപ്പുറമാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ പ്രതിവിധി ശസ്ത്രക്രിയ തന്നെയാണ് എന്നുള്ളതാണ് വസ്തുത. 

ഞങ്ങളുടെ ഒപി വിഭാഗത്തിലെത്തുന്ന രോഗികളുടെ മാതാപിതാക്കള്‍ പലപ്പോഴും ഉന്നയിക്കാറുള്ള  ചോദ്യമാണ് കുട്ടിയുടെ വൈകല്യം സ്വമേധയാ മാറുമോ എന്നത്. ശരിയാണ് ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ചികിത്സയില്ലാതെതന്നെ മാറാറുണ്ട്. എന്നാല്‍ അത് ചില ഘടകങ്ങളില്‍ മാത്രം പരിമിതമാണ്. കുട്ടിയുടെ പ്രായം, ഹൃദയത്തിലെ ദ്വാരത്തിന്‍റെ വലിപ്പം, ദ്വാരമുണ്ടായിരിക്കുന്ന സ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കുമത്. ചെറിയ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്ട് (എഎസ്ഡി) ആണെങ്കില്‍ കുട്ടിക്ക് ഒരു വയസ്സാകുമ്പോഴേക്കും ദ്വാരം താനെ അടയാറുണ്ട്. എന്നാല്‍ അതിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരും. ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്ട് ആണെങ്കില്‍ കുട്ടി സ്കൂളില്‍ പോകുന്ന പ്രായമെത്തുന്നതിനു മുമ്പുതന്നെ ചികിത്സിക്കുന്നതാണ് ഉത്തമം. 

എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ സ്വയം അടയാത്ത വലിയ വെന്‍ട്രികുലര്‍ സെപ്റ്റല്‍ ഡിഫെക്ട് (വിഎസ്ഡി) ആണെങ്കില്‍ ശസ്ത്രക്രിയിലൂടെ പരിഹാരം കാണേണ്ടതായി വരും. ചിലപ്പോള്‍ അതിനുമുമ്പുതന്നെ ചികിത്സ വേണ്ടിവന്നേക്കാം.  

ഗര്‍ഭസ്ഥ ശിശുവിന്‍റെ അയോര്‍ട്ടയെയും (ശരീരത്തിന് മുഴുവന്‍ രക്തം എത്തിക്കുന്ന പ്രധാന ഹൃദയധമനി) പള്‍മണറി ആര്‍ട്ടറിയെയും (ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ഹൃദയധമനി) ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഡക്ടസ് ആര്‍ടെറീയോസസ്. ജനനത്തിന് ശേഷം ചിലപ്പോള്‍ ഇത് അടയാതിരിക്കും. ഇതിനെ പേറ്റന്‍റ് ഡക്ടസ് ആര്‍ടെറിയോസസ് (പിഡിഎ) എന്ന് വിളിക്കുന്നു. ചെറുതാണെങ്കില്‍ ഇത് സ്വയമേവ അടയാറുണ്ട്. എന്നാല്‍ അടയാതിരിക്കുകയോ അല്ലെങ്കില്‍ വലുതാണെങ്കിലോ കുട്ടിയുടെ ജനനത്തിന്‍റെ ആദ്യ മാസത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടി വരും. 

