ADVERTISEMENT

എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, എറണാകുളം ജില്ലാ ഭരണകൂടം  എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാര്‍ട്ട് ബീറ്റ്‌സ് 2019 ഇന്ന് രാവിലെ 9-മുതല്‍ വൈകിട്ട് 5 വരെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കും. എറണാകുളം ജില്ലയിലെ സ്റ്റേറ്റ് ,സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ തുടങ്ങിയ 250-ല്‍ അധികം സ്‌കൂളുകളിലെ  ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന 35000 വിദ്യാര്‍ഥികള്‍ക്ക് ഏകദിന സിപിആര്‍ പരിശീലനം നല്‍കുന്ന പരിപാടിയാണ് ഹാര്‍ട്ട് ബീറ്റ്‌സ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ അംഗീകരിച്ച സിപിആര്‍ പരിശീലനം ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിന്റെയും, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സിന്റെയും മാനദണ്ഡപ്രകാരമാണ് സംഘടിപ്പിക്കുന്നത്. 

എറണാകുളം കലക്ടറേറ്റില്‍ എഡിഎം കെ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ ദുരന്ത നിവാരണ അതോറിട്ടി ഡപ്യൂട്ടി കളക്ടര്‍ കെ.ടി. സന്ധ്യാ ദേവി ഹാര്‍ട്ട് ബീറ്റിസ് സംഘടിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തഹസില്‍ദാര്‍ കെ.ബി. തോമസിനാണ് ദുരന്ത നിവാരണ സംഘത്തിന്റെ ചുമതല. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും കാലടി പാലത്തിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പും, പോലീസും പ്രത്യേക സംവിധാനവുമായി രംഗത്തുണ്ട്. 

ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വിമാനത്താവളത്തിന്റെ മുന്നിലുള്ള സര്‍വീസ് റോഡിലും പഴയ റോഡിലും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ഭക്ഷണമാണ്  കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ  എത്തിക്കുന്നതിനായി ഓള്‍കേരള ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ട് ക്യാരിയേഴ്‌സ് അസ്സോസിയേഷന്‍ എറണാകുളം ജില്ലാകമ്മറ്റി 320 ബസുകള്‍  വിട്ടുനല്‍കിയിട്ടുണ്ട്.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സലീന വി.ജി നായര്‍, ഡോ. എം. ഐ. ജുനൈദ് റഹ്മാന്‍, ഡോ.സച്ചിദാനന്ദ കമ്മത്ത്, ഡോ.നജീബ് കെ ഹംസ, ഡോ.രാജീവ് ജയദേവന്‍, ഡോ.ശാലിനി സുധീന്ദ്രന്‍,  ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) ജി.അനന്തകൃഷ്ണന്‍,  തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുഴഞ്ഞുവീഴുന്നതടക്കമുള്ള  അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേക്കടമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതിനുള്ള  ജീവന്‍രക്ഷാ മാര്‍ഗമായ സി.പി.ആര്‍ അഥവാ തുടര്‍ച്ചയായി നെഞ്ചില്‍ ശക്തിമായി കൈ കൊണ്ട് അമര്‍ത്തിയുള്ള പ്രഥമ ശുശ്രൂഷരീതി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഹാര്‍ട്ട് ബീറ്റ്‌സ് സംഘടിപ്പിക്കുന്നത്. 

English summary: Heart beats, CPR Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com