ADVERTISEMENT

ഐക്യകേരളം എന്ന ആശയത്തിന് ആയുർവേദക്കൂട്ട് ഒരുക്കിയ ക്രാന്തദർശി. വൈദ്യരത്നം പി.എസ് വാരിയരുടെ 150–ാം ജന്മവർഷിക ആഘോഷങ്ങൾക്കൊപ്പം കേരളിത്തിന്റെ 63–ാം പിറന്നാളും. ഐക്യകേരളം എന്ന ആശയം രൂപപ്പെടുന്നതിനു വളരെ മുൻപേ അതിനു വലിയ സംഭാവനകൾ നൽകിയ പി.എസ്. വാരിയരെ ഡോ.കെ.ജി പൗലോസ് അനുസ്മരിക്കുന്നു. 

ഐക്യകേരളം നിലവിൽ വരുന്നതിന് അരനൂറ്റാണ്ടിനപ്പുറമാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ജനനം. ആയുർവേദം എന്ന പ്രാചീന ചികിത്സാ സമ്പ്രദായത്തിന് പി.എസ്. വാരിയരുടെ കാണിക്ക. 

തന്റെ പ്രവർത്തനങ്ങൾ കോട്ടയ്ക്കൽ എന്ന ഗ്രാമത്തിലൊതുക്കാതെ മലയാളികൾ വസിക്കുന്ന എല്ലാ മേഖലകളിലേക്കും വ്യാപിപ്പിച്ച ക്രാന്തദർശി. ആര്യവൈദ്യശാല സ്ഥാപിച്ച് നാലു മാസത്തിനുള്ളിൽ വൈദ്യൻമാരുടെ സംഘടന ‘ആര്യവൈദ്യ സമാജ’വും അദ്ദേഹം സ്ഥാപിച്ചു. കേരളം മുഴുവനുമായിരുന്നു അതിന്റെ പ്രവർത്തന മേഖല. 

ആര്യവൈദ്യസമാജത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത് കോഴിക്കോട്ടുവച്ചായിരുന്നു. േകരളത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വൈദ്യന്മാർ, പ്രഭുക്കൾ, പൗരമുഖ്യർ തുടങ്ങിയവരെല്ലാം പങ്കെടുത്ത സമ്മേളനം. ഏറെക്കാലമായി ശത്രുതയിലായിരുന്ന കൊച്ചി രാജാവിന്റെയും സാമൂതിരി രാജാവിന്റെയും പ്രതിനിധികൾ വരെ പങ്കെടുത്തു. ഒരാൾ മറ്റൊരാളുടെ അധികാരസീമയിൽ കാലെടുത്തു കുത്താൻ മടിച്ചിരുന്ന കാലത്ത് കൊച്ചി രാജാവ് കുഞ്ഞുണ്ണി തമ്പുരാനെയും അപ്പൻ തമ്പുരാനെയും തന്റെ പ്രതിനിധികളായി അയച്ചു. 

ഐക്യ കേരളം എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടു വയ്പുകളിലൊന്ന് കോട്ടയ്ക്കലിൽ നിന്നുള്ള ആ ക്രാന്ത ദർശിയുടേതായിരുന്നു. 

ആയുർവേദത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യാണ് 1902–ല്‍ പി.എസ്.വാരിയർ ആര്യവൈദ്യശാല സ്ഥാപിക്കുന്നത്. കുട്ടഞ്ചേരി മൂസ്സിൽ നിന്ന് ആയുർവേദത്തിൽ ലഭിച്ച അഗാധ പാണ്ഡിത്യമായിരുന്നു കൈമുതൽ. 

മഞ്ചേരി ഗവ. ആശുപത്രിയിലെ ഡോ. വർഗീസിന്റെ കീഴിൽ മൂന്നു വർഷത്തെ പരിശീലനത്തിൽ നിന്നു ലഭിച്ച ആധുനികതാബോധം അദ്ദേഹത്തെ അക്കാലത്തെ മറ്റു വൈദ്യന്മാരിൽ നിന്ന് വ്യത്യസ്തനാക്കി. 