ഗുരുതര ഹൃദ്രോഗമുള്ള നവജാതശിശുക്കളില്‍, ജനിച്ച ആദ്യ ദിനംതന്നെ അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. രോഗത്തിന്‍റെ തീവ്രതയും സ്വഭാവവവും കുട്ടിയുടെ ആരോഗ്യസ്ഥിതിയും ആശ്രയിച്ചിരിക്കും ഇത്. ഉദാഹരണത്തിന് പള്‍മണറി ഏട്രീഷ്യ (പള്‍മണറി ആര്‍ട്ടറി ശരിയായി വികസിക്കാത്ത അവസ്ഥ), ടോട്ടല്‍ അനോമലസ് പള്‍മണറി വെനസ് കണക്ഷന്‍ (ശ്വാസകോശ ധമനികള്‍ ഹൃദയത്തിലെ ഇടത് അറയുമായി ബന്ധിപ്പിക്കാത്ത അവസ്ഥ), ഹൈപ്പോ പ്ലാസ്റ്റിക് ലെഫ്റ്റ് ഹാര്‍ട്ട് സിന്‍ഡ്രോം (ഹൃദയത്തിന്‍റെ ഇടത് ഭാഗം ശരിയായ രീതിയില്‍ വികസിക്കാത്ത അവസ്ഥ), ഹൃദയത്തില്‍ നിന്നുള്ള രണ്ട് പ്രധാന രക്തധമനികള്‍ തമ്മില്‍ സ്ഥാനം തെറ്റിപോകുന്ന അവസ്ഥ. ഇത്തരം അവസ്ഥകളിലുള്ള ചില കുട്ടികളില്‍ പ്രസവശേഷമുള്ള ആദ്യ ആഴ്ചയില്‍തന്നെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ ആവശ്യമായി വന്നേക്കാം. അത്തരം കുട്ടികളെ ചിലപ്പോള്‍ ജനന ദിവസംതന്നെ ഒരു ധമനിമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നേക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം ഭൂരിഭാഗം കുട്ടികളും സുഖം പ്രാപിക്കാറുണ്ട്. 

സാധാരണയായി കാണപ്പെടുന്ന മറ്റൊരു ഗുരുതര രോഗമാണ് ടെട്രാളജി ഓഫ് ഫാലറ്റ്. ഒരു മാസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ്സുള്ള വ്യക്തിയുടെ വരെ ഈ രോഗത്തിന് ശസ്ത്രക്രിയ നടത്തിയ അനുഭവം എനിക്കുണ്ട്. 

ടെട്രാളജിയുള്ള രോഗിയുടെ ശ്വാസകോശ ധമനി ചുരുങ്ങുകയും രക്തം സ്വീകരിക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ഹൃദയത്തിലെ രണ്ട് വലിയ അറകള്‍ക്കിടയില്‍ ഉണ്ടാകുന്ന ദ്വാരം അശുദ്ധ രക്തം ഹൃദയത്തിന്‍റെ ഇടതുവശത്തേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ കുട്ടിയുടെ ശരീരം നീല നിറമാകുകയും രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുന്നതു മൂലം പൂര്‍ണ ആരോഗ്യമായ ജീവിതം നയിക്കാനാകാതെയും വരുന്നു. ഏകദേശം ആറുമാസത്തിനുള്ളില്‍ ഈ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാറുണ്ട്. എന്നാല്‍ ഈ പ്രായത്തിനുള്ളില്‍ കൃത്യമായ ചികിത്സ ലഭിക്കാത്ത കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഊര്‍ജസ്വലത ഇല്ലായ്മയും കാണപ്പെടുന്നു. ചികിത്സ വൈകിയത് മൂലം കിടപ്പിലായ നിരവധി കൗമാരക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പുതുജീവന്‍ ലഭിച്ചിട്ടുണ്ട്. 

ജന്മാനായുള്ള ഹൃദ്രോഗങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഹൃദയത്തിലെ നാല് അറകളില്‍ ഒന്ന് പ്രവര്‍ത്തിക്കാതിരിക്കുന്ന സിംഗിള്‍ വെന്‍ട്രിക്കിള്‍ ഫിസിയോളജി എന്ന അവസ്ഥ. ഈ വൈകല്യം കാരണം ശ്വാസകോശത്തിലേക്ക് രക്തം എത്താതിരിക്കുകയും സയനോസിസിന് കാരണമാകുകയും ചെയ്യുന്നു. രക്തം ശ്വാസകോശത്തിലെത്തിക്കുന്നതിന് കുട്ടിയെ മൂന്ന് വ്യത്യസ്ത ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. തുടര്‍ന്നുള്ള ചികിത്സ കൊണ്ട് കുട്ടിക്ക് മികച്ച ജീവിതം നയിക്കാന്‍ സാധിക്കും. ഞങ്ങള്‍ ചികിത്സിച്ച നിരവധി കുട്ടികള്‍ ഇപ്പോള്‍ വളര്‍ന്ന് വലിയ ഉദ്യോഗസ്ഥരും കായികതാരങ്ങളും സംഗീതജ്ഞരും ആയിട്ടുണ്ട്. ചില പെണ്‍കുട്ടികള്‍ വിവാഹിതരാവുകയും അമ്മമാരാകുകയും ചെയ്തിട്ടുണ്ട്. 

