'ചിക്കൻ പൊരിയിലെ കമ്പി' സംഭവിക്കാവുന്ന അപകടാവസ്ഥ വിവരിച്ച് ഡോക്ടർ

chiken-fry-needle
SHARE

'ചിക്കൻ ഫ്രൈയിലെ കമ്പി'യുടെ തുടർച്ചയാണ്.

പലരും ആ കുറിപ്പ് ശരിയായൊരർത്ഥത്തിലല്ലാ എടുത്തതെന്ന് തോന്നിയതിനാലാണീ വാലുകൂടി എഴുതുന്നത്. ചിലരൊക്കെ അയാൾ മദ്യപിച്ചിട്ട് കഴിച്ചതിനാലാണ് അങ്ങനെ സംഭവിച്ചതെന്നെഴുതി കണ്ടു. ഒരു ചെറിയ കഷ്ണം കമ്പിയ്ക്കിതിന് മാത്രം വിഷയമാക്കേണ്ടതില്ലെന്നും മര്യാദയ്ക്ക് ചവച്ചരച്ച് കഴിക്കാത്തതാണ് കുഴപ്പമെന്നും അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒന്നിനെയിങ്ങനെ പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും പല തരത്തിലുള്ള അഭിപ്രായങ്ങളും കണ്ടു. എന്നാലിത് നിങ്ങൾ വിചാരിക്കുന്നത്ര സിമ്പിളായ കാര്യമല്ലായെന്ന് പറയാനാണീ കുറിപ്പ്.

ആദ്യമേ ഒരുകാര്യം പറയാം. ആ സുഹൃത്തിന് കഴിക്കുന്ന സമയത്ത് അശ്രദ്ധ പറ്റി, നമുക്കാർക്കും പറ്റാവുന്നത്. പക്ഷേ അദ്ദേഹം മദ്യപിക്കുന്ന ആളേ അല്ല കേട്ടോ.

ആ 2 സെന്റിമീറ്ററോളം നീളമുള്ള കമ്പി പുറത്തെടുക്കാൻ മെഡിക്കൽ കോളജിലെ ENT യിലെയും കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറിയിലെയും ഡോക്ടർമാർക്ക് 8 മണിക്കൂറോളമാണ് വേണ്ടി വന്നത്. കഴുത്തീന്ന് തലച്ചോറിലേക്ക് പോകുന്ന ഏറ്റവും പ്രധാന രക്തക്കുഴലിനും (Carotid Artery) അന്നനാളത്തിനും ഇടയിലിരിക്കുകയായിരുന്നു അത്! ചെറിയൊരശ്രദ്ധ പോലും വലിയൊരു ദുരന്തമാകാവുന്ന സർജറി. അതവർ ഭംഗിയായി ചെയ്തു. (ഞാനാ പ്രദേശത്തേ ഇല്ലായിരുന്നു. സുഹൃത്തിന്റെ കാര്യമായതിനാൽ മാത്രം ഞാനത് എഴുതിയെന്ന് മാത്രം)

ഇനിയാണ് പ്രധാനകാര്യത്തിലേക്ക് വരുന്നത്.

1. എങ്ങനെയാണിത് ഇത്രയും അകത്ത് കയറുന്നത്?

ശരിയാണ്, ഒന്നു കുത്തിക്കയറുമ്പോഴേ നമുക്ക് വേദനിക്കും, തുപ്പിക്കളയായിരുന്നല്ലോ എന്നായിരിക്കും പലരും വിചാരിക്കുന്നത്. എന്നാലതത്ര എളുപ്പമല്ല. കുത്തിക്കയറുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം നമ്മൾ വായിലുള്ള ഭക്ഷണം അല്ലെങ്കിൽ ഉമിനീർ കൂടുതൽ വിഴുങ്ങാൻ നോക്കും. മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ്. വിഴുങ്ങാൻ സഹായിക്കുന്ന മസിലുകളിലാണിത് കുത്തി നിക്കുന്നത്. ഓരോ പ്രാവശ്യം ആ മസിൽ കൺട്രാക്റ്റ് ചെയ്യുമ്പോഴും അത് കൂടുതൽ അകത്തേക്കകത്തേക്ക് കയറും.

2.ആ കമ്പി സർജറി ചെയ്തെടുത്തില്ലായിരുന്നെങ്കിലോ?

