ADVERTISEMENT

ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്കു ലാൽസൺ യാത്രയായി. കാൻസറിനെ മനഃശക്തി കൊണ്ടു പൊരുതിത്തോൽപ്പിച്ചുകൊണ്ടിരുന്ന, ജീവിതം പൊരുതി നേടാനുള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും എന്ന് എപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ലാൽസൺ അവസാനം വേദനകളോടു ബൈ പറഞ്ഞിരിക്കുന്നു.

തൊണ്ടയിൽ കാൻസർ ബാധിച്ചതിനെത്തുടർന്ന് ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. വയറിൽക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നൽകുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഈ ട്യൂബ് വയറിനുള്ളിൽ പോയി‌. ചികിത്സയുടെ വിവരങ്ങളെല്ലാം തനിക്കു വേണ്ടി പ്രാർഥിക്കുന്നവർക്കായി ലാൽസൺ ഫെയ്സ്ബുക് വഴി അറിയിക്കുന്നുണ്ടായിരുന്നു.

ശസ്ത്രക്രിയ ചെയ്തു ട്യൂബ് പുറത്തെടുക്കാമെന്ന് ഡോക്ടർമാർ ആദ്യം തീരുമാനിച്ചെങ്കിലും ശരീരം ശസ്ത്രക്രിയ താങ്ങില്ലെന്നതിനാൽ സ്വാഭാവിക പ്രക്രിയയിലൂടെ മോഷനിൽക്കൂടി പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.

ഇന്നു രാവിലെ ലാൽസൺ ഇട്ട പോസ്റ്റിൽ, ട്യൂബ് പുറത്തെത്തിയ സന്തോഷവും അറിയിച്ചിരുന്നു. ‘ദൈവത്തിന്റെ വലിയ കാരുണ്യം. വയറിനുള്ളിൽ പോയ ട്യൂബ് ഏകദേശം പത്തു മിനിറ്റ് മുൻപ് പുറത്തു വന്നു. ഒഴിഞ്ഞു പോയത് വലിയ ഒരു സർജറി ആണ്. ഏകദേശം ഒമ്പതു സർജറി ഈ വർഷം തന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സർജറി കൂടി താങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷേ ഈ ട്യൂബ് ഇങ്ങനെ പുറത്തു വന്നില്ലെങ്കിൽ സർജറി അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി..... എല്ലാറ്റിലും ഉപരി സർവശക്തൻ ദൈവത്തിനോട് നന്ദി നന്ദി നന്ദി.

ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും’- അവസാനമായി ഇന്നു രാവിലെ കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ നിന്ന് ലാൽസൺ കുറിച്ചു. 

ലാൽസൺ നിങ്ങൾ ഒരിക്കലും തോറ്റിട്ടില്ല, ഇനി തോൽക്കുകയുമില്ല. തികഞ്ഞൊരു പോരാളി തന്നെയാണ് നിങ്ങൾ. അർബുദത്തോടു പൊരുതുന്ന അനേകം പേരെ പ്രചോദിപ്പിച്ചവൻ, ആയിരങ്ങൾക്ക് ആത്മവിശ്വാസം നൽകിയവൻ... നിങ്ങളുടെ ഇതുവരെയുള്ള ജീവിതവും നിങ്ങൾ പൊരുതി നേടിയതുതന്നെ.

English summary: Lalson passed away after fighting Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com