ശസ്ത്രക്രിയയ്ക്കിടയിലെ അപകടസാധ്യതയാണ് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു കാര്യം. എന്നാല്‍ ശസ്ത്രക്രിയയ്ക്കും അനസ്തേഷ്യ, ക്രിട്ടിക്കല്‍ കെയര്‍ തുടങ്ങിയവയക്കും അത്യാധുനിക സൗകര്യങ്ങള്‍ വന്നതോടെ അപകട സാധ്യതകളും നന്നെ കുറഞ്ഞിട്ടുണ്ട്. സങ്കീര്‍ണ രോഗങ്ങള്‍ പോലും ഇന്ന് നിസ്സാരമായി ചികിത്സിക്കാന്‍ കഴിയും. എന്നിരുന്നാലും ജന്മനായുള്ള ഹൃദ്രോഗത്തിനുള്ള ശസ്ത്രക്രിയ മറ്റേത് വലിയ ശസ്ത്രക്രിയകള്‍ പോലെതന്നെ അപകടസാധ്യതകളുള്ളതാണ്. ചിലപ്പോള്‍ കുട്ടിക്ക് ഐസിയുവില്‍ കൂടുതല്‍ കാലം കഴിയേണ്ടി വന്നേക്കാം. അപൂര്‍വം ചിലര്‍ ഡോക്ടര്‍മാരുടെ കഠിന പ്രയത്നത്തിനിടയിലും മരണത്തിന് കീഴടങ്ങിയെന്നും വരാം.

മാതാപിതാക്കള്‍ അറിയാന്‍

എന്‍റെ കുട്ടിക്ക്  സ്കൂളില്‍ പോകുവാന്‍ കഴിയുമോ? സാധാരണ കുട്ടികളെ പോലെ എന്‍റെ കുട്ടിക്ക് കളിക്കാന്‍ കഴിയുമോ? ശസ്ത്രക്രിയ മൂലം ഭാവിയില്‍ എന്‍റെ കുട്ടിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ?  എന്‍റെ കുട്ടിക്ക് എന്തെങ്കിലും പ്രത്യേക പരിചരണം നല്‍കേണ്ടതുണ്ടോ? തുടങ്ങി വിവിധ തരത്തിലുള്ള ചോദ്യങ്ങളും സംശയങ്ങളും ഒരു പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ എന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഏട്രിയല്‍ ആന്‍ഡ് വെന്‍ട്രികുലാര്‍ സെപ്റ്റല്‍ വൈകല്യം, പേറ്റന്‍റ് ഡക്ടസ് ആര്‍ട്ടറിയോസസ് തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കും. ഇത്തരം രോഗങ്ങളും വലിയ രക്തധമനികളുടെ സ്ഥാനമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് കഴിഞ്ഞാല്‍ പൂര്‍ണമായി സുഖപ്പെടും. അങ്ങനെയുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികളെ പോലെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. ചികിത്സ പൂര്‍ത്തിയാക്കിയ കുട്ടികളെ പിന്നീട് ഹൃദ്രോഗികളായി കാണേണ്ടതില്ല. എന്നാല്‍ ചില കുട്ടികള്‍ക്ക് തുടര്‍ ചികിത്സ ആവശ്യമായി വരും. മറ്റു കുട്ടികളെ പോലെ സാധാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ല എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അവര്‍ ചികിത്സ തുടരണമെന്ന് മാത്രം.

ഭക്ഷണക്രമം

മാതാപിതാക്കളുടെ മറ്റൊരു ഉത്കണ്ഠയാണ് കുട്ടികള്‍ക്ക് നല്‍കേണ്ടുന്ന ആഹാരക്രമം. ഘടനാപരമായ ഹൃദ്രോഗികള്‍ക്ക് ആഹാരത്തില്‍ യാതൊരു നിയന്ത്രണങ്ങളും ആവശ്യമില്ല. ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികള്‍ക്ക് അവരുടെ ഇഷ്ട ഭക്ഷണം നല്‍കുവാന്‍ സാധാരണ ഞാന്‍ മാതാപിതാക്കളെ ഉപദേശിക്കാറുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടികളില്‍ ഉണ്ടാകുന്ന പനി, ചുമ, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങള്‍ക്ക് മറ്റ് കുട്ടികളെപ്പോലെ പ്രാദേശിക ഡോക്ടറെ കണ്ടാല്‍ മതിയാകും. 