ആ രോഗി മരണപ്പെടാൻ പോലും സാധ്യതയുണ്ടായിരുന്നു. കയ്യിലോ കാലിലോ ആണി കൊള്ളുന്ന പോലല്ലാ, ശ്വാസനാളത്തിനടുത്ത്, കരോട്ടിഡ് ആർട്ടറിക്ക് സമീപം ഒരു കൂർത്ത വസ്തുവിരിക്കുന്നത്. ആ കമ്പി നേരിട്ട് രക്തക്കുഴലിലേക്ക് തുളഞ്ഞു കയറാം. അണുബാധയുണ്ടായി ചുറ്റും പഴുപ്പ് കെട്ടാം. ഒക്കെ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ഡേഞ്ചറസാണ്.

3. ഈ കമ്പി ഇത്രയെങ്കിലും (~2cm) വലിപ്പമുള്ളത് കൊണ്ടാണ് 8 മണിക്കൂറ് കൊണ്ടെങ്കിലും അതെടുക്കാൻ സാധിച്ചത്. വളരെ ചെറിയതായിരുന്നെങ്കിൽ എത്ര മെനക്കെട്ടാലും അത് കണ്ടുപിടിച്ചെടുക്കാൻ പറ്റണമെന്നില്ല. അങ്ങനെയെങ്കിലതാണ് കൂടുതൽ അപകടകരം.

കാരണം, ചെറുതാണെങ്കിലും അതവിടെയിരുന്ന് ചുറ്റും അണുബാധയുണ്ടാവാം. ശ്വാസനാളത്തിന് വശത്തോ പുറകിലോ പഴുപ്പ് കെട്ടാം. പാരാഫരിഞ്ചൽ അല്ലെങ്കിൽ റിട്രോഫരിഞ്ചൽ ആബ്സസ് എന്ന് പറയും. അതു വന്നാൽ പെട്ടെന്ന് ശ്വാസതടസവും പനിയും വരാം. പഴുപ്പ് കളയാൻ കഴുത്തിലോ തൊണ്ടയിലോ ഓപറേഷൻ വേണ്ടിവരും. ശ്വാസം നൽകാൻ കഴുത്തിലൂടെ ട്യൂബിടേണ്ടി വരാം. ഒരുപാട് നാൾ ആശുപത്രിയിൽ കിടക്കേണ്ടി വരാം.

4. പിന്നെ, ചവച്ചരച്ച് കഴിച്ചാലും ചിലപ്പോളീ അപകടം പറ്റാം ബ്രോ. മീൻ മുള്ളും ചിക്കന്റെ എല്ലുമൊക്കെ ഇങ്ങനെ കയറിയ എത്രയോ രോഗികളിവിടെ ഉണ്ടായിട്ടുണ്ട്.

ഇതൊക്കെ പേടിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. നിങ്ങളിൽ പലരും കരുതുന്ന പോലെ ഒട്ടും നിസാരമല്ലാന്ന് പറഞ്ഞുവെന്ന് മാത്രം.

ചിക്കൻ പൊരിയെ പറ്റിയുള്ള അഭിപ്രായം നേരത്തെ പറഞ്ഞത് തന്നെയാണ്. ഒട്ടും പോഷകമൂല്യമില്ലാത്ത ഒന്നാണത്. പല ഹോട്ടലുകളും നല്ല എണ്ണയിലൊന്നുമായിരിക്കില്ല അതുണ്ടാക്കുന്നതും. കഴിവതും അതൊഴിവാക്കുന്നതാണ് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലത്.

പിന്നെ അശ്രദ്ധ, ഭക്ഷണം കഴിക്കുമ്പോ കണ്ണും മനസും മൊബൈൽ ഫോണിലുളളിൽ പണയം വയ്ക്കുന്നതും ചിലപ്പോൾ ജീവിതം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നത് പോലൊരു ഭാഗ്യപരീക്ഷണമാണ്. കൂടെ, ചിക്കൻ ഫ്രൈയെന്നല്ലാ ഏതൊരു ഭക്ഷണവും ഇതുപോലെ അപകടകാരിയാവാമെന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

നല്ല ഭക്ഷണം, ആസ്വദിച്ച് രുചിയോടെ തന്നെ കഴിക്കൂ, ഇത്തിപ്പോരം ശ്രദ്ധ വേണമെന്ന് മാത്രം

English summary: Small Iron Needle Found in Chicken fry; The doctor explained the possible risk

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA