ADVERTISEMENT

കണ്ണുള്ളവർക്ക് കണ്ണിന്റെ വില അറിയില്ല. നേത്രദാനത്തെക്കുറിച്ച് പലരും വാതോരാതെ സംസാരിക്കുമെങ്കിലും എത്ര പേർ അതിനു തയാറാകുന്നുണ്ടാകും? നേത്രദാന  സമ്മതപത്രം ആരെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽപോലും പലപ്പോഴും ബന്ധുക്കൾ നേത്രദാനത്തിനു മുൻകൈ എടുത്ത് അതു ചെയ്യാറില്ല. എന്തു ചെയ്യണമെന്നും ആരെ അറിയിക്കണമെന്നും ഒക്കെ അറിയാത്തതുകൊണ്ടു നേത്രദാനം മുടങ്ങിപ്പോകുന്നുണ്ട്. ഏകദേശം ഒരു കോടിയോളം ആളുകൾ ഇന്ത്യയിൽ ഒരു വർഷത്തിൽ മരണമടയുന്നു. അതിൽ ഏകദേശം 26000 ആളുകൾ മാത്രമാണ് കണ്ണുകൾ ദാനം ചെയ്യുന്നത്. സാക്ഷരതയിൽ മുന്നിൽ എന്ന് അഭിമാനിക്കുന്ന കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുറകിലാണ്.

അന്ധവിശ്വാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും അടിമപ്പെടാതെ യഥാസമയം കണ്ണുകൾ ദാനം ചെയ്യുന്ന തീരുമാനം ജനങ്ങളിൽനിന്നു കിട്ടിയാൽ ഒട്ടേറെ ആളുകളെ വെളിച്ചത്തേക്ക് കൊണ്ടുവരാൻ സാധിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ  അന്ധർ ഉള്ളത്–ഒന്നര കോടിയോളം പേർ. അതിൽ 30 ലക്ഷം പേർക്കും കോർണിയ മാറ്റിവയ്ക്കുന്നതിലൂടെ കാഴ്ച ലഭിക്കാൻ സധ്യത ഉള്ളവരാണ്. ഇതു നേത്രദാനത്തിലൂടെയേ സാധിക്കൂ. നേത്രദാനം എന്നാൽ കണ്ണുകൾ പൂർണമായും ചൂഴ്ന്നെടുത്ത് മാറ്റുകയാണ് എന്ന തെറ്റിധാരണ വേണ്ട.  നേത്രപടലം മാത്രമാണ് കണ്ണിൽനിന്ന് എടുക്കുക. നിലത്തു വീണാൽ കാണാൻപോലും സാധിക്കാത്ത വിധത്തിൽ നേർത്തതാണത്.

നേത്രദാനം എങ്ങനെ? എപ്പോൾ?

നേത്രദാന സമ്മതപത്രം നൽകിയ ആൾ മരിച്ചാലുടൻ ബന്ധുക്കൾ നേത്രബാങ്കിൽ അറിയിക്കണം. തുടർന്നു നേത്രബാങ്കിൽനിന്ന് ഡോക്ടർമാർ എത്തി നേത്രപടലം നീക്കം ചെയ്തുകൊള്ളും. കൺപോളകൾക്ക് കേടു വരില്ല. മുഖത്ത് വൈരൂപ്യമൊന്നും ഉണ്ടാവുകയുമില്ല. സമ്മതപത്രം നൽകാത്തവർ മരിച്ചാലും ബന്ധുക്കൾക്കു സമ്മതമാണെങ്കിൽ നേത്രദാനം നടത്താം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ മരണാനന്തരം എത്രയും വേഗം (6 മണിക്കൂറിനുള്ളിൽ) അടുത്ത നേത്രബാങ്കിൽ വിവരം അറിയിക്കണം. 

∙ഏതു പ്രായത്തിലുള്ളവർക്കും ആൺ–പെൺ വ്യത്യാസമില്ലാതെ നേത്രദാനം ചെയ്യാവുന്നതാണ്. എന്നാൽ കണ്ണ് കാൻസർ, ബ്ലഡ് കാൻസർ രോഗങ്ങൾ ഉള്ളവരോ എച്ച്ഐവി അണുബാധയുള്ളവരോ നേത്രദാനം നടത്തരുത്. അന്ധതമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരിക, കാഴ്ച ഇല്ലാത്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക, നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com