ADVERTISEMENT

ഞാനൊരു ഡിഗ്രി വിദ്യാർഥിയാണ്. ഞാനൊരു വലിയ വിഷമാവസ്ഥയിലാണ്. എന്തെങ്കിലും വായിച്ചിരിക്കുമ്പോഴും വെറുതെ ഇരിക്കുമ്പോഴും ഉൾകവിളുകളും ചുണ്ടും കടിച്ചു മുറിക്കുന്നു. ഇതു തുടങ്ങിയിട്ട് ഏകദേശം അഞ്ചുവർഷമായിട്ടുണ്ട്. ആദ്യമൊക്കെ കടിക്കുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈയിടെയായി കടിക്കുക മാത്രമല്ല കടിച്ചു മുറിച്ച അംശം തിന്നുക കൂടി ചെയ്യാറുണ്ട്. എത്ര ശ്രമിച്ചിട്ടും ഇതു നിയന്ത്രിക്കാൻ കഴിയുന്നില്ല ഇതെന്തു രോഗമാണ്?

ഉത്തരം: ലോകമെമ്പാടും മനുഷ്യർക്കിടയിൽ പിരിമുറുക്കം കൂടിക്കൊണ്ടിരിക്കുകയാണ്. ഓരോരുത്തർക്കും അതു താങ്ങുവാൻ തനതായ ഒരു പരിധിയുണ്ട്. എന്നാല്‍ പരിധി പല തലത്തിലായിരിക്കും. അനിശ്ചിത കാലത്തേക്ക് അനിയന്ത്രിത പിരിമുറുക്കം (Stress) താങ്ങുവാൻ ഒരു വ്യക്തിക്കും സാധ്യമല്ല. ആ സമയത്തു പല ബാഹ്യപ്രകടനങ്ങളും പ്രത്യക്ഷമാകും. പലപ്പോഴും ഒരു വ്യക്തിക്ക് വരുന്ന ഈർഷ്യയും ദേഷ്യവും പറഞ്ഞു തീർക്കാൻ സാധിച്ചെന്നു വരികയില്ല. അല്ലെങ്കിൽ തന്നെ പറയേണ്ടവരോടായിരിക്കുകയില്ല പറയുവാനുള്ള സാഹചര്യം ലഭിക്കുന്നത്. കുടുംബത്തെ ആകെ ബാധിക്കുന്ന കലഹമോ മറ്റു പ്രശ്നങ്ങളോ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പൊരുത്തക്കേടോ എല്ലാത്തിന്റെയും ഭാഗമായി ചില കുട്ടികൾ വിരൽ കുടിക്കുമ്പോൾ മുതിർന്നവർ നഖം കടിക്കാം. 

അത്രതന്നെ സാധാരണമല്ലാതെ മറ്റു ചിലർ അമർഷം പൂണ്ട് ചുണ്ടു കടിച്ചേക്കാം. മുതിർന്നവർ പലരും ചുണ്ടു കടിക്കുന്നത് അപകർഷതാ ബോധം കൊണ്ടോ കളിയാക്കപ്പെടുന്നതുകൊണ്ടോ ലജ്ജകൊണ്ടോ ആയിരിക്കും. ഇതൊന്നും അറിഞ്ഞുകൊണ്ടു ചെയ്യുന്നതായിരിക്കില്ല. അബോധമനസ്സിന്റെ അടിയിൽ കിടക്കുന്ന പ്രതിഷേധ വികാരങ്ങളിൽ നിന്നുളവായിട്ടുള്ളതാണ് ഈതരം ബാഹ്യപ്രകടനങ്ങൾ. കുറെ സമയത്തേക്കെങ്കിലും മനഃപൂർവം ഇതു പിടിച്ചു നിർത്താൻ സാധിക്കും. പക്ഷേ, പിന്നീടു ശ്രദ്ധ മറ്റൊന്നിലേക്കു തിരിയുമ്പോൾ ഈ ചിന്തയും ബലഹീനമായി ലോപിച്ചു പോകും. അതോടെ ആന്തരിക മനസ്സ് വീണ്ടും ശക്തമായി പ്രതികരിക്കും. കുട്ടികളിൽ ‘വിക്ക് ’ വരുന്നതും ഇത്തരമൊരു പ്രതി ഭാസമാകാം. 

നിങ്ങളുടേതുപോലെ ചിലർ തലമുടി പിഴുതെടുക്കുന്ന സ്വഭാവം കാണിക്കാറുണ്ട്. ഈ ശീലങ്ങൾ മാറ്റുന്നത് എളുപ്പമായിരിക്കില്ല. എന്നാൽ ഒരു മനോരോഗവിദഗ്ധനായ ഡോക്ടർക്ക് നിങ്ങളെ സഹായിച്ച് അസുഖം മാറ്റിയെടുക്കാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com