മാതാപിതാക്കളുടെ കുറ്റബോധം

ചില മാതാപിതാക്കള്‍ക്ക് കുറ്റബോധമുണ്ടാകാറുണ്ട്. അവര്‍ ചെയ്ത എന്തെങ്കിലും തെറ്റിന്‍റെ ഫലമാണോ കുട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന ചോദ്യം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. പാരമ്പര്യമായി മാതാപിതാക്കളില്‍ നിന്നോ അവരുടെ മുന്‍തലമുറയില്‍ നിന്നോ ആണോ ഈ രോഗം കുട്ടിക്ക് വന്നതെന്ന പരോക്ഷ ചോദ്യമാണ് ഇത്. എന്നാല്‍ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. ജന്മാനായുള്ള ഹൃദ്രോഗം പാരമ്പര്യമായി വരാനുള്ള സാധ്യത വിരളമാണ്. കൂടാതെ മാതാപിതാക്കള്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നു എന്നത് കുട്ടിക്ക് ജന്മായുള്ള ഹൃദയ വൈകല്യം ഉണ്ടാകാന്‍ കാരണമാകില്ല. 

ജന്മനായുള്ള ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത വളരെ അപൂര്‍വം രോഗങ്ങളുമുണ്ട്. അത്തരം രോഗങ്ങള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ആവശ്യമായി വരാം. ഹൃദയ ഘടനയിലെ സങ്കീര്‍ണതയാണ് ഇതിന് കാരണം. അനുയോജ്യമായ ദാതാവിനെ ലഭ്യമല്ലാത്തതിനാല്‍ പലപ്പോഴും നവജാത ശിശുക്കളിലും കുട്ടികളിലും ഹൃദയം മാറ്റിവയ്ക്കല്‍ വളരെ അപൂര്‍വമായേ നടക്കാറുള്ളു. ഇത്തരം കുട്ടികള്‍ ഹൃദയം മാറ്റി വയ്ക്കുന്നതിനായി കൗമാരപ്രായമെത്തുന്നതുവരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. 

ജനിതക പ്രശ്നങ്ങളുമായി ബന്ധമുണ്ടോ? 

കുട്ടികളില്‍ ഉണ്ടാകുന്ന ഈ രോഗത്തിന് ജനിതക പ്രശ്നങ്ങളുമായി ബന്ധമുണ്ടോയെന്നതാണ് മാതാപിതാക്കളുടെയും സമൂഹത്തിന്‍റെയും മറ്റൊരു സംശയം. ഇവ രണ്ടും തമ്മില്‍ നല്ലൊരു ബന്ധമുണ്ട്. കാരണം മറ്റൊന്നുമല്ല, ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ ജീനുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഹൃദയത്തിലെ ഘടനാപരമായ വൈകല്യങ്ങള്‍ക്ക് കാരണമാകും. ജനിതക മാറ്റം മൂലം കണ്ടുവരുന്ന ഒന്നാണ് ഡൗണ്‍ സിന്‍ഡ്രോം. ഇത്തരം കുട്ടികളില്‍ ജന്മനായുള്ള ഹൃദ്രോഗം ഉണ്ടാകാം. ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവായതിനാല്‍ ഇവരില്‍ നടത്തുന്ന ശസ്ത്രക്രിയ ഗുണകരമാകില്ലെന്ന ധാരണ പല ആശുപത്രികളും ഡോക്ടര്‍മാരും വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഞങ്ങളുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളില്‍ ജന്മനയുള്ള ഹൃദ്രോഗം പരിഹരിക്കുന്നതിലൂടെ ഹൃദയസ്തംഭനം ഉണ്ടാകുന്നത് തടയാനും കുട്ടിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ഡൗണ്‍ സിന്‍ഡ്രോമുള്ള നിരവധി കുട്ടികളിലെ ഹൃദയ വൈകല്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. അവരെല്ലാം ചികിത്സയോട് നന്നായി പ്രതികരിച്ചുവെന്ന് മാത്രമല്ല വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അതിവേഗത്തില്‍ താണ്ടുകയും ചെയ്തു. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികള്‍ക്ക് ശസ്ത്രക്രിയയ്ക്കിടയിലെ അപകടസാധ്യത കൂടുതലാണെന്നതും തീവ്രപരിചരണ കാലയളവ് നീളുമെന്നതും ശരിയാണ്. എന്‍റെ അനുഭവത്തില്‍ തുടക്കകാലത്തെ ചികിത്സ മികച്ച ഫലം നല്‍കുമെന്നതില്‍ സംശയമില്ല.