പാരമ്പര്യമായി പഠിച്ച സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു പി. എസ്. വാരിയർ. സംസ്കൃതത്തിലാണ് അദ്ദേഹം ആയുർവേദ ഗ്രന്ഥങ്ങൾ രചിച്ചത്. ഇംഗ്ലീഷാണ് അദ്ദേഹത്തിന് ആധുനികതാ ബോധം നൽകിയത്. എന്നാൽ മാതൃഭാഷയായ മലയാളത്തെയാണ് അദ്ദേഹം എന്നും പെറ്റമ്മയായി കരുതിയത്. 

1909–ൽ ആരംഭിച്ച പരമശിവവിലാസം നാടകക്കമ്പനി മലയാളത്തിലെ ആദ്യത്തെ സ്ഥിരം നാടകവേദിയാണ്. കോഴിക്കോട്ട് നാടകത്തിന് അക്കാലത്ത് സ്ഥിരം അവതരണ വേദിയുണ്ടായിരുന്നു. ആ നാടകരാവുകളുടെ അനുഭവങ്ങൾ സഞ്ജയനും തിക്കോടിയനുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒരു വ്യവസായശാലയിൽ ഉൽപാദനത്തിനും സ്ഥാനമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. 

സംഗീതനാടകങ്ങൾക്ക് പ്രചാരം കുറഞ്ഞപ്പോൾ നാടകക്കമ്പനിയെ 1939–ൽ അദ്ദേഹം കഥകളി കേന്ദ്രമാക്കി മാറ്റി. വൈദ്യനെന്ന പ്രശസ്തിക്കു മുൻപിൽ കലാകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടുത്താൻ സമൂഹം മറന്നു. 

‘‘ഇത് വൈദ്യൻ പി. എസ്. വാരിയരല്ല, മഹാകവി പി. എസ്. വാരിയരാണ് എന്നാണ് മഹാകവി വളളത്തോൾ ഒരിക്കൽ പറഞ്ഞത്.

ജീവിതത്തിലെന്നും സര്‍വമത സമഭാവന വച്ചു പുലർത്തിയ ആളായിരുന്നു അദ്ദേഹം. അയിത്താചാരണവും മറ്റും അതി കർശനമായിരുന്ന കാലത്ത് നാടകക്കാരും നാട്ടുകാരുമായി അദ്ദേഹത്തിനു ചുറ്റും സകല ജനവിഭാഗവും ഉണ്ടായിരുന്നു. 

ൈകലാസമന്ദിരം പണി പൂര്‍ത്തിയാകുന്നതിന് മുൻപു തന്നെ സമസ്തകേരള സാഹിത്യ പരിഷത്തിന്റെ മൂന്നാം സമ്മേളനം അവിടെവച്ച് നടത്തി. വിവിധ ജാതിമത വിഭാഗക്കാർ അവിടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ചർച്ചകൾ നടത്തി. 

അറുപതാം പിറന്നാൾ ആഘോഷിച്ചപ്പോൾ തദ്ദേശീയരായ മുസ്‍ലീംകൾ അദ്ദേഹത്തിന്റെ സർവമത സമഭാവനയെ പ്രകീർത്തിച്ച് മംഗളപത്രം സമർപ്പിച്ചു. 

കേരളപ്പിറവി ദിനത്തിൽ, നവ കേരള നിർമിതിക്ക് ഊർജം പകരുന്നതാണ് പി. എസ്. വാരിയരെക്കുറിച്ചുള്ള ഓർമകൾ. അദ്ദേഹത്തിന്റെ നൂറ്റി അൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അനുസ്മരിച്ചതുപോലെ ‘കേരളത്തിന്റെ മഹാനായ പുത്രനാണ് വൈദ്യരത്നം പി. എസ്. വാരിയർ’.

English summary: 150 years of Kottakkal Arya Vaidyasala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com