ചില നിരീക്ഷണങ്ങള്‍

ശൈശവകാലത്ത് രോഗനിര്‍ണയം നടത്താന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായതിന് ശേഷവും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ കഴിയും. ഗ്രോണ്‍ അപ്പ് കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസീസ് (ജിയുസിഎച്ച്) ഇന്ന് വികസിച്ചുവരുന്ന ഒരു ശാഖയാണ്. ഈ അവസരത്തില്‍ സഹോദര വിഭാഗമായ ഇന്‍റര്‍വെന്‍ഷണല്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന്‍റെ പ്രവര്‍ത്തനം പരാമര്‍ശിക്കാതെ വയ്യ. ഈ വിഭാഗത്തില്‍ ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍ നിരവധിയാണ്. ഇങ്ങനെയുള്ള ചില വൈകല്യങ്ങള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ (കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍) ചികിത്സിക്കാന്‍ സാധിക്കും. കാലിലെ രക്തക്കുഴലിലൂടെ കത്തീറ്റര്‍ എന്ന ഉപകരണം കടത്തിവിട്ട് ചില ദ്വാരങ്ങള്‍ അടയ്ക്കാന്‍ സാധിക്കും. അതുപോലെ ഒരു കത്തീറ്ററില്‍ ബലൂണ്‍ ഘടിപ്പിച്ച്  ചുരുങ്ങിപ്പോയ വാല്‍വ് തുറക്കാനാകും. 

സങ്കീര്‍ണമല്ലാത്ത വൈകല്യങ്ങള്‍ക്ക് കത്തീറ്റര്‍ അധിഷ്ഠിത ചികിത്സ വളരെ ഫലപ്രദമാണ്. ഈ ചികിത്സാരീതി കൊണ്ട് വേദനയും ആശുപത്രിവാസവും കുറയ്ക്കാന്‍ കഴിയും. നവജാത ശിശുക്കളിലും ഈ രീതി ഫലപ്രദമാണ്. 

ജന്മായുള്ള ഹൃദ്രോഗം തടയാന്‍ എപ്പോഴും കഴിഞ്ഞെന്ന് വരില്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, കൃത്യമായി പരിശോധനകള്‍ നടത്തുക, അനാവശ്യമായ മരുന്നുകള്‍ കഴിക്കാതിരിക്കുക തുടങ്ങിയവ പാലിക്കുകയെന്നതാണ് ഗര്‍ഭകാലത്ത് അമ്മമാര്‍ ചെയ്യേണ്ടത്. ജന്മായുള്ള ഹൃദ്രോഗമുണ്ടെന്ന് സംശയമുണ്ടായാല്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റിന്‍റെ സഹായം തേടേണ്ടതാണ്. കേരളത്തിലെ ശിശുമരണത്തിന് സിഎച്ച്ഡി പ്രധാന കാരണമാണ്. സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഏകദേശം 10 ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണെന്നതാണ് വസ്തുത. ഇത് നമുക്ക് സാധ്യമായത് കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് പകര്‍ച്ച വ്യാധികള്‍ ഫലപ്രദമായി നിയന്ത്രിക്കാനായത് കൊണ്ടാണ്. ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാന്‍ ജന്മാനായുള്ള ഹൃദ്രോഗങ്ങളുടെ ഫലപ്രദമായ ചികിത്സ അനിവാര്യമാണ്. 

(ലേഖകൻ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കൻസൽറ്റന്റാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com